Image

ഹെമിംഗ് വേയുടെ വീട്ടിലേക്ക് (മീനു എലിസബത്ത്)

മീനു എലിസബത്ത് Published on 12 December, 2013
ഹെമിംഗ് വേയുടെ വീട്ടിലേക്ക്  (മീനു എലിസബത്ത്)
കഴിഞ്ഞയാഴ്ചയിലെ സ്ഥലപരിമിതിയാല്‍ വായനക്കാരോട് പങ്കു വെയ്ക്കാന്‍ കഴിയാത്ത ഒരു വലിയ സംഭവം ഉണ്ട്. ഞങ്ങളുടെ ഷിക്കാഗോ യാത്രയുടെ 'icing on the cake' എന്ന് പറയാവുന്നത്, ഞായറാഴ്ച ഉച്ച നേരത്ത് പെരുമ്പടവം ശ്രീധരന്‍ സാറുമൊന്നിച്ച് നടത്തിയ 'ഹെമിംഗ് വേ ഭവന സന്ദര്‍ശനമായിരുന്നു.

വായനക്കാരില്‍ ഭൂരിപക്ഷത്തിനും ഏണസ്റ്റ് ഹെമിംഗ് വേ ആരെന്നതിനെക്കുറിച്ചു ഒരു ആമുഖത്തിന്റെ ആവശ്യമില്ലന്നറിയാം. എന്നാല്‍ അദ്ദേഹത്തെക്കുറിച്ചു കേട്ടിട്ടില്ലാത്തവര്‍ക്കായി അല്പമൊന്നു പറഞ്ഞോട്ടെ.
ലോക സാഹിത്യത്തില്‍ സമസ്ത സംഭാവനകള്‍ ചെയ്ത പ്രധാനപ്പെട്ട അമേരിക്കന്‍ സാഹിത്യകാരനായിരുന്നു ഏണസ്റ്റ് ഹെമിംഗ് വേ.

1899ല്‍ ഇല്ലിനോയി സംസ്ഥാനത്തിലെ ഓക്പാര്‍ക്കിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. പതിനേഴാം വയസില്‍ പത്രപ്രവര്‍ത്തകനായി ജോലിയില്‍ പ്രവേശിച്ച ഹെമിംഗ് വേ പില്‍കാലത്ത്, ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചപ്പോള്‍ ആംബുലന്‍സ് ഡ്രൈവറായി ഇറ്റാലിയന്‍ ആര്‍മിയുടെ കൂടെ ചേര്‍ന്നു.

യുദ്ധത്തില്‍ പരുക്കേറ്റു തിരികെ അമേരിക്കയിലേക്ക് വന്ന ഹെമിംഗ് വേ സൗഖ്യമായതിനുശേഷം ഒരു അമേരിക്കന്‍/കനേഡിയന്‍ പത്രത്തില്‍ റിപ്പോര്‍ട്ടറായി പ്രവര്‍ത്തിക്കുകയും വീണ്ടും യുദ്ധക്കളത്തിലേക്ക് വാര്‍ത്തകള്‍ ശേഖരിക്കുവാന്‍ നിയോഗിക്കപ്പെടുകയും ചെയ്തു.

1920നും 1950 ഇടയ്ക്കായിരുന്നു അദ്ദേഹത്തിന്റെ പ്രധാന സാഹിത്യസൃഷ്ടികളെല്ലാം എഴുതപ്പെട്ടത്. 1954 ല്‍ അദേഹത്തിന് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനവും ലഭിച്ചു.
The Torrents of Spring , The Sun Also Rise, A Farewell to Arms, To Have and Have Not, For Whom the Bell Tolls, Across the River and into the Tree,The Old Man and the Sea, Island in the Stream, The Garden of Eden, True at First Ligh ഇവയെല്ലാമാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.

ഹെമിംഗ് വേ ജനിച്ചു വളര്‍ന്ന ഓക്ക് പാര്‍ക്ക് പട്ടണത്തിലെ ഭവനം ഇന്നും അദ്ദേഹത്തിന്റെ ആരാധകരുടെ താല്പര്യപ്രകാരം ഒരു സ്മാരകമായി നിലകൊള്ളുന്നു.

ഞായറാഴ്ച ഉച്ചയോടെ അവിടേക്ക് യാത്ര തിരിക്കുമ്പോള്‍ തണുപ്പിന്റെ നിലവാരം വെറും മുപ്പതു ഡിഗ്രി. ഡാലസില്‍ നിന്നും വന്ന ഞങ്ങള്‍ക്ക് മുപ്പതു ഡിഗ്രി എന്ന് കേള്‍ക്കുമ്പോഴേ പല്ല് കൂട്ടി വിറയ്ക്കും.
നമ്മുടെ പെരുമ്പടവം സാര്‍ തികച്ചും ഒരു ഷിക്കാഗോക്കാരനെപ്പോലെ ഒരു ലെതര്‍ ജാക്കറ്റും തലയിലൊരു റഷ്യന്‍ തൊപ്പിയും (ഇടയ്ക്കു തൊപ്പി മാറ്റിയെങ്കിലും) കഴുത്തിലൊരു കമ്പിളി ഷാളും അണിഞ്ഞ് 'ഈ തണുപ്പെങ്ങാനൊരു തണുപ്പാണോ എന്ന മട്ടില്‍ ഹോട്ടല്‍ ലോബിയിലേക്ക് വരുമ്പോള്‍ 'സാറങ്ങു കൊച്ചു ചെറുക്കനായിപ്പോയല്ലോ എന്ന് ചെറുപ്പക്കാരാരോ പറയുന്നതു കേട്ടു.

ഷാജന്‍ ആനിത്തോട്ടത്തിന്റെ വണ്ടിയില്‍, അദ്ദേഹത്തിന്റെയും ശ്രീ മനോഹര്‍ തോമസിന്റെയും ഒപ്പം ഞങ്ങളും യാത്ര തിരിച്ചു. ബാക്കിയുള്ള മൂന്നു നാല് വാഹനങ്ങളിലായി, സതിഷ് ബാബു പയ്യന്നുര്‍, വാസുദേവ് പുളിക്കല്‍, സാംസി കൊടുമണ്‍, രാജു തോമസ്, നാരായണന്‍ കുട്ടപ്പന്‍, രവീന്ദ്രന്‍ കുട്ടപ്പന്‍, ഷാജന്റെ ചില സുഹൃത്തുക്കള്‍, ഷീല ടീച്ചര്‍, സരോജാ ആന്റി, ഷീലാ മോന്‍്‌സ് മുരിക്കന്‍ ഇവരുമുണ്ടായിരുന്നു.

അര മണിക്കൂര്‍ ദൂരമേയുള്ളൂ ഓക്ക്പാര്‍ക്കിലെത്താന്‍. വണ്ടി പാര്‍ക്ക് ചെയ്തത് ഹെമിംഗ് വേ മ്യൂസിയത്തിന്റെ അടുത്ത് തന്നെയായിരുന്നെങ്കിലും, ഹെമിംഗ് വേ ഭവനം മൂന്നു മണിക്ക് അടയ്ക്കുമെന്നുള്ളതിനാല്‍ തണുപ്പ് വകവെയ്ക്കാതെ വേഗം എല്ലാവരും അങ്ങോട്ടേക്ക് നടന്നു.

ഏണസ്റ്റ് ഹെമിംഗ് വേ എന്ന വിശ്വസാഹിത്യകാരന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞ നിരത്തുകളിലൂടെയാണ് നടത്തം. കൂടെ ഇന്ത്യയിലെ തന്നെ പ്രശസ്തനായ പെരുമ്പടവം ശ്രീധരന്‍ എന്ന മഹാപ്രതിഭയും. ആനന്ദലബ്ധിക്കിനിയെന്തു വേണം! അദ്ദേഹത്തിന്റെ കൂടെയുള്ള ആ നടപ്പില്‍ എല്ലാവര്‍ക്കും ഒരു പോസിറ്റീവ് ഊര്‍ജം വന്നു ചേര്‍ന്നതുപോലെ. ചീറിപ്പാഞ്ഞു വരുന്ന വണ്ടികളുള്ള നിരത്ത് മുറിച്ചു കടക്കുമ്പോള്‍ സാര്‍ ഞങ്ങളെയും ഞങ്ങള്‍ സാറിനെയും ചേര്‍ത്തു നിര്‍ത്തിയിരുന്നു.

മ്യൂസിയത്തില്‍ നിന്നും ഞങ്ങള്‍ പോയത്, ഹെമിംഗ് വേ ജനിച്ച് പതിനേഴു വയസു വരെ ജീവിച്ച വീട്ടിലായിരുന്നു. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ തന്നെ ആ വീട് പല തവണ വിറ്റു പല കൈമാറിയിരുന്നെങ്കിലും മരണശേഷം, ഹെമിംഗ് വേ ആരാധകരും ഓക്ക്പാര്‍ക്ക് സിറ്റിയും മുന്‍കൈ എടുത്ത് വീട് തിരികെ വാങ്ങുകയും പഴയ രീതിയില്‍ ആക്കുകയും ചെയ്തു.

ഹെമിംഗ് വേയുടെ പിതാവ് ഒരു നല്ല ഫോട്ടോ ഗ്രാഫര്‍ ആയിരുന്നതിനാല്‍ അദ്ദേഹമെടുത്ത ധാരാളം ചിത്രങ്ങള്‍ അതിന് അവരെ സഹായിച്ചിരുന്നു എന്ന് ഗൈഡ് പറഞ്ഞു. പല വീട്ടു സാധനങ്ങളും ഫര്‍ണിച്ചറുകളുമെല്ലാം മറ്റു കുടുംബാംഗങ്ങളില്‍ നിന്നും ട്രസ്റ്റ് തിരികെ വാങ്ങിയാണ് ഇന്ന് കാണുന്ന ഹെമിംഗ് വേ ഭവനമാക്കിയെടുത്തിരിക്കുന്നത്.

എണെസ്റ്റിന്റെ അമ്മ ഉപയോഗിച്ചിരുന്ന പഴയ പിയാനോ മിക്ക മുറികളിലുമുണ്ട്. ചെറിയ ഷെല്‍ഫുകളില്‍ അടുക്കി വെച്ചിരിക്കുന്ന പഴയ പുറം ചട്ടയുള്ള പുസ്തകങ്ങള്‍, ചുവരുകളില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കുടുംബ ചിത്രങ്ങള്‍, വല്യമ്മയുടെയും വല്യപ്പന്റെയും, അമ്മാവന്റെയും അമ്മായിമാരുടെയും ചിത്രങ്ങള്‍
പഴയ കാലത്ത് നമ്മുടെ നാട്ടിലെ പോലെ തന്നെ ഹെമിംഗ് വേയുടെ മാതാപിതാക്കള്‍ക്കും രണ്ടു കിടപ്പറകളായിരുന്നു. അമ്മയുടെ കിടപ്പറയില്‍ കുഞ്ഞു വാവയ്ക്കുള്ള കൊച്ചു തൊട്ടിലുകള്‍ കാണാമായിരുന്നു. സഹോദരിമാരുടെ മുറിയില്‍ പഴയ രീതിയിലുള്ള തുണിപ്പാവകളും മരക്കളിസാമാനങ്ങളും കൊണ്ട് അലങ്കരിച്ചിരുന്നു

ഹെമിംഗ് വേ കുടുംബത്തിന്റെ അടുക്കള നമ്മുടെ നാട്ടിലെ പഴയ അടുക്കളകളെ ഓര്‍മിപ്പിക്കുന്ന രീതിയിലായിരുന്നു. ഇറച്ചി അറക്കുന്ന മെഷിനുകള്‍, വലിയ പിടിയുള്ള ഇരുമ്പു പിച്ചാത്തികള്‍, പിഞ്ഞാണിപ്പാത്രങ്ങള്‍, കരിയിട്ട് കത്തിക്കുന്ന തേപ്പു പെട്ടി, ഇവയെല്ലാം അടുക്കളയിലുണ്ടായിരുന്നു.

ഒരു തടിയലമാരയില്‍ കുപ്പിപ്പാത്രങ്ങളും, ഗ്ലാസുകളും കോപ്പകളും സ്ഥാനം പിടിച്ചിരുന്നു. ഒരു ഡോക്ടര്‍ ആയിരുന്ന ഹെമിംഗ്വേയുടെ പിതാവിന്റെ ഓഫിസ് മുറിയും, അമ്മയുടെ പാട്ട് മുറിയുമെല്ലാം കാണാമായിരുന്നു. ഈ കാഴ്ചകളെല്ലാം ഞങ്ങള്‍ നിറഞ്ഞ കൗതുകത്തോടെ മുറിയില്‍ നിന്നും മുറികളിലേക്ക് നടന്നു കാണുകയും പടങ്ങള്‍ എടുക്കുകയും ചെയ്തു.

വീണ്ടും ഞങ്ങള്‍ മ്യൂസിയത്തിലേക്ക് നടന്നു. ടിക്കറ്റ് എടുത്തു ഗൈഡിന്റെ അകമ്പടിയോടെ കാഴ്ചകള്‍ കാണുവാന്‍ ആരംഭിച്ചു. ഹെമിംഗ് വേയുടെ ജീവിതത്തിലെ പ്രധാന ഏടുകളെല്ലാം ഫോട്ടോകളുടെയും, ഛായാചിത്രങ്ങളുടെയും രൂപത്തില്‍ വരച്ചിട്ടിരിക്കുന്നു. പ്രധാന പുസ്തകങ്ങളുടെ വലിയ കട്ട് ഔട്ടുകള്‍

ഹെമിംഗ് വേയുടെ അതിപ്രശസ്ത ഫിക്ഷന്‍ നോവലായ 'ദി ഓള്‍ഡ്മാന്‍ ആന്‍ഡ് ദി സീ യിലെ മാര്‍ലിന്‍ മത്സ്യത്തിന്റെയും വൃദ്ധനായ മീന്‍പിടിത്തക്കാരന്റെയും ചിത്രങ്ങള്‍ നോക്കി നില്‍ക്കുമ്പോള്‍ ആ നോവല്‍ വീണ്ടും ഒന്നുകൂടി വായിക്കണമെന്നും മക്കളെക്കൊണ്ട് വായിപ്പിക്കണമെന്നുമെല്ലാം ഞാന്‍ മനസില്‍ പറഞ്ഞു.

ഹെമിംഗ് വേയുടെ പാരിസിലെയും ക്യൂബയിലെയും ജീവിത ഗന്ധിയായ ചിത്രങ്ങള്‍, ആഫ്രിക്കന്‍ വനാന്തരങ്ങളിലെ നായാട്ടു ചിത്രങ്ങള്‍, കടലിന്റെ അഗാധതയിലേക്ക് കണ്ണുംനട്ട്, കീ വെസ്റ്റ്, ഫ്‌ളോറിഡയിലെ കടല്‍ത്തീരങ്ങളില്‍ അലസമായി വെയില്‍കൊണ്ട് കിടക്കുന്ന ചിത്രം, കടല്‍ത്തീരത്തുള്ള വീടിന്റെ വാതില്ക്കലിരുന്നു ടൈപ്പ് ചെയ്യുന്ന ചിത്രം, എല്ലാ ഭാര്യമാരുടെയും കൂടെയുള്ള ചിത്രങ്ങള്‍ (നാല് പേര്‍). ജീവിതത്തിന്റെ പല തുറയിലും സമയത്തിലും പരിചയപ്പെട്ട പല സ്ത്രീകള്‍, കാമുകിമാര്‍ ഇവരോടൊപ്പവും കുടുംബാംഗങ്ങളോടൊപ്പമുള്ള ചിത്രങ്ങള്‍...ഇടക്കെല്ലാം ഞങ്ങളുടെ ഗൈഡിന്റെ വക കമന്റുകളില്‍ ആളൊരു കൊച്ചു ശ്രീകൃഷ്ണന്‍ ആയിരുന്നുവെന്ന സൂചനയും ഒളിഞ്ഞിരുന്നു.

ഹെമിംഗ് വേ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്ന ആ പഴയ ടൈപ്പ് റൈറ്ററിന്റെ മുന്‍പില്‍ പെരുമ്പടവം സാര്‍ ഇരുന്ന് ടൈപ്പു ചെയ്യുമ്പോള്‍ എല്ലാവരുടെയും കാമറകള്‍ അതൊപ്പി എടുക്കുവാന്‍ മത്സരിച്ചു. ആ ചരിത്രമുഹൂര്‍ത്തത്തിനു സാക്ഷിയാകുവാന്‍ ഭാഗ്യം ലഭിച്ച ഒരു കൂട്ടം മലയാളഭാഷാ സ്‌നേഹികള്‍!!...അതല്ലാതെ ഞങ്ങള്‍ക്കെന്താണ് അവകാശപ്പെടുവാനുള്ളത്?

വെളിയിലിറങ്ങി എല്ലാവരും ഹെമിംഗ് വേ ഭവനത്തിന് മുന്നില്‍ നിന്ന് ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസു ചെയ്തും തമാശകള്‍ പറഞ്ഞും കാഴ്ചകള്‍ കണ്ടും ഏകദേശം രണ്ടു മണിക്കൂര്‍ എങ്ങിനെ പോയെന്നറിയില്ല.

ഫ്‌ളൈറ്റിനു നേരമായതിനാല്‍ ഒരല്പം ധൃതിയിലായിരുന്നു പിരിയലും യാത്ര പറച്ചിലുമെല്ലാം. പോകുന്ന വഴിക്കാണ് ഷീലാ മോന്‍്‌സിനു പോകുവാനുള്ള ബസ് സ്റ്റേഷന്‍. തിരക്ക് പിടിച്ച് എല്ലാവരോടും യാത്ര ചോദിച്ച്, ഹെമിംഗ്‌വേ ഭവനത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ മനസില്‍ എവിടെയോ ഒരു വിഷമം. പെരുമ്പടവം സാറിനോട് യാത്ര പറയുമ്പോള്‍ കുടുംബത്തിലെ തല മുതിര്‍ന്ന കാരണവരെ പിരിയുന്ന ഒരു നൊമ്പരം. അതെ. മലയാള സാഹിത്യ കാരണവര്‍ തന്നെയാണല്ലോ അദ്ദേഹം.

അവിസ്മരണീയമായ ആ ഷിക്കാഗോ യാത്രയില്‍, ഹെമിംഗ് വേ ഭവനം സന്ദര്‍ശിക്കനായതും അതും കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുന്ന പെരുമ്പടവം സാറിനെപ്പോലെയുള്ള ഒരു മഹാരഥനോടൊപ്പം കാണാന്‍ കഴിഞ്ഞതു ഒരു പുണ്യമായി കരുതുന്നു.

ഹെമിംഗ് വേയുടെ വീട്ടിലേക്ക്  (മീനു എലിസബത്ത്)ഹെമിംഗ് വേയുടെ വീട്ടിലേക്ക്  (മീനു എലിസബത്ത്)ഹെമിംഗ് വേയുടെ വീട്ടിലേക്ക്  (മീനു എലിസബത്ത്)ഹെമിംഗ് വേയുടെ വീട്ടിലേക്ക്  (മീനു എലിസബത്ത്)ഹെമിംഗ് വേയുടെ വീട്ടിലേക്ക്  (മീനു എലിസബത്ത്)ഹെമിംഗ് വേയുടെ വീട്ടിലേക്ക്  (മീനു എലിസബത്ത്)ഹെമിംഗ് വേയുടെ വീട്ടിലേക്ക്  (മീനു എലിസബത്ത്)ഹെമിംഗ് വേയുടെ വീട്ടിലേക്ക്  (മീനു എലിസബത്ത്)
Join WhatsApp News
Jane Joseph 2013-12-14 11:38:42
Very well written. Really enjoyed it.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക