Image

ബന്യാമിന്‍ ഇനി ആന ജീവിതം എഴുതുമോ... (ടി. പി. ശ്രീനിവാസന്‍-മുന്‍ അംബാസഡര്‍)

Published on 06 July, 2014
ബന്യാമിന്‍ ഇനി ആന ജീവിതം എഴുതുമോ... (ടി. പി. ശ്രീനിവാസന്‍-മുന്‍ അംബാസഡര്‍)
ഫിലഡല്‍ഫിയ: ഫോമ എന്ന അമേരിക്കന്‍ മലയാളികളുടെ പുതിയ സംഘടന ഉദ്‌ഘാടനം ചെയ്‌തതുകൊണ്ടും അതിനുശേഷമുണ്ടായ നാല്‌ കണ്‍വന്‍ഷനുകളില്‍ സംബന്ധിച്ചതു കൊണ്ടുമായിരിക്കാം ഫിലാഡല്‍ഫിയ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്‌ എന്നെ ഫോമയുടെ വളര്‍ത്തച്‌ഛന്‍ എന്ന്‌ വിശേഷിപ്പിച്ചത്‌. 2008 ല്‍ ഇന്ത്യയില്‍ നിന്നു വന്ന ഏക അതിഥിയായിരുന്നു. സംഘടനകള്‍ പിളരാന്‍ പാടില്ല എന്നും ഫൊക്കാനയും ഫോമയും യോജിച്ചില്ലെങ്കില്‍ രണ്ടിനെയും ബഹിഷ്‌ക്കരിക്കുമെന്നും സ്‌നേഹത്തോടെ ഭീഷണിപ്പെടുത്തിയവരെല്ലാം ഫോമയുടെ വളര്‍ച്ചയില്‍ അതിശയിക്കുകയും അതിന്റെ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ തുടങ്ങുകയും ചെയ്‌തു. ഫോമയ്‌ക്ക്‌ കേരളത്തില്‍ ലഭിച്ചിരിക്കുന്ന അംഗീകാരത്തിന്റെ തെളിവായിരുന്നു ഫിലാഡല്‍ഫിയായില്‍ ജൂണ്‍ 26-29 വരെ നടന്ന ഇത്തവണത്തെ സമ്മേളനത്തില്‍ കണ്ടത്‌.

കേരളത്തിന്റെ പ്രവാസ കാര്യമന്ത്രി കെ. സി. ജോസഫ്‌, മുന്‍ കേന്ദ്രമന്ത്രി കെ. വി. തോമസ്‌, തോമസ്‌ ചാണ്ടി, ജോസഫ്‌ വാഴക്കല്‍ എന്നീ എംഎല്‍എമാര്‍, രണ്ട്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റുമാര്‍ മനോരമയുടെ കെ എ ഫ്രാന്‍സിസ്‌ , സന്തോഷ്‌ ജോര്‍ജ്‌ ജേക്കബ്‌ , ദീപികയുടെ ജോര്‍ജ്‌ കള്ളിവയലില്‍, കൈരളിയുടെ ജോണ്‍ ബ്രിട്ടാസ്‌ ഏഷ്യാനെറ്റിന്റെ അനില്‍ അടൂര്‍ മുതലായ മാധ്യമ പ്രവര്‍ത്തകര്‍, ബെന്യാമിന്‍ എന്ന പ്രശസ്‌ത എഴുത്തുകാരന്‍, സിനിമാ രംഗത്ത്‌ നിന്ന്‌ മനോജ്‌ കെ. ജെയിന്‍, മംമ്‌താ മോഹന്‍ദാസ്‌ മുതലായവരെല്ലാം ഫിലാഡല്‍ഫിയയില്‍ അണിനിരന്നു. അതില്‍ ചിലരൊക്കെ ഫൊക്കാനാ സമ്മേളനത്തിലും സംബന്ധിക്കുമെങ്കിലും അവരെല്ലാം ഫോമയെ അംഗീകരിക്കുകയുണ്ടായി. ഉദ്‌ഘാടനത്തില്‍ എല്ലാ തിരികളും കത്തിക്കാന്‍ ആളില്ലാതിരുന്ന കാലം മാറി തിരികള്‍ കിട്ടിയില്ലെങ്കില്‍ എല്ലാവര്‍ക്കും തിരികൊളുത്താനാവില്ല എന്ന സ്‌ഥിതിയിലാണ്‌ ഫോമയില്‍ ഇപ്പോള്‍. അമേരിക്കയിലെ ഭൂരിപക്ഷം മലയാളി സംഘടനകളും ഫോമക്ക്‌ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഫൊക്കാനയിലുളള എന്റെ സുഹൃത്തുക്കള്‍ അവരുടെ സമ്മേളനത്തില്‍ സംബന്ധിക്കുവാന്‍ എന്നെ നിര്‍ബന്ധിക്കാതായി. വളരുന്ന സംഘടയുടെ വളര്‍ത്തച്‌ഛനായതിന്റെ സന്തോഷത്തിലാണ്‌ ഞാന്‍.

ഫോമ അംഗത്വത്തിലും അതിഥികളുടെ എണ്ണത്തിലും മാത്രമല്ല വളര്‍ന്നത്‌. കണ്‍വന്‍ഷന്‍ പരിപാടികളില്‍ പുതിയ ആശയങ്ങള്‍ കൊണ്ടു വരുകയും ചെയ്‌തു ഫോമ ഭാരവാഹികള്‍. വോളിബോള്‍ മുതലായ കായിക മത്സരങ്ങള്‍, പുതിയ നാടക മത്സരം മുതലായ പരിപാടികള്‍ ഉള്‍പ്പെടുത്തിയപ്പോള്‍ അവര്‍ ഓര്‍ക്കാതിരുന്നത്‌ കണ്‍വന്‍ഷന്‍ ദീര്‍ഘിപ്പിച്ചില്ലെന്നുളളതാണ്‌. അതുകൊണ്ട്‌ ഒന്നിനും സമയമില്ലാതെ വരികയും പല പരിപാടികളുടെയും ഗൗരവം ഇല്ലാതാകുകയും ചെയ്‌തു. അടുത്ത വര്‍ഷത്തെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്‌ അവസാനത്തെ ദിവസമായിരുന്നതിനാല്‍ കണ്‍വന്‍ഷന്റെ കൂടുതല്‍ സമയവും തിരഞ്ഞെടുപ്പു പ്രചരണങ്ങള്‍ക്കായി ചെലവഴിക്കപ്പെട്ടു. ആയിരക്കണക്കിന്‌ മൈലുകള്‍ യാത്ര ചെയ്‌ത്‌ എത്തിയവരോട്‌ രണ്ട്‌ മിനിറ്റ്‌ സംസാരിക്കുവാന്‍ ആവശ്യപ്പെടേണ്ടി വന്നു. അതു കൊണ്ടായിരിക്കും പല പരിപാടികള്‍ക്കും അവരുടെ ഗൗരവം കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞില്ല. എല്ലാ വിശിഷ്‌ഠ വ്യക്‌തികളും എല്ലാ സമ്മേളനങ്ങളിലും പ്രസംഗിക്കുന്ന പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ ശ്രമിച്ചതുകൊണ്ട്‌ അവര്‍ക്കും കേള്‍വിക്കാരും ഒപ്പം ഉത്സവത്തിന്റെ പ്രതീതിയാണുണ്ടായത്‌. രണ്ടോ മൂന്നോ അതിഥികളുളള കാലത്തെ രീതി അവലംബിക്കാതിരിക്കാനുളള ഭാവന ഭാരവാഹികള്‍ക്കില്ലാതെ പോയി. അതിഥികളുടെ എണ്ണം കൂടിയപ്പോള്‍ ഓരോ അതിഥിക്കും ഓരോ പരിപാടിയിലേക്ക്‌ മാത്രം പ്രസംഗിക്കാന്‍ ക്ഷണിക്കുകയും അവരുമായി ആശയവിനിമയം ചെയ്യാന്‍ സദസ്യര്‍ക്ക്‌ അവസരം നല്‍കുകയുമാണ്‌ വേണ്ടത്‌. പല അതിഥികളും ഒരു പ്രസംഗം പലതായി മുറിച്ച്‌ പല സമ്മേളനങ്ങളില്‍ ഉപയോഗിക്കുന്ന കാഴ്‌ച പരിതാപകരമായിരുന്നു.

ഇത്തരം കണ്‍വന്‍ഷനുകളില്‍ കാണാറുളള സാഹിത്യ സമ്മേളനം, മീഡിയാ സെമിനാര്‍, വനിതാ സമ്മേളനം, മതസൗഹാര്‍ദ്ദ സമ്മേളനം യങ്‌ പ്രൊഫഷണല്‍ സമ്മേളനം മുതലായവ ശുഷ്‌ക്കമായ സദസുകളിലായിരുന്നുവെങ്കിലും മികവുറ്റവയായി. യങ്‌ പ്രൊഫഷണലുകള്‍ അവതരിപ്പിച്ച പുതിയ അവസരങ്ങളെപ്പറ്റിയും പ്രവര്‍ത്തന രീതികളെപ്പറ്റിയും അവര്‍ തമ്മില്‍ തന്നെയാണ്‌ സംസാരിച്ചത്‌. ഇതൊക്കെ പുതിയ അറിവായി സ്വീകരിക്കാന്‍ ആരുംതന്നെ അവിടെ ഉണ്ടായിരുന്നില്ല. ബെന്യാമിനെ നന്നായി ഉപയോഗിച്ചു സാഹിത്യ സമ്മേളനത്തില്‍. അദ്ദേഹത്തിന്റെ അനുഭവങ്ങളും അഭിപ്രായങ്ങളും വളരെ വിലയേറിയതായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ കൂടെ നിന്ന്‌ ഫോട്ടോ എടുക്കുന്നതിലായിരുന്നു പലര്‍ക്കും താല്‌പര്യം. മീഡിയാ സെമിനാറില്‍ അധികൃതര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ പല മാധ്യമ പ്രവര്‍ത്തകരെയും അലോസരപ്പെടുത്തിയെങ്കിലും അവര്‍ നല്‍കിയ ഉത്തരങ്ങള്‍ താല്‌പര്യജനകമായിരുന്നു. മനോരമ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ വക്‌താവാകുന്നു എന്ന പരാതി ഫ്രാന്‍സിസും അമൃതാനന്ദമയി അമ്മയുടെ ശത്രുവിനെ ഇന്റര്‍വ്യൂ ചെയ്‌ത്‌ എന്തിനാണെന്ന ചോദ്യം ബ്രിട്ടാസും കൗശലത്തോടെ കൈകാര്യം ചെയ്‌തു. കുറെ സത്യങ്ങള്‍ പുറത്തു വരുകയും ചെയ്‌തു.

കേരളത്തിലെ സ്‌ത്രീ പീഢനകേസുകളും അവയെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയുമൊക്കെ മീഡിയ സെമിനാറില്‍ മാത്രമല്ല സാഹിത്യ സമ്മേളനത്തിലും ചര്‍ച്ചാ വിഷയമായി. പക്ഷെ പൊതുവേയുളള അഭിപ്രായം ഇവയൊക്കെ മാധ്യമ സൃഷ്‌ടികളാണെന്നും യഥാര്‍ത്ഥത്തില്‍ സ്‌ത്രീ പീഢനം നടക്കുന്നത്‌ അമേരിക്കയിലാണെന്നുമായിരുന്നു. അമേരിക്കയില്‍ നടക്കുന്ന കുറ്റ കൃത്യങ്ങള്‍ ടെലിവിഷനില്‍ കാണുന്ന മലയാളികള്‍ കേരളത്തില്‍ നിന്നുളള ഇത്തരം വാര്‍ത്തകളെ സഹതാപത്തോടെയാണ്‌ കാണുന്നത്‌ എന്ന കാര്യം എന്നെ അത്ഭുതപ്പെടുത്തി. ലോകത്തു മുഴുവന്‍ അഴിമതിയുണ്ടായിട്ടും കേരളത്തിലെ അഴിമതി അംഗീരിക്കാത്ത മലയാളികള്‍ എന്തുകൊണ്ടാണ്‌ കേരളത്തെ സ്‌ത്രീപീഢനത്തെ ലഘുവായി കാണുന്നതെന്ന്‌ മനസിലാക്കാന്‍ പ്രയാസമാണ്‌.

കേരളത്തിലെ വികസനത്തെപ്പറ്റി കോണ്‍ഗ്രസ്‌ നേതാക്കളെല്ലാം തന്നെ അഭിമാനത്തോടെ സംസാരിച്ചെങ്കിലും അവരാരും തന്നെ മോദിയുടെ വിജയത്തിന്റെ കാരണമായ അഴിമതിയും കെടുകാര്യസ്‌ഥതയുമൊന്നും ചൂണ്ടിക്കാട്ടിയില്ല. മലയാളികള്‍ ആ ചോദ്യം ഉന്നയിച്ചതുമില്ല. ഇന്ത്യയില്‍ നടക്കുന്ന വിപ്ലവത്തെ ശ്രദ്ധിക്കാതെ കേരളത്തിന്റെ വിശേഷങ്ങള്‍ മാത്രം കേള്‍ക്കാനായിരുന്നു മലയാളികളുടെ താല്‌പര്യം. ഇടതിന്റെയും വലതിന്റെയും കഴിവില്ലായ്‌മയെപ്പറ്റിയും അവരുടെ ബുദ്ധി മോശങ്ങളെപ്പറ്റിയും തുറന്നടിച്ച ബ്രിട്ടാസിന്‌ ജനങ്ങളുടെ കൈയ്യടി മാത്രമല്ല ജോസഫ്‌ വാഴക്കന്റെ പ്രശംസകൂടി ലഭിച്ചു. ബ്രിട്ടാസിനെ ഇടതു പക്ഷക്കാരനായി ചിത്രീകരിച്ചതുകൊണ്ടാണെന്നു തോന്നുന്നു അദ്ദേഹം സ്വതന്ത്രനായ പത്രപ്രവര്‍ത്തകനാണെന്നും രണ്ടു വശത്തും നടക്കുന്ന വൃത്തികേടുകള്‍ തന്റെ ശ്രദ്ധയില്‍ വരുന്നുവെന്നും ഊന്നി പറഞ്ഞത്‌.

മിസ്‌ ഫോമ മത്സരം പണ്ടത്തെപ്പോലെ തന്നെ ആകര്‍ഷകമായി. ഏറ്റവും കൂടുതല്‍ സദസ്യര്‍ പങ്കെടുത്തത്‌ ഈ മത്സരത്തിലായിരുന്നു. അവിടെ കലാപരിപാടികളും മനോഹരമായി. തിരഞ്ഞെടുക്കപ്പെട്ട പെണ്‍കുട്ടികള്‍ സൗന്ദര്യത്തിലും ബുദ്ധിയിലും ഒരുപോലെ മിന്നിത്തിളങ്ങിയെന്ന്‌ ജൂറി അംഗം ലേഖാശ്രീനിവാസന്‍ പറഞ്ഞു.

സാധാരണ ചിരിയരങ്ങിന്‌ മികവു നല്‍കുന്ന ബാബു പോളും എം. വി. പിളളയും ഇല്ലാതിരുന്നതുകൊണ്ടായിരിക്കാം ആ പരിപാടി ഒരു വിജയമാകാതിരുന്നത്‌. അശ്ലീലം നിറഞ്ഞ ഫലിതത്തിലേക്ക്‌ പലരും വഴുതിപ്പോയി. കേരളത്തില്‍ ഫലിതത്തേക്കാള്‍ ചിരിപ്പിക്കുന്നത്‌ വാര്‍ത്തകളാണെന്നും രാഷ്‌ട്രീയക്കാരുടെ അവരറിയാതുളള ഫലിതം ഹാസ്യത്തിന്‌ വഴി തെളിക്കുന്നുണ്ടെന്നും ഞാന്‍ ചൂണ്ടിക്കാട്ടി. ഇനി വൈസ്‌ ചാന്‍സലര്‍മാരായി സരിതാ നായരെയും ബിജു രാധാകൃഷ്‌ണനെയും നിയമിച്ചേക്കുമെന്ന വി. എസ്‌. അച്ചുതാനന്ദന്റെ പരാമര്‍ശം കേരള നിയമ സഭയെപ്പോലും ഹാസ്യത്തിലമര്‍ത്തി എന്ന്‌ ഞാന്‍ സദസിനെ ഓര്‍മ്മപ്പെടുത്തി. കേരളത്തിന്‌ താങ്ങാന്‍ കഴിയില്ല തന്റെ വെളിപ്പെടുത്തലുകള്‍ എന്നറിയാവുന്നതുകൊണ്ടാണത്രെ സരിതാ നായര്‍ `അയില്‍ തുടങ്ങിയിരിക്കുന്നത്‌. മറ്റ്‌ അക്ഷരങ്ങളില്‍ തുടങ്ങുന്ന പേരുകള്‍ ഉളളവര്‍ ഉറക്കം നഷ്‌ടപ്പെടുത്തി കാത്തിരിക്കുകയാണ്‌. സരിത ഒരിക്കല്‍ പോലും ഫോണില്‍ വിളിക്കാത്തവര്‍ക്ക്‌ ഒരു അപകര്‍ഷതാബോധം തന്നെയുണ്ട്‌ താനും.

സംഘാടകര്‍ക്ക്‌, വിശേഷിച്ച്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യുവിനും സെക്രട്ടറി ഗ്ലാഡ്‌സനും വളരെയധികം പ്രശംസ ലഭിച്ചു. അവര്‍ അതൊക്കെ അവരുടെ കമ്മിറ്റിക്കാരുമായി പങ്കുവച്ചു. ഏറ്റവും കൂടുതല്‍ ഇ-മെയിലുകളയച്ച്‌ അംഗങ്ങള്‍ക്ക്‌ കണ്‍വന്‍ഷന്റെ വിവരങ്ങള്‍ നല്‍കി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ അംഗീകാരം നേടി. സംഘാടകരുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി സംതൃപ്‌തരായിരുന്നു അംഗങ്ങള്‍ എന്നു തോന്നി. ഭക്ഷണ കാര്യത്തില്‍ മാത്രമായിരുന്നു പലരും അതൃപ്‌തി രേഖപ്പെടുത്തിയത്‌. കഴിഞ്ഞ വര്‍ഷം കിട്ടിയ ഭക്ഷണത്തോട്‌ കിടപിടിക്കുന്നതായിരുന്നില്ല ഇത്തവണ എന്ന്‌ അംഗങ്ങളും ഇതു തന്നെ ഒരുക്കാനുണ്ടായ ഭഗീരഥ പ്രയത്‌നങ്ങളെപ്പറ്റി സംഘാടകരും വാചാലരായി. കഴിഞ്ഞ തവണ തൂക്കും കൂടിയ പലരും തൂക്കം കുറയ്‌ക്കാന്‍ ഇത്തവണത്തെ ഭക്ഷണം സഹായിച്ചു എന്ന്‌ അഭിപ്രായം പ്രകടിപ്പിച്ചു. പക്ഷോ ബാന്‍ക്വറ്റിന്‌ ഉണ്ടായിരുന്ന വിഭവങ്ങള്‍ എല്ലാവരെയും സംതൃപ്‌താക്കി. തിരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ ഭക്ഷണ ശാലയിലാണ്‌ പ്രചരണ പരിപാടികള്‍ നടത്തിയത്‌. അടുത്ത തവണ ഇതിലും നല്ല ഭക്ഷണമൊരുക്കുമെന്ന്‌ അവരെല്ലാം ഉറപ്പു നല്‍കി. ഫേ念3390;റിഡായിലെ നേതാക്കന്മാരെ അടുത്ത നേതാക്കളായി തിരഞ്ഞെടുത്ത്‌ ഇക്കാരണം കൂടി കണക്കിലെടുത്തു കൊണ്ടായിരിക്കണം. പുതിയ ഭാരവാഹികള്‍ എല്ലാവരും കഴിവുറ്റവരാണെന്ന്‌ തിരഞ്ഞെടുപ്പ്‌ പ്രചരണം വ്യക്‌തമാക്കി.

പല വിശിഷ്‌ടാതിഥികള്‍ക്കും സന്ദേശം നല്‍കാനില്ലായിരുന്നു എന്ന തോന്നല്‍ ഉണ്ടായി. തിരഞ്ഞെടുപ്പിന്റെ ഷോക്കില്‍ നിന്ന്‌ സ്വതന്ത്രരാകാത്തതുകൊണ്ടാവാം കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ പുതിയതായി ഒന്നും പറയാനില്ലായിരുന്നത്‌. പ്രവാസി പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ അവ പരിഹരിക്കാനായി വയലാര്‍ രവിയുടെ പരിശ്രമങ്ങളെപ്പറ്റി എനിക്ക്‌ അനുസ്‌മരിക്കോണ്ടി വന്നു. പരിഹരിച്ച പ്രശ്‌നങ്ങള്‍ തന്നെയാണ്‌ പല സദസുകളിലും ഉന്നയിച്ചത്‌.

ഒബാമ ഭരണ രംഗത്ത്‌ ഏറ്റവും ഉന്നതനായ മലയാളി അരുണ്‍ കുമാറിനെ ഫോമ ആദരിച്ചത്‌ വളരെ ഉചിതമായി. ന്യൂയോര്‍ക്ക്‌ കോണ്‍സല്‍ ജനറല്‍ ധ്യാനേശ്വര്‍ മൂലേ അദ്ദേഹം കേരളത്തിന്‌ ചെയ്‌തിട്ടുളള സേവനങ്ങളെപ്പറ്റി പരാമര്‍ശിച്ചു. സിനിമ താരം മനോജ്‌ കെ. ജയന്‍ ലൈവ്‌ ടൈം അച്ചീവ്‌മെന്റ്‌ അവാര്‍ഡ്‌ സ്വീകരിച്ചത്‌ തന്റെ ലൈഫ്‌ ടൈം ഇനിയുമുണ്ട്‌ എന്ന ആശ പ്രകടിപ്പിച്ചുകൊണ്ടായിരുന്നു.

ഫോമയ്‌ക്ക്‌ പ്രായപൂര്‍ത്തിയായിരിക്കുന്നു എന്നാണ്‌ ഫിലഡല്‍ഫിയ കണ്‍വന്‍ഷന്‍ തെളിയിച്ചത്‌. ഇനി വേണ്ടത്‌ കിട്ടിയ അംഗീകാരം നിലനിര്‍ത്തുകയാണ്‌. അതിഥികളെ തിരഞ്ഞെടുത്ത്‌ ക്ഷണിക്കാനും എത്തുന്നവര്‍ക്ക്‌ നേരത്തെ തീരുമാനിച്ച ഉത്തരവാദങ്ങള്‍ നല്‍കാനും ശ്രദ്ധിക്കേണ്ടതാണ്‌. പുതിയ പരിപാടികള്‍ ഉള്‍പ്പെടുത്തുമ്പോള്‍ അവ നന്നായി നടത്താനും സമയം കൂടി കണ്ടെത്തിയിരിക്കുന്നു. എങ്കില്‍ മാത്രമേ ഒരു മാമാങ്കത്തിനു പകരം ഗൗരവതരമായ ചര്‍ച്ചകള്‍ നടത്തുന്ന ഒരു പ്രസ്‌ഥാനമായി ഫോമാ വളരുകയുളളു. `ആടു ജീവിതം എഴുതി ലോക പ്രശസ്‌തനായ ബെന്യാമിന്‍ അമേരിക്കന്‍ മലയാളികളുടെ ആന ജീവിതത്തെപ്പറ്റി ഒരു നോവല്‍ എഴുതിയാല്‍ മാത്രം മതി ഫോമയ്‌ക്ക്‌ സന്തോഷിക്കാനും ഫിലാഡല്‍ഫിയ കണ്‍വന്‍ഷന്‍ അനശ്വരമാകാനും.
ബന്യാമിന്‍ ഇനി ആന ജീവിതം എഴുതുമോ... (ടി. പി. ശ്രീനിവാസന്‍-മുന്‍ അംബാസഡര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക