Image

ഫിലാഡല്‍ഫിയയുടെ മാനംകാത്ത്‌ ജോര്‍ജ്‌ മാത്യു, കണ്‍വന്‍ഷന്‍ നിറഞ്ഞുനിന്ന ഗ്ലാഡ്‌സണ്‍

വിന്‍സെന്റ്‌ ഇമ്മാനുവേല്‍ Published on 03 July, 2014
ഫിലാഡല്‍ഫിയയുടെ മാനംകാത്ത്‌ ജോര്‍ജ്‌ മാത്യു, കണ്‍വന്‍ഷന്‍ നിറഞ്ഞുനിന്ന ഗ്ലാഡ്‌സണ്‍
ഭക്ഷണത്തെപ്പറ്റി ഉയര്‍ന്ന പരാതി ഒഴിച്ചാല്‍ പൊതുവില്‍ മികവുറ്റ കണ്‍വന്‍ഷന്‍ വേദിയൊരുക്കാനായതില്‍ ഫിലാഡല്‍ഫിയക്കാര്‍ക്ക്‌ അഭിമാനിക്കാം. അതിനു ചുക്കാന്‍പിടിച്ച ജോര്‍ജ്‌ മാത്യുവിന്‌ പൂച്ചെണ്ടുകളും.

ജൂണ്‍ 26-ന്‌ കണ്‍വന്‍ഷന്‌ വാലിഫോര്‍ജില്‍ തുടക്കമിടുമ്പോള്‍ മൊത്തം കണ്‍ഫ്യൂഷനായിരുന്നു. പ്രധാനമായും മുറികള്‍ സംബന്ധിച്ച്‌. റിസര്‍വ്‌ ചെയ്‌ത മുറികളെല്ലാം നേരത്തെ സോള്‍ഡ്‌ ഔട്ടായതിനാല്‍ മൊത്തത്തിലൊരു കണ്‍ഫ്യൂഷന്‍.

പക്ഷെ ഒരു കണ്‍ഫ്യൂഷനുമില്ലാത്ത ഒരാള്‍ ജോര്‍ജ്‌ മാത്യു ആയിരുന്നു. ബുക്കിംഗ്‌ കൈകാര്യം ചെയ്‌ത ഹോട്ടലിലെ ജീവനക്കാരി മുറിയില്ലെന്ന്‌ തറപ്പിച്ച്‌ പറയുന്നിടത്ത്‌ ജോര്‍ജ്‌ മാത്യു നോക്കുമ്പോള്‍ മുറികള്‍ ധാരാളം! ഒരേ പേരുതന്നെ പല സ്ഥലത്ത്‌ രജിസ്റ്ററില്‍ കണ്ടെത്താന്‍ അക്കൗണ്ടന്റിന്റെ സൂക്ഷ്‌മനിരീക്ഷണത്തിനായി.

എവിടെയൊക്കെ പ്രശ്‌നങ്ങളുണ്ടോ അവിടെയൊക്കെ ജോര്‍ജ്‌ മാത്യു നേരിട്ട്‌ ഇടപെടുന്നത്‌ കാണാമായിരുന്നു. ക്ഷണിച്ചിട്ട്‌ വരാതിരുന്നവരും ക്ഷണിക്കാതെ അവസാന നിമിഷം വരുന്നവരുമൊക്കെ ധാരാളം. ഇവരെയൊക്കെ സ്വീകരിക്കാനും മുറികള്‍ ലഭ്യമാക്കാനുമൊക്കെ യാതൊരു മടിയുംകൂടാതെ പ്രവര്‍ത്തിക്കുന്ന ജോര്‍ജ്‌ മാത്യുവിനെയാണ്‌ കണ്ടത്‌. രാത്രി രണ്ടരയ്‌ക്കും ജോര്‍ജ്‌ മാത്യു കര്‍മ്മനിരതന്‍. ഓരോ പരാതിയും ക്ഷമാപൂര്‍വ്വം കേള്‍ക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുന്നു. ഇത്രയും തിരക്കിലും ഉറക്കമില്ലാത്ത രാവുകളിലും ജോര്‍ജ്‌ മാത്യു അക്ഷോഭ്യനായിരുന്നു. സമ്മേളനങ്ങളില്‍ പ്രസംഗിക്കുമ്പോള്‍ പുഞ്ചിരിക്കുന്ന മുഖവുമായി പ്രസന്നവദനനായ പ്രസിഡന്റിനെയാണ്‌ ജനം കണ്ടത്‌. ടെന്‍ഷനൊക്കെ ഉള്ളില്‍ ഒതുങ്ങി.

ജനകീയനായ നേതാവിനെയാണ്‌ വാലിഫോര്‍ജില്‍ കണ്ടത്‌. എല്ലാവരോടും ഒരുപോലെ പെരുമാറുകയും എല്ലാവരുമായും ഒത്തുപോകുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനശൈലി.

ഭക്ഷണത്തെപ്പറ്റി പരാതി ഉയര്‍ന്നതിനാല്‍ ജോര്‍ജ്‌ മാത്യു ബാങ്ക്വറ്റില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തു. ചിരിയരങ്ങില്‍ ജോര്‍ജ്‌ മാത്യുവിനെ വേദിയിലിരുത്തി രാജു മൈലപ്ര ഇക്കാര്യം സരസമായി അവതരിപ്പിക്കുകയും ചെയ്‌തതാണ്‌. പല കൈകളിലൂടെ കടന്നുപോയതാണ്‌ ഭക്ഷണക്കാര്യം. പിഴവ്‌ എവിടെ പറ്റി എന്നത്‌ കണ്ടെത്തേണ്ടതുണ്ട്‌. എന്നാലും ആത്യന്തികമായ ഉത്തരവാദിത്വം പ്രസിഡന്റിനു തന്നെ. ജോര്‍ജ്‌ മാത്യു അതില്‍ നിന്ന്‌ ഒഴിഞ്ഞുമാറുന്നില്ല.

പക്ഷെ പൊതുവില്‍ കണ്‍വന്‍ഷന്‍ ജനപങ്കാളിത്തം കൊണ്ടും വൈവിധ്യമായ പ്രോഗ്രാമുകള്‍ കൊണ്ടും മികച്ചതായി എന്ന്‌ ജോര്‍ജ്‌ മാത്യു വിലയിരുത്തുന്നു. പ്രത്യേകിച്ച്‌ യുവജനതയുടെ പങ്കാളിത്തമാണ്‌ ഇത്തവണ ശ്രദ്ധേയമായത്‌.

കണ്‍വന്‍ഷന്‍ ജൂണ്‍ 29-ന്‌ ഞായറാഴ്‌ചയാണ്‌ അവസാനിച്ചതെങ്കിലും ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ പിറ്റേന്നുതന്നെ ജോലിക്കു കയറി. ഓണക്കാലത്ത്‌ ഏതാനും അവധി വേണ്ടതുകൊണ്ട്‌ വിശ്രമിക്കാനൊന്നും സമയമില്ല.

ജോര്‍ജ്‌ മാത്യു കൂടുതലും തിരശീലയ്‌ക്കുപിന്നിലായിരുന്നു പ്രവര്‍ത്തിച്ചതെങ്കില്‍ കണ്‍വന്‍ഷന്റെ ജനകീയ മുഖം ഗ്ലാഡ്‌സണായിരുന്നു. യുവത്വത്തിന്റെ പ്രസരിപ്പില്‍ ഗ്ലാഡ്‌സന്റെ സാന്നിധ്യം ഇല്ലാതെ ഒരു കാര്യവുമില്ലായിരുന്നു. ഓരോ പ്രോഗ്രാമുകള്‍ക്കും നേതൃത്വം കൊടുക്കാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലുമൊക്കെ ഗ്ലാഡ്‌സണ്‍ സജീവമായി പ്രവര്‍ത്തിച്ചു.

നേതൃത്വം ഒറ്റക്കെട്ടായി നീങ്ങുന്ന കാഴ്‌ചയും ജനം കണ്ടു. വാസ്‌തവത്തില്‍ താന്‍പോരായ്‌മ കാട്ടാന്‍ പ്രസിഡന്റോ സെക്രട്ടറിയോ എവിടെയും ചെല്ലുന്നതായി കണ്ടില്ല.

പരിപാടികള്‍ കുത്തിനിറച്ചെന്ന ആരോപണമുണ്ടെങ്കിലും ഇത്ര വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഇതിനു മുമ്പ്‌ ഉണ്ടായിട്ടില്ലെന്ന്‌ ഗ്ലാഡ്‌സണ്‍ ചൂണ്ടിക്കാട്ടുന്നു. പങ്കെടുക്കുന്ന ആബാലവൃദ്ധം ജനങ്ങളും എന്തെങ്കിലും മധുരമുള്ള ഓര്‍മ്മയുമയാണ്‌ മടങ്ങിയത്‌.

ഇനിയിപ്പോള്‍ മുഖ്യധാരാ രാഷ്‌ട്രീയത്തില്‍ സജീവമാകാന്‍ ജോര്‍ജ്‌ മാത്യു ആഗ്രഹിക്കുമ്പോള്‍ ഫോമയില്‍ ഇനിയുമൊരു അങ്കത്തിന്‌ ഗ്ലാഡ്‌സന്‌ ബാല്യമുണ്ട്‌. പക്ഷെ ഉടനെയൊന്നും നേതൃത്വത്തിലേക്കില്ലെന്ന്‌ ഗ്ലാഡ്‌സണ്‍ പറയുന്നു.

ഫിലാഡല്‍ഫിയക്കാരന്‍ തന്നെയായ ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌ ഇരുവരുടേയും വലംകൈയ്യായി നിന്നു. എത്ര പ്രവര്‍ത്തിച്ചാലും ട്രഷറര്‍ക്കുമാത്രം അംഗീകാരമൊന്നും കിട്ടാത്തത്‌ ചൂണ്ടിക്കാട്ടി ജനറല്‍ബോഡിയില്‍ ഏറ്റവും കൈയ്യടി നേടിയത്‌ വര്‍ഗീസ്‌ ഫിലിപ്പായിരുന്നു.

ഏതാണ്ട്‌ 35 വര്‍ഷത്തെ പ്രവര്‍ത്തനശൈലിയില്‍ ജോര്‍ജ്‌ മാത്യുവിന്‌ ഇതൊരു നാഴികക്കല്ലാണ്‌. വിവിധ സംഘടനകളില്‍ വിവിധ ചിന്താഗതിയുള്ള പ്രവര്‍ത്തകരെ ഏകോപിപ്പിച്ച്‌ നടത്തിയ ഈ കണ്‍വന്‍ഷന്‍ ഏതായാലും ചരിത്രത്തില്‍ രേഖപ്പെടുത്താവുന്നതാണ്‌. ഫിലാഡല്‍ഫിയയിലെ മലയാളി സമൂഹത്തിന്റെ വളര്‍ച്ചയില്‍ ജോര്‍ജ്‌ മാത്യുവിന്റെ പ്രവര്‍ത്തനശൈലി മറ്റുള്ളവര്‍ക്ക്‌ മാകൃകയാകട്ടെ.

അനിയന്‍ ജോര്‍ജ്‌, ജോണ്‍ സി. വര്‍ഗീസ്‌, ജോര്‍ജ്‌ എം. മാത്യു, കോര ഏബ്രഹാം, സെബാസ്റ്റ്യന്‍ ജോസഫ്‌, രാജന്‍ ടി. നായര്‍, റോയ്‌ ജേക്കബ്‌, ഷാജി ജോസഫ്‌, ഫിലിപ്പ്‌ ജോണ്‍, സണ്ണി ഏബ്രഹാം, അലക്‌സ്‌ ജോണ്‍, ബിജു ജോണ്‍, ബിജു സക്കറിയ, ജെ. മാത്യൂസ്‌, മാത്യു ചെരുവില്‍, കുസുമം ടൈറ്റസ്‌, ജോസി കുരിശിങ്കല്‍, വിനു ജോസഫ്‌, മാത്യു നൈനാന്‍, ഫ്രെഡ്‌ കൊച്ചിന്‍, ജോസ്‌ ഏബ്രഹാം, ജിബി തോമസ്‌ എന്നീ നേതാക്കളെ ഒന്നിച്ചണിനിരത്തിയതാണ്‌ വിജയങ്ങളുടെ പ്രധാന കാരണം. എല്ലാ ആശംസകളും...
ഫിലാഡല്‍ഫിയയുടെ മാനംകാത്ത്‌ ജോര്‍ജ്‌ മാത്യു, കണ്‍വന്‍ഷന്‍ നിറഞ്ഞുനിന്ന ഗ്ലാഡ്‌സണ്‍
ഫിലാഡല്‍ഫിയയുടെ മാനംകാത്ത്‌ ജോര്‍ജ്‌ മാത്യു, കണ്‍വന്‍ഷന്‍ നിറഞ്ഞുനിന്ന ഗ്ലാഡ്‌സണ്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക