Image

പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും: മന്ത്രി ഇ. അഹമ്മദ്‌

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 05 November, 2011
പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും: മന്ത്രി ഇ. അഹമ്മദ്‌

(read the comment)

 

പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിദേശകാര്യ വകുപ്പ്‌ പ്രതിജ്ഞാബദ്ധം: മന്ത്രി ഇ. അഹമ്മദ്‌

ന്യൂയോര്‍ക്ക്‌: വിവിധ രാജ്യങ്ങളില്‍ വസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക്‌ സാദ്ധ്യമായ എല്ലാവിധ സഹായസഹകരണങ്ങളും ചെയ്‌തുകൊടുക്കാന്‍ എല്ലാ കോണ്‍സുലേറ്റുകളും സന്നദ്ധമാണെന്ന്‌ വിദേശകാര്യവകുപ്പ്‌ സഹമന്ത്രി ഇ. അഹമ്മദ്‌ പറഞ്ഞു. അമേരിക്കയിലെ ഇന്ത്യന്‍ നാഷണല്‍?ഓവര്‍സീസ്‌ കോണ്‍ഗ്രസ്സ്‌ നേതാക്കളുമായുള്ള കൂടിക്കാഴ്‌ചയിലാണ്‌ അദ്ദേഹം ഇക്കാര്യം പ്രസ്‌താവിച്ചത്‌.

നിസ്സാര കാര്യങ്ങള്‍ക്ക്‌ കോണ്‍സുലേറ്റുകളേയും ഉദ്യോഗസ്ഥരേയും അടച്ചാക്ഷേപിക്കുന്നത്‌ ശരിയായ പ്രവണതയല്ലെന്നും മന്ത്രി അഹമ്മദ്‌ സാഹിബ്‌ ഓര്‍മ്മിപ്പിച്ചു. കോണ്‍സുലേറ്റുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിമിതികള്‍ ഏറെയുണ്ട്‌. അതും നാം മനസ്സിലാക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ചാണ്‌ വിവിധ കോണ്‍സുലേറ്റുകളും അതിലെ ഉദ്യോഗസ്ഥരേയും ചിട്ടപ്പെടുത്തിയിട്ടുള്ളത്‌. എന്നാല്‍, ദിനംപ്രതി പ്രവാസി ഇന്ത്യക്കാരുടെ എണ്ണം എല്ലാ രാജ്യങ്ങളിലും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌. ഗള്‍ഫ്‌ രാജ്യങ്ങളിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ കഷ്ടപ്പാടുകളും, ദുരിതങ്ങളും, ത്യാഗങ്ങളും താരതമ്യം ചെയ്‌താല്‍ അമേരിക്കയില്‍ വസിക്കുന്നവര്‍ സുഭിക്ഷതയിലും ഐശ്വര്യത്തിലുമാണ്‌ ജീവിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടുതന്നെ എന്തെങ്കിലും പോരായ്‌മകള്‍ ചൂണ്ടിക്കാണിച്ചാല്‍ പരിശോധിക്കാന്‍ തയ്യാറാണെന്ന്‌ മന്ത്രി പറഞ്ഞു.

വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ സാമൂഹ്യ സംഘടനകള്‍ പരസ്‌പരം പോരടിക്കുന്നതും വിഘടിക്കുന്നതും നല്ലതല്ലെന്നും, എല്ലാ സംഘടനകളും ഒറ്റക്കെട്ടായി നിന്ന്‌ ഭാരതത്തിന്റെ മഹത്വവും ഐക്യവും പ്രകടമാക്കണമെന്നും മന്ത്രി ഇ. അഹമ്മദ്‌ നിര്‍ദ്ദേശിച്ചു.

ഇന്ത്യന്‍ വിദേശകാര്യ വകുപ്പിന്റെ തലപ്പത്തിരുന്നു അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവെച്ച ലോക പ്രശസ്‌തയായ നിരുപമ റാവുവിനെ വാഷിംഗ്‌ടണിലെ ഇന്ത്യന്‍ സ്ഥാനപതിയായി ലഭിച്ചത്‌ ഇരുരാഷ്ട്രങ്ങള്‍ക്കും, വിശിഷ്യാ ഇന്ത്യന്‍ അമേരിക്കക്കാര്‍ക്കും, ഏറെ പ്രയോജനം ചെയ്യുമെന്ന്‌ വിദേശകാര്യ വകുപ്പു മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

ഇന്ത്യന്‍ അംബാസഡര്‍ എന്ന നിലയില്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണുവാന്‍ തന്നെക്കൊണ്ടു കഴിയാവുന്നതെല്ലാം ചെയ്യുമെന്നും, അതിനായി എല്ലാവരുടേയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും നിരുപമ റാവു അറിയിച്ചു.

അമേരിക്കയിലെ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്സ്‌ (ഐ.എന്‍.ഒ.സി.) സെക്രട്ടറി ജനറല്‍ ജോര്‍ജ്ജ്‌ എബ്രഹാം, ഐ.എന്‍.ഒ.സി. കേരള ചാപ്‌റ്റര്‍ സെക്രട്ടറി യു.എ. നസീര്‍, ഐക്യരാഷ്ട്രസഭ ഡപ്യൂട്ടി അംബാസഡര്‍ മന്‍ജീത്‌ സിംഗ്‌ പുരി, ന്യൂയോര്‍ക്ക്‌ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ വൈസ്‌ കോണ്‍സുലര്‍ പ്രമോദ്‌ ബജാജ്‌, വിദേശകാര്യ വകുപ്പു ഡയറക്ടറും മന്ത്രിയുടെ പ്രൈവറ്റ്‌്‌ സെക്രട്ടറിയുമായ സുഹൈല്‍ ഖാന്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

ഐക്യരാഷ്ട്ര സഭയിലെ സുരക്ഷാ ഉപദേശക സമിതിയിലും, ന്യൂജെഴ്‌സിയില്‍ നടന്ന ഇന്ത്യാ പ്രസ്സ്‌ ക്ലബ്ബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ഉദ്‌ഘാടന സമ്മേളനത്തിലും പങ്കെടുത്തശേഷം മന്ത്രി നവംബര്‍ 1-ന്‌ ഡല്‍ഹിയിലേക്ക്‌ തിരിച്ചു.

പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും: മന്ത്രി ഇ. അഹമ്മദ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക