Image

സൂപ്പര്‍മാന്‍ (കവിത: ജി. പുത്തന്‍കുരിശ്‌)

Published on 27 May, 2014
സൂപ്പര്‍മാന്‍ (കവിത: ജി. പുത്തന്‍കുരിശ്‌)
വേദനിച്ചിടുമ്പോഴും അന്യന്റെ കണ്ണീര്‍ മായ്‌ക്കും
ചേതനനെന്നുമെന്നും ആയിരം നമസ്‌ക്കാരം
സ്‌നേഹവും കാരുണ്യവും ഒന്നായി സമ്മേളിച്ച്‌
ലോകത്തില്‍ പിറക്കട്ടെ അനേകം പുണ്യാത്‌മാക്കള്‍
സ്വാര്‍ത്ഥത മുകില്‍പോലെ ഊഴിയില്‍ പടരുമ്പോള്‍
നേര്‍ത്തൊരു ദയക്കായി കേഴുന്നു ശതഗണം
എങ്കിലും അങ്ങിങ്ങായി കാണ്മു നാം അത്താണികള്‍
പങ്കിലമാകാതവ നില്‌ക്കുന്നീയുഗത്തിലും
ഉല്‍ക്കട സ്‌നേഹത്തിന്റെ ത്യാഗത്തിന്‍ കഥ ചൊല്ലാം
നില്‍ക്കുമോ നിങ്ങളിറ്റു നേരമിതൊന്നു കേള്‍പ്പാന്‍?
ക്രിസ്റ്റഫര്‍ റീവിന്‍ നാമം കേള്‍ക്കാത്തോരുണ്ടോ ഭൂവില്‍?
ഇഷ്‌ടമാണേവര്‍ക്കുമാ ഹീറോയാം `സൂപ്പര്‍മാനെ'.
അധര്‍മ്മം തുരത്താനായ്‌ പടവാള്‍ ചുഴറ്റിയ
അതീവ കരുത്താനാധീരനാം പോരാളിയെ
അന്നൊരു ദിവസമാ കുതിരപ്പുറത്തേറി
മിന്നുകയായിരുന്നു കൊള്ളിയാന്‍പോലെ അവന്‍
പെട്ടെന്നു മറിഞ്ഞശ്വം പതിച്ചു നിലത്തവന്‍
നട്ടെല്ലു തകര്‍ന്നതാ നിശ്ചലമായി മേനി
മൂടിയാ മനസ്സാകെ ഭീതിയിന്‍ കരിനിഴല്‍
വാടിയാമുഖം ചൂടില്‍ കരിഞ്ഞ പുഷ്‌പം പോലെ.
തന്നരികത്തു നില്‌ക്കും `ഡാനയെ' നോക്കിയവന്‍
തെന്നിടും ശബ്‌ദത്തോടെ ചൊല്ലി നീ കേള്‍പ്പൂ പ്രിയേ
`ഇല്ലിനി നിനക്കെന്നെകൊണ്ടൊരു പ്രയോജനോം
അല്ലലിന്‍ ദിനം മാത്രം കാണ്മു ഞാന്‍ നിനക്കെന്നും
മൃത്യുവിന്‍ മടിത്തട്ടില്‍ പോയിഞാന്‍ ഉറങ്ങട്ടെ
ഉത്തമം നിനക്കതു എന്നെ നീ മറന്നേക്കു.'
കുനിഞ്ഞു `ഡാനാ' തന്റെ പ്രിയന്റെ നെറ്റിയിങ്കല്‍
അണച്ചു സ്‌നേഹത്തിന്റെ മുദ്രയാം ചുംബനത്തെ
ഇല്ലെനിക്കധികാരം ജീവനെ എടുക്കുവാന്‍
ഉള്ളതൊ നിനക്കെന്റെ നിത്യമാം പ്രേമംമാത്രം
തെളിഞ്ഞു ക്രിസ്റ്റഫറിന്‍ കണ്ണുകള്‍ ദീപ്‌തമായി
ഇളകി മാംസപേശി വദനം പ്രഫുല്ലമായ്‌
വേണ്ടിനിക്കരങ്ങളും കാല്‍കളും ശരീരവും
വേണ്ടതോ ആത്‌മാവിനു കരുത്തതൊന്നുമാത്രം
പൊടിഞ്ഞു ഡാനയുടെ മിഴിയില്‍ കണ്ണീര്‍ക്കണം
ചൊടിയില്‍ വിരിഞ്ഞൊരു പുഞ്ചിരി പൂമുല്ലയും.
അന്നോളം സുഖത്തിന്റെ പാന്ഥാവില്‍ ചരിച്ചവര്‍
തന്നീടുന്നേവര്‍ക്കുമായി പുതിയ സന്ദേശവും
`അല്ലലിന്‍ നടുവിലും കൊളുത്താം തിരിനാളം
തെല്ലൊരു പ്രകാശമായ്‌ വിളങ്ങാം ഇരുളിലും'
ഒന്നിച്ചു `ക്രിസ്റ്റഫറും' `ഡാന'യും വന്‍ശക്‌തിയായ്‌
ഖിന്നരാം അനേകര്‍ക്കു ആവേശമായി മാറി
നട്ടെല്ലിന്‍ ക്ഷതമേറ്റു കഷ്‌ടതക്കുള്ളില്‍ വാഴും
ഒട്ടേറെ പതിതര്‍ക്ക്‌ പ്രതീക്ഷ ഏകിയവര്‍

***
ഉരുണ്ടു അതിവേഗം കാലത്തിന്‍ രഥചക്രം
മരണം വന്നു പുല്‍കി ധീരനാം `സൂപ്പര്‍മാനെ'
ഞെരിഞ്ഞു അര്‍ബുദത്തിന്‍ പിടിയില്‍പ്പെട്ടു `ഡാനാ'
മരണം അവളേയും ഗ്രസിച്ചു നിര്‍ദാക്ഷിണ്യം
ലോകത്തിന്‍ മനസ്സാക്ഷി പിടിച്ചു കുലുക്കുവാന്‍
ഏകനായ്‌ വിട്ടു വിധി ഓമന മകനേയും
താളങ്ങള്‍ പലപ്പോഴും തെറ്റീടും മനസ്സിന്റെ
ഓളങ്ങള്‍ പോലെ നമ്മെ കഷ്‌ടങ്ങള്‍ അലയ്‌ക്കുമ്പോള്‍
തകരും വ്യക്‌തികളും ഭൗതിക വസ്‌തുക്കളും
തകര്‍ക്കാന്‍ കഴിയാത്ത ആത്‌മാവോ നിലനില്‍ക്കും
അല്ലലിന്‍ നടുവിലും കൊളുത്താം തിരിനാളം
തെല്ലൊരു പ്രകാശമായ്‌ വിളങ്ങാം ഇരുളിലും
വേദനിച്ചീടുമ്പോഴും അന്യന്റെ കണ്ണീര്‍ മായ്‌ക്കും
ചേതനനെന്നുമെന്നും ആയിരം നമസ്‌ക്കാരം

(ജീവിതത്തിന്റെ പ്രതിസന്ധിയിലും മറ്റുള്ളവരെ
സഹായിക്കാന്‍ സന്മനസ്സ്‌ കാണിച്ച്‌ ജീവിതത്തെ സന്തോഷകരമക്കുന്ന
എന്റെ സുഹൃത്തിനു വേണ്ടി ഈ കവിത സമര്‍പ്പിക്കുന്നു)
സൂപ്പര്‍മാന്‍ (കവിത: ജി. പുത്തന്‍കുരിശ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക