Image

എം.എ. ജോണിനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ... (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 25 May, 2014
എം.എ. ജോണിനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ... (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
``എം.എ. ജോണ്‍ നമ്മെ നയിക്കും'' -ഒരുകാലത്ത്‌ കേരളത്തിന്റെ നിരവധി മതിലുകളില്‍ പരിവര്‍ത്തനവാദികള്‍ എന്ന കോണ്‍ഗ്രസിലെ നവോത്ഥാന വാദികള്‍ കോറിയിട്ട മുദ്രാവാക്യമാണിത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റം വലിയ പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസ്‌ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്കു മൂക്കുകുത്തിയ ഈ വേളയില്‍ ഒരുപാടു മനസ്സുകളെങ്കിലും പൊട്ടിത്തരിച്ചു നില്‍ക്കുന്ന ഒരു മുദ്രാവാക്യമുണ്ട്‌ - ``എം.എ. ജോണിനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ...''

ജോണ്‍ 2011 ഫെബ്രുവരി 11ന്‌ എഴുപത്തഞ്ചാം വയസ്സില്‍ ലോകത്തോടു വിടവാങ്ങിയെങ്കിലും സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ `കോച്ചടിയാനെ'പ്പോലെ കുതിരപ്പുറത്ത്‌ അമ്പും വില്ലുമായി പാഞ്ഞുവരുമെന്നത്‌ പല കേരളീയരുടെയും സ്വപ്‌നമാണ്‌.

കേരളം കണ്ട ധീരദേശാഭിമാനികളായ ഭരണകര്‍ത്താക്കളിലൊരാളായിരുന്നു രാജാ കേശവദാസന്‍. ആയില്യം തിരുനാളിന്റെ കാലത്ത്‌ കേശവദാസന്‍ പണികഴിപ്പിച്ച മെയിന്‍ സെന്‍ട്രല്‍ റോഡില്‍ (എം.സി. റോഡ്‌) കോട്ടയത്തുനിന്ന്‌ 26 കിലോമീറ്റര്‍ വടക്ക്‌ കുര്യനാട്‌ എന്ന എന്ന ജംഗ്‌ഷന്‍. നേരേ പോയാല്‍ മൂവാറ്റുപുഴ. വലത്തോട്ട്‌ ഉഴവൂര്‍. ജംഗ്‌ഷനില്‍നിന്ന്‌ വലത്തേക്ക്‌അഞ്ചു മിനിറ്റ്‌ നടന്നാല്‍ എം.എ. ജോണിന്റെ വീടായി - മറ്റത്തില്‍ ഏബ്രഹാം ജോണ്‍.

വഴിയോരം മുതല്‍ മലയോളം ജോണിന്റെ വക റബര്‍തോട്ടം. വീടിരിക്കുന്നിടത്തു മാത്രം എട്ടേക്കര്‍. 1957ല്‍ കെ.എസ്‌.യു രൂപംകൊണ്ട കാലംമുതല്‍ കോണ്‍ഗ്രസില്‍ ചേക്കേറി, ഒടുവില്‍ കോണ്‍ഗ്രസിലെ പരിവര്‍ത്തനവാദികളുടെ തലതൊട്ടപ്പനായി മാറിയ ജോണ്‍ 1960കളിലും 70കളിലും കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ഒരു ഗാന്ധിയെപ്പോലെ പോരാടി. കോണ്‍ഗ്രസ്‌ പിരിച്ചുവിടാന്‍ മഹാത്മജി ഉപദേശിച്ചെങ്കിലും അതു നടന്നില്ല. അതുപോലെ, കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ജോണും കൂട്ടരും മുന്നോട്ടുവച്ച പരിപാടികളൊന്നും നടക്കാതെപോയി.

ഒടുവില്‍, ജോണ്‍ 60 വര്‍ഷത്തെ പോരാട്ടത്തിനുശേഷം വിടവാങ്ങി. തികഞ്ഞ ഗാന്ധിയനായി, വിത്തും കൈക്കോട്ടുമെടുത്ത്‌ മണ്ണിന്റെ മകനായി മാറി. എല്ലാറ്റിനുമൊടുവില്‍, രാസവളം ചേര്‍ക്കാത്തതുമൂലം മണ്ണിരക്കുരുപ്പകള്‍ നിറഞ്ഞ മണ്ണില്‍തന്നെ സ്വയം വിലയംപ്രാപിച്ചു. (പള്ളിയോടും പട്ടക്കാരോടും ഇടഞ്ഞുനിന്ന തന്നെ പള്ളിയില്‍ അടക്കരുതെന്ന്‌ അദ്ദേഹം പ്രത്യേകം നിഷ്‌കര്‍ഷിച്ചിരുന്നു.)

കരിങ്കല്‍പ്പാളികള്‍ നിരത്തിയ നൂറു പടികള്‍ ചവിട്ടിക്കയറിയാല്‍ കാണാം മുകളില്‍ ആകാശവും തൊട്ടുചേര്‍ന്ന മനോഹരമായ ഒരുനില വീടും. പോര്‍ച്ചില്‍ മാരുതിസെന്‍. രാഷ്‌ട്രീയജ്വരം ബാധിച്ചതുമൂലം വിവാഹം കഴിക്കാന്‍ മറന്നുപോയ ജോണ്‍ 44-ാം വയസിലാണ്‌ ലൂസിയെ കണ്ടെത്തിയത്‌. അന്നവര്‍ക്ക്‌ 29 വയസ്‌. പാതിരാവില്‍ തിരുവനന്തപുരത്തുനിന്നോ കോഴിക്കോട്ടുനിന്നോ കുറവിലങ്ങാട്ടു ബസിറങ്ങുമ്പോള്‍ ലൂസി കാറുമായി കാത്തുനില്‍പ്പുണ്ടാവും. അല്ലെങ്കില്‍ ബസ്‌ കയറ്റിവിടാന്‍ കൊച്ചുവെളുപ്പാന്‍ കാലത്ത്‌ വണ്ടിയോടിച്ചു ചെല്ലും. മുപ്പതു വര്‍ഷം ഒന്നിച്ചു ജീവിച്ചു. ഒരിക്കലും മറക്കാനാവാത്ത ഓര്‍മകളുടെ സ്‌പന്ദനങ്ങളുമായി ജോണിന്റെ കൃഷിയിടങ്ങളില്‍ ലൂസിയുണ്ട്‌.

വീടു നിറയെ അലമാരികള്‍. അവയില്‍ നിറയെ പുസ്‌തകങ്ങള്‍. ലൂസി ഇടയ്‌ക്കിടെ പരതിനോക്കും. തനിക്കു പറ്റിയ വല്ലതുമുണ്ടോയെന്നറിയാന്‍. `ജീസസ്‌ ലിവിഡ്‌ ഇന്‍ ഇന്‍ഡ്യ' എന്ന ഇംഗ്ലീഷ്‌ ഗ്രന്ഥം അവയിലൊന്നു മാത്രം. യൂറോപ്പില്‍നിന്നു വന്ന, ജോണിന്റെ പഴയൊരു ആരാധകന്‍ സമ്മാനിച്ചതാണത്‌. യുക്തിയും തത്ത്വചിന്തയും ദര്‍ശനവുമുള്ള അത്തരം പുസ്‌തകങ്ങളായിരുന്നു ജോണിന്റെ ലോകം. തൂമ്പയും വെട്ടരിവാളുമായി പണിക്കാര്‍ക്കൊപ്പം കൂടുന്ന ആ വിപ്ലവകാരി വായിക്കാനും ധാരാളം സമയം കണ്ടെത്തി.

പെണ്‍മക്കള്‍ ജയശ്രീയും ജയന്തിയുമൊത്ത്‌ സിനിമ കാണാന്‍ പോകുന്നതിനും താത്‌പര്യം കാട്ടി. ചിന്തയിലോ വായനയിലോ സിനിമയിലോ സ്വന്തം മാര്‍ഗങ്ങള്‍ നേടിക്കൊള്ളാന്‍ പ്രിയപ്പെട്ട ``അച്ചച്ച'' അവര്‍ക്ക്‌ പൂര്‍ണസ്വാതന്ത്ര്യം നല്‍കി. ജയശ്രീ ഒറീസക്കാരനായ രഞ്‌ജനെ വിവാഹം കഴിച്ച്‌ ബാംഗളൂരിലാണ്‌. ജയന്തിയാകട്ടെ കൊച്ചിയിലെ ന്‍െ ഏബ്രഹാമിനെ വരിച്ച്‌ അമേരിക്കയില്‍ കോളറാഡോ സ്റ്റേറ്റിലെ ഡെന്‍വറില്‍. ഇരുവര്‍ക്കും ഓരോ പെണ്‍തരികള്‍ - സാനിക, സോയി.

?``ഈ മണ്ണു നോക്കൂ. ഞങ്ങള്‍ ഇവിടെ ചാണകവും ചാരവും മാത്രമേ ഇടാറുള്ളൂ. മണ്ണിരക്കുരുപ്പകളാണ്‌ പറമ്പു നിറയെ'' -ബോട്ടണിയില്‍ എം.എസ്‌.സിക്കാരിയായ ലൂസി ചൂണ്ടിക്കാട്ടുന്നു. മുറ്റത്ത്‌ തഴച്ചുനില്‍ക്കുന്ന മാവിന്റെയും ചാമ്പയുടെയും പേരയുടെയും തണുപ്പാര്‍ന്ന തണലില്‍ ഇരുന്ന്‌ ലൂസി ഓര്‍മകളുടെ മണിച്ചെപ്പ്‌ തുറന്നു. അക്കാലത്ത്‌ എന്നുമിവിടെ മൂന്നു നേരവും കാപ്പിക്കും ഊണിനും അത്താഴത്തിനുമൊക്കെ ആളുണ്ടാവുമായിരുന്നു. കോണ്‍ഗ്രസിലെ യൂത്തുകാരും മുതിര്‍ന്നവരും പിന്നെ കമ്യൂണിസ്റ്റുകാരുമൊക്കെ ഉണ്ടാവും. ആരെയും സത്‌കരിക്കാതെ വിടാത്ത പ്രകൃതമായിരുന്നു. ഉമ്മന്‍ചാണ്ടി, വയലാര്‍ രവി, എ.സി. ജോസ്‌... എത്രയോ പേര്‍ക്ക്‌ ഞാന്‍ വച്ചുവിളമ്പി!'' -ലൂസി ഓര്‍ക്കുന്നു. ജോണ്‍ തികഞ്ഞ സസ്യഭുക്കായിരുന്നു, മദ്യവിരോധിയും.

ജോണിന്‌ കേരളം നിറയെ സുഹൃത്തുക്കളും ആരാധകരുമുണ്ടായിരുന്നു. ജയപ്രകാശ്‌ നാരായണ്‍ വരെ എത്തിയ യുവജന ക്യാമ്പുകളില്‍ ജോണിന്റെ സ്വതന്ത്ര ചിന്തകള്‍ കേള്‍ക്കാനും ആവേശം കൊള്ളാനും കൊതിക്കാത്ത ചെറുപ്പക്കാരുണ്ടായിരുന്നില്ല. കോണ്‍ഗ്രസിന്റെ അപചയങ്ങളെപ്പറ്റി, നാടിനെ രക്ഷിക്കാനുള്ള പോംവഴികളെപ്പറ്റി നാടുനീളെ മുദ്രാവാക്യങ്ങള്‍ മതിലുകളില്‍ നിറഞ്ഞു. മതിലുകള്‍ പണംകൊടുത്ത്‌ വാടകയ്‌ക്കെടുത്തായിരുന്നു കൈകൊണ്ട്‌ മുദ്രാവാക്യങ്ങള്‍ എഴുതുക. കേരളത്തിലെ മതിലെഴുത്തു പ്രസ്ഥാനത്തിന്റെ തലതൊട്ടപ്പന്‍കൂടിയായിരുന്നു അദ്ദേഹം. പ്രശസ്‌തനായ സി.എന്‍. കരുണാകരന്‍ ആ കലാവിന്യാസത്തിനു കൂട്ടുനിന്നു.

അച്ചടക്കം ലംഘിച്ചുവെന്ന പേരില്‍ കോണ്‍ഗ്രസില്‍നിന്നു പുറത്താക്കപ്പെടുകയും അടിയന്തരാവസ്ഥയെ എതിര്‍ത്തതിന്റെ പേരില്‍ ജയിലില്‍ ആകുകയും ചെയ്‌ത ജോണ്‍, അഞ്ചാംക്ലാസില്‍ നിക്കറിട്ടു പഠിക്കുന്ന കാലത്ത്‌ സി.പി.ക്കെതിരേ ആരംഭിച്ച ``നിഷേധം'' മരണംവരെ തുടര്‍ന്നു. പിതാവ്‌ മറ്റത്തില്‍ ഏബ്രഹാം ഹെഡ്‌മാസ്റ്ററായിരുന്നു. പക്ഷേ, സഹോദരീഭര്‍ത്താവ്‌ ഹെഡ്‌മാസ്റ്ററായപ്പോള്‍ ജോണിനെ സ്‌കൂളില്‍നിന്നു പുറത്താക്കി.

ഇതൊക്കെ പഴയ കഥ. ലൂസിയെ കെട്ടിയത്‌ പള്ളിക്കു പുറത്തുവച്ച്‌ സ്‌പെഷല്‍ മാര്യേജ്‌ ആക്‌ട്‌ പ്രകാരം. ജയശ്രീ, ജയന്തിമാരെ കെട്ടിച്ചതും അങ്ങനെതന്നെ. ആദര്‍ശ രാഷ്‌ട്രീയക്കാരനായ `അച്ചച്ചാ'യുടെ മക്കളായി ഇരുവരും സര്‍വതന്ത്രസ്വതന്ത്രരായി ജീവിക്കുന്നു. ലൂസി പള്ളിയില്‍ പോകാറില്ലെന്നല്ല, കല്യാണങ്ങള്‍ക്കും ഒത്തുകല്യാണത്തിനും മരണത്തിനുമൊക്കെ പോകും. കുര്യനാട്ടെ കൃഷിക്കാരനായ മുണ്ടിയാനിപ്പുറം കൈതമറ്റത്തില്‍ ജോസഫിന്റെ ഏകമകളാണ്‌. ഒരു സഹോദരനുണ്ടായിരുന്നു. എം.കെ.ദേവസ്യ. അധ്യാപകന്‍. ഇരുപത്തിനാലാം വയസ്സില്‍ മരണമടഞ്ഞു.

എം.എ. ജോണ്‍ എന്നെന്നും അധികാര രാഷ്‌ട്രീയത്തിന്‌ എതിരായിരുന്നു. കെ.എസ്‌.യു, യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രസ്ഥാനങ്ങളുടെ തലപ്പത്തിരിക്കുന്ന കാലഘട്ടത്തില്‍ പോലും അദ്ദേഹത്തെ അധികാരക്കസേരകള്‍ മോഹിപ്പിച്ചിട്ടില്ല. എ.കെ. ആന്റണി, ഉമ്മന്‍ചാണ്ടി, വയലാര്‍ രവി, എ.സി. ജോസ്‌ തുടങ്ങിയവര്‍ക്കൊപ്പം തോളോടു തോള്‍ ചേര്‍ന്ന്‌ കഴിഞ്ഞകാലത്തും മുഖത്തു നോക്കാതെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറഞ്ഞു. എന്തുവേണ്ടി, ജോണ്‍ ഒരു പിടിവാശിക്കാരനാണ്‌ എന്നായിരുന്നു അപഖ്യാതി. ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ ജോണ്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുള്ളൂ. അത്‌ ആദ്യത്തെ ജില്ലാ കൗണ്‍സിലിലേക്ക്‌. കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയായിരുന്ന അദ്ദേഹം വമ്പിച്ച ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു.

പാര്‍ട്ടിയെ പൂജാവിഗ്രഹമായി ആരാധിക്കാന്‍ ജോണ്‍ തയ്യാറായിരുന്നില്ല. ``പാര്‍ട്ടി പൂജിക്കാനുള്ള വിഗ്രഹമല്ല, പ്രയോഗിക്കാനുള്ള ആയുധമാണ്‌'' -അതായിരുന്നു അദ്ദേഹത്തിന്റെ ഒരു മുദ്രാവാക്യം. ``പരിപാടിയിലുള്ള പിടിവാശിയാണ്‌ പരിവര്‍ത്തനവാദികളുടെ പടവാള്‍'' എന്നു മറ്റൊന്ന്‌. ``പരിപാടിയില്‍ വിട്ടുവീഴ്‌ച ചെയ്‌താല്‍, വിട്ടുവീഴ്‌ച പരിപാടിയാവും'' എന്ന്‌ വേറൊന്ന്‌. മുഖപത്രമായ?`നിര്‍ണയം' വാരികയെ ജോണ്‍ ഒരു പടവാളാക്കി മാറ്റി.

മൊത്തം പതിനെട്ട്‌ ഏക്കര്‍ കൃഷിയിടം. അതില്‍ ആയിരം റബര്‍. ഇടയ്‌ക്കിടെ ഇടതൂര്‍ന്ന്‌ മഹാഗണിയും പൊങ്കല്യവും ആഞ്ഞിലിയും. പലേക്കറുടെ സീറോ ബജറ്റ്‌ കൃഷിയിലാണു താത്‌പര്യം. പശുക്കളെ വളര്‍ത്തുമായിരുന്നു. ഇപ്പോഴത്തെ പ്രശ്‌നം പണിക്കാരില്ലെന്നതാണ്‌. തന്മൂലം റബര്‍ഷീറ്റ്‌ അടിക്കല്‍ നിര്‍ത്തി; ഇപ്പോള്‍ പാല്‍ ആയിത്തന്നെ കൊടുക്കുന്നു.

``എന്നെന്നും കൂടെയുണ്ടായിരുന്നു ഞാന്‍. അമേരിക്കയില്‍ മോളോടൊപ്പമായിരുന്നപ്പോഴാണ്‌ ഒരു കൊച്ചുവെളുപ്പാന്‍കാലത്ത്‌ മരണം വന്നു കൊണ്ടുപോയത്‌. ഒടുവില്‍ ഒന്നു മിണ്ടാന്‍പോലും കഴിഞ്ഞില്ല. (ലൂസിയുടെ കണ്ണു നിറയുന്നു) ഹൃദയത്തിനു പ്രശ്‌നമുണ്ടെന്നു കണ്ടുപിടിച്ച ശേഷവും ഭക്ഷണം ക്രമീകരിച്ച്‌ ഇരുപതു വര്‍ഷത്തോളം ഒരു കുഴപ്പവും കൂടാതെ ജീവിച്ചയാളാണ്‌. അലോപ്പതി ചെയ്‌തിരുന്നെങ്കില്‍ എന്ന്‌ പലരും പറഞ്ഞുകേട്ടിരുന്നു. പക്ഷേ, അതിലൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല...''

``യാതൊരു ജനാധിപത്യവും ഇല്ലെന്നുള്ളതാണ്‌ കോണ്‍ഗ്രസിന്റെ അന്നത്തെയും ഇന്നത്തെയും പ്രശ്‌നം. നേതാക്കന്മാരെ കെട്ടിയിറക്കുകയാണ്‌. അതിനെതിരേയായിരുന്നു ജോണിന്റെ ശബ്‌ദമേറെയും. പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പു നടക്കാറുണ്ടോ? എത്ര കാലമായി!'' -ലൂസി ചോദിക്കുന്നു. ഇഷ്‌ടമില്ലാത്തവര്‍ക്കെതിരേയുള്ള `നോട്ട' എന്ന ആശയം ജോണ്‍ മുപ്പതു വര്‍ഷം മുമ്പേ പറഞ്ഞതാണ്‌. `നോട്ട' യില്‍ തോറ്റാല്‍ സ്ഥാനാര്‍ഥികളെ തിരിച്ചുവിളിക്കണമെന്നുവരെ അദ്ദേഹം പറഞ്ഞുവച്ചു. ഒരുപക്ഷേ, ഇന്ത്യയിലെ ആദ്യത്തെ ആം ആദ്‌മിക്കാരന്‍ ജോണ്‍ ആയിരിക്കും.''

പ്രശസ്‌ത ഗാന്ധിയന്‍ പ്രൊഫസറായ ഡോ. എം.പി. മത്തായി എഡിറ്റ്‌ ചെയ്‌ത്‌ `എന്തുകൊണ്ട്‌ എം.എ. ജോണ്‍?' എന്നൊരു പുസ്‌തകം 2012ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അതിന്റെ തുടക്കത്തില്‍ നെഹ്‌റുവിനു പോലും പ്രിയങ്കരനായ റോബര്‍ട്ട്‌ ഫോസ്റ്റിന്റെ വരികള്‍ ഇങ്ങനെ ഉദ്ധരിച്ചിരിക്കുന്നു:

``Two roads diverged in a wood, and I -
I took the one less traveled by,
And that has made all the difference'' -( Robert Frost: The Road Not Taken)

ജോണിനെപ്പറ്റി ഇതിലും മനോഹരമായി ആര്‍ക്കു പറയാനാവും!

``ജയന്തിയുടെയും സെന്നിന്റെയും സോയിയുടെയും ഒരു ചിത്രം കിട്ടിയാല്‍ നന്നായിരുന്നു.'' -അമ്മയോടൊപ്പം ഒരാഴ്‌ച കഴിയാന്‍ രഞ്‌ജനുമായെത്തിയ ജയശ്രീയോട്‌ ഞാന്‍ സൂചിപ്പിച്ചു.

``എടീ, ഇത്‌ മലയാള മനോരമയിലെ സീനിയര്‍ ജേര്‍ണലിസ്റ്റാണ്‌. ഇവിടെ വന്നിരുന്നു. നിന്റെ ഒരു കുടുംബചിത്രം വേണം.'' -ഉടനെ ജയശ്രീ ഡെന്‍വറിലെ അനുജത്തിക്ക്‌ ഇ-മെയില്‍ അയച്ചു. വീട്ടിലെത്തിയപ്പോഴേക്കും മെയിലില്‍ ആ ചിത്രവുമെത്തി.
എം.എ. ജോണിനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ... (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)എം.എ. ജോണിനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ... (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)എം.എ. ജോണിനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ... (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)എം.എ. ജോണിനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ... (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)എം.എ. ജോണിനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ... (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)എം.എ. ജോണിനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ... (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
Join WhatsApp News
Gopi Nathan 2014-09-24 12:19:31
Nice to see that  Malayalees abroad remember M.A.John with respect.  Mathrbhumi's breaking of the sad news that day had all the elements which we cannot put in words. "കേരളത്തിലെ കോണ്‍ഗ്രസ്സില്‍ പരിവര്‍ത്തനത്തിന്റെ ശബ്ദമുയര്‍ത്തുകയും വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശത്തിന്റെ വഴിയേ സഞ്ചരിക്കുകയുംചെയ്ത എം.എ. ജോണ്‍ അന്തരിച്ചു." Nothing more need to be added.
http://www.mathrubhumi.com/extras/special/story.php?id=160583
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക