Image

ജനാധിപത്യം (ലേഖനം: കൃഷ്‌ണ)

Published on 04 February, 2014
ജനാധിപത്യം (ലേഖനം: കൃഷ്‌ണ)
ജനാധിപത്യം എന്നാല്‍ ജനങ്ങളുടെ ആധിപത്യം എന്നാണല്ലോ? അതായത്‌ ഭരണം നടത്തുന്നത്‌ ജനങ്ങള്‍ ആണ്‌ എന്നര്‍ത്ഥം. പക്ഷെ ഭരണത്തിന്‌ ഒരു സംവിധാനം കൂടിയല്ലേ തീരൂ? അതിനായി ജനപ്രതിനിധിസഭകളിലേക്കു ഭൂരിപക്ഷാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പു നടത്തുന്നു. അങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ ജനങ്ങളുടെ അഭീഷ്ടപ്രകാരം ഭരണം നടത്തുന്നു. പക്ഷെ ആളുകള്‍ അവരവര്‍ക്ക്‌ തോന്നിയപോലെ പ്രതിനിധികളെ തെരഞ്ഞെടുത്താല്‍ ഭരണം അസാദ്ധ്യമായിതീരും. ഇവിടെയാണ്‌ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രസക്തി. ഭരണസംവിധാനത്തെയും സാധാരണജനങ്ങളുടെ ആവശ്യങ്ങളെയും പറ്റി ഒരേ വീക്ഷണമുള്ളവര്‍ ഒന്നിച്ചുചേര്‍ന്ന്‌ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഉണ്ടാക്കുന്നു. അവിടെയും ജനങ്ങളുടെ പൊതുവായ നന്മയാണ്‌ ലക്‌ഷ്യം. ആ പാര്‍ട്ടികള്‍ തങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങള്‍ പ്രകടനപത്രികയിലൂടെ പൊതുജനങ്ങളെ അറിയിക്കുന്നു. അതില്‍ സ്വീകാര്യമായ പത്രിക ആരുടേതാണോ, ആ പാര്‍ട്ടിയെ ജനങ്ങള്‍ വോട്ടുചെയ്‌തുജയിപ്പിച്ച്‌ ഭരണം ഏല്‍പ്പിക്കുന്നു. പക്ഷെ അതിനുശേഷവും അവര്‍ക്ക്‌ തോന്നിയതുപോലെ കാര്യങ്ങള്‍ ചെയ്യാന്‍ അനുമതി കൊടുക്കപ്പെടുന്നില്ല. ജനങ്ങളുടെ അഭീഷ്ടം നിറവേറ്റപ്പെടുന്നില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പിന്‌ ആ പാര്‍ട്ടിയെ പരാജയപ്പെടുത്തി ഭരണാധികാരം പിന്‍വലിക്കാന്‍ ജനങ്ങള്‍ക്ക്‌ അവകാശം ഉണ്ട്‌.

ജനാധിപത്യത്തിന്റെ ശരിയായ രീതി ഇതാണെന്നിരിക്കെ എന്തിനാണ്‌ വലിയ തോതിലുള്ള തെരഞ്ഞെടുപ്പു യോഗങ്ങളും വലിയ നേതാക്കന്മാരേ വളരെയേറെ പണം ചെലവാക്കി കൊണ്ടുവന്നു പ്രസംഗിപ്പിക്കുന്നതും എല്ലാം? വാസ്‌തവത്തില്‍ ഒരു ജനാധിപത്യവ്യവസ്ഥിതിയില്‍ പ്രകടനപത്രികയ്‌ക്ക്‌ മാത്രമാണ്‌ സ്ഥാനം. നേതാവിനല്ല. നേതാക്കന്മാരും പാര്‍ട്ടിയും എല്ലാം ജനങ്ങളുടെ അഭീഷ്ടം നിറവേറ്റാനുള്ള വ്യവസ്ഥിതിയുടെ ഭാഗം മാത്രമാണ്‌. അവരുടെയൊന്നും വ്യക്തിപരമായ സ്വാര്‍ഥതയ്‌ക്കോ മോഹങ്ങള്‍ക്കോ ഒരു വിലയും പരിഗണനയും കൊടുക്കാനേ പാടില്ല.

ഈ രാജ്യത്തെ എല്ലാ ആളുകള്‍ക്കും ആവശ്യത്തിനുള്ള വസ്‌ത്രങ്ങള്‍ ഉണ്ടെന്ന നില വന്നാല്‍ ഞാന്‍ ഈ അര്‍ദ്ധനഗ്‌നഭാവത്തിലുള്ള വസ്‌ത്രധാരണരീതി ഉപേക്ഷിക്കാം എന്ന്‌ ഗാന്ധിജി പറഞ്ഞതായി കേട്ടിട്ടുണ്ട്‌. അതായത്‌ സുഖസൗകര്യങ്ങള്‍ ആദ്യം സാധാരണ ജനങ്ങള്‍ക്ക്‌, പിന്നെ എനിക്ക്‌ എന്ന ചിന്താഗതി. ജനാധിപത്യവ്യവസ്ഥിതിയില്‍ ഒരു നേതാവിന്‌ യഥാര്‍ത്ഥത്തില്‍ ഉണ്ടാകേണ്ട ഭാവം.

പക്ഷെ എന്താണ്‌ ഇന്ന്‌ ഇന്ത്യയില്‍ സംഭവിക്കുന്നത്‌? പാര്‍ട്ടികള്‍ സ്വന്തം പാര്‍ട്ടിയെയും നേതാക്കന്മാരെയും പുകഴ്‌ത്തിപ്പറയുന്നു. മറ്റു പാര്‍ട്ടിക്കാരെപ്പറ്റി കുറ്റം പറഞ്ഞുകൊണ്ടേയിരിക്കുന്നു. മതനേതാക്കളുടെയും സമുദായനേതാക്കളുടെയും സഹായം തങ്ങളെ വിജയിപ്പിക്കാനായി അഭ്യര്‍ത്ഥിക്കുന്നു. എന്തിനാണ്‌ അങ്ങനെ ചെയ്യുന്നത്‌? ജനാധിപത്യത്തില്‍ തങ്ങള്‍ക്കു ഭരിക്കേണ്ടിവന്നാല്‍ ജനങ്ങള്‍ ഭരിക്കാനുള്ള ചുമതല ഞങ്ങളെ ഏല്‍പ്പിച്ചാല്‍ ചെയ്യുന്നത്‌ ഇന്നതൊക്കെയായിരിക്കും എന്ന്‌ വിശദീകരിക്കുന്ന പ്രകടനപത്രിക മാത്രമല്ലേ പ്രധാനം? ഞങ്ങളെ ഭരിക്കാന്‍ അനുവദിക്കൂ എന്ന്‌ പറയുന്നത്‌ തന്നെ തികഞ്ഞ സ്വാര്‍ഥതയല്ലേ? അവരെ അപ്പോള്‍ത്തന്നെ അകറ്റി നിറുത്തേണ്ടതല്ലേ?

പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുന്നതിനുമുന്‍പുതന്നെ ഇവിടെ നേതാക്കന്മാരുടെ മഹത്വം കോരിച്ചൊരിയാന്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു! എന്താണ്‌ ഇതിന്‍റെ ഉദ്ദേശം? ഞങ്ങളുടെ നേതാവിന്‍റെ മഹത്വം മനസ്സിലാക്കി വോട്ടു ചെയ്യൂ എന്നല്ലേ? നേതാവിന്‍റെ മഹത്വം അല്ലല്ലോ പ്രകടനപത്രികയുടെ മഹത്വമല്ലേ പ്രധാനം? നേതാവിന്‍റെ ഉള്ളതോ ഇല്ലാത്തതോ ആയ മഹത്വം വിളിച്ചുപറഞ്ഞു നടക്കുന്നത്‌ സാധാരണക്കാര്‍ക്ക്‌ എന്തു മനസ്സിലാക്കിക്കൊടുക്കാനാണ്‌? നേതാവിന്‍റെ മഹത്വം കേട്ടതുകൊണ്ട്‌ അടുപ്പ്‌ കത്തില്ലല്ലോ? ഈ നേതാവിന്‌ ഭരിക്കാന്‍ വേണ്ടി, വോട്ടുചെയ്യൂ എന്ന്‌ പറയുന്നത്‌ അങ്ങേയറ്റത്തെ സ്വാര്‍ത്ഥതയല്ലേ? നേതാവിന്‍റെ കരങ്ങള്‍ക്ക്‌ ശക്തിപകരാന്‍ വോട്ടുചെയ്യൂ എന്ന്‌ പറയുന്നതും കേള്‍ക്കാം. നേതാവ്‌ ഏതോ യുദ്ധത്തിനു പോകുകയാണെന്നല്ലേ ഇത്‌ കേട്ടാല്‍ തോന്നുക? വന്‍യോഗങ്ങളും വലിയ നേതാക്കന്മാരുടെ പ്രസംഗങ്ങളും മറ്റും ഇത്തരം സ്വാര്‍ത്ഥതാപൂരണത്തിനുള്ള ശ്രമങ്ങള്‍ മാത്രമല്ലേ? നേതാവാണ്‌ വലുത്‌ എന്ന്‌ പറയുന്നതിന്‍റെ അര്‍ത്ഥം തന്നെ അവര്‍ വോട്ടര്‍മാരേക്കാള്‍ മുകളിലാണെന്നല്ലേ? ഇത്‌ ജനാധിപത്യത്തിന്‍റെ അന്തസ്സത്തയ്‌ക്കു തന്നെ എതിരല്ലേ?

അതുകൊണ്ട്‌ ഒരു തുടക്കം എന്ന നിലയില്‍ വോട്ടര്‍മാര്‍ക്ക്‌ ഒന്ന്‌ ചെയ്യാം. ഏറ്റവും കുറച്ചു ചെലവുചെയ്‌ത്‌, ഒരു നേതാവിനെയും ഉയര്‍ത്തിക്കാണിക്കാതെ, സ്വന്തം പ്രകടനപത്രിക വ്യക്തമായി (6000 പാലങ്ങള്‍ പണിയും എന്ന രീതിയല്ല. ഇരുപതു പാലങ്ങള്‍ പണിയും, അത്‌ എവിടെയെല്ലാം ആയിരിക്കും എന്ന രീതിയില്‍ വ്യക്തമായി) അവതരിപ്പിച്ച്‌ അതിന്‍റെ മാത്രം ബലത്തില്‍ വോട്ടു ചോദിക്കുന്ന പാര്‍ട്ടികള്‍ക്ക്‌ വോട്ടു ചെയ്യാം. അല്ലാത്തവരെ ഒഴിവാക്കാം. അവര്‍ തങ്ങളുടെ മഹത്വം സ്വയം പാടിപ്പുകഴ്‌ത്തി തൃപ്‌തരാകട്ടെ.

ഒന്നുകൂടി. പ്രകടനപത്രികയില്‍ പറയുന്നത്‌ നടക്കുന്ന കാര്യങ്ങള്‍ ആകണമല്ലോ? അപ്പോള്‍ തങ്ങളുടെ ഭരണകാലത്ത്‌ അതിന്‍റെ തൊണ്ണൂറു ശതമാനം എങ്കിലും പൂര്‍ത്തിയാക്കാത്ത പാര്‍ട്ടികളെ പൊതുവെയും.
ജനാധിപത്യം (ലേഖനം: കൃഷ്‌ണ)
Join WhatsApp News
വിദ്യാധരൻ 2014-02-04 18:23:24
"കൊതിപ്പ്തൊക്കയും ലഭിക്കയില്ലല്ലൊ 
കൊതിപ്പതല്ലൊല്ലൊ ലഭിപ്പതൊക്കയും 
ലഭിക്കയുമില്ല കൊതിപ്പതെപ്പോഴും 
ലഭിപ്പെതെപ്പൊഴും കൊതിപ്പതുമല്ല" 
കപടതയുടെ നനുത്തെഴും നാരിൽ 
കൊരുത്തതാണ് മതവും രാഷ്ട്രീയവും 



RAJAN MATHEW DALLAS 2014-02-04 21:35:51
Indian Democracy is one of the worst in the world !! Corruption from top to bottom...violence..rape....one Manmohan Singh and Antony cannot save it...People are not donkeys, they are greedy...cunning...cruel...they make the leaders change...make them  work for them...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക