Image

പ്രണയകഥകളുടെ തമ്പുരാന്‌ 100 തികഞ്ഞു; അശോകന്‌ മുട്ടത്തു വര്‍ക്കി പുരസ്‌കാരം

Published on 28 April, 2014
പ്രണയകഥകളുടെ തമ്പുരാന്‌ 100 തികഞ്ഞു; അശോകന്‌ മുട്ടത്തു വര്‍ക്കി പുരസ്‌കാരം
പാടാത്ത പൈങ്കിളി മുതല്‍ മലയാളികള്‍ നെഞ്ചിലേറ്റി നടക്കുന്ന പ്രണയകഥകളുടെ തമ്പുരാന്‍ ഇന്നു ജീവിച്ചിരുന്നെങ്കില്‍ നൂറിന്റെ നിറവിലാകുമായിരുന്നു. മുട്ടത്തു വര്‍ക്കി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ നൂറാം ജന്മദിന പുരസ്‌കാരം നോവലിസ്റ്റ്‌ അശോകന്‍ ചരുവിലിനു തിങ്കളാഴ്‌ച സമ്മാനിച്ചപ്പോള്‍ മുട്ടത്തുവര്‍ക്കിയെന്ന പത്രപ്രവര്‍ത്തകനൂമായുള്ള മധുരമനോഹരമായ ഓര്‍മ്മകളുടെ തേരില്‍ സഞ്ചരിക്കുകയാണ്‌ ലേഖകന്‍.

കുര്യന്‍ പാമ്പാടി

ചങ്ങനാശേരി ചെത്തിപ്പുഴയിലെ മുട്ടത്തുവീടിന്റെ അങ്കണത്തില്‍ സാഹിത്യാസ്വാദകരെ സാക്ഷിനിര്‍ത്തിക്കൊണ്ടായിരുന്നു, വര്‍ക്കിയുടെ പല സിനിമകള്‍ക്കും ഒപ്പംപ്രവര്‍ത്തിച്ച ശ്രീകുമാരന്‍ തമ്പിയില്‍നിന്ന്‌ ഇരുപത്തിമൂന്നാമത്‌ മുട്ടത്തു വര്‍ക്കി പുരസ്‌കാരം അശോകന്‍ ഏറ്റുവാങ്ങിയത്‌. മന്ത്രി കെ.സി. ജോസഫ്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ടി. രാധാകൃഷ്‌ണന്‍ വടകര അധ്യക്ഷത വഹിച്ചു. ദീപിക ചീഫ്‌ എഡിറ്റര്‍ ഫാ. അലക്‌സാണ്ടര്‍ പൈകട അനുസ്‌മരണ പ്രസംഗം ചെയ്‌തു. ഷാജി ജേക്കബ്‌, മ്യൂസ്‌ മേരി, മാത്യു, ജെ. മുട്ടത്ത്‌, സി.ആര്‍. വേദവ്യാസന്‍, വര്‍ഗീസ്‌ ആന്റണി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സമാപന സമ്മേളനത്തില്‍ മന്ത്രി പി.ജെ. ജോസഫ്‌, മുന്‍ കേന്ദ്ര മന്ത്രി പി.സി. തോമസ്‌ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

കഥാകൃത്തും കവിയും ഗാനരചയിതാവും ചലച്ചിത്ര സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി പ്രശസ്‌തിപത്രവും ട്രോഫിയും അര ലക്ഷം രൂപയുടെ ചെക്കു സമ്മാനിച്ചുകൊണ്ടു നടത്തിയ പ്രസംഗത്തില്‍, മലയാളം കണ്ടിട്ടുള്ളതില്‍വച്ചേറ്റം ജനപ്രിയനായ കഥാകാരനായിരുന്നു മുട്ടത്തു വര്‍ക്കിയെന്ന്‌ അനുസ്‌മരിച്ചു. തലമുറകളോളം മലയാളികള്‍ക്ക്‌ പ്രണയാതുരമായ മധുരസങ്കല്‌പങ്ങളെ ആദ്യമായി പരിചയപ്പെടുത്തിക്കൊടുത്ത ഭാവനാശാലിയായിരുന്നു വര്‍ക്കി. കവിതകളിലൂടെ ചങ്ങമ്പുഴയും കഥകളിലൂടെ വര്‍ക്കിയും മലയാളിയുടെ റൊമാന്റിക്‌ സങ്കല്‌പത്തിന്‌ ഊടും പാവും നെയ്‌തു. ചങ്ങമ്പുഴ പൈങ്കിളിക്കവിയെങ്കില്‍, വര്‍ക്കി പൈങ്കിളിക്കഥാകൃത്തായിരുന്നു.

എന്തിനേറെ, ജനപ്രിയ സാഹിത്യരചനയുടെ പേരില്‍ മുട്ടത്തു വര്‍ക്കിയെ അപഹസിച്ച സാഹിത്യധുരന്തരന്മാരെല്ലാം അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങാന്‍ നിരനിരയായി നിന്നു.

മുട്ടത്തു വര്‍ക്കി ഫൗണ്ടേഷന്‍ രൂപമെടുത്തത്‌ 1992ലാണ്‌. അന്നുമുതലുള്ള അവാര്‍ഡ്‌ ജേതാക്കളുടെ കൂട്ടത്തില്‍ ഒ.വി. വിജയന്‍, വൈക്കം മുഹമ്മദ്‌ ബഷീര്‍, എം.ടി. വാസുദേവന്‍നായര്‍, കോവിലന്‍, കാക്കനാടന്‍, വി.കെ.എന്‍, എം. മുകുന്ദന്‍, പുനത്തില്‍ കുഞ്ഞബ്‌ദുള്ള, ആനന്ദ്‌, എന്‍.പി. മുഹമ്മദ്‌, പൊന്‍കുന്നം വര്‍ക്കി, സേതു, സി. രാധാകൃഷ്‌ണന്‍, സക്കറിയ, കമലാ സുരയ്യ, ടി. പത്മനാഭന്‍, എം. സുകുമാരന്‍, എന്‍.എസ്‌. മാധവന്‍, പി. വത്സല, സാറാ ജോസഫ്‌, എന്‍. പ്രഭാകരന്‍, സി.വി. ബാലകൃഷ്‌ണന്‍എന്നിങ്ങനെ മലയാളസാഹിത്യതമ്പുരാക്കന്മാരെല്ലാം

ചുരുങ്ങിയ കാലംകൊണ്ട്‌ ഇത്രയേറെ രചനകള്‍ നിര്‍വഹിച്ച എഴുത്തുകാര്‍ ചുരുക്കമായിരിക്കും. 135 കൃതികളില്‍ 65ഉം നോവലുകള്‍. കഥകളും നാടകങ്ങളും കവിതാ സമാഹാരവും തര്‍ജ്ജമകളും വേറെ. പല പ്രശസ്‌ത നോവലുകളിലും പ്രേംനസീര്‍, സത്യന്‍, മിസ്‌ കുമാരി, ഷീല, ശാരദ തുടങ്ങിയവര്‍ അഭ്രപാളികളില്‍ മുട്ടത്തു വര്‍ക്കിയുടെ നായികാ നായകന്മാരായി അരങ്ങുതകര്‍ത്തു. അവരൊക്കെ വര്‍ക്കിയുടെ കഥകളിലെ തങ്കച്ചനും മേരിക്കുട്ടിയുമൊക്കെയായി. പാടാത്ത പൈങ്കിളി (1957), ഇണപ്രാവുകള്‍ (1965), വെളുത്ത കത്രീന (1968), മൈലാടുംകുന്ന്‌ (1970), കരകാണാക്കടല്‍ (1971), അക്കരപ്പച്ച (1972) എന്നിങ്ങനെ. ഒരു കുടയും കുഞ്ഞുപെങ്ങളും, അഴകുള്ള സെലീന, പട്ടുതുവാല, ആറാം പ്രമാണം, മറിയക്കുട്ടി, ലോറാ നീയെവിടെ എന്നിവയും മലയാളികള്‍ ആവേശത്തോടെ നെഞ്ചിലേറ്റി. `ഡോക്‌ടര്‍ ഷിവാഗോ' എന്നതുള്‍പ്പെടെ നിരവധി പ്രശസ്‌ത തര്‍ജ്ജമകളും മുട്ടത്തു വര്‍ക്കിയുടേതായുണ്ട്‌.

മുട്ടത്തു വര്‍ക്കി 1913 ഏപ്രില്‍ 28നു ജനിച്ച്‌ 1989 മേയ്‌ 28ന്‌ അന്തരിച്ചു. ചങ്ങനാശേരി സെന്റ്‌ ബര്‍ക്ക്‌മാന്‍സ്‌ ഹൈസ്‌കൂളില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം തുടങ്ങി. പിന്നീട്‌ ഒരു തടിമില്ലില്‍ കണക്കപ്പിള്ള. എം.പി. പോള്‍ ട്യൂട്ടോറിയലില്‍ അധ്യാപകന്‍. 1948-ല്‍ ദീപിക പത്രാധിപസമിതിയില്‍ ചേര്‍ന്നു. 1974 വരെ 26 വര്‍ഷം.

ആ പത്രാധിപസമിതിയില്‍ അല്‍പകാലം ജോലിചെയ്‌തയാളാണ്‌ ലേഖകന്‍. റവ. ഡോ. വിക്‌ടര്‍ സെഡ്‌. നരിവേലി മാനേജിംഗ്‌ എഡിറ്റര്‍. തൊട്ടടുത്ത സി.എം.എസ്‌ കോളേജില്‍ എം.എ.യ്‌ക്കു പഠിക്കുന്ന ഈ ലേഖകന്‍ ഉച്ചവരെയുള്ള ക്ലാസ്‌ കഴിഞ്ഞ്‌ ദീപികയില്‍ ജോലിചെയ്‌തു.

ഇക്കാലത്ത്‌, കൃത്യമായി പറഞ്ഞാല്‍ 1970 നവംബര്‍ 27ന്‌, ലോക ക്രിസ്‌ത്യാനികളെ സംബന്ധിച്ചിടത്തോളം ഞെട്ടിക്കുന്നൊരു സംഭവമുണ്ടായി. ഫിലിപ്പൈന്‍സിന്റെ തലസ്ഥാനമായ മനില സന്ദര്‍ശിച്ച പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ നേര്‍ക്ക്‌ ഒരുവന്‍ നീണ്ട കത്തിയുമായി ചാടിവീണു. പ്രസിഡന്റ്‌ ഫെര്‍ഡിനാന്റ്‌ മാര്‍ക്കോസ്‌, മാര്‍പാപ്പയെ ചുറ്റിപ്പിടിച്ചതിനാലാണ്‌ അദ്ദേഹം രക്ഷപ്പെട്ടത്‌.

വര്‍ക്കിസാര്‍ ഇതൊന്നുമറിയാതെ പതിവുപോലെ മുറുക്കാന്‍ ചെല്ലവുമായി മൂന്നുമണിക്കുതന്നെ ഓഫീസിലെത്തി. വെറ്റിലയില്‍ ചുണ്ണാമ്പു തേച്ച്‌ അരിഞ്ഞ പാക്കും പുകയിലയും ചേര്‍ത്ത്‌ ആഞ്ഞൊന്നു മുറുക്കി. പിന്നീടൊരു നീണ്ട തുപ്പും കഴിഞ്ഞ്‌ പി.ടി.ഐ റൂമില്‍ പോയി അതുവരെ ഏജന്‍സികള്‍ അടിച്ചിട്ടിരുന്ന `ടേക്‌' നോക്കി കീറിയെടുത്തു ചുരുളാക്കി എഡിറ്റോറിയല്‍ മേശപ്പുറത്തിരുന്നു എഴുത്തു തുടങ്ങി. ഇഷ്‌ടമുള്ള ഐറ്റങ്ങള്‍ സാഹിത്യഭംഗിയോടെ ഇഷ്‌ടമുള്ള നീളത്തില്‍ എഴുതി ഇനങ്ങളായി തിരിച്ച്‌ മേശപ്പുറത്തു നിക്ഷേപിച്ച ശേഷം രാവേറും മുമ്പേ സ്ഥലംവിടുകയായിരുന്നു വര്‍ക്കിസാറിന്റെ പതിവ്‌.

``മനില: പോള്‍ ആറാമന്‍ മാര്‍പാപ്പയ്‌ക്ക്‌ മനിലയില്‍ അത്യുജ്വല സ്വീകരണം. ജനലക്ഷങ്ങള്‍ വിമാനത്താവളത്തിലേക്ക്‌ ഇരമ്പിക്കയറി'' എന്നു തുടങ്ങി, അക്രമി ഊരിപ്പിടിച്ച കത്തിയുമായി ചാടുന്ന സംഭവം വന്നപ്പോള്‍ `ഒരു അനിഷ്‌ടസംഭവം' എന്ന ഉപശീര്‍ഷകത്തോടെ ഒരു ഖണ്‌ഡിക. സാര്‍ അവസാനിപ്പിച്ചു. വിശദ വിവരങ്ങളിലേക്കു പോകാന്‍ വിശ്വാസതീവ്രതയുള്ള ഒരു കത്തോലിക്കന്‍ എന്ന നിലയില്‍ വര്‍ക്കിസാറിനാവുമായിരുന്നില്ല.

`മാര്‍പാപ്പ വധശ്രമത്തില്‍നിന്നു രക്ഷപ്പെട്ടു' എന്നായിരുന്നു പിറ്റേന്ന്‌ ലോകമാസകലമുള്ള പത്രങ്ങള്‍ക്കൊപ്പം ദീപികയുടെയും തലക്കെട്ട്‌. ഡെസ്‌ക്‌ ചീഫ്‌ ആയ ലേഖകന്‍ തന്നെ വര്‍ക്കിസാറിന്റെ `ഐറ്റം' മാറ്റിയെഴുതി മുഖ്യവാര്‍ത്തയാക്കിയെന്നു കഥാന്ത്യം.

പിറ്റേന്ന്‌ കറുത്തു വീര്‍ത്ത മുഖവുമായാണ്‌ വര്‍ക്കിസാര്‍ ഈ ലേഖകനെ നേരിട്ടത്‌. ``എന്റെ ഐറ്റം മാറ്റിയെഴുതാന്‍ നിനക്കെങ്ങനെ ധൈര്യം വന്നു'' എന്നു തുടങ്ങി നീണ്ട ശകാരവര്‍ഷം. ഇതിനെല്ലാം സാക്ഷിയായ മാനേജിംഗ്‌ എഡിറ്റര്‍ സാക്ഷാല്‍ വര്‍ക്കിസാറിന്റെ ഉഗ്രപ്രതാപത്തിനു മുന്നില്‍ ഒരക്ഷരം ഉരിയാടാതെ പടികടന്നു.

രണ്ടു ദിനം കഴിഞ്ഞാണ്‌ വര്‍ക്കിസാറിന്റെ തീര്‍ത്തും വ്യത്യസ്‌തമായ മറ്റൊരു മുഖം ലേഖകനു ദര്‍ശിക്കാനായത്‌. ``കുഞ്ഞേ, അങ്ങനെ ചെയ്‌തതു നന്നായി; എന്റെ പരുഷവാക്കുകള്‍ വേദനിപ്പിച്ചെങ്കില്‍ എന്നോടു ക്ഷമിക്കണം.'' അങ്ങനെ ഞങ്ങള്‍ വീണ്ടും സുഹൃത്തുക്കളായി. പാടാത്ത പൈങ്കിളിയും ഇണപ്രാവുകളും പോലുള്ള പ്രണയകഥകളിലെ വര്‍ക്കിസാറിന്റെ ലളിതമധുരമായ കാല്‌പനികതകള്‍ വായിച്ചാണ്‌ ഈ ലേഖകനെപ്പോലെ നൂറുകണക്കിനു ചെറുപ്പക്കാരന്‍ വായനയുടെയും എഴുത്തിന്റെയും ലോകത്തേക്ക്‌ പിച്ചവച്ചതെന്ന സത്യം ഒരിക്കലും മറക്കാനാവില്ല.

മുട്ടത്ത്‌ അപ്പച്ചന്‍ എന്ന വര്‍ക്കിക്ക്‌ ഒന്‍പതു മക്കള്‍ - ആറ്‌ പുത്രന്മാരും മൂന്നു പുത്രിമാരും. ജീവിച്ചിരിക്കുന്നവര്‍ ലില്ലി ടോമി (കിടങ്ങറ), ജോസഫ്‌ മുട്ടത്ത്‌, കെ.വി. മാഴ്‌സിലസ്‌, ബാബു കെ. വര്‍ഗീസ്‌ (മൂവരും ന്യൂയോര്‍ക്ക്‌), റൂബി ജോണ്‍ അന്ത്രപ്പേര്‍ (ചെന്നൈ), കെ.വി. തോമസ്‌ (പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍, മൂവാറ്റുപുഴ). എല്ലാവര്‍ക്കുംകൂടി 19 കൊച്ചുമക്കള്‍. ഭാര്യ തങ്കമ്മ 2003ല്‍ അന്തരിച്ചു.

ചിത്രങ്ങള്‍ 2,3: തമ്പി ദുശ്യ, ചങ്ങനാശേരി
പ്രണയകഥകളുടെ തമ്പുരാന്‌ 100 തികഞ്ഞു; അശോകന്‌ മുട്ടത്തു വര്‍ക്കി പുരസ്‌കാരംപ്രണയകഥകളുടെ തമ്പുരാന്‌ 100 തികഞ്ഞു; അശോകന്‌ മുട്ടത്തു വര്‍ക്കി പുരസ്‌കാരംപ്രണയകഥകളുടെ തമ്പുരാന്‌ 100 തികഞ്ഞു; അശോകന്‌ മുട്ടത്തു വര്‍ക്കി പുരസ്‌കാരംപ്രണയകഥകളുടെ തമ്പുരാന്‌ 100 തികഞ്ഞു; അശോകന്‌ മുട്ടത്തു വര്‍ക്കി പുരസ്‌കാരംപ്രണയകഥകളുടെ തമ്പുരാന്‌ 100 തികഞ്ഞു; അശോകന്‌ മുട്ടത്തു വര്‍ക്കി പുരസ്‌കാരംപ്രണയകഥകളുടെ തമ്പുരാന്‌ 100 തികഞ്ഞു; അശോകന്‌ മുട്ടത്തു വര്‍ക്കി പുരസ്‌കാരംപ്രണയകഥകളുടെ തമ്പുരാന്‌ 100 തികഞ്ഞു; അശോകന്‌ മുട്ടത്തു വര്‍ക്കി പുരസ്‌കാരംപ്രണയകഥകളുടെ തമ്പുരാന്‌ 100 തികഞ്ഞു; അശോകന്‌ മുട്ടത്തു വര്‍ക്കി പുരസ്‌കാരംപ്രണയകഥകളുടെ തമ്പുരാന്‌ 100 തികഞ്ഞു; അശോകന്‌ മുട്ടത്തു വര്‍ക്കി പുരസ്‌കാരംപ്രണയകഥകളുടെ തമ്പുരാന്‌ 100 തികഞ്ഞു; അശോകന്‌ മുട്ടത്തു വര്‍ക്കി പുരസ്‌കാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക