Image

ഇബ്രാഹീം നബിയുടെ ജീവിതം പ്രചോദനമാകണം: മുനീര്‍ സലഫി

എം.കെ. ആരിഫ്‌ Published on 12 November, 2011
ഇബ്രാഹീം നബിയുടെ ജീവിതം പ്രചോദനമാകണം: മുനീര്‍ സലഫി
ദോഹ: പ്രതികൂല സാഹചര്യങ്ങളുടെ വെല്ലുവിളികള്‍ അതീജീവിച്ചുകൊണ്‌ട്‌ ഏകദൈവവിശ്വാസത്തിലേക്കും ധാര്‍മികതയിലേക്കും സമൂഹത്തെ ക്ഷണിച്ച പ്രവാചകന്‍ ഇബ്‌റാഹീം നബിയുടെ ജീവിതമാതൃക വിശ്വാസികള്‍ക്ക്‌ പ്രചോദനമാകേണ്‌ടതാണെന്ന്‌ നിച്ച്‌ ഓഫ്‌ ട്രൂത്ത്‌ (ഖത്തര്‍) ഡയറക്‌ടര്‍ മുനീര്‍ സലഫി അഭിപ്രായപ്പെട്ടു.

ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ ഖത്തര്‍ മതകാര്യമന്ത്രാലയത്തിന്റെ അനുമതിയോടെ മുന്‍തസ അബൂബക്കര്‍ സിദ്ദീഖ്‌ ഇന്‍ഡിപെന്‍ഡന്റ്‌ സ്‌കൂളില്‍ സംഘടിപ്പിച്ച ഈദ്‌ഗാഹില്‍ ഖുതുബയുടെ പരിഭാഷ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. യഥാര്‍ത്ഥ ഏകദൈവവിശ്വാസത്തില്‍ നിന്നും ദൈവിക മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ നിന്നും സമൂഹം അകന്നു നടന്നപ്പോള്‍ ധീരോദാത്തമായ നിലപാടിലൂടെ ദൈവികമതത്തിലേക്ക്‌ വഴികാണിക്കുകയായിരുന്നു ഇബ്‌റാഹീം നബി. വീട്ടുകാരും നാട്ടുകാരും ആട്ടിപ്പുറത്താക്കിയിട്ടും ക്രൂരമായ പീഢനങ്ങള്‍ക്ക്‌ വിധേയമാക്കപ്പെട്ടിട്ടും താന്‍ നിലകൊള്ളുന്ന ആദര്‍ശത്തിന്റെ പ്രബോധനത്തിനു വേണ്‌ടി ജീവിതം സമര്‍പ്പിച്ച ഇബ്‌റാഹീം നബിയുടെ ത്യാഗസന്നദ്ധത പ്രബോധനപ്രവര്‍ത്തകര്‍ക്ക്‌ എന്നും ആവേശമാണ്‌.

വിശ്വാസ ജീര്‍ണതകളും സകലമാന അധാര്‍മിക പ്രവണതകളും കൊടികുത്തി വാഴുന്ന സമകാലിക സാഹചര്യത്തില്‍, ധാര്‍മികതയ്‌ക്കു വേണ്‌ടി ശബ്‌ദമുയര്‍ത്തുന്ന കൂട്ടായ്‌മകള്‍ ശക്തിപ്പെടേണ്‌ടതുണ്‌ട്‌. അഴിമതി സകലസീമകളും ലംഘിച്ച്‌ 2 ജി സ്‌പെക്‌ട്രത്തിലൂടെ ആകാശത്തിലേക്ക്‌ വളരുകയും അനധികൃത ഖനികളിലൂടെ ഭൂമിയില്‍ വേരുറപ്പിക്കുകയും ചെയ്‌തിരിക്കുന്നു. സാമ്പത്തിക ചൂഷണങ്ങള്‍, ലൈംഗികാതിക്രമങ്ങള്‍, മദ്യം, മയക്കുമരുന്ന്‌ തുടങ്ങിയ വിപത്തുകള്‍ ഭാവിതലമുറയെ പൂര്‍ണമായി ഗ്രസിക്കും മുമ്പ്‌ നാം ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ മുന്‍കാല സമൂഹങ്ങള്‍ നേരിട്ട കടുത്ത പരീക്ഷണങ്ങളും ശിക്ഷകളും നമ്മെയും കീഴടക്കുമെന്ന്‌ ഭയപ്പെടേണ്‌ടതുണെ്‌ടന്ന്‌ മുനീര്‍ സലഫി ചൂണ്‌ടിക്കാട്ടി.

പെരുന്നാളിന്റെ സന്തോഷവേളയില്‍ മതം അനുവദിച്ച ആഘോഷങ്ങളില്‍ പങ്കുകൊള്ളുവാനും കുടുംബ സന്ദര്‍ശനങ്ങളിലുടെയും മറ്റും ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്‌തു. ബിന്‍ മഹ്‌മൂദ്‌ ഈദ്‌ ഗാഹില്‍ എംഎസ്‌എം സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍ഫസ്‌ ഫാറൂഖി നന്മണ്‌ടയും വക്‌റ ജദീദിലുള്ള പുതിയ ഈദ്‌ഗാഹില്‍ യുവപണ്‌ഡിതന്‍ സിറാജ്‌ ഇരിട്ടിയും അല്‍ഖോര്‍ ലാറി എക്‌സ്‌ചേഞ്ചിന്‌ സമീപമുള്ള ഈദ്‌ഗാഹില്‍ പ്രമുഖ പ്രഭാഷകന്‍ മൗലവി അബ്ദുള്‍ ഹകീം പറളിയും ഖുതുബ പരിഭാഷ നിര്‍വഹിച്ചു. മുന്‍തസ അബൂബക്കര്‍ സിദ്ദീഖ്‌ ഇന്‍ഡിപെന്‍ഡന്റ്‌ സ്‌കൂളില്‍ നടന്ന പ്രധാന ഈദ്‌ഗാഹില്‍ സ്‌ത്രീകളടക്കം അയ്യായിരത്തിലേറെ ആളുകള്‍ പങ്കെടുത്തു.
ഇബ്രാഹീം നബിയുടെ ജീവിതം പ്രചോദനമാകണം: മുനീര്‍ സലഫി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക