Image

ഇനിയുമൊരു വസന്തം (ജോണ്‍മാത്യു)

Published on 25 February, 2014
ഇനിയുമൊരു വസന്തം (ജോണ്‍മാത്യു)
ശീതകാലത്തിന്റെ കാഠിന്യമാണ്‌ വസന്തത്തിനു സൗന്ദര്യമേകുക, ആകാംക്ഷയുണര്‍ത്തുക, ഏറെ നിറം പകരുക.

അപ്പോള്‍ നേരത്തെയെത്തുന്ന, താരതമ്യേന കൂടുതല്‍ക്കാലം നീണ്ടുനില്‌ക്കുന്ന ഹൂസ്റ്റന്‍വസന്തം സാധാരണരീതിയില്‍ മറ്റൊരു കാലം മാത്രമോ? അതിന്റെ തുടക്കം തന്നെ ഒരു കള്ളവസന്തത്തിലാണ്‌.

മേഘങ്ങളില്ലാത്ത ആകാശം, ചൂട്‌ ക്രമേണകൂടിവരുന്നു. തണുപ്പില്‍ മയങ്ങിക്കിടന്ന ചില്ലകള്‍ക്ക്‌ ഒരിക്കിളി, ഉണരാന്‍ നേരമായോ? വസന്തത്തിന്റെ നേരിയ ചൂടുള്ള കാറ്റ്‌ വീശിയപ്പോള്‍ മൊട്ടുകള്‍ വിരിയുന്നു, ശീതപ്പക്ഷികള്‍ വടക്കോട്ട്‌ യാത്രതുടങ്ങിക്കഴിഞ്ഞു. ഇതാ വരുന്നു പൊടുന്നെയൊരു ധ്രുവക്കാറ്റ്‌! ഒരൊറ്റ ദിവസം നാടിനെ വിറപ്പിച്ചുകൊണ്ട്‌; എന്നിട്ട്‌ ധ്രുവക്കാറ്റ്‌ ഞെളിഞ്ഞുനിന്ന്‌ വിടരാന്‍ കാത്തുനിന്ന മൊട്ടുകളോട്‌ ചൊല്ലുന്നു, അത്‌ നമ്മുടെ നാടന്‍ ശൈലിയില്‍ പറഞ്ഞാല്‍: `ആയിച്ചുപുളിച്ച പുളിശശേരീകയ്യിട്ടേ.'

വേണ്ട, പേടിക്കേണ്ട യഥാര്‍ത്ഥ വസന്തം പടിവാതിലില്‍ത്തന്നെ. പക്ഷേ, വിടരാന്‍ കൊതിച്ച പൂമൊട്ടുകള്‍ മഞ്ഞില്‍ ഉരുകിപ്പോയിരിക്കുന്നു. വസന്തംകണ്ട്‌ പറയുന്നയര്‍ന്ന കിളികള്‍ സംഭ്രമത്തിലും.

ഹൂസ്റ്റനില്‍ വസന്തത്തെ എതിരേല്‌ക്കുന്നതില്‍ സുപ്രധാനമായ ഒന്നാണ്‌ റോഡിയോ ഉത്സവം, അത്‌ കുതിരക്കുളമ്പടിയോടെ കൗബോയിത്തൊപ്പി ധരിച്ച്‌ ശോഭയാത്രയായി, നാട്ടിന്‍പുറങ്ങളില്‍നിന്ന്‌, കാളപ്പോരിന്റെ ഓര്‍മ്മപോലെ, നാടന്‍പാട്ടിന്റെ അകമ്പടിയോടെ ഇവിടേക്കു വരുന്നു. അപ്പോള്‍ നഗരം മുഴുവന്‍ റോഡിയോ ആഘോഷിക്കയായി.

വിശാലമായ മൈതാനങ്ങളില്‍ കൂടാരങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും.

വസന്തത്തിന്റെ നിറവും സൗരഭ്യവും നമ്മെ മറ്റ്‌ കാലങ്ങളെപ്പറ്റിയും കാലാവസ്ഥയെപ്പറ്റിയും ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. ഒരു കാലത്തിനും ഒറ്റക്ക്‌ നിലനില്‍പ്പില്ലല്ലോ.

വരുംതലമുറകള്‍ക്കും ഈ വസന്തം ഉണ്ടായിരിക്കുമോ? ഉണ്ടെന്നും ഇല്ലെന്നും ചൊല്ല്‌. ഈ വര്‍ഷത്തെ ശൈത്യം അസഹനീയമായിരുന്നെന്ന്‌ അനുഭവം. അത്‌ അസാധാരണമായിരുന്നെന്ന്‌ പറയുമ്പോള്‍ കഴിഞ്ഞകാലങ്ങളില്‍ എത്രയോ സുഖപ്രദമായിരുന്നെന്നുമുള്ള ധ്വനിയും. പക്ഷേ, കഴിഞ്ഞകാലങ്ങളെ പുകഴ്‌ത്തുന്നത്‌ കേവലം മനുഷ്യസ്വഭാവം മാത്രവും.

താപവര്‍ദ്ധനവ്‌ ചാക്രികമായിരിക്കാം, പക്ഷേ വ്യവസായ വിപ്ലവവും ജനസംഖ്യാവര്‍ദ്ധനവും, അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ത്വരിതഗതിയിലുള്ള ഉല്‌പാദനങ്ങളും പ്രാചീന ഇന്ധനങ്ങളുടെ അതിരുകവിഞ്ഞ കത്തിക്കലും ഈ താപവര്‍ദ്ധനയ്‌ക്ക്‌ ആക്കംകൂട്ടിയെന്ന്‌ പറഞ്ഞേതീരൂ.

പക്ഷിമൃഗാദികളും വിവിധ സസ്യങ്ങളും അന്യം നിന്നുപോകുന്നത്‌ സ്വയം സംഭവിച്ചുകൊണ്ടേയിരിക്കുന്നതാണോ, അതോ മനുഷ്യന്റെ കടന്നുകയറ്റം മൂലമോ. മനുഷ്യന്‍ വിചാരിച്ചാല്‍ ഈ അന്യം നില്‌ക്കലിന്‌ ഒരു ബ്രേക്കിടാന്‍ കഴിയുമോ?

സംഘടിതമതം, പ്രത്യേകിച്ച്‌ അതിലെ യാഥാസ്ഥിതിക വിഭാഗം, ചരിത്രപരമായി പലപ്പോഴും ശാസ്‌ത്രത്തിനു എതിരായിരുന്നു. ഇത്‌ പുതുമയൊന്നുമല്ല, അതായത്‌ ഇന്നും ഇന്നലെയും തുടങ്ങിയതുമല്ല. ചിലപ്പോള്‍ ബോധപൂര്‍വ്വമോ അല്ലെങ്കില്‍ അജ്ഞതയിലുറച്ചുള്ള നിരാകരണംകൊണ്ടോ ആകാം. താപവര്‍ദ്ധനവിനെതിരെ പോരാടാന്‍ അസാധാരണമായ മഞ്ഞുവീഴ്‌ചയാണ്‌ അവര്‍ ചൂണ്ടിക്കാണിക്കുന്നത്‌. പക്ഷേ, മഞ്ഞുവീഴ്‌ചയ്‌ക്കും ശീതക്കാറ്റിനും ഒപ്പംതന്നെയാണ്‌ കാലിഫോര്‍ണിയയിലെ വരള്‍ച്ചയും ചാനലുകള്‍ പ്രക്ഷേപണം ചെയ്യുന്നതെന്നും ഓര്‍ക്കണം.

മതവിഭാഗങ്ങള്‍ക്ക്‌ പിന്നീട്‌ നിലപാടുകള്‍ മാറ്റിയെഴുതേണ്ടതായും വന്നിട്ടുണ്ട്‌. സാമൂഹികശാസ്‌ത്രം ഉള്‍പ്പടെയുള്ള വിവിധ ശാസ്‌ത്രശാഖകള്‍ക്ക്‌ ഇത്‌ ബാധകവുമാണ്‌. രാഷ്‌ട്രീയ കക്ഷികള്‍ക്ക്‌ ലക്ഷ്യം അടുത്ത തെരഞ്ഞെടുപ്പുമാത്രവും, അവര്‍ക്ക്‌ വാക്കുകളുടെ പ്രയോഗങ്ങള്‍ വളച്ചൊടിക്കാം. ശാസ്‌ത്രത്തിന്‌ ഇന്നലെപ്പറഞ്ഞതില്‍ത്തന്നെ പിടിച്ചു നില്‌ക്കുന്ന നിര്‍ബന്ധബുദ്ധി വേണ്ടല്ലോ, പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പുതിയ കണ്ടെത്തലുകള്‍ നടത്തുകയുമാവാം.

ഏതാനും മാസങ്ങള്‍ക്കോ ആഴ്‌ചകള്‍ക്കോ മുന്‍പ്‌ ഒരു ശിശിരവും അതു നേര്‍ത്തുവരുന്ന ഹേമന്തവും ഉണ്ടായിരുന്നെന്ന കാര്യംതന്നെ ഇന്ന്‌ മറക്കുന്നതാണ്‌ സൗകര്യം. ഇനിയും വരാന്‍പോകുന്ന പരാതി വരള്‍ച്ചയെപ്പറ്റിയും മൂന്നക്കത്തില്‍നില്‍ക്കുന്ന താപനിലയെപ്പറ്റിയും ആയിരിക്കും. അതുകൊണ്ട്‌ ഈ വസന്തത്തില്‍ പൂച്ചെടികള്‍ നട്ടുപിടിപ്പിക്കുക, അത്‌ നമ്മുടെ തോട്ടങ്ങളിലേക്ക്‌ ചിത്രശലഭങ്ങളെ ആകര്‍ഷിക്കും. മനോഹരമായ ഒരു വസന്തം നമുക്കു മുന്നില്‍ക്കാണാം, അതിനോടൊപ്പംതന്നെ ദാനമായിക്കിട്ടിയ ഭൂമി കേടുകളില്ലാതെ വരുംതലമുറകളിലേക്കും കൊടുക്കുക.
ഇനിയുമൊരു വസന്തം (ജോണ്‍മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക