Image

ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ ദേവാലയത്തില്‍ കേരളപ്പിറവി ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 06 November, 2011
ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ ദേവാലയത്തില്‍ കേരളപ്പിറവി ആഘോഷിച്ചു
ന്യൂയോര്‍ക്ക്‌: ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തില്‍, സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസിന്റേയും (എസ്‌.എം.സി.സി), മലയാളം സ്‌കൂളിന്റേയും സംയുക്താഭിമുഖ്യത്തില്‍ കേരളപ്പിറവി ആഘോഷിച്ചു. പാലാ, രാമപുരം സെന്റ്‌ അഗസ്റ്റിന്‍സ്‌ ഫൊറോനാ പള്ളി വികാരി റവ.ഡോ. ജോര്‍ജ്‌ ഞാറക്കുന്നേല്‍ ആഘോഷപരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌തു. ഏതു നാട്ടില്‍ ജീവിച്ചാലും മാതൃരാജ്യത്തേയും മാതൃഭാഷയേയും മറക്കരുതെന്ന്‌ അച്ചന്‍ തന്റെ ഉദ്‌ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഇവിടെ വളര്‍ന്നുവരുന്ന പുതിയ തലമുറയെ അത്യാവശ്യം നമ്മുടെ മാതൃഭാഷ പഠിപ്പിക്കണമെന്നും അങ്ങനെ അവരേയും നമ്മുടെ സംസ്‌കാരത്തില്‍ വളര്‍ത്തിക്കൊണ്ടുവരുവാന്‍ മാതാപിതാക്കള്‍ ശ്രദ്ധാലുക്കളായിരിക്കണമെന്നും അച്ചന്‍ ഉത്‌ബോധിപ്പിച്ചു.

വികാരി ഫാ. ജോസ്‌ കണ്ടത്തിക്കുടി അധ്യക്ഷതവഹിച്ചു. അക്ഷരങ്ങളുടെ ലോകത്തേക്ക്‌ കടന്നുവന്ന പുതിയ കുട്ടികളുടെ ആദ്യാക്ഷരം കുറിക്കുന്ന `അരിയിലെഴുത്ത്‌' ഫാ. ജോസ്‌ കണ്ടത്തിക്കുടി നിര്‍വ്വഹിച്ചു.

മലയാളം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മേരിക്കുട്ടി തെള്ളിയാങ്കല്‍ കഴിഞ്ഞ ഒരുവര്‍ഷത്തെ സ്‌കൂളിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ട്രസ്റ്റിമാരായ ഇട്ടൂപ്പ്‌ കണ്ടംകുളം, ജോട്ടി പ്ലാത്തറ, സെക്രട്ടറി തോമസ്‌ ചാമക്കാല, എസ്‌.എം.സി.സി പ്രസിഡന്റ്‌ ജോസ്‌ ഞാറക്കുന്നേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മലയാളം സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച വൈവിധ്യങ്ങളായ കലാപരിപാടികള്‍ ചടങ്ങിന്‌ മോടികൂട്ടി. ജോസഫ്‌ കാഞ്ഞമല സ്വാഗതവും, ജോസ്‌ വാമറ്റം നന്ദിയും പറഞ്ഞു. എല്‍ദോ കുരുന്നപ്പള്ളി എം.സിയായിരുന്നു.

ബ്രോങ്ക്‌സ്‌ ദേവാലയ വാദ്യമേള ട്രൂപ്പിന്റെ അരങ്ങേറ്റവും കേരളപ്പിറവിയോടനുബന്ധിച്ച്‌ നടന്നു. പൗലോസ്‌ പെരുമറ്റത്തിന്റെ നേതൃത്വത്തില്‍ സംഘം അവതരിപ്പിച്ച ചെണ്ടമേളം ഏവരുടേയും പ്രശംസ പിടിച്ചുപറ്റി.

ജോസി പൈലി, ജോജോ ഒഴുകയില്‍, സിബിച്ചന്‍ മാമ്പള്ളി, സിസിലി കൂവള്ളൂര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.

ഷോളി കുമ്പിളുവേലി അറിയിച്ചതാണിത്‌.
ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ ദേവാലയത്തില്‍ കേരളപ്പിറവി ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക