Image

പൂവുകള്‍ (ശ്രീപാര്‍വതി)

Published on 08 May, 2014
പൂവുകള്‍ (ശ്രീപാര്‍വതി)
എത്രയെത്ര ഇതളുകളില്‍ എണ്ണമറ്റ പൂവുകള്‍.

ഓരോ ഇതളുകള്‍ക്കും വ്യത്യസ്‌ത ഗന്ധം, വ്യത്യസ്‌ത നിറം.
ചിലത്‌ സ്‌നേഹിപ്പിക്കുന്നത്‌, ചിലത്‌ മദിപ്പിക്കുന്നത്‌, ചിലതോ ദുഖിപ്പിക്കുന്നത്‌. ചില നേരത്ത്‌ ജീവിതങ്ങള്‍ പോലും പൂക്കളെ അടിസ്ഥാനപ്പെടുത്തിയാണെന്ന്‌ തോന്നും.

ഇന്നലെ പൂക്കടയില്‍ വില്‍ക്കുവാന്‍ വച്ചിരുന്ന റോസ്‌ പുഷ്‌പങ്ങള്‍ ഒരുവന്‍ വന്ന്‌ വാങ്ങി കൊണ്ടു പോയത്രേ. അവന്റെ പ്രണയിനിയ്‌ക്കുള്ള പിറന്നാള്‍ സമ്മാനം.

എനിക്ക്‌ ആയിരം പൂക്കള്‍ വേണമെന്നില്ലായിരുന്നു, ഒരേ ഒരു പൂവ്‌. ഹൃദയം മുറിച്ച്‌ ആഴത്തിലിറങ്ങി പോകുന്ന സുഗന്ധമുള്ള ഒരേ ഒരു റോസൊഴിച്ച്‌. പക്ഷേ പൂക്കടയിലെ പ്രണയം മുഴുവന്‍ ഏതോ ഒരാള്‍ വില കൊടുത്ത്‌ വാങ്ങിപ്പോയി.

`എന്നാല്‍ ഒരു മഞ്ഞ പൂവ്‌ തരൂ` എന്ന്‌ ഞാന്‍
`ബാക്കിയുണ്ടായിരുന്ന ഒരു മഞ്ഞ റോസാ പൂവ്‌ സ്‌കൂള്‍ കുട്ടി വന്ന്‌ വാങ്ങി പോയി ` എന്ന്‌ പൂക്കാരന്‍.
പ്രണയവും സൌഹൃദവുമറ്റ്‌ വെറുതേ പൂക്കളിലിരിക്കുന്നു. വിലകൂടിയ മുല്ലപ്പൂക്കള്‍ , അരളി, ചെമ്പകം എല്ലാമുണ്ട്‌.

ഇതൊക്കെ എന്‍റെ ഉദ്യാനത്തിലുള്ളതു തന്നെ.
എന്നാലൊരു റോസാ ചെടി നടാതിരുന്ന്‌ എത്ര നഷ്ടദിനമാണ്‌, ഇന്നു ഞാന്‍ വരുത്തി വച്ചിരിക്കുന്നത്‌!
പിന്നെ വൈകിയില്ല പൂക്കടയില്‍ ആദ്യമിരുന്ന വെളുത്ത റോസെടുത്ത്‌ ഞാനിറങ്ങി.

ആദ്യം കണ്ട പുഷ്‌പോദ്യാനത്തില്‍ നിന്ന്‌ റോസ്‌ പൂവിന്‍റെ ചെടിയും വാങ്ങി.

അതു ഞാന്‍ എന്‍റെ പ്രണയത്തിന്‌, പിറന്നാള്‍ സമ്മാനമായി നല്‍കി. പിന്നെ ഞങ്ങളിരുവരും ചേര്‍ന്ന്‌ ഞങ്ങളുടെ മുറ്റത്ത്‌ ആ ചെടി നട്ടു.
പൂവുകള്‍ (ശ്രീപാര്‍വതി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക