Image

ദാവീദിന്റെ രണ്ടു മുഖങ്ങള്‍ (കവിത - എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ Published on 07 January, 2014
ദാവീദിന്റെ രണ്ടു മുഖങ്ങള്‍ (കവിത - എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)




ദാവീദിന്റെ രണ്ടു മുഖങ്ങള്‍
          എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്കു്
Yohannan.elcy@gmail.com

പത്രാധിപക്കുറിപ്പ് : 'സാഹിത്യപ്രതിഭ' എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ രചിച്ച 'ദാവീദിന്റെ രണ്ടു മുഖങ്ങള്‍' എന്ന ഖണ്ഡകാവ്യം കഴിഞ്ഞ ഒന്‍പതാഴ്ചകളായി പ്രസിദ്ധീകരണം തുടങ്ങിയിട്ട് . ഇ മലയാളിയില്‍ക്കൂടി എല്ലാ ശനിയാഴ്ചയും ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്നു.
   
 ദാവീദും അബീഗയിലും

                     (10)


പിന്നവനാര്‍ദ്രനായീവിധം കല്പിച്ചു
തന്വംഗിക്കാശ്വാസമേകും വിധം,

“ഇന്നിവിടെത്തി നീ മാപ്പു ചോദിക്കയാല്‍
എന്നുള്ളം മാറ്റി നീ ദൈവദാസി,

നേരേ വന്നെന്നെ നീ കാണുവാനൊത്തതും
ചാരുവായ് നീ മൊഴി തൂകിയതും,

പാപഭാരങ്ങളില്‍ നിന്നെന്‍കരങ്ങളെ
ആപത്തേശാതൊഴിവാക്കിയതും,

സര്‍വ്വേശന്‍ താനത്രേ സംശയമില്ലതില്‍
ദൈവത്തിനര്‍പ്പിക്കാം നന്ദിസ്തവം;

നീയിന്നെന്‍ ചാരത്തണഞ്ഞിടാതന്യത്ര
പോയിരുന്നെന്നാകില്‍, നിശ്ചയം ഞാന്‍,

ദുഷ്ടനാം നിന്നുടെ കാന്തനെ നിഷ്ഠുരം
വെട്ടിനുറുക്കിടുമായിരുന്നു,

മോഹനരൂപിയാം നിന്നുപഹാരവും
സാമോദമിന്നു ഞാന്‍ പറ്റിടുന്നു.

ആര്‍ത്തയായെന്‍ ചാരത്തെത്തിയ വത്സേ നീ,
എത്രയും തുഷ്ടയായ് പിന്മടങ്ങൂ”.

യുദ്ധം ചെയ്യാതൊരു വിഗ്രഹമീവിധം
ബദ്ധിമാന്‍ ദാവീദകറ്റി, ഭംഗ്യാ,.

ദാവീദു നേരിട്ട കഷ്ടതയൊക്കെയും
സര്‍വ്വേശന്‍ നീക്കിക്കൊടുത്തു ഭംഗ്യാ.

യിസ്രായേല്‍ മന്നനാം ശൗലുമനന്തരം
നാശം വരിച്ചു മരിച്ചു പാരില്‍.

ദൈവേഷ്ടത്താലതിവേഗത്തില്‍ സാമ്പ്രതം
ദാവീദു മന്നനായിസ്രയേലില്‍.

സര്‍വ്വ സുഭഗനായ് വാണവനേറെനാള്‍
സര്‍വ്വേശന്‍ ശാസനയ്ക്കൊത്തവിധം,

മാവോന്യന്‍ നാബാലുമിക്കാലഘട്ടത്തില്‍
ദുര്‍വിധിയാല്‍ വലിച്ചന്ത്യശ്വാസം.

ദാവീദിന്‍ ഭാര്യയായ് പിന്നബിഗേലിനെ
ദാവീദു വേട്ടുതന്‍ രാജ്ഞിയാക്കി,

പട്ടമഹിഷിയായ് സല്‍ഗുണപൂര്‍ണ്ണയായ്,
ഒട്ടേറെ നാളുകള്‍ വാണു, തത്ര.

അന്നവള്‍ വിട്ടില്ല നന്മചെയ്തീടുവാന്‍
തിന്മയെ ധീരമായ് നേരിടാനും;

ഇന്നവളുന്നത ശീര്‍ഷയായൂഴിയില്‍
അന്നത്തെ സല്‍ക്കര്‍മ്മം കൊണ്ടുതന്നെ.

ധന്യമാം ജീവിതം കൊണ്ടുമീ ധീമതി
മിന്നിത്തിളങ്ങി സുമംഗലിയായ്.

സന്താന സൗഭാഗ്യത്താലുമീ ഭാമിനി
സന്തുഷ്ടയായ് വാണു രാജ്ഞിയായി,.

നന്മയെ കാംക്ഷിപ്പോരെന്നുമീ ക്ഷോണിയില്‍
നന്മചെയ്‌തേറിടും നന്മകൊയ്യും.

  …………………………………

                (തുടരും)










ദാവീദിന്റെ രണ്ടു മുഖങ്ങള്‍ (കവിത - എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)  ദാവീദിന്റെ രണ്ടു മുഖങ്ങള്‍ (കവിത - എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക