Image

ദുബായ്‌ മോട്ടോര്‍ഷോയ്‌ക്ക്‌ തുടക്കമായി

Published on 11 November, 2011
ദുബായ്‌ മോട്ടോര്‍ഷോയ്‌ക്ക്‌ തുടക്കമായി
ദുബായ്‌: ഒന്നരക്കോടി രൂപയോളം വില വരുന്ന ഒക്കു ഇന്‍ഡിവിജ്വല്‍ എന്ന ചലിക്കുന്ന കൊട്ടാരം! ടൊയോട്ടയുടെ സ്വപ്‌ന വാഹനമായ എഫ്‌ ടി 86!! ബിഎംഡബ്ലുവിന്റെയും ലാന്‍ഡ്‌ ക്രൂസറിന്റെയും യുഎഇ ദേശീയ ദിന ലിമിറ്റഡ്‌ എഡിഷന്‍ വാഹനങ്ങള്‍.. നിരത്തിലെ രാജാക്കന്മാരുടെ പുത്തന്‍ സംരംഭങ്ങളുടെ നേര്‍ക്കാഴ്‌ചകളുമായി ദുബായ്‌ മോട്ടോര്‍ഷോ 2011 വേള്‍ഡ്‌ ട്രേഡ്‌ സെന്ററില്‍ ആരംഭിച്ചു. ഓട്ടമൊബീല്‍ രംഗത്തെ വമ്പന്മാരുടെ പുതിയ മോഡലുകളുടെ ലോഞ്ചിങ്ങും ഓട്ടോഷോയില്‍ നടക്കുന്നുണ്ട്‌.

പുതിയ ടൊയോട്ട കാമ്രി, ലെക്‌സസ്‌ ജിഎസ്‌, പ്യൂഷോ 508, ഫോര്‍ഡ്‌ ഫോക്കസ്‌, ഓഡി ക്യു ത്രീ തുടങ്ങി നിരവധി മോഡലുകള്‍ ഇന്നലെ മേളയില്‍ അവതരിപ്പിച്ചു.

ടൊയോട്ട അടുത്തവര്‍ഷം അവതരിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്ന എഫ്‌ടി 86 എന്ന കണ്‍സെപ്‌റ്റ്‌ കാര്‍ മോഡല്‍ മേളയിലെ വലിയ ആകര്‍ഷണമാണ്‌. രണ്ട്‌ ലിറ്റര്‍ പെട്രോള്‍ എന്‍ജിനും ആറു ഗിയറുമുള്ള ഈ വാഹനം കുറഞ്ഞ ഭാരമുള്ള സ്‌പോര്‍ട്‌സ്‌ കാറാണ്‌. ആക്‌സിലേറ്ററിലും സ്‌റ്റിയറിങ്ങിലും ചെറിയ ചലനം പോലും അനുഭവപ്പെടുന്ന ഈ കാര്‍ ഓടിക്കുന്ന ഗെയിമും മേളയിലുണ്ട്‌.

ഫോര്‍ഡിന്റെ പുതിയ വാഹന ശ്രേണികള്‍ മേളയിലുണ്ട്‌. ജിസിസി രാജ്യങ്ങളില്‍ ഫോര്‍ഡിന്റെ വില്‍പനയില്‍ 55% വര്‍ധനയുണ്ടായതായി ഫോര്‍ഡ്‌ മിഡില്‍ ഈസ്‌റ്റ്‌ മാനേജിങ്‌ ഡയറക്‌ടര്‍ ലാറി പ്രീന്‍ പറഞ്ഞു. ഫോര്‍ഡ്‌ മിഡില്‍ ഈസ്‌റ്റിന്റെ പാര്‍ട്‌സ്‌ വിതരണ കേന്ദ്രം ജബല്‍അലിയില്‍ 14-ന്‌ തുറക്കും. ചെറിയ കാര്‍ ഫിഗോ മുതല്‍ ഹെവി ഡ്യൂട്ടി എഫ്‌ സീരീസ്‌ ട്രക്കുകള്‍ വരെ എല്ലാ മേഖലയിലും ഫോര്‍ഡ്‌ ശക്‌തമായ സാന്നിധ്യമാവുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. 2012 ഫോര്‍ഡ്‌ ഫോക്കസ്‌ അദ്ദേഹം അവതരിപ്പിച്ചു. ക്ഷമത വര്‍ധിപ്പിക്കുന്ന ടോര്‍ക്‌ വെക്‌ടറിങ്‌ കണ്‍ട്രോള്‍ സംവിധാനം ഫോക്കസിനെ എസ്‌യുവികളുടെ നിലവാരത്തിലേക്ക്‌ എത്തിക്കുന്നു. പുതിയ പവര്‍ സ്‌റ്റിയറിങ്‌, ഡിസൈന്‍, ഇന്ധനക്ഷമത എന്നിവയും പുതിയ ഫോക്കസിന്റെ പ്രത്യേകതകളാണ്‌. പുതിയ ഫോര്‍ഡ്‌ റേഞ്ചറും പ്രദര്‍ശനത്തിലുണ്ട്‌.

പ്യൂഷോ 508 മോഡല്‍ മോട്ടോര്‍ഷോയില്‍ റീജനല്‍ ജനറല്‍ മാനേജര്‍ ജമാല്‍ സാഹ്‌ല്‍ അവതരിപ്പിച്ചു. ഭാരം കുറച്ച്‌ ക്ഷമത കൂട്ടിയ വാഹനമാണിത്‌. ഹാന്‍ഡ്‌സ്‌ ഫ്രീ ആക്‌സസ്‌, സ്‌റ്റാര്‍ട്ടിങ്‌, ഫോര്‍ സോണ്‍ എയര്‍ കണ്ടീഷനിങ്‌, ഇലക്‌ട്രിക്‌ പാര്‍ക്കിങ്‌ ബ്രേക്ക്‌സ്‌, ക്‌സെനോണ്‍ ഹെഡ്‌ലാംപുകള്‍, ഡേ റണ്ണിങ്‌ ലൈറ്റുകള്‍, സിക്‌സ്‌ സ്‌പീഡ്‌ ട്രാന്‍സ്‌മിഷന്‍ എന്നിവയുമുണ്ട്‌. ബെന്‍സിന്റെ വാഹനത്തില്‍ ഒരുക്കിയിരിക്കുന്ന ഒക്കു കാരവനും കണ്ണുകള്‍ക്കു പൂരമാണ്‌.

ലോകത്തിലെ പ്രമുഖ വാഹന നിര്‍മാതാക്കളുടെയെല്ലാം കണ്‍സെപ്‌റ്റ്‌ വാഹനങ്ങളും പുതിയ മോഡലുകളും അണിനിരക്കുന്ന മോട്ടോര്‍ഷോ 14നു സമാപിക്കും. 50 ദിര്‍ഹമാണ്‌ ടിക്കറ്റ്‌ നിരക്ക്‌.
ദുബായ്‌ മോട്ടോര്‍ഷോയ്‌ക്ക്‌ തുടക്കമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക