Image

യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ക്കാഴ്ചകള്‍- വാസുദേവ് പുളിക്കല്‍

വാസുദേവ് പുളിക്കല്‍ Published on 14 January, 2014
യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ക്കാഴ്ചകള്‍- വാസുദേവ് പുളിക്കല്‍
(വിചാരവേദിയിലെ സാഹിത്യചര്‍ച്ചയില്‍ അവതരിപ്പിച്ചത്)

ചെറുകഥാസാഹിത്യത്തില്‍ പൊതുവെ കാണുന്ന താല്പര്യങ്ങളില്‍ നിന്നും വ്യത്യസ്ഥമായ ഒരു കാഴ്ചപ്പാടാണ് സാംസി കൊടുമണ്ണിന്റെ പല കഥകളിലും കാണുന്നത്. അതിന് ഒരു ഉദാഹരണമാണ് കാലന്‍കോഴികള്‍ എന്ന കഥ. വിശ്വാസികളെ സ്പര്‍ശിച്ചു പോകുന്ന കഥകള്‍ ആവിഷ്‌ക്കരിക്കുമ്പോള്‍ കഥാകാരന്റെ മനസ്സിന്റെ അടിത്തട്ടില്‍ വേദപുസ്തകത്തിലെ ആദര്‍ശങ്ങളെ കുറിച്ചുള്ള ചിന്തകള്‍ ഉയര്‍ന്നു വരും. പിന്നെ ആ ചിന്തയില്‍ ഊന്നി നിന്നുകൊണ്ടായിരിക്കും കഥകള്‍ രചിക്കപ്പെടുന്നത്. എന്നാല്‍, ആദര്‍ശങ്ങളെ മാനിക്കുമ്പോഴും വിശ്വാസികള്‍ എന്ന് നടിക്കുന്നവരുടെ ആദര്‍ശങ്ങളില്‍ നിന്നുള്ള വ്യതിചലനം സ്വന്തം ധാര്‍മ്മികഭാവനയുടെ പരിധിയില്‍ നിന്നുകൊണ്ട് യാഥാസ്ഥികരുടെ വിമര്‍ശനം ഏറ്റുവാങ്ങാന്‍ തയ്യാറായി കഥകള്‍ ആവിഷ്‌ക്കരിക്കുന്ന കഥാകൃത്ത് എന്ന നിലയില്‍ സാംസി കൊടുമണ്‍ വേറിട്ടു നില്‍ക്കുന്നു. യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ക്കാഴ്ചകള്‍ കാണിച്ചു തരാന്‍ ശ്രമിക്കുന്ന കഥാകാരന്‍.

കാലന്‍ ജീവനെടുക്കാന്‍ വരുന്നു എന്നാണ് സങ്കല്പം. ജീവന്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. അതുകൊണ്ട് കാലന്‍ എന്നു കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ക്ക് ഒരു തരം ഭീതിയാണ്. മനുഷ്യരെ മരണപാശത്തില്‍ കെട്ടിയിഴച്ചുകൊണ്ടു പോകാന്‍ കാലന്‍ വരികയാണൊ എന്ന് സംശയം  ജനിപ്പിക്കുന്നതൊടൊപ്പം തന്നെ തെല്ല് അസ്വസ്ഥതയും ഉണ്ടാകുന്നതാണഅ ഈ കഥയുടെ തലക്കെട്ട്- കാലന്‍കോഴികള്‍. കഥയിലുടനീളം മരണത്തിന്റെ മണം കലര്‍ന്നു കിടപ്പുണ്ടുതാനും. മരണം അനിവാര്യമാണെന്നും മരണത്തെ മറിക്കടക്കാന്‍ ആര്‍ക്കും സാധിക്കുകയില്ലെന്നും അറിയാമെങ്കിലും മരണഭയം മനുഷ്യനെ അലട്ടുന്നതും മരണം രാത്രിയുടെ ഏകാന്തതയില്‍ ആസൂത്രിതമായ കൊലപാതകമായി മാറുമ്പോള്‍ മനുഷ്യന്‍ ഭയം കൊണ്ട് വിറക്കുന്നതും ആവിഷ്‌ക്കരിച്ചിരിക്കുന്നത് മരണഭയത്തിന്റെ സ്ഫുരണങ്ങള്‍ വായനക്കാരിലേക്ക് കടത്തിവിടുന്നുണ്ട്. രാത്രിയുടെ നിഗൂഢതയില്‍ ആസൂത്രണം ചെയ്യുന്നതൊക്കെ പകലിന്റെ കയ്യൊപ്പുകളായി അവശേഷിക്കുമല്ലോ എന്നോര്‍ത്ത് അവളുടെ ഉള്ളാകെ ഒന്നു പിടഞ്ഞു. കാലകോഴികളുടെ കൂവല്‍ കേട്ട് ഭയവിഹ്വലയാകുന്ന കഥാനായിക ആലീസിന്റെ വികാരങ്ങള്‍ വായനക്കാരിലേക്ക് പകര്‍ത്താന്‍ ഇതിനേക്കാള്‍ ശക്തമായ മറ്റൊരു പ്രയോഗമുണ്ടോ. ഗൂഢാലോചനകള്‍ ഒരിക്കലും മനുഷ്യന്റെ നന്മക്കാവുകയില്ല എന്ന് കഥാകൃത്ത് തുടക്കത്തില്‍ തന്നെ പറഞ്ഞു വയ്ക്കുന്നു.

മനുഷ്യജീവിതം വളരെ ഹൃസ്വമാണ്. മനുഷ്യായുസ്സിന്റെ ദൈര്‍ഘ്യം ഏറിയാല്‍ നൂറു വര്‍ഷം. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ എന്തെല്ലാം വെട്ടിപ്പിടിക്കാനാണ് മനുഷ്യര്‍ തന്ത്രപ്പെടുന്നത്. ജീവിതകാലത്ത് നേടിയതെല്ലാം മരണത്തോടെ മണ്‍മറഞ്ഞു പോകുമെന്ന് കരുതുന്നുണ്ടെങ്കിലും മരിച്ചവരുടെ നന്മകള്‍ സ്മരിക്കപ്പെടും. വരും തലമുറ അവരുടെ സംസ്‌കാരത്തെ വിലമതിക്കും, അവരെ അനുകരിക്കും. അത്തരത്തിലുള്ള ആദര്‍ശവാനായ കഥാപാത്രമാണ് കഥയിലെ നായകന്‍ സണ്ണി. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആലീസ് സണ്ണിച്ചായന്റെ നന്മകളില്‍ അഭിമാനം കൊള്ളുന്നു. മാനുഷികമൂല്യങ്ങള്‍ ഹനിക്കപ്പെടുന്നത് കണ്ടുനില്‍ക്കാന്‍ സണ്ണിക്ക് കഴിയുമായിരുന്നില്ല. പള്ളി വഴക്കുമൂലം തന്റെ മാതാവിന്റെ മൃതദേഹം സംസ്‌ക്കരിക്കാന്‍ തടസ്സമുണ്ടായപ്പോള്‍ പള്ളീലെ അച്ചനും കൂടി ഉള്‍പ്പെട്ട ഒരു വിഭാഗം മനുഷ്യരുടെ മനുഷ്യത്വം ചോര്‍ന്നു പോകുന്നതു കണ്ട് സണ്ണി ദുഃഖിതനും വികാരോജ്ജ്വലിതനുമായി. അയാളുടെ രക്തം തിളച്ചു. തന്റെ മാതാവിന് അവകാശപ്പെട്ടത് നേടിക്കൊടുത്ത് തന്റെ കമെ നിര്‍വ്വഹിക്കണമെന്നു അയാള്‍ നിശ്ചയിച്ചു. സമാധാനത്തിന്റെ വഴികളെല്ലാം അടഞ്ഞപ്പോള്‍ അയാള്‍ തൂമ്പയുമായി സെമിറ്റേരിയുടെ പൂട്ടിയിട്ടിരുന്ന വാതില്‍ തകര്‍ത്ത് മാതാവിന്റെ ജഡം മണ്ണിനോട് ചേര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ തടസ്സമായി വന്ന പള്ളീലെ അച്ചന്റെ നേര്‍ക്കു പോലും തൂമ്പ ഉയര്‍ത്താന്‍ മടിച്ചില്ല. തന്റെ മാതാവിന് നീതി ലഭിക്കാന്‍ വേണ്ടി സണ്ണി ആ സമയത്ത് എന്തും ചെയ്യുമായിരുന്നു. സണ്ണി ഒരു അക്രമിയല്ല. കുരിശു പിടിക്കുന്ന ഒരു വിഭാഗം മനുഷ്യരുടെ മൂല്യശോഷണത്തോടുള്ള അവജ്ഞയാണ് കഥാകൃത്ത് സണ്ണിയിലൂടെ അവതരിപ്പിക്കുന്നത്. കുരിശു പിടിക്കുന്നവരെല്ലാം കുരിശിലെ വേദനയും സഹനവും അറിയുന്നില്ല. അവര്‍ക്കു വേണ്ടത് കുരിശിലെ രക്തമാണ്. രക്തത്തിനായി ദാഹിക്കുന്നവര്‍ കൃസ്തുവിനെ അറിഞ്ഞവരാണോ? ക്രിസ്തുവിനെ ആര്‍ക്കു വേണം. അവര്‍ക്കു വേണ്ടത് പരിശുദ്ധന്റെ കബറിടത്തിലെ കാണിക്കകളാണ്. കഥാകൃത്തിന്റെ ഈ നിലപാടിനു മുന്നില്‍ സണ്ണിയുടെ മാതാവിന്റെ മൃതദേഹത്തോട് ക്രൂരത കാണിച്ചവര്‍ ചൂളിപ്പോകും. ആ ശവസംസ്‌കാരത്തിന്റെ ചിത്രീകരണം ഏതൊരു വായനക്കാരെനേയും വികാരഭരിതനാക്കും. അപ്പന്‍ ഒരു പിടി മണ്ണു വാരി കുഴിയിലേക്കിട്ട് പ്രിയപ്പെട്ടവള്‍ക്ക്  അന്ത്യകൂദാശ ചെയ്തപ്പോള്‍ മകനോട് അഭിമാനം തോന്നിക്കാണും. കുടുംബത്തിന്റെ മാനം കാത്ത മകന്‍, സമൂഹത്തിന് മാതൃകയായ മകന്‍. ആലീസ് അപ്പനോടുള്ള കരുതലും അപ്പന്‍ മരുമകളോടുള്ള സ്‌നേഹവും സഹതാപവും കുടുംബജീവിതത്തിന്‌റെ മൂല്യങ്ങളെ ഉയര്‍ത്തിക്കാണിക്കുന്നു. ആലീസും സണ്ണിയും തമ്മിലുള്ള പ്രേമകഥയുടെ ചുരുള്‍ നിവര്‍ത്തുമ്പോള്‍ മറ്റൊരു ദിശയിലേക്ക് കഥ ചാഞ്ഞു പോവുകയാണോ എന്ന സംശയം വായനക്കാരില്‍ ജനിച്ചേക്കാമെങ്കിലും അത് ദൃഢമാകാതെ കഥാകാരന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഈ ഭാഗം ഒഴിവാക്കിയിരുന്നെങ്കില്‍ കഥാതന്തുവിന് കൂടുതല്‍ ബലം കിട്ടുമായിരുന്നു എന്നു തോന്നി. കഥയുടെ ദൈര്‍ഘ്യം കുറയുകയും ചെയ്യുമായിരുന്നു.

ചേരി തിരിഞ്ഞുള്ള പള്ളി വഴക്കും ന്യായത്തിന്റെ ഭാഗത്തു നിന്ന സണ്ണി ഒടുവില്‍ കൊല്ലപ്പെടുന്നതുമായ സംഭവങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ കഥാകൃത്ത് തിന്മ നന്മയുടെ മേല്‍ ആധിപത്യം സ്ഥാപിക്കുന്നതിനെ അപലപിക്കുന്നതും ദൈവവിശ്വാസത്തെ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നതും കാണാം. കുറെ നല്ല മനുഷ്യരെ മാറ്റി നിര്‍ത്തിയാല്‍ തിന്മ നന്മയെ തോല്‍പിച്ച് വിജയാഘോഷം നടുത്തുന്ന നമ്മുടെ സമൂഹത്തിന്റെ പരിച്ഛേദം ഈ കഥയില്‍ തെളിഞ്ഞു കിടക്കുന്നു. ദൈവം രക്ഷിക്കുമെന്ന് വിശ്വസിച്ച് മതങ്ങള്‍ സൃഷ്ടിച്ച ദൈവത്തില്‍ എല്ലാം സമര്‍പ്പിച്ച് ജീവിക്കുന്നത് മൂഢത്വമായേക്കാം എന്ന് കഥാകൃത്ത് ചൂണ്ടിക്കാണിക്കുന്നു. രോഗം ബാധിച്ച അമ്മൂമ്മക്ക് ആവശ്യമായ ചികിത്സ നല്‍കാതെ എന്റെ അമ്മൂമ്മയുടെ രോഗം മാറ്റിത്തരണമേ എന്ന് ശരീരമാസകലം ഇളക്കിത്തുള്ള തമ്പേറടിച്ച് പ്രാര്‍ത്ഥിക്കുന്നതു കൊണ്ടൊന്നും രോഗം മാറാന്‍ പോകുന്നില്ല. സഭക്ക് ദൈവിശ്വാസികളായ നാലു മക്കളെ നല്‍കിയ ദൈവഭക്തയായ സണ്ണിയുടെ മാതാവിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ ദൈവസഹായം ഉണ്ടാകുമെന്നു കരുതി സണ്ണി ഒരു സാഹസത്തിനു മുതിരാതെ അനങ്ങാതിരുന്നെങ്കില്‍ സ്വന്തം അമ്മയുടെ ജഡം പള്ളിവളപ്പിനു വെളിയില്‍ കളയുന്ന ദാരുണ സംഭവത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമായിരുന്നു. നന്മയുടെ ഭാഗത്തു നിന്ന് പോരാടിയ സണ്ണിയെ രക്ഷിക്കാന്‍ ഒരു ദൈവവും എത്തിയില്ല. സഭയെ സേവിച്ചതിന് സണ്ണിക്ക് കിട്ടിയ പ്രതിഫലം മരണം. രാത്രിയുടെ നിഗൂഢതയില്‍ ഇതിനെല്ലാം കളമൊരിക്കിയവര്‍ സമൂഹത്തിന്റെ മുന്നില്‍ മാന്യന്മാര്‍. എവിടെയും തിന്മയുടെ വിജയം. ആലീസിന്റെ ശരീരവടിവില്‍ മോഹിച്ച കുര്യാക്കോസച്ചനില്‍ നിന്ന് ആലീസ് തല്‍ക്കാലം  വെട്ടുകത്തി കാണിച്ച് രക്ഷപെട്ടെങ്കിലും രാത്രിയുടെ അന്ത്യയാമത്തില്‍ വേഷപ്രച്ഛന്നനായി വന്ന് അഹല്യയുടെ പാതിവൃത്യം കവര്‍ന്നെടുത്ത ദേവേന്ദ്രനെപ്പോലെ ആലീസിന് ചെറുത്തുനില്‍ക്കാനാകാത്തവിധം തന്ത്രങ്ങളുമായി എത്തി കുര്യാക്കോസച്ചന്‍ തന്റെ കാമാഗ്നിയില്‍ ആലീസിനെ ദഹിപ്പിച്ചു കളയുകയില്ലെന്നാരു കണ്ടു. അപ്പോഴും വിജയം തിന്മക്കു തന്നെ.

സമൂഹത്തില്‍ നടക്കുന്ന തിന്മകള്‍ കണ്ട് കഥാകൃത്ത് അസ്വസ്ഥനാകുന്നത് കഥയിലുടനീളം കാണാം. നിരര്‍ത്ഥകമായ വിശ്വാസങ്ങള്‍ക്കെതിരെയും അനീതികള്‍ക്കെതിരെയും കഥാകൃത്ത് ആഞ്ഞടിക്കുമ്പോഴും സാമൂഹ്യ വ്യവസ്ഥിതിയില്‍ പറയത്തക്ക മാറ്റമൊന്നുമുണ്ടായില്ലെങ്കിലും ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ തന്റെ കടമ നിര്‍വ്വഹിച്ചു എന്ന് കഥാകൃത്തിന് സമാധാനിക്കാം. തികഞ്ഞ ഒരു വിശ്വാസി തനിക്ക് സഭ വേണ്ട, മതം വേണ്ട, ദൈവം പോലും വേണ്ടെന്ന് വയ്ക്കും എന്ന് ഹൃദയം പൊട്ടി പറയുന്ന ഒരു സാഹചര്യത്തില്‍ എത്തും വിധം മതം മലിനമായിപ്പോകുന്നത് കഥാകാരന്‍ ചിത്രീകരിക്കുമ്പോള്‍ കഥാകാരന്റെ വിചാരവികാരങ്ങളുമായി ചേര്‍ന്നു നില്‍ക്കാന്‍ നിഷ്പക്ഷമതികളായ വായനക്കാര്‍ക്ക് തോന്നാവുന്നതാണ്. ഈ കഥ വായിക്കുമ്പോള്‍ യാഥാസ്തിക ചിന്താഗതിക്കാര്‍ പുരികം ചുളിക്കുമായിരിക്കും. എങ്കിലും വിപ്ലവാത്മകമായ ചിന്തയിലൂടെ സമൂഹത്തോട് പറയാനുള്ളത് കഥാകൃത്ത് നിര്‍ഭയം പറഞഞിരിക്കുന്നു. ലളിതവും ശക്തവുമായ ഭാഷയില്‍ പള്ളിവഴക്കും സമൂഹത്തെ ഞെട്ടിപ്പിക്കുന്ന അനന്തരഫലങ്ങളും വായനക്കാരുടെ മനസ്സില്‍ പതിക്കത്തവണ്ണം, അവരെ ചിന്തിപ്പിക്കത്തക്കവണ്ണം ആവിഷ്‌കരിച്ചിരിക്കുന്ന ഒരു നല്ല കഥയാണ് കാലന്‍ കോഴികള്‍. കഥാകാരന് അഭിനന്ദനങ്ങള്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക