Image

പുതിയ ഭൂമി (ലേഖനം: ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 27 December, 2013
പുതിയ ഭൂമി (ലേഖനം: ജോണ്‍ വേറ്റം)
സകല സന്മാര്‍ഗ്ഗങ്ങളും തുറക്കപ്പെടുന്ന ഒരവസ്ഥ ഉണ്ടാകുമോ? നീതിയാല്‍ സ്ഥിരപ്പെടാനും പീഡനത്തില്‍ നിന്ന് അകന്നിരിക്കാനും ആധുനികതയ്ക്ക് കഴിയുമോ? സമാധാനത്തിന്റെ ഉറവ് തുറക്കാന്‍ മതത്തിനും, സുരക്ഷിതത്വം നല്‍കുവാന്‍ രാഷ്ട്രീയത്തിനും സാധിക്കുമോ? കുറ്റങ്ങളെ അഴിച്ചു വിടുന്ന സാമൂഹ്യ സംഘടനകള്‍ക്ക് പിന്തുണ നല്‍കാന്‍ മതം കലഹത്തില്‍ ഇറങ്ങുന്നത് യുക്തമോ? മത സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും തമ്മില്‍ ഇടകലരുന്നത് അവശ്യമോ?
രാഷ്ട്രീയ സംസ്‌കാരം സങ്കരമാണ്. നീതി നിഷ്ഠ ഗവണ്‍മന്റും വികസന പുരോഗതിയുമാണ് അതിന്റെ ലക്ഷ്യം എങ്കിലും രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ ഭിന്നിക്കുന്നു. അവയില്‍ രക്തദാഹം പകരുന്നവയുണ്ട്. ജനദ്രോഹത്തെ അഴിച്ചുവിടുന്നവയും അധികാരത്തിനുവേണ്ടി കള്ളക്കളികള്‍ നടത്തുന്നവരും ഉണ്ട്. അമിത വിമര്‍ശനവും ഒളിപ്പോരും രാഷ്ട്രീയത്തിന്റെ ആയുധങ്ങലാണ്. അസ്ഥിരതയും പിളര്‍പ്പും അതിനോടൊപ്പമുണ്ട്. പാര്‍ട്ടിക്കുള്ളിലെ ഉള്‍പ്പിരിവുകളാണ് അതിന്റെ മുഖ്യ ഹേതു. അവയെ തടയുവാന്‍ നിയമമുണ്ടാകണം. ഏതു ഭരണകക്ഷയുടെയും ഉന്നം സ്വന്തം പുരോഗതിയും പ്രതിപക്ഷത്തിന്റെ അധോഗതിയുമാണ്.

മത താല്‍പര്യങ്ങള്‍ ജനവിരുദ്ധവും മാറ്റേണ്ടതുമാണെന്ന വാദം ഒരു വശത്ത്. രാജ്യഭരണം ഭൂരിപക്ഷ സമുദായത്തിന്റെ മൗലികാവകാശമെന്നു മറുഭാഗം. ഇങ്ങനെ ഉപായങ്ങളുപയോഗിച്ച് ജനങ്ങളെ ആകര്‍ഷിക്കുന്ന സമ്പ്രദായം രാഷ്ട്രീയ രംഗത്ത് പുതുമയല്ല. എന്നാലും സമാധാനത്തോടെ ഭരിക്കാനാവാത്ത സങ്കീര്‍ണാവസ്ഥ അവയെ ചൂഴുന്നു. കനത്ത പക്ഷപാതിത്വമാണ് ഇതിന്റെ കാരണം. കൂടെ കൂടെ മറ്റപ്പെടുന്ന പ്രവര്‍ത്തന ശൈലിയാണ് മറ്റൊരു വിന.

ജനന്മയ്ക്കും സാമൂഹ്യ പുരോഗതിക്കും വേണ്ടി മതവും രാഷ്ട്രീയവും തമ്മില്‍ സഹകരിക്കണമെന്ന നിഷ്പക്ഷ നിര്‍ദ്ദേശം ഉചിതമാണ്. പക്ഷേ ഫലിക്കുന്നില്ല. സമുദായങ്ങളുടെ അഭ്യന്തര കാര്യങ്ങളില്‍ രാഷ്ട്രീയം തലയിടുന്നു എന്നും, മതം രാഷ്ട്രീയ കക്ഷികളെ മാനസാന്തരപ്പെടുവാന്‍ നിര്‍ബന്ധിക്കുന്നുവെന്നും പരാമര്‍ശങ്ങളുണ്ട്. ഇതിന് ഇരു വിഭാഗങ്ങളും ഉപയോഗിക്കുന്നത് മാദ്ധ്യമങ്ങളെയാണ്. അതുകൊണ്ട് മാദ്ധ്യമ വിചാരണകള്‍ വര്‍ദ്ധിച്ചു. മാദ്ധ്യമ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടുന്നു.

മതപ്രവര്‍ത്തനത്തിനുവേണ്ടി, ജീവിതം സമര്‍പ്പിച്ച ഭക്തന്മാരുടെ യാത്ര സഹന വഴിയിലൂടെയും രാഷ്ട്രീയക്കാരുടെ ഓട്ടം  സമരഭൂമിയിലൂടെയുമാണ്. സമുദായം ആത്മീയതയ്ക്കും രാഷ്ട്രീയം ഭൗതിക നേട്ടങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നതിനാല്‍ ഏകോപനം സാദ്ധ്യമല്ലെന്നും കരുതപ്പെടുന്നു. എങ്കിലും, ഭൂരിപക്ഷം നഷ്ടപ്പെടുന്ന ഘട്ടങ്ങളില്‍ ആദര്‍ശം അടച്ചുവെച്ച് കൂട്ടുകക്ഷി ഭരണം നടത്തുന്ന രാഷ്ട്രീയ രംഗം അസ്ഥിരവും അച്ചടക്കരഹിതവുമായതിനാല്‍ മതം മാറി നില്‍ക്കണമെന്ന് പണ്ടെ ആശയശില്‍പികള്‍ ഉപദേശിച്ചിട്ടുണ്ട്. ജനാധിപത്യ ഭരണ സമ്പ്രദായം മതവിഭാഗങ്ങളില്‍ വന്നതോടെ ആശയങ്ങള്‍ നവീകരിക്കപ്പെട്ടു. സമുദായങ്ങള്‍ രാഷ്ട്രീയ കക്ഷികളെ സ്വാഗതം ചെയ്തു. ഇതിന്റെ ഭാവി ഫലത്തെക്കുറിച്ച് സംശയിച്ചവരും സുവിശേഷ വേലയും രാഷ്ട്രീയവും കൂട്ടി കുഴച്ചാല്‍ കുഴപ്പമുണ്ടാകുമെന്ന് വിശ്വസിച്ചവരും വിരളമല്ലെ? മത നേതൃത്വം ജനപങ്കാളിത്തം നേടാന്‍ രാഷ്ട്രീയ വേദികള്‍ പങ്കിടുമ്പോള്‍ മത ജീവിതത്തിന്റെ മഹത്വം നഷ്ടപ്പെടുമത്രെ. അവസരവാദം കലഹം വിവേചനം വ്യവഹാരം എന്നിവ പ്രവര്‍ത്തനത്തിന് ഇന്ധനമായി ഉപയോഗിക്കപ്പെടുന്നതിനാല്‍ വിശ്വാസികളില്‍ ഉളവാക്കുന്നതു പ്രകോപനമാണെന്ന് അഭിപ്രായം. വൈദികരുടെ അച്ചടക്കബോധത്തെയും പെരുമാറ്റച്ചട്ടത്തെയും ബാധിക്കുന്ന മറ്റൊരു ദോഷഫലം പൊരുത്തക്കേടാണ്.
സംഘടിത രാഷ്ട്രീയത്തിന്റെ സാങ്കേതിക വശങ്ങലെ അഴിച്ചു പണിയാം. ജനഹിതമനുസരിച്ച് ചട്ടങ്ങളെ വെട്ടിച്ചുരുക്കുകയോ ഊട്ടിച്ചേര്‍ക്കുകയോ ചെയ്യാം. എന്നാല്‍, ആത്മീയ പരിശുദ്ധി ഉടച്ചുവാര്‍ക്കാവുന്നതല്ല. സത്യവിശ്വാസത്തിന്റെ അന്തഃസാരം നിത്യരക്ഷയ്ക്കു വേണ്ടിയുള്ള പ്രത്യാശയാണ്. രാഷ്ട്രീയ പിന്തുണയ്ക്കുവേണ്ടി മതനേതൃത്വം പടികടന്നു കൈനീട്ടുമ്പോള്‍ വിശ്വാസ തീഷ്ണത കൈവിട്ടുപോകും. മതം മയക്കുമരുന്നും, സ്വാതന്ത്ര്യത്തിനു തടസ്സവും പൗരോഹിത്യം കച്ചവടച്ചരക്കുമെന്ന് അപലപിക്കുന്നവരോടൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് നീതിയുള്ള നിഷ്പക്ഷതയാണെന്നും കരുതുന്നവരുണ്ട്. രാജ്യ തന്ത്രജ്ഞന്മാരുടെ സമൂഹത്തിലും മതസ്‌നേഹികള്‍ ഉണ്ട്. അവരുടെ സേവനവും മതസരരംഗത്താണ്.

ശത്രുക്കളെ സ്‌നേഹിക്കാനും സകലകര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാനും വിളിക്കപ്പെട്ടവര്‍ കക്ഷിരാഷ്ട്രീയത്തിന്റെ യുദ്ധഭൂമിയില്‍ ഇറങ്ങുമ്പോള്‍ സമഭാവന ഉപേക്ഷിക്കേണ്ടിവരും. മതപ്രവര്‍ത്തനത്തിലും രാഷ്ട്രീയം വേണമെന്ന് ശഠിക്കുന്നവര്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടുകാരാവുമ്പോള്‍, വിഭാഗീയതയെ വേര്‍തിരിച്ചാദരിക്കേണ്ടിവരും. വേദ വിപരീതമായ വാക്കും വചനവും ഉപയോഗിക്കേണ്ടിവരും. രാഷ്ട്രീയത്തെ മതം മദ്ധ്യസ്തയ്ക്ക് ഉപയോഗിക്കുന്നതും സമുദായങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ തലയിടാന്‍ അനുവദിക്കുന്നതും അനുചിതമെന്നുതന്നെ  കരുതാം രാഷ്ട്രീയം മത നേതാക്കളെ പുകഴ്ത്തുകയും അര്‍ദ്ധദൈവങ്ങളായി ഉയര്‍ത്തുകയും ചെയ്യാറുണ്ട്. തത്മസയമം മറ്റു വീക്ഷണങ്ങളാല്‍ വിമര്‍ശിക്കപ്പെടാറുമുണ്ട്.

മതനേതൃത്വം മതപ്രവര്‍ത്തനത്തിന്റെ മസ്തിഷ്‌കമാണ്. ദൈവവിളിയും പരിജ്ഞാനത്തിന്റെ വെളിവും ലഭിച്ചവരാണ് ഭൂരിഭാഗം എന്നിട്ടും, സഹിഷ്ണുത വെടിഞ്ഞും പ്രലോഭനങ്ങള്‍ക്കു വഴങ്ങിയും സ്വന്ത മോഹങ്ങള്‍ക്കൊത്ത് രാഷ്ട്രീയത്തില്‍ എടുത്തു ചാടിയവരുണ്ട്. അവര്‍ വേര്‍പെട്ടും വേദനിച്ചും ജീവിച്ചു മരിച്ചു. ആധുനിക രാഷ്ട്രീയത്തിന്റെ പ്രവര്‍ത്തനം പൂര്‍വ്വാധികം പുരോഗമിച്ചതും സംഘടിച്ചതും ഏറെ ഭിന്നിച്ചതുമാണ്. അക്രമവും അഴിമതിയും കൊള്ളയും കൊലപാതകവും അവരുടെ കലവറയിലുണ്ട്. വില്‍ക്കപ്പെട്ട വഴികളും അവര്‍ ഉപയോഗിക്കുന്നു. ഇപ്രകാരം ഭൗമിക പരമാധികാരത്തിനുവേണ്ടി പൊരുതുകയും സ്വന്ത വ്യവസ്ഥിതിയില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാരുടെ മനസ്സില്‍ പാപബോധത്തിന് ഇടമില്ല. ഭൗതിക താല്‍പര്യങ്ങളോടുകൂടി ആവിഷ്‌കരിക്കുന്ന പ്രകടനപത്രികയില്‍ ആത്മീയപോഷണവുമില്ല. മറിച്ച് ആത്മീയദര്‍ശനം മാനസാന്തരത്തിനും വീണ്ടെടുപ്പിനും വേണ്ടിയുള്ളതാണെന്ന് വിശ്വസിക്കപ്പെടുന്നു. എന്നുവരികിലും മറ്റുള്ളവരില്‍ സദ്ഗുണങ്ങള്‍ നട്ടുവളര്‍ത്തേണ്ട ആത്മീയ നേതാക്കള്‍ക്ക ദ്വന്ദഭാവം പാടില്ല. ഇരുമനസ്സുള്ള മനുഷ്യര്‍ എല്ലാ വഴികളിലും അസ്ഥിരനാണെന്ന് വേദം. അനുസരണം ബലിയേക്കാള്‍ ശ്രേഷ്ഠമെന്നും മത്സരം മന്ത്രവാദം പോലെ പാപമെന്നും പ്രബോധനം.
നന്മതിന്മകളെ തിരിച്ചറിയാന്‍ ശിക്ഷണം ലഭിച്ചവരും ആത്മനിയന്ത്രണം ശീലിച്ചവരും അച്ചടക്കമില്ലാത്ത രാഷ്ട്രീയ രംഗത്തെത്തുമ്പോള്‍ എന്തു ചെയ്യും? ഭക്തിയിലും സത്യസന്ധതയിലും ജീവിക്കുന്നതിന് പ്രാപതി നല്‍കേണ്ടവര്‍ നാവുകൊണ്ട് സ്‌നേഹിക്കുകയും പ്രവര്‍ത്തികൊണ്ട് ദ്വേഷിക്കുകയും ചെയ്യുന്ന അവസരവാദികളെ സഹായിക്കുമോ? നന്മയാല്‍ തിന്മയെ ജയിക്കേണ്ടവര്‍ മതത്തെ അപലപിക്കുന്ന കക്ഷികളോടൊത്തുചേരുമ്പോള്‍ സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്തില്‍ ഉണ്ടാകുന്ന വിശ്വാസ പ്രതിസന്ധിയില്‍ ധ്യാനവും നിയോഗവും  നിരാകരിക്കുമോ?
അധികാരത്തിനും സ്ഥാനക്കയറ്റത്തിനും വേണ്ടിയുള്ള കൂറുമാറ്റം കൂടുതലായി കാണപ്പെടുന്നത് രാഷ്ട്രീയത്തിലാണ്. മതങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലും നവീകരണം സംഭവിക്കുന്നു. സകലരും സഹോദരങ്ങളാണെന്ന് വിശ്വസിക്കുന്നവരും, നീതിക്കും നിലനില്‍പ്പിനും വേണ്ടി അദ്ധ്വാനിക്കുന്നവരും വര്‍ഗ്ഗവിദ്വേഷം വളര്‍ത്തുന്ന സംഘടനകളുടെ വക്താക്കളാകാറുണ്ട്. ആ മാറ്റം കൈപ്പിഴയല്ല പിന്നെയോ തുടര്‍ച്ചയാണ്. ഐക്യത്തിനും സമാധാനത്തിനും വേണ്ടി നിരന്തരം ബുദ്ധിയുപദേശിക്കുന്നവര്‍ പൊതുസ്വത്ത് നശിപ്പിച്ചും സംഘര്‍ഷം സൃഷ്ടിച്ചും സര്‍ക്കാരിനെ വെല്ലുവിളിച്ചും രക്തച്ചൊരിച്ചിലിന് ആഹ്വാനം ചെയ്തും മുന്നേറുന്നവരില്‍ ചായുന്നതും, വിനാശകാലെ വിപരീത ബുദ്ധി എന്ന പഴമൊഴി ഓര്‍മ്മപ്പെടുത്തുന്നു.

മത വിഭാഗങ്ങളുടെ രാഷ്ട്രീയ പ്രവേശനം സുവിശേഷ വേലയുടെ ഭാഗവും ജനപങ്കാളിത്വത്തിന് ആവശ്യവുമെന്ന് സമ്മതിക്കുന്നവര്‍ ഉണ്ട്. അതു ശരിയും സ്വീകാര്യവുമല്ലെന്ന് വാദിക്കുന്നവരും കുറവല്ല. മറ്റുള്ളവരുടെ പുരോഗതിക്കും പാപ പരിഹാരത്തിനും വേണ്ടി ജ്ഞാനം ദാനം ചെയ്യുന്നവര്‍ അന്യരുടെ തെറ്റുകളില്‍ ഓഹരിക്കാരും മുഖപക്ഷം നോക്കുന്നവരും ആകരുതെന്ന് ശഠിക്കുന്നു. മറ്റൊരു ഭാഗം എന്‌നാലും പൊതുനന്മ ഉണ്ടാക്കുന്നതിനു മതങ്ങളുടെ പിന്തുണ പൂര്‍വ്വാധികം ലഭിക്കണമെന്ന ചിന്തയും പൊന്തി വന്നിരിക്കുന്നു.
ദൈവം മിഥ്യയെന്നും ആരാധന അനാചാരമെന്നും വിളംബരം ചെയ്ത രാഷ്ട്രീയ കക്ഷികള്‍ക്ക് മാനസാന്തരം. ഈശ്വര വിശ്വാസവും ഭക്തിയും ആചാരാനുഷ്ഠാനങ്ങളും പാര്‍ട്ടി അംഗങ്ങള്‍ക്കും ആകമെന്ന് മനസ്സമ്മതം പൊതുവേദിയില്‍ നല്‍കപ്പെട്ടു.

വിശ്വാസിയും അവിശ്വാസിയും തമ്മിലടിക്കില്ലെന്നും എല്ലാ വിശ്വാസി സമൂഹങ്ങളെയും സംരക്ഷിക്കുമെന്നും ഇന്നത്തെ ഇടതുപക്ഷ സംഘടനകളില്‍ ചിലതു പ്രസ്താവിച്ചു. ഈ സ്ഥിതി പരിണാമം ലക്ഷ്യമാക്കുന്നത് വികസനമാണെങ്കിലും ഒരു രാഷ്ട്രീയ നവീകരണത്തിന്റെ പ്രാരംഭമെന്നു പരിഗണിക്കാം. മെച്ചമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിനു മതവിശ്വാസം തടസ്സമല്ലെന്ന തീരുമാനം പാര്‍ട്ടികള്‍ക്കും ക്ഷേമം നല്‍കുമെന്ന് വിശ്വസിക്കാം. പണ്ട്, സഭാവിഭാഗങ്ങള്‍ നിന്ദിച്ചു തള്ളിയ രാഷ്ട്രീയ പാര്‍ട്ടികളിലും അംഗത്വമെടുക്കാമെന്ന അവസ്ഥ വിശ്വാസികള്‍ക്കും ആശ്വാസമത്രെ. സംവാദങ്ങളും സംഘട്ടനങ്ങളും സമരങ്ങളുമാണ് രാഷ്ട്രീയ പാര്‍ട്ടികലെ തീഷ്ണതയില്‍ വളര്‍ത്തിയത്. ഭൂതവര്‍ത്തമാന കാലങ്ങളിലെ കെടുതികള്‍ ഭാവിയില്‍ ആവര്‍ത്തിക്കപ്പെട്ടാല്‍ മാറ്റങ്ങള്‍ അനുവദിക്കില്ലെന്ന് പ്രത്യാശിക്കാം. ഇന്നത്തെ രാഷ്ട്രീയ സംഘടനകള്‍ ക്രമേണ നവീകരിക്കപ്പെടുമെന്നും നിശ്ചയിക്കാം. മതവിരുദ്ധ രാഷ്ട്രീയ സംഘങ്ങള്‍ ഇന്നോളം ഉദ്ധരിച്ചിട്ടുള്ള ഉപരിപ്ലവ വിഷയങ്ങള്‍ നിശ്ചയമായും നാളെ ഉപേക്ഷിക്കപ്പെടും. സമാധാനപരമായ സഹവാസത്തിന് മതവും രാഷ്ട്രീയവും പരസ്പരം സഹകരിക്കും. കലഹവും ചിലവും കാലതാമസവും  ഉളവാക്കുന്ന വ്യവഹാരങ്ങളെ മനുഷ്യന്‍ നിരസിക്കും. പ്രശ്‌ന പരിഹാരങ്ങള്‍ സമാധനവും സൗഹാര്‍ദവും നല്‍കുന്ന ചര്‍ച്ചകളിലൂടെ നിര്‍വ്വഹിക്കും.

ഏതു മതവിശ്വാസിക്കും ഇഷ്ടമുള്ള രാഷ്ട്രീയ കക്ഷിയില്‍ ചേരുന്നതിനു ഏതു രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗത്തിനും ആരാധനാ സ്വാതന്ത്ര്യം ലഭിക്കുന്നതിനും സംവിധാനം ഉണ്ടാക്കുന്നതോടെ കേരളത്തിലെ ജനജീവിതം പൂര്‍വ്വാധികം സന്തുഷ്ടമാകും. സര്‍വ്വോപരി ജനാധിപത്യ ഭരണക്രമത്തെ അതു സുഗമമാക്കും. അങ്ങനെ രാഷ്ട്രീയ മാനസാന്തരവും മതമൈത്രിയും ചേര്‍ന്ന കേരളത്തെ മാതൃകാ സംസ്ഥാനമാക്കട്ടെ.


പുതിയ ഭൂമി (ലേഖനം: ജോണ്‍ വേറ്റം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക