Image

സമാധാനത്തിന്റെ നഗരമായിരിക്കണം ജറുസലേം: പാപ്പാ ഫ്രാന്‍സിസ്

Published on 29 May, 2014
സമാധാനത്തിന്റെ നഗരമായിരിക്കണം ജറുസലേം: പാപ്പാ ഫ്രാന്‍സിസ്
തിരക്കേറിയ മൂന്ന് ദിവസത്തെ വിശുദ്ധനാട് സന്ദര്‍ശനത്തിന്റെ മടക്കയാത്രയില്‍ പാപ്പാ ഫ്രാന്‍സിസ് മാധ്യമപ്രവര്‍ത്തകരുമായി സുദീര്‍ഘമായ സംഭാഷണം നടത്തി.
വിശുദ്ധനാട് സന്ദര്‍ശനത്തെക്കുറിച്ച് ആരാഞ്ഞുകൊണ്ടാണ് പത്രപ്രവര്‍ത്തകര്‍ ചോദ്യങ്ങളാരംഭിച്ചതെങ്കിലും ഇസ്രയേല്‍ പലസ്തീന്‍ രാഷ്ട്രീയ നിലപാടുകള്‍, റോമന്‍ കൂരിയാ പരിഷ്‌കരണം, വൈദികരുടെ ബാലപീഡനം, അടുത്ത സിനഡ് സമ്മേളനങ്ങള്‍, ഏഷ്യന്‍ പര്യടനം, പാപ്പായുടെ രാജി സാധ്യത എന്നിങ്ങനെ വിവിധ വിഷയങ്ങളിലേക്ക് പിന്നീടത് നീണ്ടു. ഒരു ചോദ്യത്തിനും പാപ്പ ഉത്തരം നിഷേധിച്ചില്ല. വ്യക്തവും ലളിതവുമായിരുന്നു പാപ്പായുടെ ഉത്തരങ്ങള്‍.

ഇസ്രയേല്‍ പലസ്തീന്‍:
ഇസ്രയേല്‍ പ്രസിഡന്റ് ഷിമോണ്‍ പേരെസിനേയും, പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിനേയും വത്തിക്കാനിലേക്ക് ക്ഷണിച്ചിരിക്കുന്നത് മധ്യസ്ഥ ചര്‍ച്ചയ്ക്കല്ല, ഒരുമിച്ച് പ്രാര്‍ത്ഥിക്കാനാണ് എന്ന് പാപ്പ വിശദീകരിച്ചു. ജറുസലേം നഗരത്തെക്കുറിച്ച് പാപ്പായുടെ കാഴ്ച്ചപ്പാട് തികച്ചും ആദ്ധ്യാത്മികമാണ്. സമാധാനത്തിന്റെ നഗരമായിരിക്കണം ജറുസലേം, മൂന്ന് മതസ്ഥര്‍ക്കും സമാധാനത്തോടെ കഴിയാന്‍ സാധിക്കുന്നിടം.

സഭൈക്യം:
ഫ്രാന്‍സിസ് മാര്‍പാപ്പയും എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തോലോമെയോ പ്രഥമനും സഭൈക്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഒരുമിച്ചുള്ള സഞ്ചാരത്തിന്റെ ഫലമായി ക്രമേണ ഉടലെടുക്കുന്നതാണ് സഭൈക്യം. ഒരൊറ്റ ദൈവശാസ്ത്ര സമ്മേളനത്തിലൂടെ സഭൈക്യം ഉണ്ടാക്കിയെടുക്കാനാവില്ല. ഒരുമിച്ച് സഞ്ചരിച്ചും, ഒന്നിച്ച് പ്രാര്‍ത്ഥിച്ചും, സഹകരിച്ച് ജീവിച്ചുമാണ് സഭൈക്യം വളര്‍ത്തിയെടുക്കേണ്ടത്. അതിന് ചില മാറ്റങ്ങള്‍ അനിവാര്യമാണ്. ഉദാഹരണത്തിന്, ക്രിസ്തുവിന്റെ ഉയിര്‍പ്പ് തിരുന്നാള്‍ കത്തോലിക്കര്‍ക്കും ഓര്‍ത്തഡോക്‌സ് െ്രെകസ്തവര്‍ക്കും ഒരുമിച്ച് ആഘോഷിക്കാന്‍ സാധിക്കണം.
('നിന്റെ ക്രിസ്തു എപ്പോഴാണ് ഉയിര്‍ത്തെഴുന്നേല്‍ക്കുക'? 'അടുത്ത ആഴ്ച്ച!' 'എന്റെ ക്രിസ്തു കഴിഞ്ഞ ആഴ്ച്ച ഉയിര്‍ത്തെഴുന്നേറ്റു'! ഇങ്ങനെ പറയുന്ന അവസ്ഥ അപഹാസ്യമാണെന്ന് പാപ്പ പറഞ്ഞു.)
മാര്‍പാപ്പയും പാത്രിയാര്‍ക്കീസും മുന്‍തൂക്കം നല്‍കുന്ന മറ്റൊരു മേഖല പരിസ്ഥിതി സംരക്ഷണമാണെന്നും പാപ്പ വെളിപ്പെടുത്തി.

ബാല പീഡനം:

വൈദികരുടെ ലൈംഗിക പീഡനം 'ക്രിസ്തുവിന്റെ ശരീരത്തെ വഞ്ചിക്കുന്നതിന്' തുല്യമാണെന്ന് പാപ്പ പ്രസ്താവിച്ചു. സാത്താന്‍ പൂജ നടത്തുന്നതിന് സമാനമാണത്. ഈ തെറ്റു ചെയ്യുന്നവര്‍ക്കെതിരേ നിര്‍ദാക്ഷിണ്യം നടപടിയെടുക്കും. കുറ്റം ചെയ്തവര്‍ യാതൊരുവിധ ആനുകൂല്യങ്ങളും പ്രതീക്ഷിക്കേണ്ടതില്ല.
പീഡനത്തിന് ഇരയായ ഏഴെട്ടു വ്യക്തികളെ വത്തിക്കാനിലെ സാന്താ മാര്‍ത്താ മന്ദിരത്തില്‍ പ.കുര്‍ബ്ബാനയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്നും പാപ്പ വെളിപ്പെടുത്തി. പ.കുര്‍ബ്ബാനയ്ക്കു ശേഷം പാപ്പ അവരോട് വ്യക്തിപരമായി സംസാരിക്കും.

റോമന്‍ കൂരിയായുടെ പരിഷ്‌ക്കരണം:
റോമന്‍ കൂരിയായുടെ പരിഷ്‌ക്കരണ നടപടികള്‍ നല്ല രീതിയില്‍ നടന്നുകൊണ്ടിരിക്കുന്നു. കാര്യാലയങ്ങളുടെ ഘടന കുറേക്കൂടി ലളിതമാക്കാനുണ്ട്. ഉദാഹരണത്തിന്, ചില കാര്യാലയങ്ങളെ ലയിപ്പിക്കാവുന്നതാണ്. റോമന്‍ കൂരിയായുടെ പുനര്‍ക്രമീകരണവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പാപ്പായുടെ ഔദ്യോഗിക ഉപദേശക സമിതിയുടെ (എട്ടംഗ കര്‍ദിനാള്‍ സംഘം) ജൂലൈ, സെപ്തംബര്‍ മാസങ്ങളില്‍ നടക്കുന്ന സമ്മേളനങ്ങളില്‍ ചര്‍ച്ച ചെയ്യും. സാമ്പത്തിക കാര്യാലയത്തിന്റെ പുനര്‍ക്രമീകരണം വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു. സാമ്പത്തിക കാര്യങ്ങളില്‍ സത്യസന്ധതയും സുതാര്യതയും അത്യന്താപേഷിതമാണ്. ഇടര്‍ച്ചകള്‍ ഇനിയുണ്ടാകില്ലെന്നു പറയുന്നില്ല, നമ്മള്‍ മനുഷ്യരാണ്. വീഴ്ച്ചകളുണ്ടായേക്കാം. എന്നാല്‍, വീഴ്ച്ചകള്‍ കഴിയുന്നത്ര കുറച്ചുകൊണ്ടുവരാന്‍ പരിശ്രമിക്കുന്നുണ്ട്.
സഭ നിരന്തരം നവീകരിക്കപ്പെടേണ്ടിയിരിക്കുന്നു എന്നാണല്ലോ സഭാ പിതാക്കന്‍മാര്‍ പറഞ്ഞിരിക്കുന്നത്. പാപികളും ബലഹീനരുമായ നാമോരോരുത്തരും അനുദിനം സഭയെ നവീകരിക്കാന്‍ കടപ്പെട്ടിരിക്കുന്നവരാണ്.
വത്തിക്കാന്‍ ബാങ്കിന്റെ (കേെശൗേീേ ുലൃ ഹല ഛുലൃല റശ ഞലഹശഴശീില – കഛഞ) പ്രവര്‍ത്തനവും മെച്ചപ്പെടുന്നുണ്ട്. ബാങ്കിലുണ്ടായിരുന്ന നൂറുകണക്കിന് അനധികൃത അക്കൗണ്ടുകള്‍ മരവിപ്പിച്ചു കഴിഞ്ഞു. സഭാ സേവനമാണ് വത്തിക്കാന്‍ ബാങ്കിന്റെ ചുമതലയെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു.

സിനഡ് സമ്മേളനങ്ങള്‍:
സിനഡ് സമ്മേളനങ്ങള്‍ക്ക് നല്ല ഒരുക്കം നടക്കുന്നുണ്ട്. നിര്‍ണ്ണായ പ്രാധാന്യമുള്ള വിഷയമാണ് കുടുംബ പ്രേഷിതത്വം. അതേസമയം, വിവാഹ മോചനം നേടിയവരുടെ പരിശുദ്ധ കുര്‍ബ്ബാന സ്വീകരണവും, പുനര്‍വിവാഹവും മാത്രമല്ല കുടുംബ അജപാലന രംഗത്തെ പ്രശ്‌നങ്ങള്‍. സഭാംഗങ്ങളില്‍ ചിലര്‍ പോലും ഈ വിഷയത്തിന് അമിത പ്രാധാന്യം നല്‍കുന്നത് ഖേദകരമാണ്. വിവാഹ മോചിതര്‍ക്ക് സഭ മുടക്ക് കല്‍പ്പിച്ചിട്ടില്ല, പക്ഷേ, മുടക്കു കല്‍പ്പിക്കപ്പെട്ടവരോടെന്ന പോലെയാണ് പലപ്പോഴും സഭാംഗങ്ങള്‍ അവരോട് പെരുമാറുന്നത്. അതിന് മാറ്റം വരേണ്ടിയിരിക്കുന്നുവെന്ന് പാപ്പ പ്രസ്താവിച്ചു.

വൈദികരുടെ ബ്രഹ്മചര്യം:
വൈദികരുടെ ബ്രഹ്മചര്യം സഭയ്ക്കു ലഭിച്ചിരിക്കുന്ന വലിയൊരു ദാനമാണ്. ആദരണീയമായ ജീവിത നിഷ്ഠയാണത്. പക്ഷേ, അതൊരു വിശ്വാസ സത്യമല്ലാത്തതിനാല്‍  ഇക്കാര്യത്തില്‍ പുനരാലോചനയ്ക്ക് സാധ്യതയുണ്ട്. കൂടാതെ, പൗരസ്ത്യ കത്തോലിക്കാ സഭകളില്‍ വിവാഹിതരായ പുരോഹിതരുണ്ട് എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.

ഏഷ്യയിലേക്ക് അപ്പസ്‌തോലിക പര്യടനം:

ഇക്കൊല്ലം ഓഗസ്റ്റ് മാസത്തില്‍ കൊറിയയും, അടുത്തക്കൊല്ലം ജനുവരി മാസത്തില്‍ ശ്രീലങ്കയും ഫിലിപ്പീന്‍സും സന്ദര്‍ശിക്കാന്‍ ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

പേപ്പല്‍ സ്ഥാനത്യാഗം:

മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്യാന്‍ സാധ്യതയുണ്ടോ? കര്‍ത്താവ് ആവശ്യപ്പെടുന്നതെന്താണോ അത് താന്‍ നിറവേറ്റും എന്ന് പാപ്പ മറുപടി നല്‍കി. പ്രാര്‍ത്ഥിക്കുക, ദൈവഹിതം നിറവേറ്റുക അതാണ് പ്രധാനം.
വിനയാന്വിതനും, വിശ്വാസത്തിന്റെ നേര്‍സാക്ഷ്യവുമായ ബെനഡിക്ട് പാപ്പ, തന്റെ ആരോഗ്യം ക്ഷയിച്ചു കഴിഞ്ഞു എന്ന് തിരിച്ചറിഞ്ഞപ്പോള്‍ സത്യസന്ധമായി എടുത്ത തീരുമാനമാണ് അദ്ദേഹത്തിന്റെ സ്ഥാനത്യാഗം. ഏഴ് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വിശ്രമ ജീവിതം നയിക്കുന്ന മെത്രാന്‍മാര്‍ (ആശവെീു ഋാലൃശൗേ)െ ഉണ്ടായിരുന്നില്ല. ഇനി, മാര്‍പ്പമാരുടെ വിശ്രമ ജീവിതം എങ്ങനെയായിരിക്കും? അതിനുള്ള സാധ്യത തുറന്നിട്ട ബെനഡിക്ട് പാപ്പായുടെ മാതൃക നാം നിരീക്ഷിക്കേണ്ടിയിരിക്കുന്നു. സ്ഥാനത്യാഗം സാധ്യമാണ്. സ്ഥാനത്യാഗം ചെയ്യുന്ന മാര്‍പാപ്പമാര്‍ ഇനിയും ഉണ്ടായേക്കാം. അത് ദൈവത്തിനു മാത്രമേ അറിയൂ. റോമാ രൂപതയുടെ മെത്രാന് തന്റെ ശക്തി ക്ഷയിക്കുന്നതായി അനുഭവപ്പെടുകയാണെങ്കില്‍, ബെനഡിക്ട് പാപ്പ ചെയ്തതുപോലെ അദ്ദേഹം ദൈവഹിതം ആരായണം എന്നാണ് തന്റെ അഭിപ്രായമെന്ന് ഫ്രാന്‍സിസ് പാപ്പ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക