Image

ആല്‍ബനിയില്‍ നവ കോര്‍എപ്പിസ്‌കോപ്പയ്‌ക്ക്‌ അനുമോദനം

ബിജു ചെറിയാന്‍ Published on 04 November, 2011
ആല്‍ബനിയില്‍ നവ കോര്‍എപ്പിസ്‌കോപ്പയ്‌ക്ക്‌ അനുമോദനം
ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്ക്‌ സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയായ ആല്‍ബനിയിലെ ഐക്യ ക്രിസ്‌തീയ വേദിയായ യുണൈറ്റഡ്‌ ക്രിസ്‌ത്യന്‍ ഫെല്ലോഷിപ്പിന്റെ (യു.സി.എഫ്‌) ആഭിമുഖ്യത്തില്‍ വെരി റവ. ഗീവര്‍ഗീസ്‌ തോമസ്‌ ചട്ടത്തില്‍ കോര്‍എപ്പിസ്‌കോപ്പയ്‌ക്ക്‌ ഉജ്വല സ്വീകരണവും അനുമോദനവും നല്‍കി. വിവിധ ക്രൈസ്‌തവ സഭാ വിഭാഗങ്ങളുടെ സംയുക്ത ആരാധനാ ശുശ്രൂഷകള്‍ക്കും കൂട്ടായ്‌മയ്‌ക്കും നേതൃത്വം നല്‌കുന്ന യുണൈറ്റഡ്‌ ക്രിസ്‌ത്യന്‍ ഫെല്ലോഷിപ്പ്‌ അമേരിക്കയിലെ എക്യൂമെനിക്കല്‍ പ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും ദീര്‍ഘനാളായി മാതൃകയായി നിലകൊള്ളുന്നു. മാസത്തില്‍ മൂന്നു ഞായറാഴ്‌ചകളില്‍ നടക്കുന്ന ശുശ്രൂഷകളില്‍ മാര്‍ത്തോമാ, യാക്കോബായ, സുറിയാനി ഓര്‍ത്തഡോക്‌സ്‌, കത്തോലിക്കാ സഭ എന്നീ വിഭാഗങ്ങളിലെ വൈദീകര്‍ നേതൃത്വം നല്‍കുന്ന സംയുക്ത ആരാധനകളില്‍ ഒട്ടനവധി പേര്‍ മുടങ്ങാതെ പങ്കെടുക്കുന്നുണ്ട്‌.

സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ മലങ്കര ആര്‍ച്ച്‌ ഡയോസിസിലെ വൈദീകനായ വെരി. റവ. ഗീവര്‍ഗീസ്‌ ചട്ടത്തില്‍ കോര്‍എപ്പിസ്‌കോപ്പ സഭാ തലവനായ പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവായുടെ കല്‍പ്പന പ്രകാരം കോര്‍എപ്പിസ്‌കോപ്പയായി അഭിഷിക്തനായത്‌ സെപ്‌റ്റംബര്‍ 17-ന്‌ ആയിരുന്നു. ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്ത മുഖ്യകാര്‍മികനായിരുന്നു. യു.സി.എഫിലെ മുഴുവന്‍ അംഗങ്ങളും സഹവൈദീകനായ റവ.ഫാ. ജോസഫ്‌ മാത്യുവും അഭിഷേക ചടങ്ങുകളില്‍ പങ്കെടുത്തു.

സെപ്‌റ്റംബര്‍ 25-ന്‌ ഞായറാഴ്‌ച യുണൈറ്റഡ്‌ ക്രിസ്‌ത്യന്‍ ഫെല്ലോഷിപ്പ്‌ കേന്ദ്രത്തില്‍ എത്തിയ നവ കോര്‍എപ്പിസ്‌കോപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന്‌ നടന്ന അനുമോദന സമ്മേളനത്തില്‍ ശ്രീ. അജു ഏബ്രഹാം (ട്രഷറര്‍, യു.സി.എഫ്‌) സ്വാഗതം ആശംസിച്ചു. ഗീവര്‍ഗീസ്‌ പണിക്കര്‍, പ്രിന്‍സ്‌, അമല്‍ തോമസ്‌ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കഴിഞ്ഞ ഏഴുവര്‍ഷമായി ബഹുമാനപ്പെട്ട ചട്ടത്തില്‍ കോര്‍എപ്പിസ്‌കോപ്പ ആല്‍ബനിയിലെ ഐക്യ ക്രിസ്‌തീയ കൂട്ടായ്‌മയ്‌ക്ക്‌ നല്‍കിവരുന്ന ആത്മീയ നേതൃത്വവും ശുശ്രൂഷയും വിലമതിക്കാനാവാത്തതാണെന്നും, യു.സി.എഫിന്റെ കെട്ടുറപ്പിനും വളര്‍ച്ചയ്‌ക്കും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ ഉപകരിച്ചിട്ടുണ്ടെന്നും ആശംസാ പ്രസംഗകര്‍ ചൂണ്ടിക്കാട്ടി.

അനുമോദനങ്ങള്‍ക്ക്‌ ഗീവര്‍ഗീസ്‌ തോമസ്‌ ചട്ടത്തില്‍ കോര്‍എപ്പിസ്‌കോപ്പ നന്ദി പറഞ്ഞു. സഭകളുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം ക്രൈസ്‌തവ സാക്ഷ്യവും സമര്‍പ്പണവും മുന്‍നിര്‍ത്തി ഐക്യത്തോടെ മുന്നേറണമെന്ന്‌ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ആന്‍ഡ്രിയ തോമസിന്റെ ആശംസാ ഗാനാലാപനം ഹൃദ്യമായി. സ്‌നേഹവിരുന്നോടെ ചടങ്ങുകള്‍ സമാപിച്ചു.
ആല്‍ബനിയില്‍ നവ കോര്‍എപ്പിസ്‌കോപ്പയ്‌ക്ക്‌ അനുമോദനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക