Image

കഥകളില്‍ ഇതള്‍ വിരിയുന്ന പ്രവാസ ജീവിതം: കൊല്ലം തെല്‍മയുടെ കഥാലോകം

ഡോ. ബിയാട്രിക്‌സ്‌ അലെക്‌സിസ്‌ Published on 11 December, 2013
കഥകളില്‍ ഇതള്‍ വിരിയുന്ന പ്രവാസ ജീവിതം: കൊല്ലം തെല്‍മയുടെ കഥാലോകം
2012- നവംബര്‍ മാസത്തിലെ ആദ്യവാരത്തില്‍ അമേരിക്കയില്‍ നിന്നൊരു കത്തു കിട്ടി. അതില്‍ എന്റെ പ്രിയശിഷ്യ തെല്‍മ എഴുതിയിരുന്നു: `ടീച്ചര്‍ ഒരിക്കല്‍ ഫോണില്‍ എന്നെ ഉപദേശിച്ചിരുന്നു; ഞാന്‍ ഹെല്‍ത്ത്‌ ടിപ്പുകള്‍ മാത്രം എഴുതിയാല്‍ പോരാ; ദൈവം തന്ന `റ്റാലന്റ്‌സ്‌' ശരിക്കും വിനിയോഗിക്കണമെന്ന്‌. അന്നു തുടങ്ങിയതാണ്‌ ഒരു നോവലെഴുതാന്‍. `ചിലന്തിവല' എന്ന ശീര്‍ഷകത്തില്‍ അതു ഇവിടെ നിന്നിറങ്ങുന്ന ഒരു മലയാളം വാരാന്ത്യപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു തുടങ്ങി. ഗുരുനാഥയ്‌ക്കു `കാണിക്ക' യെന്നോണം അതിന്റെ പേപ്പര്‍ ക്ലിപ്പിംഗ്‌ ഇതോടൊപ്പം വയ്‌ക്കുന്നു.'

2012 ഒക്‌ടോബര്‍ മാസം 20-ാം തീയതിയിലെ `ആഴ്‌ച്ചവട്ടം' സപ്ലിമെന്റില്‍ ആ നോവലിന്റെ ആദ്യ അദ്ധ്യായം ഇങ്ങനെ അവസാനിക്കുന്നു: `നാട്ടില്‍പോലും കുട്ടികളെ നിയന്ത്രിക്കാന്‍ പ്രയാസമാണ്‌. പിന്നെയാണ്‌ ഇനി അമേരിക്കയില്‍! എന്നു കരുതി അവര്‍ നശിച്ചുപൊയ്‌ക്കോട്ടെ എന്നാഗ്രഹിക്കുകയില്ലല്ലോ. ഭയങ്ങളും ആശങ്കകളും ഉണ്ട്‌. പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു വെടിമരുന്നുശാലപോലെ ചിലപ്പോള്‍ തോന്നാറുണ്ട്‌.'

`പിന്നെയെല്ലാം ദൈവത്തിന്റെ കൈയില്‍ എന്നാശ്വസിക്കുകയാണ്‌. സീലിംഗിന്റെ ഒരു മൂലയില്‍ തലകുത്തിമറിയുന്ന ഒരു കൊച്ചു ചിലന്തിയിലേക്കു അറിയാതെ കണ്ണുകള്‍ ഉടക്കി നിന്നു. പലതവണ കണ്ടിട്ടുണ്ട്‌; അതു വലകെട്ടാന്‍ ശ്രമിക്കുന്നു. എന്തുകൊണ്ടോ അതടിച്ചുകളയാന്‍ തോന്നിയില്ല. മടിയാണോ..? അലസതയാണോ..? അതോ; കൊച്ചുചിലന്തിയോടുള്ള അനുകമ്പയോ..? അതോ വെറും നിസ്സംഗഭാവമോ; എന്താണ്‌? എന്താണ്‌ അതടിച്ചുകളയാന്‍ താന്‍ മടിക്കുന്നത്‌?'

അമേരിക്കയിലെ മലയാളി കുടുംബപശ്ചാത്തലത്തില്‍ എഴുതപ്പെട്ടിരിക്കുന്ന `ചിലന്തിവല' എന്ന നോവലില്‍; വായനക്കാരനെ ചിന്താക്കുഴപ്പത്തിലാക്കുകയും ഒപ്പം ജിജ്ജാസഭരിതരാക്കുകയുംചെയ്യും എന്നുറപ്പു തരുന്ന ലളിതവും ഹൃദ്യവുമായ ശൈലിയാണ്‌ തെല്‍മ സ്വീകരിച്ചിരിക്കുന്നത്‌.

മേരി-ലാസര്‍ കാവോ ദമ്പതികളുടെ അഞ്ചുമക്കളില്‍ ഇളയവളാണ്‌ തെല്‍മ. ബോംബെയിലും ബാംഗ്ലൂരുമൊക്കെയാണ്‌ സഹോദരങ്ങള്‍. ഫാത്തിമ കോളജിലെ കൊമേഴ്‌സ്‌ വിഭാഗം പ്രൊഫസര്‍ ആയിരുന്ന ശ്രീ മാല്‍ക്കം കാവോയുടെ അഭിനയപാടവവും സാഹിത്യ വാസനയും ഈ കൊച്ചുപെങ്ങള്‍ക്കും ആവോളം ലഭിച്ചിട്ടുണ്ട്‌. 1970-കളുടെ ആരംഭകാലത്ത്‌ ഫാത്തിമ കോളജില്‍ ആംഗലസാഹിത്യ ബിരുദവിദ്യാര്‍ത്ഥിനിയായി തെല്‍മ എത്തിയപ്പോള്‍ തുടങ്ങിയതാണ്‌ ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം. 1962-63 അധ്യയനവര്‍ഷത്തില്‍ ഫാത്തിമായില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്ന ബിയാട്രിക്‌സ്‌ ബി.ഗോമസ്‌ നാടകമത്സരത്തില്‍ മികച്ച നടിയായും ഈവനിംഗ്‌ കോളജില്‍ എന്‍.ഡി.സി.വിദ്യാര്‍ത്ഥിയായിരുന്ന മാല്‍ക്കം കാവോ മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
തെല്‍മയും കോളജിലെത്തിയപ്പോള്‍ മികച്ച നടിയായി. എന്‍.എന്‍.പിള്ളയുടെ `അതിനുമപ്പുറം' എന്ന നാടകത്തിലെ അഭിനയത്തിലൂടെയാണ്‌ തെല്‍മ ജ്യേഷ്‌ഠന്റെ പിന്‍ഗാമിയായത്‌. മാത്രമല്ല; എന്നെ നാടക സംവിധായികയുടെ കുപ്പായം ആദ്യമായി അണിയിച്ചതും നാടകത്തിലഭിനയിച്ച തെല്‍മയും കൂട്ടരുമായിരുന്നു; എന്‍.എന്‍.പിള്ളയുടെ `മെഹര്‍ബാനി' ആയിരുന്നു ആ നാടകം. അതില്‍ തെല്‍മ, കാതറിന്‍ പയസ്‌, ഹില്‍ഡാ ഗോമസ്‌ എന്നിവരോടൊപ്പം കേരള സര്‍ക്കാര്‍ റവന്യൂവകുപ്പ്‌ സെക്രട്ടറിയായി കഴിഞ്ഞ മാസം വിരമിച്ച ഐ.എ.എസ്‌ ഓഫീസര്‍ കെ.ബി.വത്സലകുമാരിയും അഭിനയിച്ചിരുന്നു എന്നത്‌ നല്ലൊരു അനുഭവമായി എന്റെ ഓര്‍മ്മയില്‍ ഇന്നും പച്ചപിടിച്ചു നില്‍ക്കുന്നു. കലാകാരികളെയും കലാകാരന്മാരെയും എത്രത്തോളമാണെന്നോ അക്കാലത്ത്‌ പ്രിന്‍സിപ്പല്‍ എ.ജെ.റൊസാരിയോ പ്രോത്സാഹിപ്പിച്ചിട്ടുള്ളത്‌.

അഭിനേത്രിയായി പരിചയപ്പെട്ടതിനുശേഷമാണ്‌ `കഥാകാരിയായ' തെല്‍മയെ ഞാനറിയുന്നത്‌.കേരളകൗമുദിയില്‍ `പാലമരച്ചോട്ടില്‍' ഇവിടെ `വീണ്ടും ഒരു അഹല്യ' മലയാള നാട്ടില്‍ `പുത്രകാമേഷ്‌ഠി', `ചെന്താമരയിലെ ചിത്രശലഭം' കുങ്കുമത്തില്‍ `ഒരു ഫീനിക്‌സ്‌ പക്ഷി', `ദു:ഖമേ നിനക്കു വിട' മലയാള രാജ്യത്തില്‍ `കണ്ണന്റെ മീര' തുടങ്ങി തെല്‍മയുടെ എത്രയെത്ര ചെറുകഥകളാണ്‌ അഭിമാന പുളകിതനായ ജ്യേഷ്‌ഠന്‍ എനിക്കു വായിക്കാന്‍ കൊണ്ടുതന്നിരുന്നത്‌. ഓമന-മാല്‍ക്കം ദമ്പതിമാരുടെ `കാവ്യം' എന്ന വീട്‌ ഞങ്ങളുടെ സാഹിത്യ ചര്‍ച്ചയുടെ സങ്കേതമായി. മലയാള നാട്ടില്‍ മാല്‍ക്കം സാറിന്റെയും കഥകള്‍ ഇടയ്‌ക്കിടെ പ്രത്യക്ഷപ്പെട്ടിരുന്നു.

തെല്‍മയുടെ കഥകളില്‍ പ്രായത്തില്‍ക്കവിഞ്ഞ പക്വതയും ഭാവനയും നിരീക്ഷണപാടവവും പ്രകടമായിരുന്നത്‌ പ്രത്യേകം ശ്രദ്ധേയമായിരുന്നു. തിരുവനന്തപുരം ആകാശവാണിയിലൂടെയും തെല്‍മ സ്വന്തം കഥകള്‍ അവതരിപ്പിച്ചിട്ടുണ്ട്‌. നെയ്യാര്‍ ഡാമില്‍ വച്ചു നടന്ന `യങ്‌ റൈറ്റേഴ്‌സ്‌ ക്യാമ്പില്‍' പങ്കെടുക്കാന്‍ കൊല്ലത്തെ കോളജുകളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട രണ്ടു പെണ്‍കുട്ടികളായിരുന്നു; ഫാത്തിമ കോളജില്‍ നിന്നുള്ള തെല്‍മാ കാവോയും, എസ്‌.എന്‍. കോളജില്‍ നിന്നുള്ള ബി.സുനമ്പയും. ആ ക്യാമ്പില്‍ തെല്‍മ അവതരിപ്പിച്ച `വൃദ്ധന്‍' എന്ന കഥയെക്കുറിച്ചു ഡോ.ജോര്‍ജ്ജ്‌ ഓണക്കൂര്‍ പത്രത്തില്‍ എഴുതിയ അവലോകനക്കുറിപ്പില്‍ ഈയൊരു കൊച്ചുപെണ്‍കുട്ടിക്കു `ഒരു വയോവൃദ്ധന്റെ മനസ്സ്‌' ഉള്‍ക്കൊണ്ടുകൊണ്ടു ഇത്രയും ഭംഗിയായി അവതരിപ്പിക്കാനായതിനെക്കുറിച്ചു പേര്‍ത്തും പേര്‍ത്തും ശ്ലാഘിച്ചത്‌ ഇന്നലെ വായിച്ചതുപോലെ ഓര്‍ക്കുന്നു. കഥാകാരിയുടെ നിരീക്ഷണപാടവവും സര്‍ഗ്ഗാത്മകഭാവനയും വ്യക്തമാക്കുന്നവയായിരുന്നു അത്തരം കഥകള്‍. അഖിലകേരള ആംഗലവിദ്യാര്‍ത്ഥി സംഘടന (All Kerala English Literature Association) സംഘടിപ്പിച്ച `ആംഗല ചെറുകഥാമത്സര'ത്തിലും തെല്‍മ സമ്മാനാര്‍ഹയായി.

1984-ല്‍ അമേരിക്കയിലേക്കു ചേക്കേറിയതോടെ തെല്‍മയുടെ സാഹിത്യജീവിതം കൂടുതല്‍ വിശാലവും തീവ്രവുമായി. വനിത മാസികയിലൂടെ മലയാളികള്‍ വായിച്ചറിഞ്ഞ `വെണ്‍മേഘങ്ങള്‍' തെല്‍മയുടെ രചനാകൗശല പക്വതയും ഭാവനാവിശാലതയും പ്രകടിപ്പിച്ചു. ഇന്നത്തെ നവസിനിമയിലെ നായികാനായകന്മാരെ എത്രവര്‍ഷങ്ങള്‍ക്കുമുമ്പേ തെല്‍മ അവതരിപ്പിച്ചു കഴിഞ്ഞു എന്നു അത്ഭുതത്തോടെ ഓര്‍ക്കുന്നു. ഫിലാഡല്‍ഫിയായില്‍ നിന്നിറങ്ങുന്ന രജനിമാസിക പല തെല്‍മാക്കഥകളും പ്രസിദ്ധീകരിക്കുകയുണ്ടായി. ചിക്കാഗോയില്‍ നിന്നുള്ള കേരളാ എക്‌പ്രസ്സിലൂടെ വെളിച്ചം കണ്ട `മനുഷ്യാ നീ മണ്ണാകുന്നു' എന്ന നോവല്‍ അമേരിക്കന്‍ മലയാളി മനസ്സുകള്‍ ആവോളംആസ്വദിച്ചതാണ്‌. 1994-ല്‍ ഫൊക്കാനാ (Federation of Kerala Association of North America) യുടെ നോവല്‍ മത്സരത്തില്‍ രണ്ടാം സമ്മാനം നേടിയതും തെല്‍മയുടെ `അപസ്വരങ്ങള്‍' എന്ന നോവലാണ്‌. `ഇതു സിനിമതാരങ്ങളുടെ കഥ; ടി.വി.താരങ്ങളുടെയും' എന്ന നോവലിന്റെ പണിപ്പുരയിലാണ്‌ തെല്‍മ ഇപ്പോള്‍.

തെല്‍മയുടെ മകന്‍ ലാസര്‍ കിഴക്കേടന്‍ 1995-ല്‍ ഒന്‍പതുവയസ്സുമാത്രം പ്രായമുണ്ടായിരുന്നപ്പോള്‍ `പേള്‍ ഡ്രോപ്‌സ്‌' എന്നൊരു കഥാസമാഹാരം പ്രസിദ്ധീകരിച്ചു കാവോ കുടുംബത്തിന്റെ സാഹിത്യസപര്യയില്‍ പിന്‍ഗാമിയായിട്ടുണ്ട്‌. പഞ്ചതന്ത്രം, ഈസോപ്പു കഥകളില്‍ ആരംഭിച്ച്‌ അതില്‍ നിന്നു വളര്‍ന്ന്‌ മറ്റൊരു തലത്തിലെത്തുന്ന പത്തു കഥകളാണ്‌ സമാഹാരത്തിലേത്‌. ബാംഗ്ലൂരില്‍ താമസമാക്കിയിട്ടുള്ള സഹോദരന്‍ ജോണ്‍ റോയിയുടെ കഥകള്‍ വിശ്വധര്‍മ്മം വായനക്കാര്‍ക്കു പരിചിതമാണല്ലോ.

കലാമൂല്യമുള്ള കഥകളും നോവലുകളും രചിക്കുന്ന കൊല്ലം തെല്‍മയുടെ സാഹിത്യസപര്യഅമേരിക്കന്‍ മലയാളികളുടെ സ്വന്തം ഗര്‍വായിത്തീര്‍ന്നാല്‍ മാത്രം പോരാ; അത്‌ മലയാളി മനസ്സുകളെയും തേജസ്‌കരമാക്കണം. അതിനായി മാസികകളിലും വാരികകളിലും ചിതറിക്കിടക്കുന്ന ചെറുകഥകള്‍ സമാഹരിക്കപ്പെടണം. നോവലുകള്‍ പ്രസിദ്ധീകരിക്കുകയും വേണം. കൊല്ലം തെല്‍മയുടെ പ്രതിഭാവിലാസം തിരിച്ചറിയാന്‍ അതേയുള്ളു മാര്‍ക്ഷം. അതാണെന്റെ ആശയും അഭ്യര്‍ത്ഥനയും ആഴമുള്ള വായനയിലൂടെ കഥയുടെ വിഹായസ്സില്‍ എത്തിച്ചേരാന്‍ ആശംസകള്‍.

(ഡോ. ബിയാട്രിക്‌സ്‌ അലെക്‌സിസ്‌ : എഴുത്തുകാരി. ക്രൈസ്‌തവമിത്തുകളും സീ.ജെ. നാടകങ്ങളും എന്ന ഗ്രന്ഥത്തിന്‌ നാടക കൃതികളെസംബന്ധിച്ച മികച്ച ഗ്രന്ഥത്തിനുള്ള കേരള സംഗീത-നാടക അക്കാദമിയുടെപുരസ്‌ക്കാരം ലഭിച്ചു. കൊല്ലം ജ്യോതി നികേതന്‍ കോളെജിലെ പ്രിന്‍സിപ്പാള്‍, കൊല്ലം ഫാത്തിമ കോളെജിലെ മലയാളവിഭാഗം പ്രൊഫസര്‍ എന്നീ നിലകളില്‍ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌.)

കൊല്ലം തെല്‍മയ്‌ക്ക്‌ അഭിനന്ദനങ്ങള്‍

വിശ്വധര്‍മ്മം മാസികയുടെ ഒരു സ്ഥിരം വായനക്കാരനാണ്‌ ഞാന്‍. ഏറെ ഹൃദ്യമാകുന്നുണ്ട്‌ വിശ്വധര്‍മ്മത്തിന്റെ വായനാവിഭവങ്ങള്‍. കെട്ടിലും മട്ടിലും വ്യത്യസ്‌തത പുലര്‍ത്തുന്ന വിശ്വധര്‍മ്മം ഏറെ പ്രചുരപ്രചാരം നേടട്ടെ എന്നാശംസിക്കുന്നു.

വിശ്വധര്‍മ്മത്തില്‍ കൊല്ലം തെല്‍മ എഴുതുന്ന `ആരോഗ്യപംക്തി' ഏറെ ഉപകാരപ്രദമായി. വളരെ ലളിതസുമ്പരമായി മനുഷ്യാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചെഴുതുന്ന ശ്രീമതി തെല്‍മയുടെ ലേഖനങ്ങള്‍ ഏറെ താല്‌പര്യത്തോടെയാണ്‌ വായിക്കുന്നത്‌. തിരക്കിട്ട ജീവിത ശൈലിയില്‍പ്പെട്ടുപോകുന്ന മലയാളിയുടെ ക്ഷയിക്കുന്ന ആരോഗ്യത്തെ തെല്ലൊരു ഉത്‌കണ്‌ഠയോടെ കാണുന്നതുകൊണ്ടാകാം ഇങ്ങനെയുള്ള കുറിപ്പുകള്‍ എഴുതുന്നത്‌. ശ്രീമതി തെല്‍മയുടെ ആരോഗ്യപംക്തി വായിച്ചപ്പോള്‍ തോന്നിയത്‌ വളരെ തഴക്കവും പഴക്കവുംവന്ന ഒരു ഡോക്‌ടറാവും ഇതിന്റെ പിന്നില്‍ എന്നാണ്‌. എന്നാല്‍ ജിജ്ഞാസകൊണ്ട്‌ അന്വേഷിച്ചപ്പോള്‍ എനിക്ക്‌ അറിയുവാന്‍ സാധിച്ചത്‌; ശ്രീമതി തെല്‍മ ഒരു എഴുത്തുകാരിയും മറുനാടന്‍ മലയാളി വീട്ടമ്മയും ആണെന്നാണ്‌.

ഇത്രയും പക്വതയോടെ നിര്‍ദ്ദേശാത്മക ശൈലിയിലെഴുതുന്ന ഈ വീട്ടമ്മയുടെ പരിശ്രമങ്ങളെ അഭിനന്‌ഗിക്കാതെ തരമില്ല. വായിച്ചറിയുന്ന അറിവിനെ അപരന്റെ നന്മയ്‌ക്കായി ധ്യാനാത്മകമായി സ്വാംശീകരിച്ചു പകര്‍ത്തിയെഴുതുന്ന തപസ്യ ശ്ലാഘനീയം തന്നെ. ശ്രീമതി തെല്‍മ മറുനാട്ടിലിരുന്ന്‌ എഴുതുന്ന ഈ ലേഖനങ്ങള്‍ വെറും സിദ്ധാന്തങ്ങള്‍ എന്നതിലുപരി പ്രായോഗികം കൂടിയാണ്‌.

രോഗം വന്ന്‌ ചികിത്സിക്കുന്നതിനെക്കാളും വലുത്‌ രോഗം വരാതെ സൂക്ഷിക്കുന്നതിലാണ്‌. രോഗത്തെ തടയാന്‍, ആരോഗ്യത്തെ സംരക്ഷിക്കാന്‍ തെല്‍മയുടെ ഈ ലേഖനങ്ങള്‍ക്ക്‌ സാധിക്കുന്നുണ്ട്‌. നിര്‍ദ്ദേശാത്മകമായ ലേഖനങ്ങള്‍ വൈദ്യശാസ്‌ത്രരംഗത്തെ കച്ചവടതാത്‌പര്യക്കാരുടെ പൊള്ളത്തരങ്ങളെ പൊളിച്ചെഴുതുന്നുമുണ്ട്‌. രോഗത്തിന്റെ അടിസ്ഥാന കാരണം കണ്ടെത്താന്‍ അനുവദിക്കാതെ രോഗികളെ കബളിപ്പിക്കുന്ന പ്രവണതകളെ ഖണ്‌ഡിക്കാനും തെല്‍മയ്‌ക്കു സാധിക്കുന്നു. ഇനിയും കൂടുതല്‍ പ്രചോദനാത്മകമായ ലേഖനങ്ങള്‍ തെല്‍മയില്‍നിന്നും പ്രതീക്ഷിക്കുന്നു. ഒത്തിരി അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടും കൂടുതല്‍ നല്ല ലേഖനങ്ങള്‍ എഴുതാന്‍ ആയുസ്സും ആരോഗ്യവും സമയവും തമ്പുരാന്‍ കല്‍പ്പിച്ചനുവദിക്കട്ടെ എന്നാശംസിച്ചുകൊണ്ടും നിറുത്തുന്നു.

സ്‌നേഹ സാന്ദ്രിമയോടെ,
ഫാ. അനില്‍ സഖറിയ ഒ.സി.ഡി.
കഥകളില്‍ ഇതള്‍ വിരിയുന്ന പ്രവാസ ജീവിതം: കൊല്ലം തെല്‍മയുടെ കഥാലോകം കഥകളില്‍ ഇതള്‍ വിരിയുന്ന പ്രവാസ ജീവിതം: കൊല്ലം തെല്‍മയുടെ കഥാലോകം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക