Image

ഇന്ത്യയുടെ `ഒരേയൊരു' ഉഷയ്‌ക്ക്‌ 50, കോട്ടയത്തു പൂജാപുഷ്‌പം (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)

Published on 28 June, 2014
ഇന്ത്യയുടെ `ഒരേയൊരു' ഉഷയ്‌ക്ക്‌ 50, കോട്ടയത്തു പൂജാപുഷ്‌പം (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)
കാല്‍നൂറ്റാണ്ടു മുമ്പ്‌ - കൃത്യമായി പറഞ്ഞാല്‍ 27 വര്‍ഷം മുമ്പ്‌ - ന്യൂഡല്‍ഹിയില്‍ നടന്ന ഒരു ചടങ്ങ്‌. ഇന്ന്‌ 50-ാം പിറന്നാളിന്റെ സൗഭഗം പേറി നില്‍ക്കുന്ന പി. ടി ഉഷയ്‌ക്ക്‌ അത്‌ മറക്കാന്‍ ഒക്കില്ല. പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി `ഒരേയൊരു ഉഷ' എന്ന പുസ്‌കത്തിന്റെ പ്രകാശനം നിര്‍വ്വഹിക്കുകയായിരുന്നു അന്ന്‌. എഴുത്തുകാരന്‍ വി. രാജഗോപാലിന്റെ സാന്നിധ്യത്തില്‍ രാജീവില്‍നിന്ന്‌ പുസ്‌തകം സ്വീകരിക്കുമ്പോള്‍ ഉഷയുടെ മുഖം അഭിമാനം കൊണ്ട്‌ തുടിച്ചു.

``ഇന്ത്യയിലെ ഏറ്റം വലിയ വനിതാകായികതാരത്തിന്‌ എന്നല്ല ലോകത്തിലെ തന്നെ ഏറ്റം വലിയ വനിത അത്‌ലറ്റുകളില്‍ ഒരാള്‍ക്ക്‌ ഇതിലും വലിയ അര്‍ച്ചന നല്‍കാനുണ്ടോ?'' - പി.ടി ഉഷയുടെ പുസ്‌തകത്തിന്‌ `ഒരേയൊരു ഉഷ' എന്നു പേരിട്ടതിന്റെ അഭിമാനവുമായി വി. രാജഗോപാല്‍ കൊച്ചിയില്‍ നിന്ന്‌ ഈ ലേഖകനോട്‌ സംസാരിച്ചു. TV Now എന്ന പുതിയ ടെലിവിഷന്‍ ചാനലിന്റെ എഡിറ്ററാണ്‌ അദ്ദേഹം ഇപ്പോള്‍.

ഞങ്ങള്‍ ചിരകാല സുഹൃത്തുക്കളാണ്‌. ഏറ്റവും കൂടുതല്‍ ഒളിംപിക്‌സ്‌ മത്സരങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത്‌ ഇന്ത്യയില്‍ റിക്കാര്‍ഡിട്ട വി. രാജഗോപാല്‍ (മോസ്‌കോ ലോസാഞ്ചല്‍സ്‌, സോള്‍, ബാഴ്‌സിലോണ, അറ്റ്‌ലാന്റ) ഒരുവശത്ത്‌ കേരളത്തില്‍നിന്ന്‌ ആദ്യമായി ഒളിംപിക്‌സ്‌ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ പോയ പത്രലേഖകന്‍ (മോണ്‍ട്രിയോള്‍, കാനഡ,1976) എന്ന നിലയില്‍ ഞാന്‍ മറുവശത്തും അഭിമാനത്തിന്റെ കാര്യത്തില്‍ സമശ്രീഷരാണെന്നാണ്‌ എന്റെ പക്ഷം. പക്ഷേ, ഉഷയെകുറിച്ച്‌ ഇന്ത്യയില്‍ ആദ്യത്തെ പുസ്‌തകം രചിച്ചുകൊണ്ട്‌ രാജഗോപാല്‍ എല്ലാ എഴുത്തുകാരെയും പിന്‍തള്ളി.

ലോസാഞ്ചല്‍സില്‍ 1984 ല്‍ 400 മീറ്റര്‍ ഹഡില്‍സില്‍ ഉഷക്ക്‌ തലനാരിഴക്ക്‌ മെഡല്‍ നഷ്‌ടപ്പെടുന്നത്‌ നേരിട്ടു കണ്ട ആളാണ്‌ രാജഗോപാല്‍. സെക്കന്റിന്റെ നൂറില്‍ ഒരംശത്തിലായിരുന്നു ആ നഷ്‌ടം. ``എന്നെപ്പോലൊരു നാടന്‍ മലയാളിക്ക്‌ ലോകതാരങ്ങള്‍ മത്സരിക്കുന്ന ആസ്‌ട്രോ ടര്‍ഫില്‍ പിഴവു പറ്റാന്‍ ഒരു നിമിഷം തന്നെ അധികം!'' - ഉഷ നെടുവീര്‍പ്പിടുന്നു.

കോട്ടയം നഗരം ശനിയാഴ്‌ച ഉഷയുടെ 50-ാം പിറന്നാള്‍ ആഘോഷിച്ചു. മാമ്മന്‍ മാപ്പിളഹാളില്‍ തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തി ഒന്നരലക്ഷം രൂപയുടെ ടി.കെ. സ്‌മാരകപുരസ്‌കാരം സമ്മാനിച്ചു കൊണ്ട്‌. നടന്‍ ഇന്നസെന്റായിരുന്നു സമ്മാനം കൈമാറിയത്‌. ലോക്‌ സഭാ അംഗമെന്ന നിലയില്‍ ഇന്നസെന്റിന്റെ കോട്ടയത്തെ ആദ്യത്തെ ചടങ്ങ്‌.

കോഴിക്കോടിന്‌ തൊട്ടു വടക്ക്‌ പയ്യോളി എന്ന ഗ്രാമത്തിലൂടെയാണ്‌ ട്രെയിന്‍ കടന്നു പോകുന്നത്‌. എല്ലാ എക്‌സ്‌പ്രസ്സ്‌ സൂപ്പര്‍ഫാസ്റ്റ്‌ മെയില്‍ ട്രെയിനുകളും അവിടെ നിര്‍ത്തുകയില്ലെങ്കിലും പയ്യോളി എന്ന മഞ്ഞ ബോര്‍ഡ്‌ കാണുമ്പോള്‍ ഏതു മലയാളിയുടെ കണ്ണും വിടര്‍ന്നു വികസിക്കും. ഇത്‌ `പയ്യോളി എക്‌സ്‌പ്രസ്സി'ന്റെ നാടല്ലേ? എന്തുകൊണ്ട്‌ `വള്ളത്തോള്‍ നഗര്‍' പോലെ `പി.ടി ഉഷ നഗര്‍' എന്ന്‌ പേരിടുന്നില്ല?

സ്റ്റേഷനില്‍ ഇറങ്ങി പത്ത്‌ മിനിറ്റ്‌ നടന്നാല്‍ ഉഷയുടെ `ഉഷസ്സ്‌' എന്ന വീടായി. അച്ഛന്‍ പൈതല്‍ നായര്‍ പണ്ടേ മരിച്ചു, അമ്മ ലക്ഷ്‌മിയാണ്‌ വീടിന്റെ ഐശ്വര്യ ലക്ഷ്‌മി. വീട്ടില്‍ ഒരു മുറി നിറയെ ഉഷയ്‌ക്ക്‌ കിട്ടിയ മെഡലുകളും ട്രോഫികളും കണ്ണാടികൂടുകളില്‍ നിരത്തി വെച്ചിരിക്കുന്നു. ദേശീയ റിക്കാര്‍ഡിട്ടപ്പോള്‍ ലഭിച്ച സ്വര്‍ണ്ണ മെഡലുകളും ഏഷ്യാഡില്‍ നേടിയ മെഡലുകളും ലോകമേളകളില്‍ നേടിയ മെഡലുകളും ഉള്‍പ്പടെ 102 മെഡലുകളുണ്ട്‌ ആ ശേഖരത്തില്‍. 12-ാം വയസ്സില്‍ ആരംഭിച്ച മെഡല്‍വേട്ട 1984-ല്‍ ലോസാഞ്ചല്‍സ്‌ ഒളിംപിക്‌സില്‍ പരാജയപ്പെട്ടിട്ടുപോലും അവസാനിച്ചില്ല.

``അതൊരിക്കലും അവസാനിക്കുകയില്ല. അത്‌ലറ്റിക്‌സിനോടുള്ള എന്റെ പ്രണയം മരിക്കുന്നതുവരെ തുടരും.'' - ഉഷ 50-ാം പിറന്നാള്‍ പ്രമാണിച്ച്‌ നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു. 50 എത്തിയിട്ടും വിശ്രമം ഇല്ല. പയ്യോളിക്കടുത്ത്‌ കിനാലൂരിലെ ഉഷാ സ്‌പോര്‍ട്‌സ്‌ സ്‌കൂളിലൂടെ താന്‍ കണ്ടെത്തിയ ടിന്റു ലൂക്കയും ജെസ്സി ജോസഫും ഉള്‍പ്പടെ 17 ചുണക്കുട്ടികളെ നല്ലൊരു നിലയില്‍ എത്തിക്കാനുള്ള അധ്വാനം ഊണും ഉറക്കവും ഉപേക്ഷിച്ച്‌ തുടരുകയാണ്‌. ടിന്റുവിനെ ജൂലൈയില്‍ ഗ്ലാസ്‌ഗോയില്‍ നടക്കുന്ന കോമണ്‍ വെല്‍ത്ത്‌ ഗെയിംസില്‍ പങ്കെടുപ്പിക്കാനുള്ള ഓട്ടത്തിലാണ്‌. അതിനുമുമ്പ്‌ ഡബ്ലിനിലും സ്വിറ്റ്‌സര്‍ലണ്ടിലും നടക്കുന്ന സാര്‍വ്വദേശിക മത്സരങ്ങളിലും പങ്കെടുപ്പിക്കണം, കൂടെ പോകണം. ടിന്റുവിലൂടെ ഒളിംപ്‌ക്‌സ്‌ മെഡല്‍ എന്നതാണു ഉഷയുടെ ലക്ഷ്യം.

കഞ്ഞിയും കപ്പയും കഴിച്ച്‌ ചെരുപ്പ്‌ പോലും ഇല്ലാതെ ഓട്ടം ആരംഭിച്ച ഉഷയ്‌ക്ക്‌ കാലം മാറിയതറിയാം. കിനാലൂരില്‍ സര്‍ക്കാര്‍ നല്‍കിയ 30 ഏക്കര്‍ സ്ഥലത്ത്‌ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം ഒരു കോച്ചിംഗ്‌ വിദ്യാലയം - ഉഷാ സ്‌കൂള്‍ - രൂപമെടുത്തു കഴിഞ്ഞു. അവിടെ കുട്ടികള്‍ക്ക്‌ ഹോസ്റ്റലും ഓഫീസ്‌ മന്ദിരവും ഒക്കെയായി ഒരു സിന്തെറ്റിക്ക്‌ ട്രാക്ക്‌ നല്‍കാമെന്ന ഗവണ്‍മെന്റിന്റെ ഉറപ്പ്‌ ഇനിയും സാക്ഷാത്‌കരിക്കപ്പെട്ടിട്ടില്ല. തന്മൂലം കുട്ടികളുമായി മിക്ക ദിവസങ്ങളിലും മംഗലാപുരത്തേക്ക്‌ ട്രെയിന്‍ കയറി അവിടെ ഒരു ട്രാക്കില്‍ പരിശാലനം കഴിച്ച്‌ മടങ്ങി വരികയാണ്‌ പതിവ്‌.

ഉഷാ സ്‌കൂളിലെ കുട്ടികള്‍ക്ക്‌ മികച്ച പോഷകാഹാരവും താമസ സൗകര്യവും ഒരുക്കുന്ന കാര്യത്തില്‍ ഒട്ടൊക്കെ വിജയിച്ചു കഴിഞ്ഞു. സ്‌പോണ്‍സര്‍മാരെ കണ്ടുപിടിച്ച്‌ കൂട്ടിക്കൊണ്ടു വരുന്നതില്‍ ഉഷയുടെ കഴിവ്‌ അപാരംതന്നെ. ഭര്‍ത്താവും മുന്‍ കബടി താരവുമായ ശ്രീനിവാസന്‍ സഹായത്തിനുണ്ട്‌. അവര്‍ ഒരു `മെയ്‌ഡ്‌ ഫോര്‍ ഈച്ച്‌ അതര്‍ കപ്പിള്‍' ആണ്‌. ആരോ സമ്മാനിച്ച സെഡാന്‍ കാര്‍ ഓടിക്കുന്നത്‌ മിക്കവാറും ഓട്ടക്കാരിയായ ഉഷതന്നെ. ശ്രീനിവാസന്‍ സൈഡില്‍ ഇരിക്കും.

സ്‌കൂളിന്റെ കല്ലിടിയിലിനും നാട്ടുകാരും വീട്ടുകാരും ഉള്‍പ്പടെ ഒട്ടേറെ പേര്‍ എത്തിയിരുന്നു. ഉഷയുടെ അമ്മയും സഹോദരിമാരുമടക്കം. (ഒരു കാലത്ത്‌ ഉഷയുടെ എല്ലാമെല്ലാം ആയിരുന്ന കോച്ച്‌ ദ്രോണാചാര്യ ഒ.എം. നമ്പ്യാരെ മാത്രം കണ്ടില്ല. പയ്യോളിക്കടുത്ത്‌ തന്നെയാണ്‌ അദ്ദേഹത്തിന്റെ വീട്‌. ഉഷയുമായി എന്തോ സൗന്ദര്യ പിണക്കം ഉണ്ടായെന്ന്‌ കേട്ടിരുന്നു. പക്ഷേ, അദ്ദേഹം എന്നും അരുമശിഷ്യയുടെ അഭിയുദയകാംക്ഷി തന്നെ.) ഉഷയുടെ സഹോദരിമാരെ കണ്ടാല്‍ അത്ഭുതപ്പെട്ടു പോകും. എല്ലാവരും അച്ഛനെപോലെ വെളുത്തവര്‍. സുന്ദരിമാരും. അമ്മയുടെ നിറം ഉഷയ്‌ക്കു മാത്രമേ കിട്ടിയുള്ളൂ.

ഞാന്‍ എത്രയോ ഒളിംപ്യന്‍മാരെ കണ്ടിട്ടുണ്ട്‌ - ജെസ്സി ഓവന്‍സ്‌, നാഡിയാ കൊമാനെച്ചി, ടി.സി യോഹന്നാന്‍, സുരേഷ്‌ ബാബു, അഞ്‌ജു ബോബീജോര്‍ജ്ജ്‌ എന്നിങ്ങനെ ഒരുപാട്‌ പേര്‍. പക്ഷേ, ഉഷയെപ്പോലെ വലിയ ഉയരങ്ങളിലെത്തിയിട്ടും ഇത്രയും ലാളിത്യവും എളിമയും മര്യാദയും കാട്ടുന്ന ഒരാളെ കണ്ടു കിട്ടാന്‍ വിഷമം, കിനാരൂലിലെ സ്‌കൂളിന്റെ പൂജ നടക്കുമ്പോള്‍ ഒരു ഫോട്ടോഗ്രാഫര്‍ അല്‌പം താമസിച്ചാണ്‌ എത്തിയത്‌. അയാള്‍ക്കുവേണ്ടി ഉഷ വീണ്ടും ഒന്നുകൂടി പൂജ ചെയ്യാന്‍ തറയില്‍ ഇരുന്നു കൊടുത്തു. ഒരു വൈമനസ്യവും കൂടാതെ.

കോഴിക്കോട്ടു നിന്ന്‌ പയ്യോളിയിലേക്കുള്ള ഹൈവേയുടെ സൈഡിലെല്ലാം നന്ദിലേത്ത്‌ ഉള്‍പ്പടെയുള്ള കമ്പനികളുടെ പരസ്യ പലകകള്‍ കാണാമായിരുന്നു. മിക്കതിലും അഞ്‌ജു ഉണ്ട്‌, ഉഷ ഇല്ല. കാറോടിച്ചു പോകുമ്പോള്‍ ഉഷയും ഇതൊക്കെ കണ്ടിട്ടുണ്ടാവണം.

പരാതി ഇല്ല, പരിഭവം ഇല്ല. അതാണ്‌ ഉഷ. ഇന്ത്യയുടെ ഒരേയൊരു ഉഷ. ഒരേയൊരു മകനുണ്ട്‌ - എം.ബി.ബി.എസിനു പഠിക്കുന്ന വിഗ്നേഷ്‌ ഉജ്വല്‍.
ഇന്ത്യയുടെ `ഒരേയൊരു' ഉഷയ്‌ക്ക്‌ 50, കോട്ടയത്തു പൂജാപുഷ്‌പം (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)ഇന്ത്യയുടെ `ഒരേയൊരു' ഉഷയ്‌ക്ക്‌ 50, കോട്ടയത്തു പൂജാപുഷ്‌പം (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)ഇന്ത്യയുടെ `ഒരേയൊരു' ഉഷയ്‌ക്ക്‌ 50, കോട്ടയത്തു പൂജാപുഷ്‌പം (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)ഇന്ത്യയുടെ `ഒരേയൊരു' ഉഷയ്‌ക്ക്‌ 50, കോട്ടയത്തു പൂജാപുഷ്‌പം (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)ഇന്ത്യയുടെ `ഒരേയൊരു' ഉഷയ്‌ക്ക്‌ 50, കോട്ടയത്തു പൂജാപുഷ്‌പം (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)ഇന്ത്യയുടെ `ഒരേയൊരു' ഉഷയ്‌ക്ക്‌ 50, കോട്ടയത്തു പൂജാപുഷ്‌പം (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)ഇന്ത്യയുടെ `ഒരേയൊരു' ഉഷയ്‌ക്ക്‌ 50, കോട്ടയത്തു പൂജാപുഷ്‌പം (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)ഇന്ത്യയുടെ `ഒരേയൊരു' ഉഷയ്‌ക്ക്‌ 50, കോട്ടയത്തു പൂജാപുഷ്‌പം (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)ഇന്ത്യയുടെ `ഒരേയൊരു' ഉഷയ്‌ക്ക്‌ 50, കോട്ടയത്തു പൂജാപുഷ്‌പം (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)ഇന്ത്യയുടെ `ഒരേയൊരു' ഉഷയ്‌ക്ക്‌ 50, കോട്ടയത്തു പൂജാപുഷ്‌പം (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക