Image

ഏഷ്യാനെറ്റ്‌ ഗെയിംഷോ: മമ്മൂട്ടി എത്തുമോ?

ജി.കെ. Published on 03 November, 2011
ഏഷ്യാനെറ്റ്‌ ഗെയിംഷോ: മമ്മൂട്ടി എത്തുമോ?
മലയാള ടെലിവിഷന്‍ രംഗത്ത്‌ ഇപ്പോള്‍ മില്യണ്‍ ഡോളര്‍ വിലയുള്ള ഒറ്റ ചോദ്യമേ ഉള്ളൂ. ഏഷ്യാനെറ്റ്‌ പുതുതായി ആരംഭിക്കുന്ന ഗെയിം ഷോയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി അവതാരകനായി എത്തുമോ എന്ന്‌. സ്റ്റാര്‍ ഗ്രൂപ്പിന്റെ തന്നെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ പ്ലസ്‌ ചാനലില്‍ അമിതാഭ്‌ ബച്ചന്‍ അവതരിപ്പിക്കുന്ന `കോന്‍ ബനേഗാ ക്രോര്‍പതി'യുടെ മാതൃകയിലാണ്‌ അടുത്തിടെ സ്റ്റാര്‍ ഗ്രൂപ്പ്‌ ഏറ്റെടുത്ത ഏഷാനെറ്റിലും ഗെയിം ഷോ ആരംഭിക്കുന്നത്‌.

മമ്മൂട്ടിക്ക്‌ പുറമെ സൂപ്പര്‍ താരം സുരേഷ്‌ ഗോപിയും യുവ സൂപ്പര്‍ താരം പൃഥ്വീരാജും ഷോയുടെ അവതാരകരായി എത്തുമെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ ഇതുവരെ കാണാത്ത സമ്മാനത്തുകയാണ്‌ ഗെയിം ഷോ വാഗ്‌ദാനം ചെയ്യുന്നത്‌. കൈരളിയില്‍ നിന്ന്‌ ഏഷ്യാനെറ്റിലെത്തിയ ജോണ്‍ ബ്രിട്ടാസ്‌ ആണ്‌ ഗെയിം ഷോ എന്ന ആശയം മുന്നോട്ടുവെച്ചത്‌. കൈരളിയിലുള്ള കാലംമുതലേ മമ്മൂട്ടിയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന ബ്രിട്ടാസ്‌ തന്നെയാണ്‌ ഏഷ്യാനെറ്റിന്റെ ഗെയിംഷോയില്‍ മമ്മൂട്ടിയെ അവതാരകനാക്കാന്‍ തയാറെടുക്കുന്നത്‌. ഏഷ്യാനെറ്റ്‌ സംപ്രേഷണം ചെയ്‌ത `മമ്മൂട്ടി ദ്‌ ബെസ്റ്റ്‌ ആക്‌ടര്‍' എന്ന റിയാലിറ്റി ഷോയില്‍ മുമ്പ്‌ മമ്മൂട്ടി പങ്കെടുത്തിട്ടുണ്‌ട്‌. എന്നാല്‍ അത്‌ അതിഥിയായിട്ടായിരുന്നു എന്നു മാത്രം.

നിലവില്‍ കൈരളി ടിവി ചെയര്‍മാന്‍ സ്ഥാനത്തിരിക്കുന്ന മമ്മൂട്ടിയെ മര്‍ഡോക്കിന്റെ ചാനലില്‍ ഗെയിം ഷോ അവതരിപ്പിക്കാന്‍ സിപിഎം അനുവദിക്കുമോ എന്നാണ്‌ കോടികള്‍ വിലയുള്ള മറ്റൊരു ചോദ്യം. അങ്ങനെയെങ്കില്‍ കൈരളിയുടെ ചെയര്‍മാന്‍ സ്ഥാനം മമ്മൂട്ടിക്ക്‌ കൈയൊഴിയേണ്‌ടിവരും. സിപിഎം നേതൃത്വത്തെ പിണക്കി ഇത്തരമൊരു കടുത്ത തീരുമാനമെടുക്കാന്‍ മമ്മൂട്ടി തയാറാവുമോ എന്നും കണ്‌ടറിയണം.

മമ്മൂട്ടി ഏഷ്യാനെറ്റില്‍ അവതാരകനാകുന്നതിനെതിരേ കൈരളിയില്‍ ഇപ്പോഴെ വിപ്ലവകാഹളം മുഴങ്ങിക്കഴിഞ്ഞു എന്നും റിപ്പോര്‍ട്ടുണ്‌ട്‌. കൈരളി വിട്ട ബ്രിട്ടാസ്‌, മര്‍ഡോക്കിന്റെ ചാനലില്‍ ചേക്കേറിയതുണ്‌ടാക്കിയ നാണക്കേട്‌ സിപിഎം ഔദ്യോഗിക നേതൃത്വത്തെ ഇപ്പോഴും വിട്ടുപോയിട്ടില്ല. സിപിഎം സമ്മേളനങ്ങളില്‍പ്പോലും ഇക്കാര്യം ചര്‍ച്ചയാവുമെന്നാണ്‌ കരുതുന്നത്‌. അതിനിടെയാണ്‌ മമ്മൂട്ടിയും ഏഷ്യാനെറ്റിലേക്ക്‌ പോകുന്നുവെന്ന റിപ്പോര്‍ട്ട്‌.

പൃഥ്വിരാജും സുരേഷ്‌ഗോപിയും മമ്മൂട്ടിയും മാറിമാറിയാവും ഗെയിംഷോ അവതരിപ്പിക്കുക. ഏഷ്യാനെറ്റിലെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച റിയാലിറ്റി ഷോ ആയ `ഐഡിയ സ്റ്റാര്‍ സിംഗറിന്‌' പഴയപോലെ പ്രേഷകരെ ആകര്‍ഷിക്കാന്‍ കഴിയാത്തതാണ്‌ പുതിയ ഗെയിം ഷോ എന്ന ആശയത്തെക്കുറിച്ച്‌ ചിന്തിക്കാന്‍ ഏഷ്യാനെറ്റിനെ പ്രേരിപ്പിച്ചത്‌. സൂര്യ ടിവിയില്‍ മുകേഷ്‌ അവതരിപ്പിക്കുന്ന ഗെയിംഷോ ആയ `ഡീല്‍ ഓര്‍ നോ ഡീലി'ന്‌ ലഭിക്കുന്ന വന്‍ പ്രേഷക പിന്തുണയും ഏഷ്യാനെറ്റിനെ ഇരുത്തി ചിന്തിപ്പിച്ചു.

ഇതിനെല്ലാം പുറമെയാണ്‌ ഏഷ്യാനെറ്റിന്റെ എല്ലാമെല്ലാമായിരുന്ന ശ്രീകണ്‌ഠന്‍ നായര്‍ അമരക്കാരനായി മനോരമ ഗ്രൂപ്പില്‍ നിന്ന്‌ മഴവില്‍ മനോരമ എന്ന എന്റര്‍ടെയിന്‍മെന്റ്‌ ചാനല്‍ പുറത്തുവരുന്നത്‌. പ്രേഷകര്‍ക്ക്‌ ഒരു കോടി രൂപയുടെവരെ സമ്മാനങ്ങള്‍ വാഗ്‌ദാനം ചെയ്യുന്ന വിവിധ മത്സരങ്ങളുമായാണ്‌ മഴവില്‍ മനോരമയുടെ വരവ്‌. ഈ അവസരത്തില്‍ പിടിച്ചു നില്‍ക്കാന്‍ പുതിയ ഗെയിം ഷോ ഏഷ്യാനെറ്റിന്‌ കരുത്താകുമെന്നാണ്‌ കരുതുന്നത്‌. സാമൂഹികപ്രാധാന്യമുള്ള ചോദ്യങ്ങളാണ്‌ ഗെയിംഷോയില്‍ ഉണ്‌ടാകുക.

ബ്രിട്ടണിലെ ജനപ്രിയ ഗെയിം ഷോ ആയ `ഹു വാണ്‌ട്‌സ്‌ ടു ബി എ മില്യണയറി'ന്റെ മാതൃകയിലാണ്‌ 2000ല്‍ സ്റ്റാര്‍ പ്ലസ്‌ ചാനല്‍ കോന്‍ ബനേഗാ ക്രോര്‍പതി ആരംഭിച്ചത്‌. സിനിമാ നിര്‍മാണത്തില്‍ കൈപൊള്ളി കടക്കെണിയിലായിരുന്ന ബോളിവുഡിന്റെ ബിഗ്‌ ബി അമിതാഭ്‌ ബച്ചനായിരുന്നു പരിപാടിയുടെ അവതാരകന്‍. ബിഗ്‌ ബിയുടെ കനത്ത ശബ്‌ദവും അവതരണശൈലിയും സൂപ്പര്‍ ഹിറ്റായപ്പോള്‍ അത്‌ ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്ത്‌ പുതിയ ചരിത്രമായി. ക്രോര്‍പതിയെ അനുകരിച്ച്‌ നിരവധി ഗെയിം ഷോകള്‍ മലയാളത്തിലും ആരംഭിച്ചിരുന്നു. സൂര്യ ടിവിയില്‍ മുകേഷ്‌ അവതരിപ്പിച്ച കോടീശ്വരനായിരുന്നു ഇതില്‍ ശ്രദ്ധേയമായത്‌. എന്നാല്‍ റിയാലിറ്റി ഷോകളുടെ പ്രളയത്തിനിടെ ഗെയിം ഷോകള്‍ പിന്നണിയിലേക്ക്‌ പോകുകയായിരുന്നു.

ഇപ്പോള്‍ എന്തിനും ഏതിനും റിയാലിറ്റി ഷോകളായതോടെ പ്രേഷകര്‍ക്ക്‌ ഇപ്പോള്‍ റിയാലിറ്റി ഷോകളോട്‌ വലിയ താല്‍പര്യമില്ല. ഈ സാഹതര്യത്തിലാണ്‌ ഏഷ്യാനെറ്റ്‌ പുതിയ ഗെയിം ഷോ അവതരിപ്പിക്കുന്നത്‌. എന്നാല്‍ അവതാരകനായി മമ്മൂട്ടി തന്നെ എത്തുമോ എന്നത്‌ ഇപ്പോഴും കോടികള്‍ വിലയുള്ള ചോദ്യമായി അവശേഷിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക