Image

കരകാണാക്കടല്‍ -1 (നോവല്‍: മുട്ടത്തുവര്‍ക്കി)

മുട്ടത്തുവര്‍ക്കി Published on 10 January, 2014
കരകാണാക്കടല്‍ -1 (നോവല്‍: മുട്ടത്തുവര്‍ക്കി)
1.രകാണാക്കടല്‍
“അമ്മേ!” തോമ്മാ വിളിച്ചു.

അന്നത്തള്ള വിളികേട്ടില്ല. ചക്കിടാവണ്ടിയുടെ കുലുക്കത്തിലും കടോകിടോശബ്ദത്തിലും എങ്ങനെ കേള്‍ക്കാനാണ്? പോരാഞ്ഞു ചെവിക്ക് അല്പം വമ്പുണ്ടുതാനും ആ കിഴവിക്ക്. അവര്‍ വെറ്റവട്ടി മടിയില്‍വച്ചു മുറുക്കുന്നതിനുള്ള വട്ടംകൂട്ടാണ്.

“മേരീ, അമ്മയ്ക്കു കട്ടന്‍കാപ്പിയോ മറ്റോ വേണോന്നു ചോദിച്ചേ.”  വണ്ടിയുടെ പുറകില്‍ എത്തി അകത്തേക്കു നോക്കിക്കൊണ്ടു തോമ്മാ അറിയിച്ചു.

വണ്ടിക്കകത്ത് അന്നത്തള്ളയുണ്ട്- തോമ്മായുടെ അമ്മ. വയസ്സ് എഴുപത്തഞ്ചു കഴിഞ്ഞു. തോമ്മായുടെ ഭാര്യ തറതി വയസ്സ് നാല്‍പത്തിനാല്, മകള്‍ മേരി, വയസ്സ് പത്തൊമ്പത്, അമ്മിണി, പതിനൊന്നു വയസ്സ്, രണ്ടു പിടക്കോഴികള്‍, മൂന്നുമാസം പ്രയാം എത്തിയ അഞ്ചു കോഴിക്കുഞ്ഞുങ്ങള്‍, ഒരു പൂവന്‍ കോഴി.  എല്ലാം ബന്ധിതരായി ഒരു വള്ളിക്കൊട്ടയ്ക്കുള്ളില്‍ വണ്ടിയുടെ അരികില്‍ വര്‍ത്തിക്കുന്നു. ആ കൊട്ടയ്ക്കുള്ളില്‍ ചട്ടികളും മണ്‍കലങ്ങളും ഒരു ചെറിയ അലൂമിനിയക്കലവും ചിരവയും രണ്ടു പിഞ്ഞാണങ്ങളും ഒരു കുടുവന്‍ കോപ്പയും മൂന്നു പീലീസുകളും(അതില്‍ ഒന്നിന്റെ വക്കു പൊട്ടിയതാണ്) മൂല കിഴിഞ്ഞ ഒരു മുറവും മുറം കൊണ്ടു കൊട്ട മൂടിയിരിയ്ക്കുന്നു. ഒരു കാല്‍പ്പെട്ടി, മരഉരല്‍, ഉറി, അടച്ചൂറ്റി, തവികള്‍, അരക്കല്ല്, അരകല്ലിന്‍പിള്ള, ഒരു മുറി ഉലക്ക, ബസ്‌ക്കയിട്ട രണ്ടു ഭക്തചിത്രങ്ങള്‍, കുരുത്തോലകൊണ്ടുണ്ടാക്കിയ ഒരു കുരിശ്…അങ്ങനെ നീണ്ടു നീണ്ടു പോകുന്നു. ആ കാളവണ്ടിയ്ക്കുള്ളിലെ സാധനങ്ങള്‍. ഒരു ചെറിയചിക്കു പായയും കുറെ തഴപ്പായ്കളും വണ്ടിക്കുമുകളില്‍ കെട്ടിവെച്ചിരിക്കുന്നു.

അന്നത്തള്ള ഒരസ്ഥിപഞ്ജരമാണ്; ശവക്കുഴിയിലേക്കു കാലുനീട്ടിയിരിക്കുന്ന ആ കിഴവി ഇനി എത്രദിവസംകൂടി ഈ ഭൂമിയില്‍ ജീവിച്ചിരിക്കുമെന്നറിയില്ല. തറതി ഒരു കാസ രോഗിണിയാണ്. മേരിമാത്രം ആരോഗ്യവതിയാണ്, തൊട്ടാല്‍ പൊട്ടും എന്നു തോന്നും. വെളുത്ത നിറം. കാണാന്‍ ചന്തമുണ്ട്. ചട്ടയും മുണ്ടും വേഷം. തോളത്ത് ഒരു കുറിയോണ്ടു മാറുമറച്ചു കിടക്കുന്നു. കാതില്‍ രണ്ടു ചെറിയ കമ്മലുകള്‍. കഴുത്തില്‍ ചരടില്‍ കോര്‍ത്ത ഒരു അലൂമിനിയം കാശുരൂപം. അമ്മിണി അവളുടെ അമ്മയുടെ തോളത്തു ചാരി ഇരിക്കുന്നു. പനിയുണ്ട്. ആ പെണ്ണിന്. കീറിയതും മുഷിഞ്ഞതുമായ ഒരു ഫ്രോക്ക് ധരിച്ചിരുന്നു. ചെമന്ന പുള്ളികളുള്ളത്.

“വല്യമ്മച്ചിക്കു കാപ്പി വേണോന്ന്?” മേരി അന്നത്തള്ളയോടു ചോദിച്ചു.

“എടാ ചെറുക്കാ ഇവിടെങ്ങാന്‍ കറുപ്പു കിട്ടുമോടാ?” തള്ള അവരുടെ ഏറ്റവും വലിയ ആവശ്യം അറിയിച്ചു.
“ഇനി അങ്ങു ചെല്ലട്ടമ്മേ. തറതി സമാധാനിപ്പിച്ചു. ഇവിടെവിടുന്നു കറുപ്പു വാങ്ങിക്കാനാ?”

 വണ്ടിയുടെ പുറകില്‍ ഒരു കില്ലപ്പട്ടിയേയും കൊണ്ടു നടക്കുന്ന തോമ്മായോടു തറതി പറഞ്ഞു: “പെണ്ണിനു ദേഹത്തു നല്ല ചൂടുണ്ട്, കേട്ടോ?”

“അങ്ങു ചെല്ലട്ടെ, വല്ല മരുന്നും വാങ്ങിച്ചു കൊടുക്കാം.” തോമ്മാ പറഞ്ഞു.

“ഇപ്പറഞ്ഞെന്റെ കൂട്ട്, എന്തെടാ ചെറുക്കാ നമ്മളെങ്ങോട്ടാ ഈ പോണെ? എന്തെടി തറതിപ്പെണ്ണേ നെനക്കുവല്ലോം അറിയാവോ?”

“എനിക്കറിയാമ്മേലാ, അമ്മേടെ മോനോടുതന്നെ ചോദിച്ചുനോക്ക്.” ആ സാധനങ്ങളെല്ലാം തോമ്മാ ഒരു പാത്രത്തിലാക്കിക്കൊണ്ടുചെന്നു അമ്മയ്ക്കു കൊടുത്തു.

“ചെറുക്കാ കറുപ്പുകിട്ടുമോടാ ഇവിടെ?”

“അങ്ങു ചെല്ലട്ടമ്മേ.”

തോമ്മാ തിരിച്ചുവന്നപ്പോള്‍ ചായക്കടക്കാരന്‍ സുശീലന്‍നായരു ചോദിച്ചു: “എങ്ങോട്ടാ തോമ്മാമാപ്ലേ ഈ കുടിയേറ്റം?”

“പോണുപിള്ളേ, ഭൂമി പരന്നതല്ലേ?” പട്ടിക്ക് ഉണക്കപ്പുട്ടിന്റെ ഒരു ശകലം ഇട്ടുകൊടുത്തുംകൊണ്ടു തോമ്മാ പറഞ്ഞു. ടൗണില്‍ സാമാനം വാങ്ങാന്‍ ചന്തദിവസംതോറും വരുന്ന സുശീലന്‍നായര്‍ക്കും തോമ്മായെ നല്ല പരിചയമാണ്. ടൗണിലെ അരിക്കടയില്‍ തോമ്മാ കുറേനാള്‍ ചുമട്ടു തൊഴിലാളിയായി ജോലി നോക്കീട്ടുണ്ട്.

“എന്താ തോമ്മാമാപ്ലേ, നിങ്ങളുടെ വീട്ടില്‍ കഴിഞ്ഞ ചന്തദിവസം രാത്രി ഏതാണ്ട് അടിലഹളയുണ്ടായെന്നൊക്കെ  കേട്ടല്ലോ!” നായര്‍ മേരിയെ ഒന്നു നോക്കി.
കഴിഞ്ഞയാഴ്ച ടൗണിലുള്ള തോമ്മായുടെ കുടിലിനുസമീപം വച്ചുണ്ടായ അടിലഹളയ്ക്കും കാരണക്കാരി ആ പെണ്ണാണെന്നു നായര്‍ അറിഞ്ഞിട്ടുണ്ട്. ആരോ കള്ളും കുടിച്ചുകൊണ്ട് തോമ്മായുടെ കുടിലിന്റെ ചെറ്റപൊക്കി എന്നതാണ് കേസ്. തോമ്മാ അവരെ കണക്കിനും ചാര്‍ത്തിയാണു വിട്ടത്.

“ഓ. അങ്ങനെയൊക്കെ കിടക്കും! എത്ര കാശായി പിള്ളേച്ചാ?” തോമ്മാ ചോദിച്ചു.

ആ സംഭാഷണം നീട്ടിക്കൊണ്ടുപോകാന്‍ അയാള്‍ ആഗ്രഹിച്ചിട്ടില്ലെ എന്നുതന്നെയല്ല ആ ചായക്കടയിലിരിക്കുന്ന ഒന്നുരണ്ടു നാടന്‍ രസികന്മാര്‍ മേരിയെ ഇടയ്ക്കിടെയ്ക്കു നോക്കുന്നത് അയാള്‍ കാണുകയും ചെയ്തു.

ഒരു രൂപാ പതിനെട്ടു പൈസ ബാക്കി എണ്ണിനോക്കി. മുപ്പത്തിമൂന്നു രൂപയും കുറെ ചില്ലറയുമുണ്ട്. അതാണ് അയാളുടെ മൂലധനം. അതു കൊണ്ടുവേണം ഒരു ഭാവിലോകത്തെ അയാള്‍ കെട്ടിപ്പടുക്കേണ്ടത്.

നേരം സന്ധ്യയോടടുത്തപ്പോള്‍ അവര്‍ ഉദ്ദിഷ്ടസ്ഥാനത്തെത്തി. ചന്നം പിന്നം മഴപെയ്യുന്നുണ്ടായിരുന്നു. വണ്ടി നിറുത്തി. തറതിയും മേരിയും അമ്മിണിയും ഇറങ്ങി; അമ്മയെ തോമ്മാതന്നെ എടുത്തിറക്കി.

“മോനെ കറുപ്പ്?” കിളവിയുടെ സുകൃതജപം.

“കറുപ്പ്! മാങ്ങാത്തൊലി!” തോമ്മായ്ക്കു ദേഷ്യം വന്നു. ഔക്കറും തോമ്മായും മേരിയും കൂടെ വണ്ടിയില്‍നിന്നും സാമാനങ്ങള്‍ ഇറക്കി നിലത്തുവച്ചു.

പക്ഷേ, പുറമ്പോക്കില്‍ തോമ്മാ കെട്ടിയ കുടിലിലേക്കു തറതി ചട്ടിയും കലങ്ങളും കൊണ്ടുചെന്നപ്പോഴാണു മനസ്സിലായത് ആ കുടിലില്‍ ബലാല്‍ക്കാരമായി മറ്റാരോ കേറി താമസമുറപ്പിച്ചിരിക്കുന്നു എന്ന്. അവരുടെ ചങ്കിടിഞ്ഞുപോയി.


കരകാണാക്കടല്‍ -1 (നോവല്‍: മുട്ടത്തുവര്‍ക്കി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക