Image

എന്റെ കൂട്ടുകാര്‍ (കവിത: മഹാകപി വയനാടന്‍)

Published on 05 December, 2013
എന്റെ കൂട്ടുകാര്‍ (കവിത: മഹാകപി വയനാടന്‍)
ഒരോടക്കുഴല്‍ തീര്‍ക്കാന്‍ ഞാന്‍വെട്ടിയ മുളംതണ്ടില്‍
ഒരു തണ്ടുതുരപ്പന്‍ പുഴുവിരുന്ന്‌ മയങ്ങുന്നു
ഒരിറക്ക്‌ ദാഹജലം ഞാന്‍ കോരിയെടുത്തതില്‍
ആരോ കൊടിയവിഷം കലര്‍ത്തിയിരുന്നു

പാഴ്വരകള്‍ മായിയ്‌ക്കാന്‍ ഞാന്‍ ഓടിച്ചെടുത്തൊരു
അഴകൊത്ത മഷിത്തണ്ട്‌ വെറും പൊങ്ങായിരുന്നു
അഴകായി ഞാന്‍ വരച്ചെടുത്ത ചിത്രങ്ങളെല്ലാം
പാഴ്വരകളായി കരുതി കാലം മായിയ്‌ക്കുന്നു

പണ്ട്‌ നീന്തിത്തുടിച്ച്‌ കളിച്ചുരസിച്ച പുഴയൊന്നില്‍
വീണ്ടുമൊന്ന്‌ മുങ്ങിക്കുളിക്കുവാന്‍ ഞാന്‍ ചെന്നിടവെ
കുണ്ടും, കുഴിയും, മലിനദ്രവവും, ദുര്‍ഗന്ധവും
കണ്ട്‌ സഹിക്കാതെ എന്നുള്ളം പൊട്ടിയൊലിയ്‌ക്കുന്നു

തരി കഞ്ഞിയുംകുടിച്ച്‌ ഒരിത്തിരി ഉറങ്ങിയിട്ടാ
പെരുമീനുദിക്കും മുമ്പുണര്‍ന്ന്‌ പണിക്കിറങ്ങിയത്‌
ഒരിതിഹസമെന്ന്‌ പുച്ഛം പറഞ്ഞ്‌, മ്ലേച്ചതയാം
ഇരട്ടിമധുരം ചപ്പി, ആരോ പല്ലിളിയ്‌ക്കുന്നു

അറിവ്‌ നല്‍കും അക്ഷരങ്ങളെ മറന്നിടുന്നു
കറകലര്‍ത്തി എങ്ങും ജീവിതങ്ങള്‍ മഥിക്കുന്നു
വെറി പൂണ്ടെങ്ങും, പണം, പണം എന്നലറുന്ന
വെറിയൊച്ച കേട്ടെന്‍റെ കതുരണ്ടും പൊട്ടുന്നു

എന്നേക്കാള്‍ ഞാന്‍ സ്‌നേഹിച്ച കൂട്ടുകാരെല്ലാം
പിന്നെ തരമ്പോലെ എന്നെ മുതലെടുക്കുന്നു
ഒന്നും, രണ്ടും പറഞ്ഞുകലഹിച്ച്‌ അകന്നിട്ടൊ
എന്നെയേറെ പുലഭ്യം പറയുന്ന ബന്ധുക്കളും

എനിയ്‌ക്കിന്നില്ല കൂട്ടുകാരായിട്ടാരും എങ്കിലും
എനിയ്‌ക്കിന്നില്ല ബന്ധുക്കളായിട്ടാരും എങ്കിലും
തനയനല്ലോ ഞാനെന്നും ഈ പ്രകൃതിമാതാവിന്‍
കനിവോടെ പാടിയുറക്കും അറിവാണ്‌ എന്നച്ഛന്‍

അറിവില്ലായ്‌മ എങ്ങും കൊടികുത്തി വാഴുന്നതും
മറനീക്കി എങ്ങും ജന്തുത്വം വിരാജിയ്‌ക്കുന്നതും
അറിവില്ലാത്തോരെ അറിയ്‌ക്കാന്‍ അച്ഛന്‍ തന്ന
കുറച്ചക്ഷരങ്ങള്‍ മാത്രമാണിന്ന്‌ എന്‍റെ കൂട്ടുകാര്‍

മഹാകപി വയനാടന്‍

ഈറ്റില്ലം
എന്റെ കൂട്ടുകാര്‍ (കവിത: മഹാകപി വയനാടന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക