Image

സ്വര്‍ണ്ണക്കടത്ത്‌ കേസില്‍ ഇനിയും താരങ്ങളെ ചോദ്യം ചെയ്‌തേക്കും

Published on 10 December, 2013
സ്വര്‍ണ്ണക്കടത്ത്‌ കേസില്‍ ഇനിയും താരങ്ങളെ ചോദ്യം ചെയ്‌തേക്കും
സ്വര്‍ണ്ണക്കടത്ത്‌ കേസില്‍ അവസാനം കുടുങ്ങിയിരിക്കുന്നത്‌ നടി മൈഥിലിയാണ്‌. സ്വര്‍ണ്ണക്കടത്ത്‌ കേസില്‍ സിബിഐ ചോദ്യം ചെയ്‌ത മുന്‍ മിസ്‌ സൗത്ത്‌ ഇന്ത്യ ശ്രവ്യാ സുധാകറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ മൈഥിലിയിലേക്ക്‌ പോലീസ്‌ എത്തിയിരിക്കുന്നത്‌. ഫയസിനെ തനിക്ക്‌ പരിചയപ്പെടുത്തി നല്‍കിയത്‌ മൈഥിലിയാണെന്നായിരുന്നു ശ്രവ്യയുടെ മൊഴി. പാലേരി മാണിക്യം എന്ന രഞ്‌ജിത്ത്‌ ചിത്രത്തിലൂടെയാണ്‌ മൈഥിലി അഭിനയ രംഗത്തേക്ക്‌ എത്തുന്നത്‌. പിന്നീട്‌ സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ എന്ന സിനിമയിലൂടെ പോപ്പുലര്‍ സിനിമയില്‍ നായികയായി. പിന്നീട്‌ മാറ്റിനി എന്ന ചിത്രത്തിലെ ഐറ്റം നമ്പര്‍ ഡാന്‍സോടെ മൈഥിലി പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നു. പത്തനംതിട്ട സ്വദേശിയായ മൈഥിലിയുടെ യഥാര്‍ഥ പേര്‌ ബെറ്റിയെന്നാണ്‌. സിനിമയിലെത്തുന്നതിന്‌ മുമ്പ്‌ കൊച്ചിയില്‍ മോഡലിംഗ്‌ രംഗത്താണ്‌ മൈഥിലി പ്രവര്‍ത്തിച്ചിരുന്നത്‌. ദിവ്യാസുധാകറുമായിട്ടുള്ള മൈഥിലിയുടെ പരിചയം ഇവിടെ തുടങ്ങുന്നു.

എന്നാല്‍ സ്വര്‍ണ്ണക്കടത്ത്‌ താരം ഫയസുമായി മൈഥിലിയുടെ അടുപ്പം എങ്ങനെയുള്ളതാണെന്ന്‌ കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളു. മൈഥിലിയോടുള്ള കരിയര്‍ ജെലസി കാരണം ശ്രവ്യ മൈഥിലിയുടെ പേര്‌ പറഞ്ഞതായിരിക്കാമെന്നാണ്‌ സിനിമയിലെ മൈഥിലിയുടെ സുഹൃത്തുക്കള്‍ പറയുന്നത്‌. എന്നാല്‍ സിബിഐ മൈഥിലിയെ ചോദ്യം ചെയ്യാന്‍ നോട്ടീസ്‌ അയച്ചു കഴിഞ്ഞു.

സ്വര്‍ണ്ണക്കടത്ത്‌ കേസില്‍ മലയാള ചലച്ചിത്രതാര സംഘടനയുടെ പ്രധാനിയും നടനുമായ ഇടവേള ബാബുവിന്‌ മുമ്പ്‌ ചോദ്യം ചെയ്‌തിരുന്നു. ഫയസുമായി ബാബുവിനുള്ള ബന്ധമായിരുന്നു ഇതിനും കാരണം. എന്നാല്‍ ഇടവേള ബാബുവിന്‌ കേസില്‍ പ്രത്യക്ഷ ബന്ധമില്ല എന്നായിരുന്നു ഔദ്യോഗിക വിശദീകരണം.

എന്നാല്‍ സ്വര്‍ണ്ണക്കടത്തിന്‌ സിനിമയെ ഒരു മറയാക്കുന്നുവെന്നത്‌ ചലച്ചിത്രലോകത്ത്‌ തന്നെ ഒരു പ്രധാന ചര്‍ച്ചാ വിഷയമാണ്‌. മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക്‌ ബി.എം.ഡബ്യു കാര്‍ വാങ്ങി നല്‍കിയത്‌ ഫയസായിരുന്നു. ഫയസ്‌ അറസ്റ്റിലായതിനു പിന്നാലെ നടിയുടെ വീട്ടില്‍ നിന്നും ഈ ബിഎംഡബ്യൂകാര്‍ രഹസ്യ കേന്ദ്രത്തിലേക്ക്‌ മാറ്റി. ഒരു ഇന്നോവ കാറിലാണ്‌ ഇപ്പോള്‍ ഈ നടി സഞ്ചരിക്കുന്നത്‌. ഈ നടിയുമായി അടുത്തു ബന്ധമുള്ള ഒരു നടനെ ഫയസ്‌ കേസില്‍ പോലീസ്‌ സംശയിക്കുകയും ചെയ്യുന്നുണ്ട്‌.

ശ്രീംഗാരവേലന്‍ എന്ന ചിത്രത്തില്‍ ഫയസ്‌ അഭിനയിക്കുകയും ഫയസിന്റെ കാര്‍ ഈ സിനിമയില്‍ ഉപയോഗിക്കുകയും ചെയ്‌തതോടെയാണ്‌ സിനിമയും ഫയസും അതുവഴി സ്വര്‍ണ്ണകടത്ത്‌ മാഫിയയും തമ്മിലുള്ള ബന്ധങ്ങളുടെ ചുരുള്‍ അഴിയുന്നത്‌. ഫയസ്‌ സ്വര്‍ണ്ണകടത്ത്‌ വഴി സമ്പാദിച്ച പണം പലപ്പോഴും സിനിമയില്‍ മുതല്‍ മുടക്കിയിട്ടുണ്ടെന്നും പറയപ്പെടുന്നു. സിനിമാ സീരിയല്‍ നിര്‍മ്മാണത്തില്‍ കണ്ണക്കടത്ത്‌ പണം നിക്ഷേപിക്കപ്പെടുന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ ഫയസ്‌ കേസ്‌ അന്വേഷണത്തോടെ വെളിച്ചെത്തു വന്നേക്കാം.

സ്വര്‍ണ്ണക്കടത്ത്‌ സിനിമാ താരങ്ങളെ ഉപയോഗിക്കുന്ന ഏര്‍പ്പാട്‌ മാഫിയാ സംഘങ്ങള്‍ കാലങ്ങളായി സ്വീകരിച്ചു വരുന്ന രീതിയാണ്‌. താരഷോകളാണ്‌ ഇതിനായി കണ്ടെത്തുന്ന പ്രധാന വഴി. മോഹന്‍ലാല്‍ മമ്മൂട്ടി തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ പേരില്‍ നടക്കുന്ന ഷോകള്‍ വ്യക്തമായ ഏജന്‍സികളിലൂടെ നടക്കുമ്പോള്‍ ചെറുകിട താരങ്ങളുടെയും മിമിക്രി ട്രൂപ്പുകളുടെയും പേരിലുള്ള ഷോകള്‍ മാഫിയ സംഘങ്ങളുടെ പ്രധാന ടാര്‍ജറ്റാണ്‌. ആഡംബര വസ്‌തുക്കളും പണവും നല്‍കി രണ്ടാംനിര മൂന്നാം നിര താരങ്ങളെ വേഗം പാട്ടിലാക്കാന്‍ കഴിയുമെന്നതാണ്‌ മാഫിയ സംഘങ്ങള്‍ ഇവരിലേക്ക്‌ തിരിയാന്‍ കാരണം. ഇതുവഴി പ്രമുഖതാരങ്ങളുമായി ബന്ധം സ്ഥാപിക്കാനും മാഫിയ സംഘങ്ങള്‍ക്ക്‌ കഴിയാറുണ്ട്‌.

ഇതുകൂടാതെ താരങ്ങള്‍ കുടുംബ സമേതം നടത്തുന്ന ഗള്‍ഫ്‌ യാത്രകളും സ്‌പോണ്‍സര്‍ ചെയ്യുന്ന്‌ മാഫിയാ സംഘങ്ങള്‍ തന്നെ. നടിമാരെയാണ്‌ ഇത്തരം ഗള്‍ഫ്‌ യാത്രകള്‍ സ്‌പോര്‍സര്‍ ചെയ്‌ത്‌ കാരിയര്‍മാരാക്കുന്നത്‌. മലയാളത്തിലെ ഒരു പ്രമുഖ നടി കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 18 ഗള്‍ഫ്‌ യാത്രകളാണ്‌ നടത്തിയിരിക്കുന്നത്‌. ഗള്‍ഫിലുള്ള തന്റെ കസിന്‍സിനെ സന്ദര്‍ശിക്കാനാണ്‌ ഈ യാത്രയെന്ന്‌ നടി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഗള്‍ഫില്‍ ആരാണ്‌ കസിന്‍സായി ഈ നടിക്കുള്ളതെന്ന്‌ ആര്‍ക്കും അറിയില്ലതാനും. പണത്തേക്കാളുപരി ആഡംബര വസ്‌തുക്കളോടുള്ള ഭ്രമമാണ്‌ നടിമാരെ കാരിയര്‍മാരാകാന്‍ പ്രേരിപ്പിക്കുന്നത്‌. ഒരു തവണ കാരിയര്‍ റോള്‍ ചെയ്‌താല്‍ ഗള്‍ഫിലെ മിന്നുന്ന ഷോപ്പിംഗ്‌ താമസവുമാണത്രേ മാഫിയ സംഘങ്ങളുടെ ഓഫര്‍. ഷോപ്പിംഗിന്‌ ലക്ഷങ്ങള്‍ പൊടിക്കണമെങ്കില്‍ അതിനൊപ്പിച്ചുള്ള ഗോള്‍ഡ്‌ കടത്തി നല്‍കുകയും വേണം. എന്നാല്‍ ഇതെല്ലാം നിസാരമായി ചെയ്‌ത്‌ പോരുന്ന സിനിമക്കാര്‍ മലയാളത്തില്‍ പലരുമുണ്ടെന്നാണ്‌ ഇപ്പോള്‍ പോലീസ്‌ തന്നെ പറയുന്നത്‌.

ഇതുപോലെ തന്നെയാണ്‌ മലയാള സിനിമാ നിര്‍മ്മാണത്തില്‍ കള്ളക്കടത്ത്‌ പണം ഇറക്കുന്നതും. മലയാള സിനിമയിലെ ഒരു പ്രമുഖ നടന്‍ തനിക്ക്‌ മുമ്പില്‍ കഥയുമായി എത്തുന്ന സംവിധായകനോട്‌ നിര്‍മ്മാതാവ്‌ ഒരു പ്രശ്‌നമല്ലെന്നാണ്‌ പറയുന്നത്‌. ഈ നടന്‌ സ്ഥിരമായി ഒരു നിര്‍മ്മാതാവുണ്ട്‌. ബജറ്റൊന്നും കാര്യമല്ലാതെ ഫണ്ട്‌ ചെയ്യുന്ന ഒരു ബാംഗ്ലൂര്‍ മലയാളിയാണ്‌ ഈ നിര്‍മ്മാതാവ്‌. സംവിധായകന്‍ ഒന്നും അറിയേണ്ടതില്ല. സിനിമയുടെ ബിസ്‌നസ്സ്‌ പോലും ചികഞ്ഞുനോക്കാതെ ബാംഗ്ലൂര്‍ മലയാളി പണമിറക്കി പോകും. ഇത്തരം ഷാഡോ പ്രൊഡ്യൂസര്‍മാര്‍ വഴി മാഫിയാ സംഘങ്ങള്‍ വന്‍ തോതില്‍ പണം സിനിമാ മേഖലയില്‍ നിക്ഷേപിക്കുന്നുണ്ട്‌. പോലീസിംഗ്‌ ഏജന്‍സികളുടെ വലിയ നിരീക്ഷണമൊന്നും സിനിമാ മേഖലയില്‍ നടക്കുന്നില്ല എന്നത്‌ തന്നെ സിനിമയില്‍ പണം നിക്ഷേപിക്കാന്‍ കാരണം. താരങ്ങളുടെ ക്ലീന്‍ ഇമേജും പണമിടപാടുകളെ സംശയിക്കാതിരിക്കാന്‍ കാരണമാകും.

സിനിമാ സംഘങ്ങളുടെ കൊച്ചിയിലെ പ്രമുഖ ഹോട്ടലിലെ നൈറ്റ്‌ പാര്‍ട്ടികളില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നു ഫയസ്‌. സിനിമക്കാര്‍ വഴി പോലീസിനെയും ബ്യൂറോക്രസിയിലെയും പല ഉന്നതന്‍മാരുമായും ബന്ധം സ്ഥാപിക്കാന്‍ ഫയസിന്‌ കഴിഞ്ഞിരുന്നു എന്നാണ്‌ ഇപ്പോള്‍ വെളിപ്പെടുന്നത്‌. താരങ്ങളുടെ വീട്ടില്‍ സ്ഥിരമായി സമ്മാനങ്ങള്‍ എത്തിച്ചുകൊടുക്കുന്നതും ഫയസിന്റെ പതിവായിരുന്നുവത്രേ.

എന്തായാലും മൈഥിലിക്ക്‌ പുറമേ ഒരു പ്രമുഖ നടിയും നടിയുമായി അടുപ്പമുള്ള ഒരു താരവും സിബിഐ ചോദ്യം ചെയ്യലിന്‌ വിധേയമാകുമെന്നാണ്‌ അറിയുന്നത്‌. അങ്ങനെയെങ്കില്‍ പല താരങ്ങളുടെയും വിദേശ സന്ദര്‍ശനങ്ങള്‍ക്ക്‌ പിന്നിലെ യഥാര്‍ഥ കാരണം വെളിപ്പെടാന്‍ ഇവിടെ വഴിയൊരുങ്ങും. ഫയസിന്റെ കാരിയര്‍മാരായി ഇനിയുമെത്ര താരങ്ങളുണ്ട്‌ എന്നു മാത്രമേ ഇനി അറിയേണ്ടതുള്ളു.
സ്വര്‍ണ്ണക്കടത്ത്‌ കേസില്‍ ഇനിയും താരങ്ങളെ ചോദ്യം ചെയ്‌തേക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക