Image

ലേബര്‍ റൂമില്‍ പുരുഷ ഡോക്‌ടര്‍മാര്‍ക്ക്‌ വിലക്ക്‌

Published on 27 October, 2011
ലേബര്‍ റൂമില്‍ പുരുഷ ഡോക്‌ടര്‍മാര്‍ക്ക്‌ വിലക്ക്‌
മനാമ: പ്രസവാശുപത്രികളിലെ ലേബര്‍ റൂമുകളില്‍ പുരുഷ ഡോക്ടര്‍മാര്‍ക്ക്‌ നിരോധമേര്‍പ്പെടുത്തണമെന്ന നിര്‍ദേശത്തിന്‌ പാര്‍ലമെന്‍റില്‍ എം.പിമാരുടെ അംഗീകാരം. അല്‍ അസാല ബ്‌ളോക്ക്‌ അവതരിപ്പിച്ച പ്രമേയത്തിന്‌ ഭൂരിപക്ഷം എം.പിമാരും അംഗീകാരം നല്‍കി. ഏതാനും എം.പിമാര്‍ മാത്രമാണ്‌ എതിര്‍ത്തത്‌. നിര്‍ദേശം നടപ്പായാല്‍ ബഹ്‌റൈനിലെ എല്ലാ പ്രസവാശുപത്രികളിലെയും ലേബര്‍ റൂമുകളില്‍ വനിതാ ഡോക്ടര്‍മാര്‍ക്കുമാത്രമേ പ്രവേശനമുണ്ടായിരിക്കൂ.

അടിയന്തര ഘട്ടങ്ങളില്‍ മാത്രം പുരുഷ സ്‌പെഷലിസ്റ്റുകളുടെ സഹായം ആവശ്യപ്പെടാം. പാര്‍ലമെന്‍റ്‌ സര്‍വീസസ്‌ കമ്മിറ്റി വൈസ്‌ ചെയര്‍മാന്‍ ഡോ. ജമാല്‍ സാലിഹ്‌ അടക്കമുള്ള എം.പിമാര്‍ പ്രമേയത്തെ എതിര്‍ത്തു. നിര്‍ദേശം പരിഹാസ്യമാണെന്ന്‌ അദ്ദേഹം പറഞ്ഞു. ലേബര്‍ റൂമില്‍ വിവിധ തരത്തിലുള്ള സ്‌പെഷലിസ്റ്റുകളുടെ ആവശ്യം വരുമെന്നും ഇവരെല്ലാം ലേബര്‍ റൂമില്‍ അത്യാവശ്യമായി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത്തരം കാര്യങ്ങളെല്ലാം പുരുഷ സ്‌പെഷലിസ്റ്റുകളാണ്‌ ചെയ്യുന്നത്‌. ഇവര്‍ക്ക്‌ നിരോധമേര്‍പ്പെടുത്തുന്നത്‌ അംഗീകരിക്കാനാകില്‌ളെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

ലേബര്‍ തിയേറ്ററുകളില്‍ എന്താണ്‌ നടക്കുന്നതെന്ന്‌ അറിയാതെയാണ്‌ എം.പിമാര്‍ ഇത്തരമൊരാവശ്യമുന്നയിച്ചിരിക്കുന്നതെന്ന്‌ ആരോഗ്യ മന്ത്രാലയത്തിന്‍െറ ഒരു പ്രതിനിധി കുറ്റപ്പെടുത്തി. 60 മെറ്റേണിറ്റി ഡോക്ടര്‍മാരില്‍ രണ്ടുപേരാണ്‌ പുരുഷ കണ്‍സല്‍ട്ടന്‍റുമാര്‍. ആവശ്യമുണ്ടെങ്കില്‍ മാത്രമേ ഇവര്‍ ഓപ്പറേഷന്‍ തിയറ്ററില്‍ പോകാറുള്ളൂ. ശരീരത്തിനകത്തും പുറത്തും രക്തസ്രാവമുണ്ടാകാനിടയുള്ള സിസേറിയന്‍ ശസ്‌ത്രക്രിയയുടെ സമയത്ത്‌ മറ്റ്‌ സ്‌പെഷാലിറ്റികളില്‍ പെട്ട പുരുഷ കണ്‍സല്‍ട്ടന്‍റുമാരുടെ സേവനം ആവശ്യമായി വരും. ഉദാഹരണത്തിന്‌ അനസ്‌തീഷ്യ സ്‌പെഷലിസ്റ്റുകള്‍ എല്ലാവരും പുരുഷന്മാരാണ്‌. ശസ്‌ത്രക്രിയ തുടങ്ങാന്‍ ഇവരുടെ സേവനം ആവശ്യമാണെന്ന്‌ അവര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക