Image

ഇഗ്നാത്തിയോസ് അപ്രേം പാത്രിയര്‍ക്കീസും, അമേരിക്കന്‍ ആര്‍ച്ച് ഡയോസിസും: വെരി.റവ.ഏബ്രഹാം കടവില്‍ കോറെപ്പിസ്‌ക്കോപ്പ(ഡയറക്ടര്‍, പാസ്റ്ററല്‍ കെയര്‍ സര്‍വ്വീസ്)

ബിജു ചെറിയാന്‍ Published on 17 June, 2014
ഇഗ്നാത്തിയോസ് അപ്രേം പാത്രിയര്‍ക്കീസും, അമേരിക്കന്‍ ആര്‍ച്ച് ഡയോസിസും: വെരി.റവ.ഏബ്രഹാം കടവില്‍ കോറെപ്പിസ്‌ക്കോപ്പ(ഡയറക്ടര്‍, പാസ്റ്ററല്‍ കെയര്‍ സര്‍വ്വീസ്)
ന്യൂജേഴ്‌സിയില്‍ ടീനെക്കിലുള്ള സെന്റ് മാര്‍ക്ക് കത്തീഡ്രലിന് സമീപമുള്ള ഭദ്രാസന സെന്റ് മാര്‍ക്ക് കത്തീഡ്രലിന് സമീപമുള്ള ഭദ്രാസന അരമനയില്‍ ആകമാന സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ആത്മീയ മേലദ്ധ്യക്ഷനായി അവരോധിതനായ പരിശുദ്ധ മോറാന്‍ മോമ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവയുമായി നടത്തിയ അഭിമുഖ സംഭാഷണത്തില്‍ ബാവ തിരുമനസ്സുകൊണ്ട് അമേരിക്കയിലെ മലങ്കര അതിഭദ്രാസനത്തിന് ഭാവുകങ്ങള്‍ നേരുകയും, അഭിവന്ദ്യ മോമ തീത്തോസ് യല്‍ദോ മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ അന്ത്യോഖ്യാ സിംഹാസനത്തിന്‍ കീഴില്‍ വളര്‍ന്നു കാണുന്നതില്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഭദ്രാസനത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഏറെ ശുഭാപ്തി വിശ്വാസത്തോടെ സംസാരിച്ച വേളയില്‍ ഭദ്രാസനത്തിലെ വൈദീകസമൂഹവും, ആത്മായരും മെത്രാപ്പോലീത്തയൊടൊപ്പം കര്‍ത്താവിന്റെ ശരീരമാകുന്ന സഭയില്‍ ഒത്തൊരുമയോടുകൂടി പ്രവര്‍ത്തിക്കുന്നതിന് ആഹ്വാനം ചെയ്യുകയും ചെയ്തു. യുവജനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ച് അവര്‍ സുറിയാനി സഭയോട് കൂടുതല്‍ വിധേയത്വവും ഭക്തിയും ഉള്ളവരായി വളരുന്നതിന് ഭദ്രാസനം എംജിഎസ്ഓഎസ്എ എന്ന യൂത്ത് മൂവ്‌മെന്റിന് ശക്തി പകര്‍ന്നുകൊടുക്കണം. നമ്മുടെ പൂര്‍വ്വിക പിതാക്കന്‍മാരില്‍ നിന്ന് ലഭിച്ച പാരമ്പര്യവും വിശ്വാസവും കാത്തുസൂക്ഷിക്കുന്നതിനോടൊപ്പം, ആയത് നമ്മുടെ മക്കള്‍ക്ക് പകര്‍ന്നു കൊടുക്കുന്ന കാര്യത്തില്‍ മാതാപിതാക്കന്‍മാര്‍ പ്രാര്‍ത്ഥനയോടുകൂടി ശ്രദ്ധിക്കണമെന്നും പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ നിര്‍ദ്ദേശിച്ചു.

അമേരിക്കന്‍ ആര്‍ച്ച് ഡയോസിസിലും, മലങ്കര സഭയിലും നിരവധി തവണ സന്ദര്‍ശനങ്ങള്‍ നടത്തിയിട്ടുള്ള ബാവ മലയാള മക്കള്‍ക്ക് ഏറെ സുപരിചിതനും ബഹുമാനിതനുമാണെന്ന് സംഭാഷണവേളയില്‍ അനുസ്മരിച്ചപ്പോള്‍ ഏറെ വിനയാന്വിതനായി തന്നെ ദൈവം തിരഞ്ഞെടുത്ത് നിയമിച്ചാക്കിയിരിക്കുന്ന ഈ മഹനീയ സ്ഥാനത്ത് സഭാമക്കളുമായി അടുത്ത് ഇടപെട്ട് തന്റെ ആത്മീയ ശുശ്രൂഷ നിര്‍വ്വഹിക്കുവാന്‍ പ്രാര്‍ത്ഥനയോടെ ആഗ്രഹിക്കുന്നതായി പ്രസ്താവിച്ചു. ഈ ഭദ്രാസനത്തിലെ ചില വൈദീകര്‍, തങ്ങള്‍ ശുശ്രൂഷിക്കുന്ന ഇടവകകള്‍ അന്ത്യോഖ്യാ സിംഹനത്തിന്റെ നേരിട്ടുള്ള ഭരണത്തില്‍ നില്‍ക്കുന്നതിന് ശ്രമിക്കുന്നു എന്ന് അറിയിച്ചപ്പോള്‍, അമേരിക്കന്‍ അതിഭദ്രാസനം സിംഹാസന ഭദ്രസനമാണെന്നും, ഒരു ഇടവകക്ക് പ്രത്യേക സിംഹാസന പദവി എന്നുള്ളത് എങ്ങനെ എന്ന് ചോദിക്കുകയുമാണ് ബാവ മറുപടിയായി നല്‍കിയത്. താന്‍ ഏറ്റെടുത്തിരിക്കുന്ന പരിശുദ്ധ പത്രോസിന്റെ സിംഹാസനം അനുഗ്രഹപ്രദമാക്കുന്നതിനും ദൈവം തമ്പുരാന്‍ തനിക്ക് ആവശ്യമായ ദര്‍ശനങ്ങള്‍ നല്‍കുന്നതിനുമായി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ പിതാവ് സഭാമക്കളോടഭ്യര്‍ത്ഥിച്ചു.

നാലു പാത്രിയാക്കീസ് ബാവമാരുടെ ഭരണ കാലയളവുകളില്‍ ജീവിക്കുവാനും അതില്‍ മൂന്നു പാത്രിയര്‍ക്കീസ് ബാവാമാരോടൊപ്പം അടുത്തിടപ്പെടുവാനും സംഭാഷണങ്ങള്‍ നടത്തുവാനും അസുലഭഭാഗ്യം സിദ്ധിച്ചത് എളിയ ജീവിതത്തില്‍ ഏറെ അനുഗ്രഹമായാണ് ഞാന്‍ കാണുന്നത്. സഭാ യോജിപ്പിന്റെ സുവര്‍ണ്ണകാലഘട്ടങ്ങളില്‍ ശെമ്മാശനായി വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ അരമനയില്‍ ആയിരിക്കുമ്പോഴാണ് 1964 കാലഘട്ടത്തില്‍ മലങ്കരയില്‍ ശൈഹീകസന്ദര്‍ശനം നടത്തിയ പരിശുദ്ധ ഇഗ്നാത്തിയേസ് യാക്കൂബ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് ബാവയെ ആദ്യമായി കാണുന്നത്. 1964ല്‍ നടന്ന കാതോലിക്ക സ്ഥാനാരോഹണ ശുശ്രൂഷയിലും ശെമ്മാശനായി പങ്കെടുത്തു. അമേരിക്കയിലെ മലങ്കര ആര്‍ച്ച് ഡയോസിസ് വൈദീക സെക്രട്ടറി, ഭദ്രാസന സെക്രട്ടറി എന്നീ നിലകളില്‍ നിരവധി തവണ പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ ബാവയെ ഡമാസ്‌ക്കസിലെ പാത്രിയര്‍ക്കാ അരമനയിലും ബാവ ചികിത്സയിലായിരുന്ന അവസരത്തില്‍ ജര്‍മ്മനിയിലും സന്ദര്‍ശിക്കുകയും സംഭാഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ഈസ്റ്റേണ്‍ ആര്‍ച്ച്ഡയോസിസ് അധിപനായി അമേരിക്കയില്‍ എത്തിയ നാള്‍ മുതല്‍ സുപരിചിതനായിരുന്നു ഇപ്പോഴത്തെ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ. മലങ്കര സഭാമക്കളേയും മലയാള സംസ്‌ക്കാരത്തേയും ഏറെ സ്‌ന്ഹിക്കുന്ന അപ്രേം ദ്വിതീയന്‍ ബാവ ലോകസമൂഹത്തിന് പുത്തന്‍ പ്രതീക്ഷകളുണര്‍ത്തുന്ന വ്യക്തി പ്രഭാവനാണ്. യേശുക്രിസ്തു തന്റെ പരസ്യശുശ്രൂഷവേളയില്‍ ജനങ്ങളുടെ കൂടെ പ്രവര്‍ത്തിക്കുകയും, പ്രത്യേകമായി കുഞ്ഞുങ്ങളെ അടുത്തുവിളിച്ച് അനുഗ്രഹിക്കുകയും ചെയ്തു. ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ ജനങ്ങളുടെ പാത്രിയര്‍ക്കീസ് എന്ന് ചരിത്രം രേഖപ്പെടുത്തുമെന്നതിന് യാതൊരു സംശയവുമില്ല. പരിശുദ്ധ ശ്ലൈഹീക സിംഹാസനത്തില്‍ ഭാഗ്യമോടെ വാണരുളുവാന്‍ അനവധിയായ അനുഗ്രങ്ങള്‍ അദ്ദേഹത്തിന് ലഭിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.


ഇഗ്നാത്തിയോസ് അപ്രേം പാത്രിയര്‍ക്കീസും, അമേരിക്കന്‍ ആര്‍ച്ച് ഡയോസിസും: വെരി.റവ.ഏബ്രഹാം കടവില്‍ കോറെപ്പിസ്‌ക്കോപ്പ(ഡയറക്ടര്‍, പാസ്റ്ററല്‍ കെയര്‍ സര്‍വ്വീസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക