Image

വീണ്ടുമൊരു പുതുവര്‍ഷം (മീട്ടു റഹ്‌മത്ത്‌ കലാം)

Published on 30 December, 2013
വീണ്ടുമൊരു പുതുവര്‍ഷം (മീട്ടു റഹ്‌മത്ത്‌ കലാം)
പ്രതീക്ഷകള്‍ ജീവിക്കാനുള്ള പ്രേരണയാണ്‌. അസ്‌തമയം കഴിഞ്ഞാല്‍ ഉദയം ഉണ്ടെന്ന പ്രത്യാശ . അതുതന്നെയാണ്‌ അല്‍പം ദൂരെ നിന്ന്‌ പുഞ്ചിരിയോടെ കൈനീട്ടുന്ന പുതുവര്‍ഷത്തെ എത്തിപ്പിടിക്കാന്‍ മനസ്സിനെ സജ്ജമാക്കുന്നതും. സന്തോഷം അതിന്റെ പാരമ്യത്തില്‍ എത്തുമ്പോഴാണ്‌ ആഘോഷമായി മാറുന്നത്‌. മനുഷ്യന്‍ പുതുവര്‍ഷപ്പിറവി ആഘോഷിക്കാന്‍ തുടങ്ങിയിട്ട്‌ നാല്‌ സഹസ്രാബ്‌ദങ്ങളായി എന്ന അറിവില്‍ തന്നെ ആ സന്തോഷത്തിന്റെ തിരയിളക്കം പ്രകടമാണ്‌.

പന്ത്രണ്ട്‌ മാസങ്ങളുള്ള കലണ്ടര്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്‌ ജൂലിയസ്‌ സീസറിന്റെ ഭരണകാലത്താണ്‌. ജൂലിയന്‍ കലണ്ടര്‍ എന്നറിയപ്പെട്ടിരുന്ന അതിനോട്‌ ചേര്‍ന്നു നില്‍ക്കുന്ന ഒന്നാണ്‌ ഇന്നത്തെ ഗ്രിഗോറിയന്‍ കലണ്ടര്‍. തുടക്കങ്ങളുടെ ദേവനായി റോമാക്കാര്‍ വാഴ്‌ത്തുന്ന ജാനസിന്‌ രണ്ട്‌ മുഖങ്ങള്‍ ഉണ്ടെന്നാണ്‌ സങ്കല്‌പം . ഒന്നിലൂടെ ഭാവികാലവും മറ്റൊന്നിലൂടെ ഭൂതകാലവും കാണാം. ജാനസ്‌ ദേവനില്‍ നിന്നാണ്‌ ആദ്യ മാസത്തിന്‌ ജനുവരി എന്ന പേര്‌ വന്നത്‌. ജനുവരി ഒന്നിന്റെ ആദ്യ യാമത്തില്‍ നിന്ന്‌ പിന്നോട്ട്‌ നോക്കിയാന്‍ പോയ വര്‍ഷവും മുന്നോട്ട്‌ നോക്കിയാല്‍ വരും വര്‍ഷവും കാണാമല്ലോ !

ഓരോ വര്‍ഷവും മറ്റൊരു പുതുവര്‍ഷത്തെ ഗര്‍ഭം ധരിച്ചിട്ടുണ്ട്‌ . അമ്മയുടെ രക്തത്തില്‍ നിന്ന്‌ കുഞ്ഞ്‌ തനിക്ക്‌ ജീവിക്കാന്‍ വേണ്ടതൊക്കെയും വലിച്ചെടുക്കും പോലെ . പിന്നിട്ട വര്‍ഷത്തിലെ അനുഭവങ്ങളില്‍ നിന്ന്‌ ആര്‍ജ്ജിച്ച ശക്തി കൃത്യം 365-ാം പക്കത്തെ ജനനത്തിന്‌ പ്രത്യേക സൗന്ദര്യം പകരുന്നു.

നന്നായി തുടങ്ങിയാല്‍ തന്നെ പാതി പൂര്‍ത്തിയായി എന്ന ആശയമാണ്‌ നവവര്‍ഷത്തെ ഇത്രമേല്‍ ജനകീയമാക്കിയത്‌. തുടക്കം എന്നത്‌ ദിനചര്യയിലെ നിസാര കാര്യങ്ങളില്‍ പോലും ശ്രദ്ധയോടെ ആയിരിക്കും. ആദ്യത്തെ സന്ദര്‍ശകന്‍, ആദ്യം കഴിച്ച ഭക്ഷണം , ആദ്യമായി ധരിച്ച വസ്‌ത്രം അങ്ങനെ വര്‍ഷം ആരംഭിക്കുമ്പോള്‍ ചെയ്യുന്ന ഓരോ പ്രവൃത്തികളിലും ജാഗരൂകരാകുന്ന വിഭാഗങ്ങളുണ്ട്‌. സ്‌പെയിന്‍ പോലുള്ള രാജ്യങ്ങളില്‍ അത്താഴവിരുന്നില്‍ 12 മാസങ്ങളെ പ്രതീകമാക്കി 12 മുന്തിരിങ്ങകള്‍ കൊടുക്കുന്ന സമ്പ്രദായമുണ്ട്‌. ഓരോ മാസത്തെയും നന്മയ്‌ക്കും ഐശ്വര്യത്തിനും വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട്‌ ഓരോ മുന്തിരി കഴിക്കുന്നതാണ്‌ ആചാരം. അമേരിക്കയിലും മറ്റും ഒരു ബദാം വച്ച കേക്കുകളും പുഡിങ്ങുകളും ഒക്കെ വിളമ്പി, അതിലെ ബദാം കിട്ടുന്ന ആള്‍ക്ക്‌ ആ വര്‍ഷം സമ്പല്‍സമദ്ധിയുടെതാണെന്ന ഒരു വിശ്വാസമുണ്ട്‌.

ക്രിസ്‌മസ്‌ കഴിഞ്ഞ്‌ കൃത്യം ഒരാഴ്‌ചയാകുമ്പോള്‍ എത്തുന്ന ന്യൂയര്‍ നമുക്കിടയില്‍ ആഘോഷത്തിന്റെ ഒരു ബാറ്റണ്‍ കൈമാറലാണ്‌. ദൈവികതയും ആത്മീയതയും ഉള്‍ക്കൊണ്ട ശേഷം അതില്‍ നിന്നും ചുവടുമാറും മുന്‍പേ പുതിയൊരദ്ധ്യായത്തിന്‌ തുടക്കം കുറിക്കാന്‍ കഴിയുന്നത്‌ സത്യത്തിലൊരു പുണ്യമാണ്‌. സന്തോഷങ്ങളും ദുഃഖങ്ങളും ഒരു നാണയത്തിന്റെ രണ്ടുവശങ്ങള്‍ എന്നതുപോലെ കറങ്ങിത്തിരിഞ്ഞ്‌ വന്നുകൊണ്ടേ ഇരിക്കും. രണ്ടും ഒരേ മനസ്സോടെ സ്വീകരിക്കാനുള്ള കരുത്താണ്‌ ആവശ്യം മാറ്റങ്ങളില്ലാതെ തുടരുന്നത്‌ ജീവിതമല്ല. പോയ വര്‍ഷത്തിന്റെ ഫോട്ടോസ്റ്റാറ്റാണ്‌ അടുത്ത വര്‍ഷവുമെങ്കില്‍ ആ വര്‍ഷത്തിന്‌ ജീവിതത്തിന്റെ താളില്‍ ഒന്നു തന്നെ രേഖപ്പെടുത്താന്‍ ഉണ്ടാവില്ല. പിന്നിട്ട വര്‍ഷങ്ങളിലെ നന്മതിന്മകള്‍ വേര്‍തിരിച്ചറിയുകയും എന്തൊക്കെ മാറ്റങ്ങള്‍ വരുത്തിയാല്‍ കുറച്ചുകൂടി നല്ല മനുഷ്യനായി മാറാം എന്ന്‌ ചിന്തിക്കുകയും ചെയ്യാന്‍ തരുന്ന അവസരമാണ്‌ ഓരോ പുതുവര്‍ഷവും .

കഴിഞ്ഞ വര്‍ഷം നമ്മോടൊപ്പമുള്ള പലരും ജീവിതയാത്രയ്‌ക്കിടയില്‍ നമ്മെ വിട്ട്‌ പോയ്‌മറഞ്ഞിട്ടുണ്ട്‌. ഒരു വര്‍ഷം കൂടി നീട്ടിക്കിട്ടുമ്പോള്‍ അതുകൊണ്ട്‌ എന്തെങ്കിലും പ്രയോജനവും സ്വന്തം ജീവിതത്തിലും മറ്റുള്ളവര്‍ക്കും ഉണ്ടാക്കാന്‍ മനഃപൂര്‍വ്വമായ ശ്രമം നടത്തുക എന്നതാണ്‌ പുതുവര്‍ഷത്തില്‍ മനസ്സില്‍ കുറിക്കേണ്ട തീരുമാനം . നാളെ എന്നൊന്ന്‌ ഉണ്ടോ എന്ന ചോദ്യത്തിന്‌ ഉറപ്പിച്ച്‌ ഉത്തരം പറയാന്‍ കഴിയാത്തിടത്തോളം ചെയ്യാന്‍ കഴിയുമ്പോള്‍ വീണു കിട്ടുന്ന അവസരങ്ങളില്‍ തന്നെ ചെയ്‌ത്‌ തീര്‍ക്കുക. സ്വപ്‌നങ്ങള്‍ക്കൊത്ത്‌ സഞ്ചരിക്കാനുള്ള ഭാഗ്യം നിറയട്ടെ .

ഈ പുതുവര്‍ഷത്തില്‍ എല്ലാ ഇ-മലയാളി വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ !
വീണ്ടുമൊരു പുതുവര്‍ഷം (മീട്ടു റഹ്‌മത്ത്‌ കലാം)വീണ്ടുമൊരു പുതുവര്‍ഷം (മീട്ടു റഹ്‌മത്ത്‌ കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക