Image

ചാനലുകള്‍ സ്വയം നാണംകെടുമ്പോള്‍

Published on 09 November, 2011
ചാനലുകള്‍ സ്വയം നാണംകെടുമ്പോള്‍
കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല ചാനല്‍ വാര്‍ത്താ മാധ്യമങ്ങളെ വിമര്‍ശിച്ചത്‌ വെറുമൊരു രാഷ്‌ട്രീയ പ്രസംഗമായി മാത്രം കാണാന്‍ കഴിയില്ല. ചാനലുകള്‍ മാധ്യമസ്വാതന്ത്രത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കുകയാണെന്നായാരുന്നു രമേശ്‌ ചെന്നിത്തല കഴിഞ്ഞ ദിവസം ഹരിപ്പാട്‌ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്‌. ചാനലുകളിലെ വാര്‍ത്താ അവതാരകര്‍ എന്തും ചോദിക്കുമെന്ന നിലയിലേക്ക്‌ എത്തുകയാണെന്നുമൊക്കെ ചെന്നിത്തല വിമര്‍ശനമുന്നയിച്ചു. ഭരണം നിലനിര്‍ത്താന്‍ ഒരു നൂല്‍പ്പാലത്തിലൂടെ പോകുന്ന യുഡിഎഫ്‌ സര്‍ക്കാരിനെ ചാനലുകള്‍ വിടാതെ പിന്തുടരുന്നത്‌ കണ്ടിട്ടാണ്‌ രമേശ്‌ചെന്നിത്തല പൊട്ടിത്തെറിച്ചതെങ്കിലും, പക്വതയേറിയ മാധ്യമ പ്രവര്‍ത്തനത്തിനും മാധ്യമ സംസ്‌കാരത്തിനും പേരുകേട്ട മലയാളത്തിലെ വാര്‍ത്താ ചാനലുകള്‍ ചിലപ്പോഴെങ്കിലും ചില അതിരുകള്‍ ലംഘിക്കുന്നുണ്ടോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. അത്‌ രമേശ്‌ ചെന്നിത്തല പറഞ്ഞുവെച്ച രീതിയിലല്ല എന്നു മാത്രം.

കേരളത്തില്‍ വാര്‍ത്താ ചാനലുകള്‍ ഏറിയപ്പോള്‍ തങ്ങളുടെ സമയം ഏറ്റവും മികച്ച ആഘോഷ വിഷ്വലുകളും കമന്റുകളും കൊണ്ട്‌ നിറക്കാന്‍ ചാനലുകള്‍ കഷ്‌ടപ്പെടുന്നിടത്താണ്‌ പലപ്പോഴും ദൃശ്യമാധ്യമങ്ങളുടെ പക്വത നഷ്‌ടപ്പെടുന്നത്‌. തങ്ങളുടെ പ്രൈടൈം നിറക്കാന്‍ അവര്‍ രാഷ്‌ട്രീയക്കാര്‍ക്ക്‌ പിന്നാലെ മൈക്കുമായി പായുന്നു. എന്നാല്‍ കണ്‍മുമ്പുള്ള വാര്‍ത്തകള്‍ പലതും കാണാതെയും പോകുന്നു. ഇവിടെ പലപ്പോഴും രാഷ്‌ട്രീയക്കാരന്റെ മുമ്പില്‍ ചെന്ന്‌ അടി വാങ്ങി തിരിച്ചു പോരുന്ന ചാനലുകാര്‍ ഒരു സ്ഥിരം കാഴ്‌ചയാകുന്നു.

ഒരു ഉദാഹരണം മാത്രം പറയാം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച സീറ്റുകള്‍ ലഭിച്ചില്ല എന്നതിനാല്‍ മാണിക്കും മാണി വിഭാഗത്തിനു മുണ്ടായ അതൃപ്‌തി രാഷ്‌ട്രീയ കേരളത്തില്‍ ചര്‍ച്ചയായിരിക്കുന്ന സമയം. മാണി അതൃപ്‌തനെങ്കില്‍ വാര്‍ത്തക്കായി ഇനിയെങ്ങും പോകേണ്ടെന്ന തീരുമാനത്തില്‍ ചാനലുകള്‍ മാണിസാറിനു മുമ്പില്‍ മൈക്കുമായി നിന്നു. കോണ്‍ഗ്രസിനെതിരെ ദിവസത്തിന്‌ രണ്ടും മൂന്നും പ്രസ്‌താവനകളും കുത്തലുകളുമൊക്കെ മാണി ചാനലുകാര്‍ യഥേഷ്‌ടം നല്‍കി. ദിവസങ്ങള്‍ പിന്നിട്ടു. യുഡിഎഫില്‍ പ്രശ്‌ന പരിഹാരമായി. മാണിയും കോണ്‍ഗ്രസും വീണ്ടും ഒന്നിച്ചു. അവസാന യുഡിഎഫ്‌ സൗഹൃദചര്‍ച്ചക്കിടെ മാണിയൊരു സത്യം തുറന്നു പറഞ്ഞു. ``അവര്‍ മൈക്കുമായി വന്ന്‌ കുത്തി കുത്തി ഓരോന്ന്‌ ചോദിച്ചപ്പോള്‍ ഞാന്‍ എന്തൊക്കെയോ പറഞ്ഞു പോയി''. അങ്ങനെ മാണിയുടെ പ്രസ്‌താവനകള്‍ ലീഡ്‌ ന്യൂസായി വിളിച്ചു പറഞ്ഞു നടന്ന ചാനലുകാര്‍ പ്രതിക്കൂട്ടിലുമായി. മാധ്യമ പ്രവര്‍ത്തനമെന്നത്‌ വെറും കുത്തി കുത്തി ചോദിക്കല്‍ അഥവാ കുശുമ്പു പറയിക്കല്‍ എന്ന നിലവാരത്തിലുമായി.

സത്യത്തില്‍ സെന്‍സേഷനുകള്‍ക്ക്‌ വേണ്ടി പലകാര്യങ്ങള്‍ക്കും അര്‍ഹിക്കുന്നതില്‍ അധികം പരിഗണന കൊടുക്കുന്നതാണ്‌ ചാനലുകള്‍ നേരിടുന്ന പ്രശ്‌നം. ഇവര്‍ പലപ്പോഴും പറയുന്നത്‌ വാര്‍ത്ത തന്നെയോ എന്ന്‌ പോലും തോന്നിപ്പോകുന്ന അവസരങ്ങളും കുറവല്ല. അതിരു വിടുമ്പോള്‍ റൂപ്പര്‍ മര്‍ഡോക്കുമാര്‍ ചെരുപ്പേറു വാങ്ങുന്ന കാലത്ത്‌ മലയാളത്തിലെ ദൃശ്യമാധ്യമങ്ങള്‍ കുറച്ചുകൂടി പക്വത പ്രകടിപ്പിക്കണമെന്ന്‌ പ്രേക്ഷകര്‍ ആഗ്രഹിച്ചു പോയാല്‍ തെറ്റു പറയാന്‍ കഴിയില്ല.

നമ്മുടെ ചാനല്‍ ചര്‍ച്ചകളാണ്‌ ഇവിടെ ഏറ്റവും പരിഹാസ്യമാക്കപ്പെടുന്നത്‌. വാര്‍ത്താ പ്രധാന്യമേറുന്ന വിഷയങ്ങളില്‍, പ്രസ്‌തുത വിഷയങ്ങളുമായി ഏറെ പരിചയമുള്ള വ്യക്തികളെയോ, വിഷയവുമായി നേരിട്ട്‌ ബന്ധപ്പെടുന്ന വ്യക്തികളെയോ ചര്‍ച്ചകള്‍ക്കായി ചാനല്‍ ഫ്‌ളോറില്‍ എത്തിക്കുന്നത്‌ മനസിലാക്കാം. പക്ഷെ പലപ്പോഴും നമ്മള്‍ വാര്‍ത്താ ചാനലുകളുടെ വേദികളില്‍ എത്തുന്നത്‌ വിഷയവുമായി യാതൊരു ബന്ധവുമില്ലാത്തവരായിരിക്കും. അങ്ങ്‌ രാംലീലാ മൈതാനില്‍ അണ്ണാഹസാരെയുടെ സമരം നടക്കുമ്പോള്‍ ഇങ്ങ്‌ കേരളത്തിലെ ചാനലുകളില്‍ പല രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കള്‍ വന്ന്‌ യാതൊരു ഗൗരവ സ്വഭാവവും ഇല്ലാതെ ചര്‍ച്ച നടത്തുന്നത്‌ എത്രയോ തവണ കണ്ടിരിക്കുന്നു. ഇവിടെയാണ്‌ ന്യൂസ്‌ നൈറ്റുകള്‍ ചര്‍ച്ചകള്‍ കൊണ്ട്‌ ആഘോഷമാക്കണമെന്ന ചാനലുകളുടെ നിര്‍ബന്ധ ബുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടത്‌.

മറ്റൊന്ന്‌ രാഷ്‌ട്രീയക്കാര്‍ക്ക്‌ തങ്ങളുടെ ഭാഗങ്ങള്‍ ന്യായീകരിക്കാനുള്ള വേദി മാത്രമായി ചാനലുകള്‍ മാറുന്നു എന്നതാണ്‌. ഇവിടെ നടക്കുന്ന ചര്‍ച്ചകള്‍ പലപ്പോഴും നിഷ്‌പക്ഷങ്ങളുമല്ല. തര്‍ക്കിക്കാനും വാദിക്കാനും കൂടുതല്‍ കഴിവുള്ളവന്‍ ചര്‍ച്ചയില്‍ ജയിക്കുമെന്നതാണ്‌ നമ്മുടെ ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം കലാപരിപാടി.

എന്തിനും ഏതിനും ചര്‍ച്ചകള്‍ സംഘടിപ്പിക്കുമ്പോള്‍ എന്താണ്‌ ചോദിക്കേണ്ടത്‌ എന്ന്‌ തിട്ടമില്ലാതെ പോകുന്ന അവതാരകരുടെ അവസ്ഥയാണ്‌ മറ്റൊരു പ്രധാന പ്രശ്‌നം. മലയാള മാധ്യമരംഗത്തെ കുലപതിയായി വിശേഷിപ്പിക്കപ്പെടുന്ന മനോരമ മുന്‍ ചീഫ്‌ എഡിറ്റര്‍ കെ.എം മാത്യു വിടപറഞ്ഞ ദിവസത്തെ ഒരു ചാനല്‍ ചര്‍ച്ച ഇവിടെ പറയാതെ പോവാന്‍ കഴിയില്ല. പ്രസ്‌തുത ദിവസം കെ.എം മാത്യുവിന്റെ വിടവാങ്ങലായിരുന്ന മിക്ക ചാനലുകളിലെയും ചര്‍ച്ച. ഒരു ചാനലിന്‌ മനോരമ എഡിറ്റോറിയില്‍ വിഭാഗം തലവന്‍ തോമസ്‌ ജേക്കബിനെ ടെലിഫോണ്‍ ലൈനില്‍ കിട്ടി. സ്വാഭാവികമായും സാഹചര്യത്തിന്റെ മര്യാദ പ്രതീക്ഷിച്ച്‌ പ്രേക്ഷകര്‍ വിചാരിച്ചത്‌ കെ.എം മാത്യുവിന്റെ നിര്യാണത്തില്‍ മനോരമയുടെ ഭാഗത്തു നിന്നുള്ള കമന്റ്‌ തോമസ്‌ ജേക്കബ്ബിനോട്‌ അവതാരകന്‍ ചോദിക്കുമെന്നാണ്‌. പക്ഷെ അവാതരകന്റെ ചിന്ത അതിലെല്ലാം മുകളിലായിരുന്നു. എന്തുകൊണ്ട്‌ മനോരമ ദൃശ്യമാധ്യമ രംഗത്തേക്ക്‌ കടന്നു വരാന്‍ തമാസിച്ചു എന്നായിരുന്നു ചാനല്‍ അവതാരകന്റെ ചോദ്യം. വിഷയവും ചാനല്‍ അവതാരകന്റെ ചോദ്യവും തമ്മില്‍ മോരും മുതിരയും തമ്മിലുള്ള വിത്യാസമുണ്ടെന്നത്‌ ആരെങ്കിലും ചാനലിനെ ധരിപ്പിച്ചിട്ടുണ്ടാകുമോ എന്നറിയില്ല.

രാഷ്‌ട്രീക്കാര്‍ക്ക്‌ തങ്ങളുടെ നാടകങ്ങള്‍ക്കും കഥാപ്രസങ്ങള്‍ക്കും വേദിയൊരുക്കി നല്‍കുന്നതും നമ്മുടെ ചാനലുകള്‍ തന്നെ. ചാനലുകളില്‍ നല്‍കപ്പെടും എന്നതുകൊണ്ട്‌ കരയാനും, കാലുപിടിക്കാനും മടിക്കാത്ത അവസ്ഥയിലേക്ക്‌ എത്തിയിരിക്കുന്നു നമ്മുടെ രാഷ്‌ട്രീയക്കാര്‍. ഇതിന്‌ മറ്റൊരു മറുവശവുമുണ്ട്‌. കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചക്കിടെ പി.സി ജോര്‍ജ്ജ്‌ എം.എല്‍.എ ഒരു ചാനല്‍ അവതാരകയെ ``പൊന്നുമോളെ'' എന്ന്‌ പല തവണ വിശേഷിപ്പിക്കുന്നത്‌ കേട്ടു. സംഗതി തന്റെ സംഭാഷണ ശൈലിയുടെ ഭാഗമാണെന്ന്‌ പി.സി ജോര്‍ജ്ജിന്‌ വാദിക്കാം. പക്ഷെ തന്റെ ഔദ്യോഗികകാര്യത്തിനിടയില്‍ ഒരു മാധ്യമപ്രവര്‍ത്തകയ്‌ക്ക്‌ കേള്‍ക്കാന്‍ പാടില്ലാത്ത പ്രയോഗം തന്നെയാണ്‌ `പൊന്നുമോളെ' എന്ന വിളി. ഇത്തരം `വിളികള്‍' ചോദിച്ചു വാങ്ങുന്നത്‌ നമ്മുടെ ചാനലുകള്‍ തന്നെ. എന്തും പറയാനും പ്രസംഗിക്കാനുമുള്ള ധൈര്യം രാഷ്‌ട്രീയക്കാര്‍ക്ക്‌ ഉണ്ടാക്കികൊടുത്തതും ഈ ചാനലുകള്‍ തന്നെയല്ലേ. അവഗണിക്കേണ്ട ശബ്‌ദങ്ങള്‍ അവഗണിക്കാനുള്ള വിവേചന ബുദ്ധി നഷ്‌ടപ്പെട്ടപ്പോള്‍ ഇങ്ങനെയൊക്കെ തിരിച്ചടികള്‍ ഉണ്ടാകുമെന്ന്‌ ചാനലുകള്‍ കരുതിയിരിക്കില്ല.

ഇനി ചാനലുകളുടെ മറ്റൊരു ശീലത്തിലേക്ക്‌ പോകാം. എന്റര്‍ടെയിന്റ്‌മെന്റ്‌ പോഗ്രാമുകളിലും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകളിലും ശ്രദ്ധ നേടുന്ന അനാവശ്യ കൗതുകങ്ങള്‍ക്ക്‌ വാര്‍ത്തകളിലേക്ക്‌ ഇടം നല്‍കാന്‍ വാര്‍ത്താ ചാനലുകള്‍ തയാറാകുന്നു എന്നതാണിത്‌. സന്തോഷ്‌ പണ്‌ഡിറ്റ്‌ എന്ന വ്യക്തി ചെയ്‌ത കൃഷ്‌ണനും രാധയും എന്ന സിനിമ തന്നെ ഉദാഹരണം. യാതൊരു നിലവാരവുമില്ലാതെ പടച്ചുവിട്ട ഈ സിനിമ വെറുതെ കൂവിവിളിക്കാനുള്ള കൗതുകത്തിന്‌ ചെറുപ്പക്കാര്‍ തീയേറ്ററില്‍പോയി കണ്ട്‌ വിജയമായി. ഇത്തരമൊരു കൗതുകത്തെക്കുറിച്ച്‌ ഒരു സാധാരണമായ വാര്‍ത്ത എന്നതിലപ്പുറം ന്യൂസ്‌ നൈറ്റില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചു നമ്മുടെ ചാനലുകള്‍. പ്രൈം ടൈമില്‍ ചര്‍ച്ചയാക്കാന്‍ മാത്രം എന്ത്‌ വാര്‍ത്താ പ്രധാന്യമാണ്‌ സന്തോഷ്‌ പണ്‌ഡിറ്റിന്‌ ഉള്ളതെന്ന്‌ പ്രേക്ഷകര്‍ക്ക്‌ ഇനിയും മനസിലായിട്ടില്ല. സന്തോഷ്‌ പണ്‌ഡിറ്റിനെ ആഘോഷിച്ച ചാനലുകള്‍ അയാളുടെ സിനിമയേക്കാള്‍ നിലവാരത്തകര്‍ച്ച നേരിടുക മാത്രമല്ല അയാളില്‍ നിന്ന്‌ ശരിക്കും ശകാരം കേള്‍ക്കുകയും ചെയ്‌തു.

റിപ്പോര്‍ട്ടര്‍ ചാനലിന്റെ വാര്‍ത്താ വിഭാഗം തലവന്‍ നികേഷ്‌കുമാറാണ്‌ സന്തോഷ്‌ പണ്‌ഡിറ്റിന്റെ കൈയ്യില്‍ നിന്നും ഏറ്റവും കുടുതല്‍ ശകാരം കേട്ടത്‌.

``മിസ്റ്റര്‍ നികേഷ്‌ കുമാര്‍, കണ്ണുപൊട്ടന്‍ ആനയെ വിലയിരുത്തിയതു പോലെ നിങ്ങള്‍ എന്റെ സിനിമയെ വിലയിരുത്തരുത്‌. ഒരു കാര്യം പറയുമ്പോള്‍ അത്‌ ആധികാരികമാവണം''. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനലിന്റെ എഡിറ്റേഴ്‌സ്‌ അവറില്‍ പ്രവര്‍ത്തകനായ നികേഷ്‌ കുമാര്‍ സന്തോഷ്‌ പണ്‌ഡിറ്റില്‍ നിന്നും കേട്ട ശകാര സമാനമായ വാക്കുകളാണിത്‌. സന്തോഷ്‌ പണ്‌ഡിറ്റിന്റെ വാക്കുകള്‍ കേട്ടിരിക്കേണ്ടി വന്ന നികേഷ്‌കുമാറിന്‌ ഒരു അക്ഷരം തിരിച്ചു പറയാന്‍ കഴിഞ്ഞില്ല. വടികൊടുത്ത്‌ അടി വാങ്ങിയത്‌ പോലെയൊരു അവസ്ഥ.

സത്യത്തില്‍ സന്തോഷ്‌ പണ്‌ഡിറ്റിന്‌ ചാനലുകള്‍ ഇത്രയേറെ പ്രധാന്യം നല്‍കേണ്ടതുണ്ടായിരുന്നോ. സന്തോഷ്‌ പണ്‌ഡിറ്റിന്റെ സിനിമ റിലീസായതും അതിന്റെ പ്രേക്ഷക പ്രതികരണങ്ങളും നല്‍കുന്നതിനും അപ്പുറം ചാനലുകളായ ചാനലുകളിലെല്ലാം സന്തോഷ്‌ പണ്‌ഡിറ്റിന്റെ അഭിമുഖങ്ങള്‍ കൊണ്ട്‌ നിറഞ്ഞത്‌ വാര്‍ത്താ ലോകത്തെ നിസാരവല്‍കരിക്കുന്നതിന്‌ തുല്യമല്ലേ. സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ മീഡയകളില്‍ സന്തോഷ്‌ പണ്‌ഡിറ്റ്‌ കളിയാക്കപ്പെടുന്ന അവസ്ഥയെ തങ്ങളുടെ ചാനല്‍ വേദികളിലേക്ക്‌ എത്തിച്ച്‌ റേറ്റിംഗ്‌ സൃഷ്‌ടിക്കാനുള്ള ഒരു തരംതാണ പ്രവണതയായി മാത്രമേ ഇതിനെ കാണാന്‍ കഴിയു.

ഇവിടെ ചാനലുകള്‍ സന്തോഷ്‌ പണ്‌ഡിറ്റിനെ വിളിച്ചുവരുത്തി കൈകാര്യം ചെയ്യുന്ന രീതി കാണുമ്പോള്‍ നമ്മുടെ ചാനല്‍ മാധ്യമരീതിയുടെ അപചയമാണ്‌ വ്യക്തമാകുന്നത്‌. ഇനി സന്തോഷ്‌ പണ്‌ഡിറ്റിനെ അഭിമുഖം ചെയ്യുകയാണെന്നിരിക്കട്ടെ, അതിന്‌ മാന്യതയുടെ രീതി ആവശ്യമില്ല എന്നുണ്ടോ.

റിപ്പോര്‍ട്ടര്‍ ചാനല്‍ പലതവണകളിലായി സന്തോഷ്‌ പണ്‌ഡിറ്റിനെ അവതരിപ്പിച്ചിട്ടും മതിയാവാതെ വീണ്ടും അയാളെ വിളിച്ചു വരുത്തുകയായിരുന്നു എന്ന്‌ ഓര്‍മ്മിക്കണം. സന്തോഷിനെ അല്‌പം കളിയാക്കി കൈയ്യടി നേടാം എന്ന്‌ നികേഷ്‌ മനസില്‍ കരുതിയിട്ടുണ്ടാകണം. പക്ഷെ സന്തോഷ്‌ പണ്‌ഡിറ്റിന്റെ മുന്നില്‍ നികേഷിന്‌ വീഴ്‌ചപറ്റിപ്പോയി. സിനിമ കണ്ടിട്ട്‌ വേണം നികേഷ്‌കുമാര്‍ അഭിപ്രായ പ്രകടനം നടത്താന്‍ എന്നുള്ള സന്തോഷ്‌ പണ്‌ഡിറ്റിന്റെ വാദത്തെ ചര്‍ച്ചയില്‍ പങ്കെടുത്ത സി.എസ്‌ വെങ്കിടേശ്വരനും ശരിവെച്ചതോടെ സന്തോഷ്‌ പണ്‌ഡിറ്റിന്റെ സിനിമയേക്കാളും നിലവാരത്തകര്‍ച്ചയിലേക്ക്‌ എഡിറ്റേഴ്‌സ്‌ അവര്‍ കടന്നു പോയി.

എന്റെ സിനിമയെ തകര്‍ക്കാനാണ്‌ നിങ്ങള്‍ ശ്രമിക്കുന്നത്‌ എന്ന രോഷപ്രകടനം കൂടി സന്തോഷ്‌ പണ്‌ഡിറ്റ്‌ നടത്തിയതോടെ കൃത്യമായി ഒരു മറുപടി പോലും നല്‍കാനാവാതെ നികേഷിന്‌ ചര്‍ച്ച അവസാനിപ്പിക്കേണ്ടിയും വന്നു.

ഇവിടെ ചാനലുകളാണ്‌ ശരിക്കും പുനര്‍വിചിന്തനം നടത്തേണ്ടത്‌. ഇത്തരം വാര്‍ത്തകളാണോ ന്യൂസ്‌ അവറുകളില്‍ സ്ഥാനം നേടേണ്ടത്‌ എന്ന്‌ ചാനലുകള്‍ ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം മാധ്യമലോകത്ത്‌ ചാനലുകള്‍ ചിലപ്പോഴെങ്കിലും പരിഹാസം ഏറ്റെടുക്കേണ്ടി വരുമെന്ന്‌ തീര്‍ച്ച.
ചാനലുകള്‍ സ്വയം നാണംകെടുമ്പോള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക