Image

ഫോമ ബ്യൂട്ടി പേജന്റില്‍ മനംകവര്‍ന്ന താരങ്ങള്‍

Published on 02 July, 2014
ഫോമ ബ്യൂട്ടി പേജന്റില്‍ മനംകവര്‍ന്ന താരങ്ങള്‍
മിസ്‌ ഫോമയായി കിരീടം  ചൂടിയ സെലിന്‍ ജോസഫിനെക്കുറിച്ച്‌ സംഘാടകരിലൊരാളായിരുന്ന ലാലി കളപ്പുരയ്‌ക്കലിന്‌ അഭിമാനം. `കുട്ടികളായാല്‍ ഇങ്ങനെ വേണം' ലാലി പറയുന്നു.

മത്സവേദിയില്‍ ചുടലമായ ഉത്തരങ്ങള്‍കൊണ്ടും ഭാവങ്ങള്‍കൊണ്ടും കിരീടം  ചൂടിയ സെലിന്‍ വേദിക്കു പുറത്തും ഇഷ്‌ടതാരമായി. പെരുമാറ്റവും സ്‌മാര്‍ട്ട്‌നെസും സംസാരരീതികളുമെല്ലാം എല്ലാവര്‍ക്കും ഇഷ്‌ടപ്പെട്ടു.

മത്സരത്തിനു പോകുന്നതിനോട്‌ അമ്മ ഡോ. വിനി ജോസഫിന്‌ വലിയ താത്‌പര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ കിരീടവുമായി വരുമെന്ന്‌ പുത്രി പറഞ്ഞത്‌ അക്ഷരാര്‍ത്ഥത്തില്‍ പാലിച്ചു.

കാനഡയിലെ ടൊറന്റോയില്‍ മൈക്കല്‍ പവര്‍ സെന്റ്‌ ജോസഫ്‌ കാത്തലിക്‌ സെക്കന്‍ഡറി സ്‌കൂളില്‍ പന്ത്രണ്ടാം തരത്തിലേക്ക്‌ പ്രവേശിക്കുകയാണ്‌ സെലിന്‍. പിതാവ്‌ ജിമ്മി ജോസ്‌. ഇളയ സഹോദരന്‍ കെവിന്‍ ജോസഫ്‌.

സൗന്ദര്യ മത്സരത്തില്‍ മുമ്പ്‌ പങ്കെടുത്തിട്ടില്ലെങ്കിലും ടൊറന്റോയില്‍ ഒരു ഫാഷന്‍ഷോ നടത്തിയിട്ടുണ്ട്‌. നാലു വയസുമുതല്‍ ഒരു ടെലിവിഷന്‍ ഷോയും അവതരിപ്പിക്കുന്നു.

മത്സരം മനോഹരമായ ഒരു അനുഭവമായിരുന്നുവെന്ന്‌ സെലിന്‍. സുന്ദരികളായ മറ്റു മത്സരാര്‍ത്ഥികളുമായി ചെലവിടാനായി. അവരുമായി ആത്മബന്ധവും സ്ഥാപിച്ചു. കിരീടം ലഭിക്കുമെന്ന്‌ തമാശയായി പറഞ്ഞതാണെങ്കിലും അത്തരം പ്രതീക്ഷയോടെയൊന്നുമല്ല മത്സരത്തിനു പോയത്‌.

ഭാവിയില്‍ ഫോട്ടോഗ്രാഫിയിലും സിനിമാരംഗത്തും ഒരു കൈ നോക്കുകയാണ്‌ സെലിന്റെ ലക്ഷ്യം.

മിസ്‌ ഫോമ ആയതിലും, നമ്മുടെ സംസ്‌കാരത്തെ പ്രതിനിധീകരിക്കാന്‍ കഴിയുന്നതിലും സന്തോഷമാണെന്ന്‌ സെലിന്‍. ദൈവത്തോടും മാതാപിതാക്കളോടും, തന്നെ തുണച്ചവരോടുമൊക്കെ അകൈതവമായ നന്ദിയുണ്ട്‌.

ഫസ്റ്റ്‌ റണ്ണര്‍അപ്പ്‌ ആയ ദിവ്യ തോമസ്‌ കാലിഫോര്‍ണിയയിലെ ഓക്‌ലി ഫ്രീഡം ഹൈസ്‌കൂളില്‍ പന്ത്രണ്ടാം ക്ലാസിലേക്ക്‌ കടക്കുന്നു. പിതാവ്‌ തോമസ്‌ പള്ളിവാതുക്കല്‍, മാതാവ്‌ ഡോളി. സഹോദരന്‍ ഫിലിപ്പ്‌.

ആദ്യമായാണ്‌ മത്സരത്തില്‍ പങ്കെടുത്തതെന്ന്‌ ദിവ്യ പറഞ്ഞു. അനുഭവം അത്യന്തം ഹൃദയഹാരിയായിരുന്നു. എല്ലാ മത്സരാര്‍ത്ഥികളും തമ്മില്‍ അടുത്തബന്ധം തന്നെ സ്ഥാപിക്കാനായി. അതൊരു സൗഹൃദമത്സരം മാത്രമായിരുന്നു. ആരാണ്‌ കിരീടം നേടിയതെന്നത്‌ ഒട്ടും പ്രസക്തമല്ലായിരുന്നു. ഈ അനുഭവം ഒരിക്കലും മറക്കുകയില്ല. പ്രത്യേകിച്ച്‌ പ്രതീക്ഷയോടെ ഒന്നുമല്ല മത്സരത്തിനു വന്നത്‌. നേഴ്‌സിംഗ്‌ പഠിക്കുകയും, മോഡലിംഗ്‌ രംഗത്ത്‌ പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നു ദിവ്യ ആഗ്രഹിക്കുന്നു.

സെക്കന്‍ഡ്‌ റണ്ണര്‍അപ്പായ ഉഷസ്‌ ജോയി പുതിയ ട്രഷറര്‍ ജോയി ആന്റണിയുടെ പുത്രിയാണ്‌. ഫ്‌ളോറിഡയിലെ ഡേവിയില്‍ പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിനിയാണ്‌. കംപ്യൂട്ടര്‍ പ്രൊഫഷണലാകുകയാണ്‌ ലക്ഷ്യം.

വനിതാഫോറം ചെയര്‍പേഴ്‌സണ്‍ കുസുമം ടൈറ്റസിന്റെ നേതൃത്വത്തില്‍ നടന്ന പേജന്റിന്റെ കോര്‍ഡിനേറ്റര്‍ ന്യൂഓര്‍ലിയന്‍സില്‍ നിന്നുള്ള ആഷാ മാത്യു ആയിരുന്നു. റോസ്‌ലിന്‌ ഡിക്രൂസ്‌, സുനിത, ഫാഹിമ റെജലിന്‍, ആനി ലിബു എന്നിവരായിരുന്നു കോ-കോര്‍ഡിനേറ്റേഴ്‌സ്‌.

സാബു ചെറിയാന്‍, സേവി ആഴാത്ത്‌, ലേഖാ ശ്രീനിവാസന്‍, ആനി പോള്‍ എന്നിവരായിരുന്നു ജഡ്‌ജിമാര്‍.

നടി മംമ്‌താ മോഹന്‍ദാസ്‌ മിസ്‌ ഫോമയെ കിരീടം അണിയിച്ചു.
ഫോമ ബ്യൂട്ടി പേജന്റില്‍ മനംകവര്‍ന്ന താരങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക