Image

ശ്ശശ്ശോ....ഇങ്ങനെയുണ്ടോ മലയാളികള്‍, മണ്ടന്മാര്‍ !(രചന: വൈക്കം മധു)

Published on 05 June, 2014
ശ്ശശ്ശോ....ഇങ്ങനെയുണ്ടോ മലയാളികള്‍, മണ്ടന്മാര്‍ !(രചന: വൈക്കം മധു)
മലയാളികളാരും ഇത്‌ അറിഞ്ഞില്ലേ?

കാറുകള്‍ക്ക്‌ ഇഷ്‌ടനമ്പരുകള്‍ കിട്ടാന്‍ ലക്ഷങ്ങള്‍ മുടക്കുന്ന മലയാളി കൊലകൊമ്പന്മാര്‍ ഇതൊന്നും ആരും പറഞ്ഞുപലും കേട്ടില്ല്യോ? നാലില്‍ കുറയാതെ സ്വന്തം ജറ്റുകള്‍ പറത്തി ഉലകം ചുറ്റുന്ന കേരളത്തിലെ കച്ചോടക്കാരും ഇക്കാര്യം മണത്തറിഞ്ഞില്ലെന്നോ?

കഷ്‌ടം!

ദേ കണ്ടില്ലേ, മണ്ണും ചാരി നിന്നവന്‍ പെണ്ണുംകൊണ്ടുപോയി. ഇനി പോയി ഗോപി തൊട്‌.

ലോകത്തിലെ ഏറ്റവും മുന്തിയ സമ്മാനം നേടാന്‍ പാങ്ങില്ലെങ്കിലും അതു നാലു കാശെറിഞ്ഞു കീശയിലാക്കാന്‍ കിട്ടിയ സൊയമ്പന്‍ അവസരം നായ്‌ നക്കിപ്പോയിഎന്നു പറഞ്ഞാല്‍ മതിയല്ലോ.

ഒരു കിടിലന്‍ നോബേല്‍ സമ്മാനമാണ്‌ ഇന്നലെ പരസ്യമായി ചുണയുള്ള പിള്ളേര്‍ അടിച്ചുകൊണ്ടുപോയത്‌. സ്വന്തം ബുദ്ധികൊണ്ട്‌ നൂറു ജന്മം നോമ്പുനോറ്റാലും തൊട്ടുനോക്കാന്‍ പറ്റാത്ത നൊബേല്‍ സമ്മാനമാണ്‌, കാശുകൊടുത്തു വാങ്ങി കീശയിലിട്ടു ഞെളിഞ്ഞു നടക്കാന്‍ ദൈവം തമ്പുരാനായി നീട്ടിത്തന്ന ചാന്‍സ്‌, ഇക്കണ്ട ഭൂലോക മലയാളികളാകെ കളഞ്ഞു കുളിച്ചത്‌. അനഭവദോഷം!

അല്ലെങ്കില്‍ മദര്‍ തെരേസെയോ, മാര്‍ട്ടിമന്‍ ലൂതര്‍ കിങ്ങിനെയോ, നെല്‍സണ്‍ മണ്ടേലെയോ പോലെ, നോബല്‍ മെഡല്‍ ഷര്‍ട്ടില്‍ കുത്തി കേരളത്തിലെ പ്രധാന രാജവീഥികളിലൂടെ നെഞ്ചു വിരിച്ചു നാലാളു കാണ്‍കെ നടക്കാമായിരുന്നില്ലേ. തലവിധി വേണം, തലവിധി! കാശുണ്ടായാല്‍ മാത്രം പോരാ. അതു ചാക്കില്‍ കെട്ടിവച്ചിട്ട്‌ ഏതു പട്ടി കാണാനാ?

തലയ്‌ക്കകത്ത്‌ വല്ലതും വേണം, അസ്സേ. പോത്തിന്റെ മുന്നില്‍ കിന്നരം വായിച്ചിട്ട്‌ എന്നാ കാര്യം ?

ഇപ്പൊ കണ്ടില്ലേ. കാശുവീശിയെറിഞ്ഞവന്‍ അതു കീശയിലാക്കി ഏമ്പൊക്കം നീട്ടിവിട്ടു നടക്കുന്നു. ഛേ...

ഒരു രണ്ടുകോടി രൂപയൊക്കെ കേരളത്തില്‍ ഏതു തുണിക്കടക്കാരന്റേയും പൂച്ചുസ്വര്‍ണം വില്‍ക്കുന്നവന്റെയും ഷര്‍ട്ട്‌പോക്കറ്റില്‍ക്കാണും.

ന്യൂയോര്‍ക്കില്‍ ഇന്നലെ സോത്ത്‌ബീസ്‌ എന്ന ലേലക്കടക്കാരന്‍ വെറും രണ്ടുകോടി രൂപയ്‌ക്കാണ്‌ ഒരു നൊബേല്‍ മെഡല്‍ വേലത്തില്‍ വിറ്റത്‌. ഒന്ന്‌, രണ്ട്‌, മൂന്ന്‌ തരം വിളിച്ചിട്ടും മലയാളിയായ ഒരുത്തന്റേയും പൊടിപോലും അവിടെ കണ്ടില്ല. ലോകത്തെ സകലമാന മലയാളികള്‍ക്കും ഇതില്‍പ്പരം നാണക്കേടുണ്ടോ. ഒരു നോബേല്‍ പെടാവിലയ്‌ക്കു വിറ്റിട്ടും, കോടിശ്വരന്‍മാരെന്നല്ല ബഹു കോടിശ്വരന്‍മാരും ബഹു,ബഹു കോടീശ്വരന്‍മാരും കേരളത്തിലെന്നല്ല, ലോകമൊട്ടുക്കുമുണ്ടായിട്ടും തിരിഞ്ഞുനോക്കിയില്ലെന്നു പറഞ്ഞാല്‍, ഛെ,ഛെ എന്തു നാണക്കേടാണ്‌

ന്യൂട്രോണ്‍ കണ്ടുപിടിച്ചതിന്‌, ഇംഗ്‌ളണ്ടിലെ ജയിംസ്‌ ഛാഡ്‌വിക്കിന്‌ 1935-ല്‍, ഫിസിക്‌സിനു നല്‍കിയ നൊബേലാണ്‌ ഇന്നലെ ന്യൂയോര്‍ക്കിലെ പ്രശസ്‌ത ലേലക്കാരായ സോത്‌ബീസ്‌ 329,000 ഡോളറിനുവിറ്റത്‌. മെഡലിനു പുറമേ ഡിപ്‌ളോമയും ഉള്‍പ്പെടെയാണ്‌ കച്ചവടം.

മെഡലുകളും നാണയങ്ങളും ശേഖരിക്കുന്നതു വിനോദമാക്കിയ ഒരാളാണ്‌ ഇതു ലേലത്തിനു വച്ചത്‌. അയാള്‍ ഇത്‌ നൊബേല്‍ നേടിയ ഛാഡ്‌വിക്കില്‍ നിന്ന്‌ 20 വര്‍ഷം മുമ്പ്‌ വാങ്ങിയതാണ്‌. ഇപ്പോള്‍ അതു ലേലത്തില്‍ പിടിച്ചത്‌ ആരെന്ന്‌ അറിയില്ല.

അര്‍ജന്റീനയിലെ വിദേശകാര്യമന്ത്രിയായിരുന്ന കാര്‍ലോസ്‌ സാവദ്ര ലമാസിന്‌ നാട്ടിലെ യുദ്ധം അവസാനിപ്പിച്ചതിനു 1936-ല്‍ നല്‍കിയ നൊബേല്‍ പുരസ്‌കാരം ലേലത്തിന്‍ വിറ്റതാണ്‌ നൊബേല്‍ കച്ചവടത്തിലെ രണ്ടാമത്തെ സംഭവം. ലാറ്റില്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ആദ്യമായി ലമാസിനു നല്‍കിയ നൊബേല്‍ പിന്നീടു കാണാതെ പോയി. അതു പിന്നെ കണ്ടെത്തിയത്‌ 20 വര്‍ഷം കഴിഞ്ഞ്‌ ഒരു ആക്രി കടയില്‍. കടക്കാരനുണ്ടോ അതിന്റെ മൂല്യം അറിയുന്നു. അയാള്‍ക്ക്‌ അതു വിറ്റ ആളിനും അറിയില്ലായിരുന്നു. അല്ലെങ്കില്‍ 222.4 ഗ്രാമുള്ള ആ അമൂല്യ വസ്‌തു വെറും പൊന്നിന്റെ വിലയ്‌ക്കു വില്‍ക്കുമായിരുന്നോ?

ആക്രിക്കടക്കാരന്‍ ആ മെഡല്‍ അമേരിക്കയിവെ ഒരു വ്യാപാരിക്കു വിറ്റു. അയാളാകട്ടെ അതു വീണ്ടും മറിച്ച്‌, പുരാവസ്‌തു ശേഖരിക്കുന്ന ഒരു ധനികനു കൈമാറി. ഇയാള്‍ 10 വര്‍ഷം മുമ്പ മരിച്ചു. ഈ മെഡല്‍ അനന്തരാവകാശികള്‍ ബാള്‍ട്ടിമോറിലെ സ്റ്റാക്ക്‌സ്‌ ബൊവേഴ്‌സ ഗാലറിക്ക്‌ വന്‍തുകയ്‌ക്കു ലേലത്തില്‍ വില്‍ക്കുകയായിരുന്നു.

തെക്കേ അമേരിക്കയിലെ ബൊളീവിയയും പാരഗ്വേയും തമ്മില്‍ 1933-35 കാലത്തുണ്ടായ രൂക്ഷയുദ്ധം (ഷാക്കോ വാര്‍) അവസാനിപ്പിച്ച്‌ വെടിനിര്‍ത്തലിനു നേതൃത്വം നല്‍കിയതിനായിരുന്നു കാലര്‍ലോസിന്‌ ഈ നൊബേല്‍ മെഡല്‍ സമ്മാനിച്ചത്‌.

സര്‍ വില്യം റല്‍ഡാല്‍ ക്രെമെറിന്‌ 1903-ല്‍ സമാധാനത്തിനു നല്‍കിയ നൊബേലാണ്‌ സോത്ത്‌ബീസില്‍തന്നെ 1985-ല്‍ വിറ്റുപോയ മറ്റൊരു അമൂല്യനിധി. സ്വതന്ത്രാഭിപ്രായ പ്രകടനത്തിനുവേണ്ടി നിലകൊള്ളുകയും, ലണ്ടനിലെ ഹൈഡ്‌ പാര്‍ക്കില്‍ സ്‌പീക്കേഴ്‌സ്‌ കോര്‍ണര്‍ ആരംഭിക്കുന്നതിനു ബ്രീട്ടീഷ്‌ പാര്‍ലമെന്റില്‍ നിയമനിര്‍മാണത്തിനു പ്രേരകനാകുകയും ചെയ്‌തതിനാണ്‌ ലിബറല്‍ എം.പിയായ ക്രെമറിന്‌ നൊബേല്‍ നല്‍കിയത്‌.

നൊബേല്‍ ചരിത്രത്തിലെ, നൊബേല്‍ മെഡല്‍ വില്‍പ്പന, സര്‍ ക്രെമേറിനു നല്‍കിയ നൊബേല്‍ 10 ലക്ഷം രൂപയ്‌ക്കു ലേലത്തില്‍ പോയതോടെയാണ്‌, ആരംഭിക്കുന്നത്‌,

അങ്ങനെ, നൊബേല്‍ സമ്മാനം വിറ്റു കാശാക്കുന്നത്‌ ഇതാദ്യമല്ല. ഡിഎന്‍എ യുടെ പിരിയന്‍ കോണി കണ്ടുപിടിച്ച ഫ്രാന്‍സിസ്‌ ക്രിക്കിനു 1962-ല്‍ സമ്മാനിച്ച നൊബേല്‍ അദ്ദേഹത്തിന്റെ കുടുംബം വിറ്റു കാശാക്കിയതാണ്‌ മറ്റൊരു നൊബേല്‍ വില്‍പ്പന.. ഈ നൊബേലിന്റെ ഇന്നത്തെ കമ്പോളവില മൂന്നു കോടി രൂപ!

ഫിസിയോളജി/മെഡിസിന്‍ വിഭാഗത്തില്‍, ജെയിംസ്‌ വാട്‌സണും മോറിസ്‌ വില്‍ക്കിന്‍സിനും ക്രിക്കിനും കൂട്ടായാണ്‌ 1962-ല്‍ നൊബേല്‍ നല്‍കപ്പെട്ടത്‌.

ബയോമൊബീ കമ്പനി സിഇഒ ജാക്ക്‌ വാങ്‌ 500,000-ല്‍ ഏറെ ഡോളറിനാണ്‌ ഡാളസ്‌ ആസ്ഥാനമായ ഹെരിറ്റേജ്‌ ഓക്ഷന്‍സില്‍നിന്ന്‌ ഈ മെഡല്‍ കീശയിലാക്കിയത്‌.

ലേലത്തിലൊന്നില്‍പ്പോലും പങ്കെടുക്കാന്‍ കഴിയാഞ്ഞ മലയാളികള്‍, പ്രായശ്ചിത്തമായി ഇനി കാണുന്ന ആക്രിക്കടകളെല്ലാം കയ്യിട്ടു വാരി നോക്കുക. ചിലപ്പോള്‍ ഒരു നൊബേല്‍ തടഞ്ഞുകൂടായ്‌കയില്ല. ഇനി അതിനും ബംഗ്‌ളാദേശ്‌ പണിക്കാര്‍ വേണ്ടിവന്നാല്‍, പിന്നെ കാശിക്കു പോകുന്നതു തന്നെ നല്ലത്‌.
ശ്ശശ്ശോ....ഇങ്ങനെയുണ്ടോ മലയാളികള്‍, മണ്ടന്മാര്‍ !(രചന: വൈക്കം മധു)ശ്ശശ്ശോ....ഇങ്ങനെയുണ്ടോ മലയാളികള്‍, മണ്ടന്മാര്‍ !(രചന: വൈക്കം മധു)ശ്ശശ്ശോ....ഇങ്ങനെയുണ്ടോ മലയാളികള്‍, മണ്ടന്മാര്‍ !(രചന: വൈക്കം മധു)ശ്ശശ്ശോ....ഇങ്ങനെയുണ്ടോ മലയാളികള്‍, മണ്ടന്മാര്‍ !(രചന: വൈക്കം മധു)ശ്ശശ്ശോ....ഇങ്ങനെയുണ്ടോ മലയാളികള്‍, മണ്ടന്മാര്‍ !(രചന: വൈക്കം മധു)ശ്ശശ്ശോ....ഇങ്ങനെയുണ്ടോ മലയാളികള്‍, മണ്ടന്മാര്‍ !(രചന: വൈക്കം മധു)ശ്ശശ്ശോ....ഇങ്ങനെയുണ്ടോ മലയാളികള്‍, മണ്ടന്മാര്‍ !(രചന: വൈക്കം മധു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക