Image

ചലച്ചിത്ര സമരം: മന്ത്രിക്ക്‌ വഴങ്ങാതെ തീയേറ്റര്‍ ഉടമകള്‍

Published on 04 November, 2011
ചലച്ചിത്ര സമരം: മന്ത്രിക്ക്‌ വഴങ്ങാതെ തീയേറ്റര്‍ ഉടമകള്‍
കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയിലും തീരുമാനമാകാതെ പിരിഞ്ഞപ്പോള്‍ മലയാള സിനിമ കൂടുതല്‍ പ്രതിസന്ധിയിലേക്ക്‌ നീങ്ങുമെന്ന്‌ ഉറപ്പായി. ചര്‍ച്ചയില്‍ തങ്ങള്‍ മുന്നോട്ടുവെച്ച ആവിശ്യങ്ങള്‍ അംഗീകരിക്കുന്നത്‌ വരെ പുതിയ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ല എന്ന ഉറച്ച നിലപാടിലാണ്‌ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷന്‍ ഭാരവാഹികള്‍. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീയേറ്റര്‍ സംഘടനയായ കേരളാ ഫിലിം എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷന്റെ ഈ തീരുമാനം മലയാള ചലച്ചിത്ര വിപണയില്‍ വലിയ ചലനങ്ങള്‍ തന്നെ സൃഷ്‌ടിക്കും.

നവംബര്‍ ഒന്ന്‌ മുതലാണ്‌ പുതിയ സിനിമകള്‍ റിലീസിനെടുക്കില്ലെന്ന ഉറച്ച നിലപാടിലേക്ക്‌ എക്‌സിബിറ്റേഴ്‌സ്‌ അസോസിയേഷന്‍ എത്തിയത്‌. നവംബര്‍ ഒന്ന്‌ മുതല്‍ സമരം ആരംഭിക്കുകയും ചെയ്‌തു. സിനിമയുടെ ചുമതല വഹിക്കുന്ന മന്ത്രി ഗണേഷ്‌കുമാര്‍ ചലച്ചിത്ര മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ തീയേറ്ററുകളുടെ ഗ്രേഡിങ്‌ ആരംഭിച്ചതോടെയാണ്‌ മലയാള സിനിമയില്‍ പുതിയ പ്രതിസന്ധി ആരംഭിച്ചത്‌. എ ക്ലാസ്‌ തീയേറ്ററുകളിലെ ശോച്യാവസ്ഥ സിനിമയില്‍ പ്രതിസന്ധി സൃഷ്‌ടിക്കുന്നു എന്നതാണ്‌ ഗ്രേഡിംങിന്‌ പ്രധാന കാരണം. സിനികള്‍ നഷ്‌ടത്തിലാകുന്നതിന്‌ ഇതൊരു പ്രധാന കാരണം തന്നെയാണെന്ന വിലയിരുത്തലിലാണ്‌ കേരളത്തിലെ എക്ലാസ്‌ ബിക്ലാസ്‌ തീയേറ്ററുകളില്‍ ഗ്രേഡിംങ്‌ ആരംഭിച്ചത്‌. ചലച്ചിത്ര അക്കാദമി ഭരണ സമതിയംഗം സമദ്‌ മങ്കടയുടെ നേതൃത്വത്തിലാണ്‌ ഇപ്പോള്‍ പരിശോധന നടക്കുന്നത്‌. സിനിമ മേഖലയില്‍ നിന്നുള്ള സാങ്കേതിക പ്രവര്‍ത്തകരും പരിശോധനയില്‍ പങ്കെടുക്കുന്നുണ്ട്‌. കോഴിക്കോട്‌ മേഖലയില്‍ നൂറില്‍ പരം തീയേറ്ററുകളില്‍ നടത്തിയ പരിശോധനയില്‍ നല്‍കിയ റിപ്പോര്‍ട്ട്‌ പ്രകാരം തീയേറ്ററുകളുടെ ശോച്യാവസ്ഥയാണ്‌ മലയാള സിനിമയുടെ പ്രതിസന്ധിക്ക്‌ പ്രധാന കാരണമെന്ന്‌ സര്‍ക്കാര്‍ പറയുന്നു.

അതിനാല്‍ തീയേറ്ററുകളില്‍ നിര്‍ബന്ധമായും ഗ്രേഡിംങ്‌ പുനര്‍വിന്യസിക്കണമെന്നും തീയേറ്ററുകള്‍ നിര്‍ബന്ധമായും നവീകരിക്കണമെന്നുമാണ്‌ മന്ത്രി ഗണേഷ്‌കുമാര്‍ മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശം. മാത്രമല്ല തീയേറ്ററുകളില്‍ നടക്കുന്ന വ്യാജ ടിക്കറ്റുകള്‍ക്ക്‌ എതിരെയും മന്ത്രി റെയ്‌ഡ്‌ ശക്തമായി മുന്നോട്ടുകൊണ്ടുപോകുകയാണ്‌.

എന്നാല്‍ ഗണേഷ്‌കുമാറിന്റെ തീരുമാനം ഒരു തരത്തിലും അംഗീകരിക്കാന്‍ തയാറാവില്ല എന്നാണ്‌ തീയേറ്റര്‍ സംഘടനയായ എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷന്റെ തീരുമാനം. സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള പുതിയ നീക്കങ്ങള്‍ കേരളത്തില്‍ മള്‍ട്ടിപ്ലക്‌സുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള മുംബൈ കേന്ദ്രീകരിച്ച കോര്‍പ്പറേറ്റ്‌ കമ്പിനിയെ സഹായിക്കാന്‍ വേണ്ടിയുള്ളതാണ്‌ എന്ന്‌ എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷന്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തില്‍ എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷന്‍ ഭാരവാഹികള്‍ ഈ ആരോപണം വീണ്ടും ഉന്നയിച്ചിരുന്നു. കൊച്ചിയില്‍ മാത്രമായി നിന്നിരുന്ന മള്‍ട്ടിപ്ലക്‌സ്‌ തീയേറ്ററുകള്‍ ഇപ്പോള്‍ ചെറുകിട നഗരങ്ങളിലേക്ക്‌ വ്യാപിപ്പിക്കാനുള്ള നീക്കങ്ങളാണ്‌ എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷന്‍ ചൂണ്ടിക്കാട്ടുന്നത്‌. മലയാള സിനിമയിലെ ചില സൂപ്പര്‍താരങ്ങളും മള്‍ട്ടിപ്ലക്‌സ്‌ സമാനമായ തീയേറ്ററുകള്‍ നിര്‍മ്മിക്കാന്‍ തയാറെടുക്കുകയാണെന്നും പറയപ്പെടുന്നു.

മലയാള സിനിമയിലെ പ്രധാന തീയേറ്ററുകളെ ദോഷകമായി ബാധിക്കുന്ന വൈഡ്‌ റിലീസ്‌ ഏര്‍പ്പെടുത്തുന്നതിനാണ്‌ ഗ്രേഡിംങ്‌ സമ്പ്രദായം കൊണ്ടുവരുന്നതെന്നും തീയേറ്റര്‍ ഉടമകള്‍ പറയുന്നു. ടിക്കറ്റിന്‌ രണ്ടുരൂപ നിരക്കില്‍ കിട്ടിയിരുന്ന സര്‍വ്വീസ്‌ ചാര്‍ജ്ജ്‌ നിര്‍ത്താനുള്ള നീക്കത്തിനെതിരെയും തീയേറ്റര്‍ ഉടമകള്‍ പ്രതിഷേധത്തിലാണ്‌.

വേണ്ടത്‌ സമവായം

സര്‍ക്കാരിന്റെ ഭാഗത്തും തീയേറ്റര്‍ ഉടമകളുടെ ഭാഗത്തും ചില ന്യായങ്ങള്‍ ഉണ്ടെന്നതാണ്‌ പുതിയ വിവാദങ്ങളില്‍ ഏറെ ശ്രദ്ധേയമായ കാര്യം. തീയേറ്ററുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശം എന്തുകൊണ്ടും ഉചിതം തന്നെ. കാലത്തിന്‌ അനുസരിച്ച്‌ പ്രേക്ഷകര്‍ സിനിമ കാണുന്ന രീതിയില്‍ മാറ്റങ്ങള്‍ വരുന്നുവെന്നതും അതിന്‌ അനുസൃതമായി സിനിമാ പ്രദര്‍ശന രീതികളില്‍ മാറ്റം വരേണ്ടതും അംഗീകരിക്കേണ്ട വസ്‌തുതകള്‍ തന്നെയാണ്‌. ന്യായമായ പരിഷ്‌കരണങ്ങള്‍ക്ക്‌ തങ്ങള്‍ തയാറാണെന്ന്‌ തീയേറ്റര്‍ ഉടമകള്‍ തന്നെ പറയുന്നുമുണ്ട്‌.

എന്നാല്‍ സിനിമകളുടെ പ്രതിസന്ധി തീയേറ്ററുകളിലല്ല മറിച്ച്‌ ചലച്ചിത്ര നിര്‍മ്മാണ മേഖലയിലാണെന്നാണ്‌ തീയേറ്ററുകളുടെ പക്ഷം. തമിഴ്‌, തെലുങ്ക്‌ ഇന്‍ഡസ്‌ട്രികളെ അപേക്ഷിച്ച്‌ വളരെ ചെറി മാര്‍ക്കറ്റുള്ള മലയാള സിനിമ തങ്ങളുടെ പരിധികളേക്കാള്‍ വലിയ നിര്‍മ്മാണ ചിലവുകള്‍ക്ക്‌ തയാറാകുമ്പോഴാണ്‌ നഷ്‌ടമുണ്ടാകുന്നത്‌ എന്ന്‌ തീയേറ്റര്‍ ഉടമകള്‍ പറയുന്നു. മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാന പ്രശ്‌നം നിര്‍മ്മാണ മേഖലയിലെ ധാരാളിത്വം തന്നെയാണെന്ന്‌ ഏവര്‍ക്കുമറിയാം. മാത്രമല്ല മോശം മലയാള സിനിമകളാണ്‌ കളക്ഷന്‍ എപ്പോഴും കുറക്കുന്നതെന്നും തമിഴ്‌ ഹിന്ദി ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെടുക്കുമ്പോള്‍ വമ്പിച്ച കളക്ഷനാണ്‌ ലഭിക്കുന്നതെന്നും മിക്ക തീയേറ്റര്‍ ഉടമകളും ചൂണ്ടിക്കാട്ടുന്നു.

മള്‍ട്ടിപ്ലക്‌സ്‌ മോഡല്‍ പരിഷ്‌കരണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സാമ്പത്തിക ഭദ്രത കേരളത്തിലെ സാധാരണ തീയേറ്റര്‍ ഉടമകള്‍ക്ക്‌ ഇല്ലെന്നുള്ള സാഹചര്യത്തില്‍ സര്‍ക്കാരില്‍ നിന്നും അനുകുലമായ ഇളവുകള്‍ തീയേറ്ററുകള്‍ക്കാണ്‌ നല്‍കേണ്ടതെന്നും പറയുന്നു.

മാത്രമല്ല അമ്മ എന്ന ചലച്ചിത്രതാര സംഘടനയിലെ അംഗം കൂടിയായ മന്ത്രി ഗണേഷ്‌കുമാര്‍ താരങ്ങളുടെ പ്രതിഫലം കുറക്കാനുള്ള തീരുമാനമെടുപ്പിക്കാന്‍ സ്വന്തം സംഘടനയെ നിര്‍ബന്ധിക്കുകയാണ്‌ വേണ്ടതെന്നും തീയേറ്റര്‍ ഉടമകള്‍ പറയുന്നു. സൂപ്പര്‍താരങ്ങള്‍ രണ്ട്‌ കോടിയോട്‌ അടുത്ത്‌ പ്രതിഫലം വാങ്ങുന്ന സാഹചര്യത്തില്‍ നിര്‍മ്മാണ ചിലവ്‌ കൂടുന്നതും സിനിമകള്‍ നഷ്‌ടമാകുന്നതും സ്വാഭാവികമാണെന്നും തീയേറ്റര്‍ ഉടമകള്‍ പറയുന്നു.

സൂപ്പര്‍താരങ്ങള്‍ക്ക്‌ തിരിച്ചടി

എന്തായാലും ചലച്ചിത്ര സമരം തിരിച്ചടിയായിരിക്കുന്നത്‌ മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്ക്‌ തന്നെയാണ്‌. മോഹന്‍ലാല്‍ പ്രീയദര്‍ശന്‍ ചിത്രമായ അറബിയും ഒട്ടകവും പി.മാധവന്‍നായരും, മമ്മൂട്ടി ചിത്രമായ വെനീസിലെ വ്യാപാരിയിലും നവംബര്‍ നാലിന്‌ തീയേറ്ററുകളില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ സമരം കാരണം ഈ ചിത്രങ്ങളുടെ റിലീസ്‌ മാറ്റിവെച്ചിരിക്കുകയാണ്‌. പരാജയങ്ങളുടെ നടുവില്‍ നില്‍ക്കുന്ന മമ്മൂട്ടിക്ക്‌ ഒരു തിരിച്ചുവരവിന്റെ പ്രതീക്ഷ നല്‍കിയിരുന്ന ചിത്രമായിരുന്നു വെനീസിലെ വ്യാപാരി. എല്ലാ നിര്‍മ്മാണ ജോലികളും പൂര്‍ത്തിയാക്കി ഈ രണ്ടു ചിത്രം വൈകുന്നത്‌ ഈ ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ക്കും പ്രതിസന്ധി സൃഷ്‌ടിക്കും.

എന്നാല്‍ ഇവിടെ ശ്രദ്ധ നേടുന്ന മറ്റൊരു വിഷയവുമുണ്ട്‌. കേരളത്തിലെ തീയേറ്ററുകളില്‍ ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്ന അന്യഭാഷ ചിത്രങ്ങളാണ്‌. ദീപാവലി ചിത്രങ്ങള്‍ ഷാരൂഖ്‌ ഖാന്റെ രാ1, വിജയ്‌ ചിത്രമായ വേലായുധം സൂര്യ ചിത്രമായ ഏഴാം അറിവ്‌ എന്നിവ നൂറോളം തീയേറ്ററുകള്‍ വീതമാണ്‌ പ്രദര്‍ശനത്തിന്‌ എടുത്തിരിക്കുന്നത്‌.

രണ്ടു മുതില്‍ മൂന്ന്‌ വരെ കോടികള്‍ക്ക്‌ റിലീസിനെടുത്തിരിക്കുന്ന ഈ ചിത്രങ്ങളോരോന്നും ഒരാഴ്‌ച കൊണ്ട്‌ വിതരണക്കാരന്‌ സാമ്പത്തിക ലാഭം നേടിക്കൊടുത്തു എന്നതും ശ്രദ്ധേയമാണ്‌. മുപ്പത്‌ ലക്ഷം രൂപയായിരുന്ന വിജയ്‌ ചിത്രമായ വേലായുധം റിലീസ്‌ ദിവസം കേരളത്തില്‍ നിന്നും നേടിയ കളക്ഷന്‍. മലയാളത്തിലെ സൂപ്പര്‍താര ചിത്രങ്ങള്‍ പോലും ഇത്രയും കളക്ഷന്‍ നേടാറില്ല എന്നിരിക്കെ അന്യഭാഷ ചിത്രങ്ങള്‍ നേടുന്ന ഈ വന്‍ വിജയം സിനിമ വ്യവസായത്തില്‍ വലിയ മാറ്റങ്ങള്‍ക്ക്‌ ഇടവരുത്തും.

നാല്‌ മുതല്‍ ആറു കോടി വരെ പണം മുടക്കി ഒരു സൂപ്പര്‍താര മലയാള ചിത്രം നിര്‍മ്മിക്കുന്നതിലും ലാഭം രണ്ടോ, മൂന്നോ കോടി മുതല്‍ മുടക്കി അന്യഭാഷ ചിത്രങ്ങള്‍ വിതരണത്തിനെടുക്കുന്നതാണ്‌ എന്നതാണ്‌ യഥാര്‍ഥത്തില്‍ ലാഭകരം. മലയാള സിനിമകള്‍ക്ക്‌ ഇല്ലാത്ത മിനിമം ഗ്യാരണ്ടി ഈ അന്യഭാഷ ചിത്രങ്ങള്‍ക്കുണ്ട്‌ എന്നതും ശ്രദ്ധേയമാണ്‌.

കേരളത്തിലെ വിതരണക്കാരും തീയേറ്ററുകാരും ഈ രീതിയില്‍ മാറി ചിന്തിച്ചു തുടങ്ങിയാല്‍ മലയാള സിനിമ വലിയൊരു അപചയമായിരിക്കും നേരിടേണ്ടി വരിക.
ചലച്ചിത്ര സമരം: മന്ത്രിക്ക്‌ വഴങ്ങാതെ തീയേറ്റര്‍ ഉടമകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക