Image

പ്രിയ ജോ, നിനക്കായ്‌ ഈ വരികള്‍- 15 (ഓര്‍മ്മക്കുറിപ്പുകള്‍: സരോജ വര്‍ഗ്ഗീസ്‌, ന്യൂയോര്‍ക്ക്‌)

Published on 02 February, 2014
പ്രിയ ജോ, നിനക്കായ്‌ ഈ വരികള്‍- 15 (ഓര്‍മ്മക്കുറിപ്പുകള്‍: സരോജ വര്‍ഗ്ഗീസ്‌, ന്യൂയോര്‍ക്ക്‌)
എന്റെ ഓര്‍മ്മക്കുറിപ്പുകള്‍ വായിക്കുന്ന ഉറ്റ സുഹ്രുത്ത്‌ ഇയ്യിടെ പറഞ്ഞു.സരോജ, ഇതൊരു പുസ്‌തകമാക്കണം.അത്‌ ശരിയെന്ന്‌ എനിക്കും തോന്നി.പിന്നെ ആലോചിച്ചപ്പോഴാണു അതൊരു അപൂര്‍ണ്ണ പുസ്‌തകമാകുമല്ലോ എന്നുതോന്നിയത്‌.കാരണം ജോയെ കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍ അവസാനിക്കുന്നില്ല.ഞാനിത്‌ കുത്തിക്കുറിച്ചു കൊണ്ടേയിരിക്കുമല്ലോ എന്ന്‌. ഓര്‍മ്മകള്‍ ഒരു ശാപവും അതെ സമയം അനുഗ്രഹവുമാണെന്ന്‌ ഞാന്‍ തിരിച്ചറിഞ്ഞു.വേലിയേറ്റവും വേലിയിറക്കവുമുള്ളസമുദ്രം പോലെമനസ്സും ശാന്തമാകുന്നു, പ്രക്ഷുബ്‌ധമാകുന്നു.എപ്പോഴാണ്‌ ഓര്‍മ്മകള്‍ ആഞ്ഞടിക്കുന്നത്‌ എപ്പോഴാണു അവ വന്ന്‌ തഴുകിപോകുന്നതെന്ന്‌ അറിയുകയില്ല.

ഓരോ ദിവസത്തിനും ഒരൊ പ്രത്യേകതയുണ്ട്‌.കാലാവസ്‌ഥപ്രവചിക്കുന്നവര്‍ പറയുന്നപോലെ ചൂടും, തണുപ്പും എന്നല്ല ഉദ്ദേശിക്കുന്നത്‌.. ചിലദിവസങ്ങള്‍ കഴിഞ്ഞ്‌ കിട്ടാന്‍ വിഷമിക്കുമ്പോള്‍ ചിലദിവസങ്ങള്‍ ഒരു സാന്ത്വനം പോലെവരുന്നു.സൂര്യരശ്‌മികള്‍ക്ക്‌ മനുഷ്യമനുസ്സുകളെ ആശ്വസിപ്പിക്കാന്‍ കഴിവുണ്ടാകും. ദൂരത്തേക്ക്‌ കണ്ണും നട്ട്‌ ഞാന്‍ എന്റെ ജന്നല്‍ വാതില്‍ക്കല്‍ നില്‍ക്കുന്നു. ജോ എന്റെയടുത്തേക്ക്‌ നടന്ന്‌വരുന്നത്‌ ഇനി ഓര്‍ക്കാന്‍ കൂടി കഴിയില്ലെന്ന യാത്ഥാര്‍ത്യത്തിന്റെ വെളിച്ചം മുന്നില്‍നിറഞ്ഞ്‌ നില്‍ക്കുമ്പോഴും എന്റെ ഓര്‍മ്മകളുടെ നിഴലിലൂടെ അവന്‍ നടന്നു വരുന്നു. ഒരു സ്വ്‌പനാടകയെപോലെ ഞാന്‍ മുന്‍വശത്തെ വാതില്‍തുറക്കാന്‍ ഓടുകയും വാതില്‍ മലര്‍ക്കെ തുറക്കുകയും ചെയ്യുന്നു. മുന്നിലെ ശൂന്യതപക്ഷെ വര്‍ഷങ്ങളുടെ പുറകിലേക്ക്‌ ഒരു ഓട്ടപ്രദിക്ഷണം നടത്തിഎനിക്ക്‌ അല്‍പ്പം സന്തോഷം തരുമപ്പോള്‍. കാരണം ഞാന്‍ അപ്പോള്‍ കാണുന്നത്‌ ജോയുടെ പുഞ്ചിരിക്കുന്ന മുഖമാണ്‌.

ഒരിക്കല്‍ ഞാന്‍ ഒരു കോണ്‍ഫ്രനസിനുപോയി തിരിച്ചെത്തേണ്ട ദിവസത്തിനു ഒരു ദിവസംമുമ്പ്‌ എത്തിച്ചേര്‍ന്നപ്പോള്‍ ജോ വന്ന്‌ വാതില്‍ തുറന്നപ്പോള്‍ ചിരിച്ച ചിരി. ആ അനര്‍ഘ നിമിഷം ഇപ്പോള്‍ അയവിറക്കുമ്പോള്‍ അത്‌ ആശ്വാസദായകമാകുന്നു.ഇപ്പോഴാണൂ ഞാന്‍ കണ്ണീരും പുഞ്ചിരിയും ഒപ്പമുണ്ടാകുന്നത്‌ എങ്ങനെ എന്ന്‌ മനസ്സിലാക്കുന്നത്‌.സന്തോഷം ക്ഷണിക നേരത്തേക്ക്‌വന്ന്‌ പറന്നുപോകുമ്പോള്‍ കണ്ണീര്‍ മഴ പൊടുന്നനെ വരുന്നു.ദു:ഖത്തിന്റെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്ന എന്റെമനസ്സിന്റെ നഭസ്സില്‍ മഴക്കാലമാണ്‌ കൂടുതല്‍. ആശ്വാസത്തിന്റെ പൊന്‍വെയില്‍ ഇനി ഉദിക്കുന്നത്‌ വെറും ഒരു സ്വ്‌പനമായി അവശേഷിക്കാം. എന്നാലും ഓരോ നിമിഷവും ഞാന്‍ ഓര്‍മ്മകളുടെ കടത്തു വള്ളം തുഴഞ്ഞ്‌പോകുന്നു. എന്റെപ്രിയ ജോ അമരത്തിരുന്ന്‌ എനിക്ക്‌വേണ്ടിപാട്ടുകള്‍പാടുന്നു എന്ന്‌ ഞാന്‍ സങ്കല്‍പ്പിക്കുന്നു. അവന്റെ ശബ്‌ദമധുരിമയില്‍ ഓളങ്ങള്‍ പുളകം കൊണ്ട്‌ താളം പിടിക്കുന്നു. അവന്റെ തുഴയുടെ സ്‌പര്‍ശനത്തില്‍ നറുനിലാവിന്റെ പാല്‍പ്പത കലര്‍ന്ന വെള്ളം ചിരിമാലകളിണിഞ്ഞ്‌ മുഖം കുനിക്കുന്നു. ചിന്തിക്കാനും സങ്കല്‍പ്പിക്കാനും ശക്‌തി തന്ന ദൈവത്തെ ഞാന്‍ വാഴ്‌ത്ത്‌തുന്നു.

ജോയെ അടക്കിയസ്‌ഥലത്തേക്ക്‌ കാറോടിക്കുമ്പോള്‍ അവിടെ ചെന്ന്‌ ജോയെ കാണാമെന്ന്‌ എന്റെ മനസ്സ്‌ സങ്കല്‍പ്പിക്കുക പതിവാണ്‌്‌.എന്നാല്‍ പള്ളിയുടെ ഇരുവശവും പിന്‍വശവും ചേര്‍ന്ന്‌ കിടക്കുന്ന ശ്‌മശാനമൂകതയില്‍ ആ സങ്കല്‍പ്പങ്ങള്‍ പൊട്ടിതകരും.എനിക്കപ്പോള്‍ ഭൂമിയുടെ അറ്റത്ത്‌ ചെന്നെത്തിയപോലെ വീര്‍പ്പ്‌മുട്ടല്‍ അനുഭവപ്പെടും.സാധാരണവര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഈ വര്‍ഷം മഞ്ഞ്‌പെയ്യുന്നത്‌ കൂടുതലാണ്‌. മരിച്ച്‌ അടക്കപ്പെട്ടവരുടെ കുഴിമാടങ്ങള്‍ക്ക്‌ മീതെപ്രക്രുതി ഒരു വെണ്‍നീരാളം പുതച്ചിട്ടിരിക്കയാണ്‌. ജോയിക്ക്‌ വേണ്ടി ഞാന്‍ പുതപ്പിച്ചപുതപ്പും മഞ്ഞിനടിയില്‍ മറഞ്ഞിരിക്കുന്നു. മണ്ണില്‍ എന്ത്‌വേണമെങ്കിലും സംഭവിച്ചോട്ടെ, ഞാനിങ്‌ കര്‍ത്താവിന്റെ മദ്‌ബഹയില്‍ അക്ലേസരോ, നീയെന്തിനു കരയുന്നു`.കണ്ണടച്ച്‌ പ്രാര്‍ത്ഥിച്ച്‌ നിന്ന എന്റെചെവിയില്‍ ജോ മന്ത്രിക്കുന്നപോലെ എനിക്ക്‌തോന്നുന്നു.

നിറയെമഞ്ഞ്‌ വീണു കിടന്നത്‌ കൊണ്ട്‌ ജോയ്‌ടെ കുഴിമാടത്തിലേക്ക്‌ നടക്കാന്‍ പ്രയാസമകുമല്ലോ എന്ന്‌ ഞാന്‍ ദൂരെനിന്ന്‌ ശങ്കിച്ചെങ്കിലും അടുത്ത്‌ വന്നപ്പോള്‍ അവിടേക്ക്‌നടന്ന്‌ വന്ന ആരുടേയൊപാദമുദ്രപതിഞ്ഞ്‌ കിടന്നിരുന്നു. അതില്‍ ചവുട്ടി ഞാന്‍ നടക്കുമ്പോള്‍ അത്‌ കര്‍ത്താവിന്റെ കാലടികളാണെന്ന്‌ ഞാന്‍ വിശ്വസിച്ചു. അക്ലെങ്കില്‍ ജോയുടെ കല്ലറയിലേക്ക്‌ ഞാന്‍ അറിയാതെ ആരും പോകാറില്ലല്ലോ?ആ കല്ലറയിലേക്ക്‌ ഒരു ദിവസം ഞാനും എത്തിച്ചേരും.എനിക്കായിസ്‌ഥലം ഒഴിച്ചിട്ട്‌ ജോ ഇപ്പോള്‍തനിയെ കിടക്കയാണ്‌.അവിടത്തെസ്‌മാരക ശിലയില്‍ എഴുതിയിരിക്കുന്നവിവരണങ്ങള്‍ക്ക്‌താഴെ എന്റെപേരും ചേര്‍ക്കപ്പെടും.ഒഴിഞ്ഞ്‌ കിടക്കുന്ന ആ സ്‌ഥലത്ത്‌ എന്റെ പേരുചേര്‍ക്കപ്പെടുന്ന ദിവസം എനിക്കറിയില്ല. പക്ഷെ ആ ദിവസത്തെ ഞാന്‍ എന്നും സ്വാഗതം ചെയ്യുന്നു.ഞാനറിയാതെ എന്റെ കണ്ണീര്‍തുള്ളികള്‍ ജോ്‌യുടെകുഴിമാടത്തില്‍ വീണുകൊണ്ടിരുന്നു. ഏതോ അജ്‌ഞാതമായ ഒരുലിപി ആ കണ്ണീര്‍തുള്ളികള്‍മഞ്ഞില്‍ വരച്ചിരിക്കുന്നു. മണ്ണിലും വിണ്ണിലുമായിനില്‍ക്കുന്ന രണ്ട്‌ ജീവാത്മാക്കള്‍ക്ക്‌ വേണ്ടി പ്രക്രുതിയെഴുതിയ ഒരു അനുശോചന കവിതയായിരിക്കാം അത്‌.

അപ്പോള്‍ തൊട്ടടുത്തുള്ളപള്ളിയിലെമണിമുഴങ്ങി. വിശ്വാസികള്‍ പള്ളിയിലെമണിയെദൈവത്തിന്റെ ശബ്‌ദമായി കരുതുന്നു.മരിക്ല്‌പോയഭര്‍ത്താവിന്റെ കുഴിമാടത്തില്‍ പലപ്പോഴും കണ്ണുനീര്‍ത്തുള്ളികള്‍ കൊണ്ട്‌ അര്‍ച്ചന നടത്തുന്ന എന്നോട്‌ദൈവം സംസാരിച്ചതായിരിക്കും അതെന്ന്‌ വിശ്വസിക്കാന്‍ എന്റെ മനസ്സ്‌വെമ്പുന്നു. എന്റെ കഴുത്തില്‍മിന്നു ചാര്‍ത്തി മന്ത്രകോടി സമ്മാനിച്ച ജോയുടെ ചൈതന്യമറ്റ ശരീരം ഏറ്റുവാങ്ങിയ മണ്ണില്‍ അവന്റെ ഓര്‍മ്മകളുമായി ഹ്രുദയ വേദനയോടെ നിന്ന്‌ വിഷമിക്കുന്ന എന്റെ രൂപം കണ്ട്‌ തീര്‍ച്ചയായും ദൈവത്തിന്റെ മനസ്സലിഞ്ഞ്‌ കാണും. മഞ്ഞുകാലത്തെ സൂര്യന്റെ നേരിയ ചൂടില്‍ ഇലകള്‍ അനങ്ങാത്ത പരിപൂര്‍ണ്ണ നിശ്ശബ്‌ദമായ ആ അന്തരീക്ഷത്തില്‍ ആ പള്ളിമണികള്‍ ദൈവീകമായ ഒരു ഊര്‍ജ്‌ജം എനിക്ക്‌ പകര്‍ന്ന്‌ തന്നു.പ്രാര്‍ത്ഥിക്കാന്‍, സമയമറിയിക്കാന്‍, ഓരൊ വിശേഷ ദിവസങ്ങള്‍ അറിയിക്കാന്‍ അങ്ങനെപോകുന്നുപള്ളിമണികളുടെ അര്‍ത്ഥം. ഞാന്‍ ദു:ഖത്തോടെ വിഷമിച്ച്‌ നിന്നപ്പോള്‍മുഴങ്ങിയ ഈ മണി എന്നെ ആശ്വസിപ്പിക്കാന്‍ വേണ്ടിയാണെന്ന്‌ ഞാന്‍ സമാധാനിച്ചു

ഞങ്ങള്‍ മധ്യവയസ്സിലേക്ക്‌ എത്തികൊണ്ടിരുന്നുപ്പോള്‍ ജോ പറഞ്ഞു. ഇനി മുതല്‍ നമുക്കിഷ്‌ടമുള്ളനിറം കറുപ്പായിരിക്കും.നമ്മള്‍ക്ക്‌മാത്രമല്ല നമ്മുടെ പ്രായത്തില്‍ എത്തുന്നവര്‍ക്കും. കാരണം നമ്മള്‍ എല്ലാം വെളുക്കാന്‍പോകുന്നു. വെള്ളക്കാരുടെ നാട്ടില്‍ കുറെ നാള്‍ താമസിച്ചത്‌കൊണ്ടൊ ഈ ഭൂമിയില്‍ ഇത്രയും നാള്‍ താമസിച്ചതിനുപതിച്ച്‌ കിട്ടുന്ന രശീതിയായിട്ടൊ എന്തോ ആ വെളുത്തനിറം നമുക്ക്‌ കിട്ടും. അത്‌ തൊലിക്കല്ല മുടിക്കാണെന്ന്‌ മാത്രം.വെള്ളിതലമുടി എത്ര വിലപിടിപ്പുള്ള സാധനം. എന്റെ തല വെളുത്താല്‍ പിന്നെ ഞാന്‍ മുടിവെട്ടിക്കയെ ഇല്ല. അങ്ങനെ തമാശകള്‍ പറഞ്ഞ്‌ രണ്ട്‌നാലുദിവസം കടന്ന്‌പോയി. ഒരു ദിവസം രാവിലെ ജോ ഷേവ്‌ ചെയ്യുന്നിടത്ത്‌ നിന്ന്‌ എന്നെവിളിച്ചു. ഞാന്‍ ചെല്ലാന്‍ അമാന്തിത്തപ്പോള്‍ ഒച്ച വച്ച്‌ വിളിച്ചു. സരൊ, എളുപ്പം വാ ... ഞാന്‍ ചെന്നപ്പോള്‍ മീശ ചൂണ്ടികാട്ടിപറഞ്ഞു `ദാണ്ടെ ഒരെണ്ണം നരച്ച്‌ നില്‍ക്കുന്നു.നിന്റെ സാഹിത്യഭാഷയില്‍പറഞ്ഞാല്‍ പൂത്ത്‌ നില്‍ക്കുന്നു.

എനിക്ക്‌ അടുക്കളയില്‍ പിടിപ്പത്‌പണി കിടക്കുന്നേടത്ത്‌നിന്ന്‌ ഓടി ചെന്നപ്പോള്‍പറഞ്ഞ കാര്യം കേട്ട്‌ എനിക്ക്‌ ദേഷ്യം വന്നു. ഇതാണൊ ഇത്രവലിയ സംഭവം. ഇപ്പോള്‍ ഒരെണ്ണമല്ലേ, ഇത ്‌മുഴുവന്‍ അധികം താമസിക്കാതെ വെളുക്കും. കരിമീശക്കാരന്‍ അങ്ങനെ നരമീശക്കരനാകുമെന്ന്‌ പറഞ്ഞ്‌കളിയാക്കി. ജോയെ അത്‌വിഷമിപ്പിച്ചുവെന്ന്‌ തോന്നുന്നു. പൊന്നുമോളേ, ഞെട്ടിപ്പിക്കുന്നതൊന്നും പറയാതെ. മുഴുവന്‍നരച്ചാല്‍ ഞാന്‍ ഇത്‌ പിന്നെവച്ചേക്കില്ല. മൂക്കിനുതാഴെ എന്തിനു ഒരു പഞ്ഞികെട്ടു.പിന്നെഎന്തോ ആലോചിച്ച്‌ ജോ പറഞ്ഞു, അല്ലെങ്കില്‍ വേണ്ട വച്ചേക്കാം. മരിക്കുമ്പോള്‍ ചുരുട്ടിമൂക്കില്‍ കയറ്റി വക്കാം. അന്നേരം വേറെ പഞ്ഞി അന്വേഷിക്കണ്ടല്ലോ? എന്താ ജോയിത്‌, രാവിലെതന്നെ അധിക പ്രസംഗം. മനുഷ്യരെ വേദനിപ്പിക്കുന്ന കാര്യങ്ങളാണോ പറയുന്നത്‌. സോറി, ഡിയര്‍, ഇതൊക്കെ ചുമ്മാ ഒരു രസത്തിനുപറഞ്ഞതല്ലേ? അരോഗദ്രുഢഗാത്രനായ ജോക്ക്‌ അസുഖം വരുമെന്നോ ആ അസുഖം ഭേദമാകാതെ പെട്ടെന്ന്‌മരിച്ചു പോകുമെന്നൊ അന്ന്‌ ഞാന്‍ സ്വപ്‌നേപിവിചാരിച്ചതെയില്ല.

അന്ന്‌ അത്താഴമുണ്ണുമ്പോള്‍ ഞാന്‍ ജോയോട്‌ ചോദിച്ചു.എന്തിനാണു മരണത്തെപ്പറ്റിപറഞ്ഞ്‌ എന്നെ ഭയപ്പെടുത്തുന്നത്‌.പക്ഷെ ജോ മരണത്തെപ്പറ്റി ഭയപ്പെട്ടിരുന്നു. നിസ്സാരരോഗം വന്നാല്‍ പോലും പരിഭ്രമിക്കാന്‍ തുടങ്ങും. അപ്പോഴൊക്കെ ഞാനാണു ജോയെ കളിയാക്കിയിരുന്നത്‌. ഇന്നതൊക്കെ ആലോചിക്കുമ്പോള്‍ ഒരു കാര്യം വ്യക്‌തമാകുന്നു..മനുഷ്യന്‍ എത്രയോ ദുര്‍ബ്ബലന്‍. നാളെ എന്തുസംഭവിക്കുമെന്ന്‌ ആര്‍ക്കറിയാം.

ജോ അതില്‍പ്പിന്നെ നരയുടെ കണക്കെടുപ്പ്‌ തുടങ്ങി. എന്തോ ജോയുടെ തലയിലെ മുടിവളരെവൈകിയാണു നരക്കാന്‍ തുടങ്ങിയത്‌. അതും വളരെ കുറച്ചുമാത്രം. കുളി കഴിഞ്ഞ്‌ കഴുത്തിലും നെഞ്ചിലും ധാരാളം പൗഡര്‍ ഇട്ടിരുന്ന ജോ നെഞ്ചിലെരോമങ്ങള്‍ നരച്ചത്‌ അറിഞ്ഞിരുന്നില്ല. എന്തിനാണു ഇത്രയധികം പൗഡര്‍നെഞ്ചില്‍ ഇട്ടിരിക്കുന്നത്‌ എന്ന്‌ ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം കൈ കൊണ്ട്‌ തട്ടി, തുടച്ചു, പിന്നെ നനഞ്ഞ ടൗവ്വല്‍കൊണ്ടുതുടച്ചു എന്നിട്ടൂം പൗഡര്‍പോകുന്നില്ല.ഒരു ചമ്മലോടെ എന്റെമുഖത്ത്‌ നോക്കി.അപ്പോള്‍ ഞാന്‍ പറഞ്ഞു, നരയാണ്‌, കൈ കൊണ്ട്‌ തട്ടിയാലും വെള്ളം കൊണ്ട്‌തുടച്ചാലും പോകുന്ന പൗഡറല്ല.വാര്‍ദ്ധക്യം വരുന്നു എന്നതിന്റെസൂചനയല്ലേ ഈ നര എന്ന്‌ എന്നോട്‌ചോദിച്ചു, നരച്ചത്‌ക്കൊണ്ട്‌ വയസ്സായി എന്ന്‌ അര്‍ഥമില്ലെന്ന എന്റെമറുപടികൊണ്ട്‌ അദ്ദേഹം സന്തുഷ്‌ടനായെങ്കിലും മീശപകുതിയോളം നരച്ചപ്പോള്‍ അത്‌മുഴുവന്‍വടിച്ച്‌ കളിഞ്ഞു. പൗരുഷത്തിന്റെ പ്രതീകമാണ്‌ കറുത്തമീശ.നരച്ച മീശവച്ചിട്ട്‌ എന്തു കാര്യം. ഇതിനെ വേണമെങ്കില്‍ പുരുഷന്റെ കൊമ്പ്‌ എന്ന്‌പറയാമെന്ന്‌ ജോ അഭിപ്രായപ്പെട്ടു.

ജോ അസുഖമായി കിടപ്പിലായപ്പോള്‍ അദ്ദേഹത്തിനു തനിയെമുഖ ക്ഷൗരം ചെയ്യാന്‍ കഴിയുമായിരുന്നില്ല .മീശവടിച്ച കളിഞ്ഞതിനാല്‍ ഇലക്‌ട്രിക്‌ ഷേവര്‍കൊണ്ട്‌ അത്‌ ഞാന്‍ ചെയ്‌ത്‌ കൊടുത്തുകൊണ്ടിരുന്നു. നരച്ചമീശയും വച്ച്‌ അതിന്മേല്‍ കരിയും വാരി തേച്ച്‌ നടന്നിരുന്നെങ്കില്‍ ഇപ്പോള്‍ സരൊ കഷ്‌ടപ്പെട്ടുപോയേനെ? അല്ല്യോ? ഇതൊക്കെമുന്‍ കൂട്ടി കണ്ട്‌ ഞാന്‍ അങ്ങനെചെയ്‌തതല്ലേ? എനിക്കത ്‌കേള്‍ക്കുന്നത്‌വിഷമം ആയിരിക്കുമെന്ന്‌ അറിയുന്ന ജോ എപ്പോഴും പോലെ കണ്ണുകള്‍ കൊണ്ട്‌ ആംഗ്യം കാട്ടീ പറയും `വെറുതെപറയല്ലേ?' ഒരിക്കല്‍ ജോയുടെ മുഖം മിനുസപ്പെടുത്തികൊണ്ടിരുന്നപ്പോള്‍ ഞാന്‍ പറഞ്ഞു. വൈക്കം മുഹമ്മദ്‌ബഷീറിന്റെ ഒരു നോവലില്‍ അതിലെ നായകന്‍ തന്റെ ഭാര്യയായിവരുന്നവള്‍ക്ക്‌ ക്ഷൗരം ചെയ്യാന്‍ അറിഞ്ഞിരിക്കണമെന്ന്‌ എഴുതിയത്‌ വായിച്ചത്‌ ഓര്‍ക്കുന്നു. ഉടനെ ജോ പറഞ്ഞു : ആ നായകന്‍ ഞാന്‍ തന്നെ'. എന്തിനാണ്‌ ബഷീര്‍ ജോയെ നായകനാക്കുന്നത്‌ ഞാന്‍ അല്ലേ ജോയെ എന്റെ നായകനാക്കിയത്‌.എന്റെ എല്ലാമെല്ലാമായി ജീവിതത്തിലേക്ക്‌ കടന്നു വന്ന നായകന്‍. ഇപ്പോള്‍ ഇതെഴുതുമ്പോള്‍ ഞാന്‍ അന്ന്‌ പറഞ്ഞത്‌ വാസ്‌തവമായെന്ന ഒരു ചിന്തയുണരുന്നു. ജോ എന്റെ ജീവിതത്തില്‍ മാത്രമല്ല ഞാനീ എഴുതുന്ന ഓര്‍മ്മക്കുറിപ്പുകളില്‍ നിറഞ്ഞ്‌നില്‍ക്കുന്ന നായകനാകുന്നു. എന്റെസ്വപ്‌നലോകത്തില്‍നിന്ന്‌ ഒരടി മാറ്റിവച്ച്‌ ഈ ലോകത്തിലേക്ക്‌ ഒരു നിമിഷം പ്രിയ ജോ നിനക്കിറങ്ങിവരാമോ? ഈ ഏകാന്തശൂന്യതയില്‍ ആ കാലടിശബ്‌ദം കാതോര്‍ത്ത്‌ രാപ്പകലുകള്‍ മാറുന്നതറിയാതെഞാന്‍ നില്‍ക്കുന്നു.

(അടുത്തലക്കത്തോടെ അവസാനിക്കുന്നു,)
പ്രിയ ജോ, നിനക്കായ്‌ ഈ വരികള്‍- 15 (ഓര്‍മ്മക്കുറിപ്പുകള്‍: സരോജ വര്‍ഗ്ഗീസ്‌, ന്യൂയോര്‍ക്ക്‌)
Join WhatsApp News
Cherian Jacob 2014-02-03 12:23:26
സരോജയുടെ ജോയെപ്പറ്റിയുള്ള ഓര്‍മ്മക്കുറിപ്പുകള്‍ വളരെ ഹൃദയസ്പര്‍ശി ആയിരുന്നു. ഇത് തീര്‍ച്ചയായും പുസ്തകമാക്കുക. കഴിയുമെങ്കില്‍ ജോയെപ്പറ്റി മറ്റുള്ളവരുടെയും കുറിപ്പുകള്‍ ചേര്‍ത്തിണക്കി ഒരു സ്നേഹോപഹാരം ആക്കുക. ഈ കുറഞ്ഞ ലോക ജീവിതത്തില്‍ മരണം എന്നത് ആര്‍ക്കും ഒഴിവാക്കാന്‍ പറ്റില്ല. സ്വര്‍ഗത്തില്‍ പോകാന്‍ കോതിച്ചിരിക്കുന്നവരും മരണത്തില്‍ കൂടെ പോകാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ മരണം മാറ്റത്തിന്‍റെ ഇടനിലക്കാരനാണ്. അതിനെ ധൈര്യ പൂര്‍വം അഭിമുഖീകരിക്കാന്‍ ആളുകളെ ഒരുക്കുന്ന ആളാകാന്‍ സരോജക്ക് സാധിച്ചാല്‍ അത് ജോക്കുള്ള സ്നേഹോപഹാരമായിരിക്കും. എല്ലാ ഭാവുകങ്ങളും ആശംസിച്ചുകൊണ്ട് ചെറിയാന്‍ ജേക്കബ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക