Image

ഫോമാ എമ്പയര്‍ റീജിയന്‍ കണ്‍വെന്‍ഷന്‍

Published on 07 November, 2011
ഫോമാ എമ്പയര്‍ റീജിയന്‍ കണ്‍വെന്‍ഷന്‍
നാനുവെറ്റ്‌ (ന്യൂയോര്‍ക്ക്‌): കലാപരിപാടികളും നര്‍മ്മ മധുരമായ പ്രസംഗങ്ങളും ഫോമാ എമ്പയര്‍ റീജിയന്‍ കണ്‍വെന്‍ഷന്‍ ആസ്വാദ്യകരമാക്കി. കേരളപ്പിറവിയും ദീപാവലിയും ഇതോടൊപ്പം ആഘോഷിച്ചു.

താലപ്പൊലിയുടേയും ചെണ്ടമേളത്തിന്റേയും അകമ്പടിയില്‍ ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍, സെക്രട്ടറി ബിനോയി തോമസ്‌, ട്രഷറര്‍ ഷാജി എഡ്വേര്‍ഡ്‌, കണ്‍വെന്‍ഷന്‍ ചെയര്‍ സണ്ണി പൗലോസ്‌ തുടങ്ങിയ ദേശീയ നേതാക്കളെ എതിരേറ്റ്‌ നടന്ന ഘോഷയാത്രയോടെ സമ്മേളനം ആരംഭിച്ചു.

എമ്പയര്‍ റീജിയന്‍ സെക്രട്ടറി ബിജു ഉമ്മന്‍ സ്വാഗതവും റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ എം.എ. മാത്യു ആമുഖ പ്രസംഗവും പരിചയപ്പെടുത്തലും നടത്തി.

ന്യൂയോര്‍ക്ക്‌ മെട്രോ റീജിയനും എമ്പയര്‍ റീജയനും ഒന്നിച്ച്‌ കഴിഞ്ഞവര്‍ഷം നടത്തിയ കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിനേക്കാള്‍ കൂടുതല്‍ പേര്‍ ഇത്തവണ ഒറ്റയ്‌ക്ക്‌ നടത്തിയ കണ്‍വെന്‍ഷനില്‍ പങ്കെടുത്തുവെന്നത്‌ ചാരിതാര്‍ത്ഥ്യജനകമാണെന്ന്‌ ബേബി ഊരാളില്‍ പറഞ്ഞു. സംഘടനയുടെ നെടുംതൂണാണ്‌ എമ്പയര്‍ റീജിയന്‍. ഇവിടെനിന്നാണ്‌ ഏറ്റവും അധികം ഗ്രാന്റ്‌ സ്‌പോണ്‍സര്‍മാര്‍- ജോണ്‍ ആകശാല, മാത്യു അത്തിമറ്റം, തമ്പി സെബാസ്‌റ്റിയന്‍ എന്നിവര്‍. മെട്രോ റീജിയനില്‍ നിന്ന്‌ വര്‍ക്കി ഏബ്രഹാം, സ്റ്റീഫന്‍ ഊരാളില്‍ എന്നിവര്‍. ഇക്കാര്യത്തിലും ഇരു റീജിയനുകള്‍ക്കും ഇനിയും മത്സരിക്കാവുന്നതാണ്‌.

ജനുവരി 14-ന്‌ കോട്ടയത്ത്‌ വെച്ച്‌ നടക്കുന്ന കേരളാ കണ്‍വെന്‍ഷനില്‍ കഴിയുന്നത്ര പേര്‍ പങ്കെടുക്കണമെന്ന്‌ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

അടുത്തവര്‍ഷം ഓഗസ്റ്റ്‌ ഒന്നുമുതല്‍ കാര്‍ണിവല്‍ ഗ്ലോറി എന്ന ഉല്ലാസ കപ്പലില്‍ നടക്കുന്ന `കണ്‍വെന്‍ഷന്‍ അറ്റ്‌ സീ'ക്ക്‌ ഇതിനോടകം 86 പേര്‍ രജിസ്റ്റര്‍ ചെയ്‌തതായി സെക്രട്ടറി ബിനോയി തോമസ്‌ പറഞ്ഞു. ബാല്‍ക്കണിയുള്ള ക്യാബിനുകളൊക്കെ തീര്‍ന്നു. ഇനിയുള്ളത്‌ ഓഷ്യന്‍ വ്യൂ, ഇന്‍സൈഡ്‌ ക്യാബിന്‍ എന്നിവയാണ്‌. നാലംഗ കുടുംബത്തിന്‌ പറ്റിയ ക്യാബിനുകള്‍ ലഭിക്കാന്‍ ഏറ്റവും നേരത്തെ തന്നെ ബുക്ക്‌ ചെയ്യണം.

കണ്‍വെന്‍ഷനില്‍ 24 മണിക്കൂറും പ്രോഗ്രാമുകളാണ്‌. കുട്ടികള്‍ക്കും ടീനേജേഴ്‌സിനും വിവാഹിതര്‍ക്കും അവിവാഹിതര്‍ക്കുമായി പ്രത്യേക പരിപാടികള്‍. അതിനു പുറമെ മലയാളി പരിപാടികളും സമ്മേളനങ്ങളുമെല്ലാമാവുമ്പോള്‍ കണ്‍വെന്‍ഷന്‍ ജീവിതകാലമത്രയും ഓര്‍മ്മിക്കേണ്ട അനുഭവമാകും.

കപ്പലില്‍ വെച്ച്‌ ഒരു മലയാള സിനിമ പിടിക്കാനുള്ള അനുവാദം തേടി ഒരു പ്രമുഖ നിര്‍മ്മാതാവ്‌ സമീപിച്ചിട്ടുണ്ട്‌. തിരിച്ചുവരുമ്പോള്‍ ആരൊക്കെ നടീനടന്മാരാകുമെന്ന്‌ ആരു കണ്ടു? മാണി സി. കാപ്പനെ പോലെയുള്ള (നിര്‍മ്മാതാവും, സംവിധായകനും) ബേബി ഊരാളില്‍, വില്ലന്‍ ലുക്കുള്ള ഷാജി എഡ്വേര്‍ഡ്‌, മമ്മൂട്ടിയുടെ മുഖച്ഛായയുള്ള അനിയന്‍ ജോര്‍ജ്‌, ശ്രീനിവാസനെപ്പോലെയുള്ള എം.എ. മാത്യു, ജയറാമിനെപ്പോലെയിരിക്കുന്ന സണ്ണി പൗലോസ്‌.........ഇവരൊക്കെ താരങ്ങളാവില്ലെന്നാരുകണ്ടു?

തലേന്ന്‌ അംബാസിഡര്‍ നിരുപമ റാവു സംഘടിപ്പിച്ച ദീപാവലി വിരുന്നില്‍ പങ്കെടുക്കുകയുണ്ടായി. നടനും മുന്‍ കേന്ദ്രമന്ത്രിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ മലയാളികള്‍ ദീപാവലി ആഘോഷിക്കുമോ എന്ന്‌ തന്നോടു ചോദിക്കുകയുണ്ടായി. ദീപാവലി മാത്രമല്ല ആഘോഷിക്കാനുള്ള ഏതൊരു അവസരവും മലയാളികള്‍ പാഴാക്കില്ലെന്ന്‌ പറഞ്ഞു.

തിന്മയുടെ മേല്‍ നന്മ നേടിയ വിജയമാണ്‌ ദീപാവലി. ആറുവര്‍ഷം മുമ്പ്‌ നമ്മുടെ ചില നേതാക്കള്‍ ഭിന്നതയുടെ അന്ധകാരത്തില്‍ വീണപ്പോള്‍ തെളിഞ്ഞുവന്ന ദീപമാണ്‌ ഫോമ. അത്‌ ഉത്തരോത്തരം പ്രകാശം ചൊരിയുകതന്നെ ചെയ്യും.

സ്റ്റേറ്റ്‌ സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ന്റെ ഉറ്റ സഹായിയും, ഒബാമ കെയറിന്റെ അണിയറ പ്രവര്‍ത്തകരിലൊരാളായും പ്രവര്‍ത്തിച്ച നീരാ ടാണ്‌ഡനെ പ്രമുഖ തിങ്ക്‌ ടാങ്കിന്റെ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടറായി നിയമിച്ചപ്പോള്‍ മുഖ്യധാരാ പത്രങ്ങളിലും ഇന്ത്യാ എബ്രോഡിലും മറ്റും പ്രധാന വാര്‍ത്തയായിരുന്നു. നമ്മുടെ ഇടയില്‍ നിന്ന്‌ മുഖ്യധാരാ രാഷ്‌ട്രീയത്തിലേക്ക്‌ കൂടുതല്‍ ആളുകള്‍ എത്തേണ്ടതുണ്ട്‌. തന്റെ സ്റ്റേറ്റായ മേരിലാന്റ്‌ സ്റ്റേറ്റ്‌ ലെജിസ്ലേച്ചറില്‍ മൂന്നു ഇന്ത്യക്കാരുണ്ട്‌.

റോക്ക്‌ലാന്റ്‌ കൗണ്ടി ലെജിസ്ലേച്ചറായി ആനി പോള്‍ മത്സരിക്കുന്നത്‌ സന്തോഷകരമാണ്‌. സംഘടനാതലത്തില്‍ അവരോട്‌ അഭിപ്രായവ്യത്യാസമുണ്ടാകാം. പക്ഷെ ഇലക്ഷന്‍ വരുമ്പോള്‍ നാം ഒന്നാണ്‌. അവരുടെ വിജയത്തിനായി നാം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം- ബിനോയി തോമസ്‌ പറഞ്ഞു.

വെള്ളത്തിലാണ്‌ അടുത്ത കണ്‍വെന്‍ഷന്‍ എന്നതില്‍ പുതമയൊന്നും ഇല്ലെന്ന്‌ സണ്ണി പൗലോസ്‌ പറഞ്ഞു. എല്ലാ കണ്‍വെന്‍ഷനുകളും `വെള്ളത്തില്‍' തന്നെയാണ്‌ നടന്നിട്ടുള്ളത്‌. ഇപ്രാവശ്യമത്‌ കടലില്‍ വെച്ച്‌ എന്നതാണ്‌ പ്രത്യേകത.

ഫോമാ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കുന്ന ജോര്‍ജ്‌ മാത്യു, ട്രഷററായി മത്സരിക്കുന്ന വര്‍ഗീസ്‌ ഫിലിപ്പ്‌ എന്നിവര്‍ അടുത്ത കണ്‍വെന്‍ഷന്‍ ഫിലാഡല്‍ഫിയയില്‍ ആകേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ഫിലാഡല്‍ഫിയയില്‍ നിന്ന്‌ ഏതാനും പേര്‍ കണ്‍വെന്‍ഷനെത്തി. ഫിലാഡല്‍ഫിയയിലെ കല, മാപ്പ്‌ എന്നിവയ്‌ക്കുപുറമെ ന്യൂജേഴ്‌സിയില്‍ നിന്നുള്ള രണ്ടു സംഘടനകളും തന്നെ എന്‍ഡോഴ്‌സ്‌ ചെയ്‌തത്‌ ജോര്‍ജ്‌ മാത്യു അനുസ്‌മരിച്ചു.

മറ്റൊരു പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥിയായ രാജു വര്‍ഗീസ്‌, സെക്രട്ടറി സ്ഥാനാര്‍ത്ഥി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ എന്നിവര്‍ വന്നില്ലെങ്കിലും അവരെപ്പറ്റി റീജിയണല്‍ കണ്‍വെന്‍ഷന്റെ ചെയറായ ഗോപിനാഥകുറുപ്പ്‌ നല്ലൊരു വിശദീകരണം നല്‍കി. ഗോപിനാഥ കുറുപ്പ്‌ സെക്രട്ടറി സ്ഥാനാര്‍ത്ഥിയാണ്‌. ആര്‌ പ്രസിഡന്റായാലും താന്‍ അവരോടൊപ്പം സജീവമായി പ്രവര്‍ത്തിക്കുമെന്ന്‌ ഗോപിനാഥ കുറുപ്പ്‌ പറഞ്ഞു.

മറ്റൊരു ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായ ഡോ. ജേക്കബ്‌ തോമസ്‌ അടുത്ത കണ്‍വെന്‍ഷന്‍ ഫിലാഡല്‍ഫിയയില്‍ എന്നതില്‍ തര്‍ക്കമില്ലെന്നു ചൂണ്ടിക്കാട്ടി. എല്ലാവരുടേയും പിന്തുണയും അഭ്യര്‍ത്ഥിച്ചു.

കലാപരിപാടികള്‍ക്ക്‌ അനിതാ മേനോന്‍ ആയിരുന്നു എം.സി.
ഫോമാ എമ്പയര്‍ റീജിയന്‍ കണ്‍വെന്‍ഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക