Image

ഖത്തറില്‍ നിന്ന്‌ ദ്രവീകൃത പ്രകൃതി വാതകത്തിന്‌ ഇന്ത്യന്‍ ശ്രമം

Published on 29 October, 2011
ഖത്തറില്‍ നിന്ന്‌ ദ്രവീകൃത പ്രകൃതി വാതകത്തിന്‌ ഇന്ത്യന്‍ ശ്രമം
ദോഹ: ഖത്തറില്‍ നിന്ന്‌ അധികമായി ദ്രവീകൃത പ്രകൃതി വാതകം ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ ശ്രമം തുടരുന്നു. ഇന്നലെ ന്യൂദല്‍ഹിയില്‍ ഖത്തറിന്റെ ഊര്‍ജ, വ്യവസായ മന്ത്രി ഡോ. മുഹമ്മദ്‌ ബിന്‍ സാലിഹ്‌ അല്‍സാദയും കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി എസ്‌. ജെയ്‌പാല്‍ റെഡ്‌ഢിയും തമ്മില്‍ നടന്ന കൂടിക്കാഴ്‌ചയില്‍ ഇക്കാര്യം മുഖ്യ ചര്‍ച്ചയായി. 30 മുതല്‍ 40 ലക്ഷം ടണ്‍ വരെ എല്‍.എന്‍.ജിയാണ്‌ ഇന്ത്യ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൂടുതലായി ആവശ്യപ്പെട്ടത്‌. നിലവിലെ കരാര്‍ പ്രകാരം 75 ലക്ഷം ടണ്‍ ആണ്‌ പെട്രോനെറ്റിന്‌ നല്‍കിവരുന്നത്‌.

ഇന്ത്യയില്‍ എണ്ണ, വാതക, പെട്രോകെമിക്കല്‍ വ്യവസായ രംഗങ്ങളില്‍ നിക്ഷേപമിറക്കാന്‍ ഖത്തറിന്‌ മികച്ച അവസരങ്ങളുണ്ടെന്ന്‌ ജെയ്‌പാല്‍ റെഡ്‌ഢി പറഞ്ഞു. എല്‍.എന്‍.ജിക്കു പുറമെ പാചകവാതകവും ക്രൂഡ്‌ഓയില്‍ ഉല്‍പന്നങ്ങളും ഇന്ത്യന്‍ വിപണിയിലേക്ക്‌ കയറ്റുമതി ചെയ്യാന്‍ ഒരുക്കമാണെന്ന്‌ ഡോ. മുഹമ്മദ്‌ അല്‍സാദഃ പറഞ്ഞു. ഡിസംബറില്‍ നടക്കുന്ന ഒപെക്‌ യോഗത്തില്‍ അംഗരാജ്യങ്ങളുടെ ഉല്‍പാദനതോതില്‍ കാര്യമായ മാറ്റം വരുത്താന്‍ സാധ്യതയില്‌ളെന്നും ഖത്തര്‍ ഉല്‍പാദനം കുറക്കില്‌ളെന്നും അല്‍സാദഃ മാധ്യമങ്ങളോട്‌ പറഞ്ഞു.

ദ്വിദിന സന്ദര്‍ശനത്തിന്‌ കഴിഞ്ഞ ദിവസം ന്യൂദല്‍ഹിയിലെത്തിയ മന്ത്രി, ഊര്‍ജ, എണ്ണ, വാതക രംഗങ്ങളിലെ പ്രമുഖ ഇന്ത്യന്‍ കമ്പനി മേധാവികളുമായി കൂടിക്കാഴ്‌ച നടത്തി.
ചര്‍ച്ചകളില്‍ അംബാസഡര്‍ ഹസന്‍ മുഹമ്മദ്‌ അല്‍ഇമാദി, ഖത്തര്‍ പെട്രോളിയത്തിലെയും റാസ്‌ ഗ്യാസിലെയും ഉന്നതഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക