Image

എ.സി. പതിനാലാം നിലയില്‍ നിന്ന്‌ വീണു; വന്‍ ദുരന്തം ഒഴിവായി

Published on 26 October, 2011
എ.സി. പതിനാലാം നിലയില്‍ നിന്ന്‌ വീണു; വന്‍ ദുരന്തം ഒഴിവായി
ഷാര്‍ജ: ഷാര്‍ജ അല്‍ നഹ്‌ദയിലെ കെട്ടിടത്തിന്‌ മുകളില്‍ നിന്ന്‌ വിന്‍ഡോ എ.സികള്‍ തകര്‍ന്നുവീണ്‌ വന്‍ ദുരന്തം ഒഴിവായി. സഹാറ സെന്‍ററിന്‌ മുന്‍വശത്ത്‌ 20 നിലകളുള്ള അല്‍ റൗദ ബില്‍ഡിങിന്‍െറ 16ാം നിലയില്‍ നിന്നാണ്‌ എയര്‍കണ്ടീഷണര്‍ തകര്‍ന്നുവീണത്‌. വീഴ്‌ചയില്‍ 15, 14 നിലകളിലെ എ.സിയില്‍ തട്ടുകയും 15ാം നിലയിലേതും ഇതിനൊപ്പം നിലംപതിക്കുകയുമായിരുന്നു. 14ാം നിലയിലെ എ.സി ഏത്‌ നിമിഷവും നിലംപതിക്കാമെന്ന നിലയിലാണ്‌.

ദുബൈയിലെ ഖിസൈസില്‍ നിന്നും സഹാറ സെന്‍ററില്‍ നിന്നും ഇവിടെയുള്ള നടപ്പാലമിറങ്ങി നിരവധി യാത്രക്കാര്‍ സഞ്ചരിക്കുന്ന വഴിയാണിത്‌. സ്‌കൂളിലേക്കും തൊഴിലിടങ്ങളിലേക്കും പോകുന്നവരും ഇവിടെ നില്‍ക്കാറുണ്ട്‌. തകര്‍ന്ന എ.സികളിലൊന്ന്‌ ഈ വഴിയിലാണ്‌ വീണതെങ്കിലും തല്‍സമയം യാത്രക്കാര്‍ ഇല്ലാതിരുന്നത്‌ വന്‍ ദുരന്തം ഒഴിവാക്കി. വീഴ്‌ചക്കിടെ തമ്മില്‍ കുട്ടിയിടിച്ചതിനെ തുടര്‍ന്ന്‌ ഒരു എ.സി തൊട്ടടുത്ത്‌ നിര്‍മാണം നടക്കുന്ന കെട്ടിടത്തിന്‍െറ തൂണുകള്‍ക്കായി നാട്ടിയ കമ്പിയിലാണ്‌ വീണത്‌. ഈ ഭാഗത്ത്‌ തൊഴിലാളികള്‍ ഇല്ലാതിരുന്നതും ഭാഗ്യമായി.

കെട്ടിടങ്ങളും അനുബന്ധമായി സ്ഥാപിക്കുന്ന എ.സി ഉള്‍പ്പെടെയുള്ള വസ്‌തുക്കളും യഥാസമയം അറ്റകുറ്റ പണി നടത്തണമെന്ന ഷാര്‍ജ മുനിസിപ്പാലിറ്റിയുടെ ഉത്തരവ്‌ അവഗണിക്കുന്നതാണ്‌ ഇത്തരം സംഭവങ്ങള്‍ക്ക്‌ വഴിയൊരുക്കുന്നതെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക