Image

ഇലക്ഷന്‍ നാളെ; ഇന്ത്യക്കാരും രംഗത്ത്‌

Published on 07 November, 2011
ഇലക്ഷന്‍ നാളെ; ഇന്ത്യക്കാരും രംഗത്ത്‌
ന്യൂയോര്‍ക്ക്‌: നാളെ (ചൊവ്വ) വിവിധ സ്റ്റേറ്റുകളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ്‌ അടുത്ത വര്‍ഷത്തെ പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്റെ ചൂണ്ടുപലകയാകും. ന്യൂയോര്‍ക്ക്‌- ന്യൂജേഴ്‌സി സ്റ്റേറ്റുകളില്‍ ഏതാനും ഇന്ത്യക്കാര്‍ മത്സര രംഗത്തുണ്ടെന്നത്‌ ഇന്ത്യന്‍ സമൂഹത്തിനും ഇലക്ഷന്റെ പ്രാധാന്യം കുറിക്കുന്നു.

ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്റ്‌ കൗണ്ടിയില്‍ കൗണ്ടി ലജിസ്ലേറ്ററായി ആനി പോള്‍ പതിനാലാം ഡിസ്‌ട്രിക്‌ടില്‍ നിന്ന്‌ മത്സരിക്കുന്നു. ക്ലാര്‍ക്ക്‌സ്‌ ടൗണ്‍ കൗണ്‍സിലിലേക്ക്‌ ഷിബു ഏബ്രഹാമും മത്സരിക്കുന്നു. ഇന്ത്യക്കാര്‍ ഏറെയുള്ള ഈ മണ്‌ഡലങ്ങളില്‍ ഇന്ത്യന്‍ വോട്ടുകള്‍ ലഭിച്ചാല്‍ തന്നെ ഇരുവരുടേയും വിജയസാധ്യതയേറും. അതിനാല്‍ മറക്കാതെ വോട്ടുചെയ്യുക.

ന്യൂജേഴ്‌സിയിലെ പതിനേഴാം ഡിസ്‌ട്രിക്‌ടില്‍ നിന്ന്‌ അസംബ്ലിമാന്‍ ഉപേന്ദ്ര ചിവുക്കുള ആറാം തവണയും മത്സരിക്കുന്നു. ഈയിടയ്‌ക്ക്‌ അറുപതാം പിറന്നാള്‍ ആഘോഷിച്ച ചിവുക്കുള മലയാളി സമൂഹത്തിന്റെ ഉറ്റമിത്രവുമാണ്‌. അദ്ദേഹത്തിന്റെ വിജയസാധ്യതയെപ്പറ്റി സംശയമൊന്നുമില്ല. പൊതുവില്‍ ഡെമോക്രാറ്റുകള്‍ക്ക്‌ രാജ്യമാകെ കഷ്‌ടകാലമാണെങ്കിലും ന്യൂജേഴ്‌സിയില്‍ സ്ഥിതി മെച്ചമാണ്‌. ഗവര്‍ണര്‍ ക്രിസ്‌ ക്രിസ്റ്റി റിപ്പബ്ലിക്കനും ജനപ്രിയനുമാണെങ്കിലും.

ഓസ്‌ബറി പാര്‍ക്ക്‌, ഫ്രീഹോള്‍ഡ്‌ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ഡിസ്‌ട്രിക്‌ട്‌ 11-ല്‍ നിന്ന്‌ 26-കാരനായ വിന്‍ ഗോപാല്‍ ഡെമോക്രാറ്റായി മത്സരിക്കുന്നു. വിനോദ്‌ ഗോപാലിന്റെ പിതാവ്‌ ഡോ. കൃഷ്‌ണമേനോന്‍ വൈക്കം സ്വദേശിയാണ്‌. ഡോക്‌ടറായ അമ്മ തമിഴ്‌നാട്‌ സ്വദേശിനിയും. പ്രാദേശികതലത്തില്‍ പത്രങ്ങളും മാസികകളും പ്രസിദ്ധീകരിക്കുകയും മറ്റു ബിസിനസ്‌ രംഗത്ത്‌ വിജയം നേടുകയും ചെയ്‌ത വിന്‍ ഗോപാല്‍ മത്സരിക്കുന്ന മണ്‌ഡലത്തില്‍ ഇപ്പോള്‍ ഡമോക്രാറ്റുകള്‍ക്കാണ്‌ ഭൂരിപക്ഷം.

ഡോ. വാസീം ഖാന്‍ ഡിസ്‌ട്രിക്‌ട്‌ 26-ല്‍ നിന്ന്‌ സെനറ്റിലേക്ക്‌ മത്സരിക്കുന്നു. കഴിഞ്ഞ തവണ റിപ്പബ്ലിക്കനായ ജോസഫ്‌ പിനാഷ്യോയോടു വാസീം ഖാന്‍ പരാജയപ്പെട്ടിരുന്നു. എങ്കിലും ഇത്തവണ സ്ഥിതി വ്യത്യസ്‌തമാണെന്നാണ്‌ ഇദ്ദേഹത്തിന്റെ വിശ്വാസം.

ന്യൂജേഴ്‌സി എഡിസണ്‍ ടൗണ്‍ഷിപ്പില്‍ നിലവിലുള്ള കൗണ്‍സില്‍മാന്‍ ഡോ. സുധാംശു പ്രസാദ്‌ വീണ്ടും ജനവിധി തേടുന്നു. അടുത്തയിടെ ദസറ ആഘോഷത്തിന്‌ മേയറുടെ ഓഫീസ്‌ അനുമതി നിഷേധിച്ചപ്പോള്‍ അദ്ദേഹം അനുമതി സിറ്റി കൗണ്‍സിലില്‍ പാസാക്കി എടുക്കുകയായിരുന്നു. ടൗണിലെ ജനസംഖ്യയില്‍ 30 ശതമാനത്തിലേറെയുള്ള ഇന്ത്യക്കാരുടെ വക്താവാണദ്ദേഹം.

എഡിസണില്‍ തന്നെ റിപ്പബ്ലിക്കനായി ബീഹാര്‍ സ്വദേശി സാം ഖാനും കൗണ്‍സിലിലേക്ക്‌ മത്സരിക്കുന്നു. 5 സീറ്റിലേക്ക്‌ തെരഞ്ഞെടുപ്പ്‌ ഉള്ളതിനാല്‍ ഇന്ത്യന്‍ സമൂഹം മനസുവെച്ചാല്‍ ഇരുവരേയും വിജയിപ്പിക്കാവുന്നതേയുള്ളൂ.

വുഡ്‌ ബ്രിഡ്‌ജ്‌ ടൗണ്‍ഷിപ്പില്‍ പ്രമുഖ ആക്‌ടിവിസ്റ്റ്‌ പീറ്റര്‍ കോഠാരിയും മത്സരിക്കുന്നു.
ഇലക്ഷന്‍ നാളെ; ഇന്ത്യക്കാരും രംഗത്ത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക