Image

ജെങ്കിസ്‌ ഖാനും സാമ്രാജ്യങ്ങളും (ലേഖനം: സുനില്‍ എം.എസ്‌)

Published on 15 July, 2014
ജെങ്കിസ്‌ ഖാനും സാമ്രാജ്യങ്ങളും (ലേഖനം: സുനില്‍ എം.എസ്‌)
`നിങ്ങള്‍ക്ക്‌ പൊക്കം കുറവാണല്ലോ.' അസിസ്റ്റന്റ്‌ പ്രൊഫസര്‍ ജോലിയ്‌ക്കുള്ള ഇന്റര്‍വ്യൂവിനു ചെന്ന ഒരു വനിതയോട്‌ ഇന്റര്‍വ്യൂ ബോര്‍ഡിലെ ഒരംഗം ചോദിച്ചു.

`എനിയ്‌ക്ക്‌ നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിനേക്കാള്‍ പൊക്കമുണ്ട്‌.' വനിത ഒട്ടും കൂസാതെ മറുപടി പറഞ്ഞു. എന്റെയൊരു മുന്‍സഹപ്രവര്‍ത്തകന്റെ സഹധര്‍മ്മിണിയായിരുന്നു, അത്‌. അസിസ്റ്റന്റ്‌ പ്രൊഫസര്‍ ജോലിയും ഉയരവുമായി യാതൊരു ബന്ധവും എനിയ്‌ക്കു കാണാന്‍ കഴിഞ്ഞില്ലെങ്കിലും, ഈ ചോദ്യവും ഉത്തരവും നെപ്പോളിയനെപ്പറ്റിയും സാമ്രാജ്യങ്ങളെപ്പറ്റിയും അല്‌പം വായിച്ചറിയാന്‍ എന്നെ പ്രചോദിപ്പിച്ചു. അതിന്റെ ഫലമാണീ ബ്ലോഗ്‌.

1804 മുതല്‍ 1815 വരെ ഫ്രാന്‍സ്‌ ഭരിച്ച നെപ്പോളിയന്റെ ഉയരം അഞ്ചടി രണ്ടിഞ്ചു മാത്രമായിരുന്നെന്ന്‌ അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്‌ത ഫ്രഞ്ചുകാരനായ ഡോക്ടര്‍ ഫ്രാന്‍സെസ്‌കോ അന്റോമാര്‍ച്ചി തന്റെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു. ഫ്രാന്‍സിന്റെ അഞ്ചടി രണ്ടിഞ്ച്‌ എന്ന അളവ്‌ ഇംഗ്ലണ്ടിലെ അഞ്ചരയടിയ്‌ക്കു തുല്യമാണെന്ന ഒരു വാദമുണ്ടെങ്കിലും ആ വാദത്തെപ്പറ്റി ഇന്റര്‍വ്യൂ ബോര്‍ഡിലെ അംഗത്തിന്‌ അറിവുണ്ടായിരുന്നോ എന്ന ചോദ്യം അപ്രസക്തമാണ്‌.അസിസ്റ്റന്റ്‌ പ്രൊഫസ്സറുടെ ജോലി ചെയ്യാനുള്ള തന്റേടവും ആത്മവിശ്വാസവും വനിതയ്‌ക്കുണ്ട്‌ എന്ന്‌ ആ ഒരൊറ്റ ഉത്തരത്തില്‍ നിന്നു തന്നെ ഇന്റര്‍വ്യൂ ബോര്‍ഡിനു ബോദ്ധ്യം വന്നു കാണണം.വനിത ഇന്റര്‍വ്യൂവില്‍ അനായാസം ജയിച്ചു, ജോലി നേടുകയും ചെയ്‌തു.

ആധുനിക കാലഘട്ടത്തിലെ ഏറ്റവും വലിയ വീരസാഹസികനായ ചക്രവര്‍ത്തിയായി കണക്കാക്കപ്പെടുന്ന നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്‌ ഇറ്റലിയേയും ആക്രമിച്ചു കീഴടക്കിയിരുന്നു. അദ്ദേഹത്തിന്റെ സാമ്രാജ്യത്തിന്റെ വലിപ്പം 21 ലക്ഷം ചതുരശ്ര കിലോമീറ്ററായിരുന്നു. അലക്‌സാണ്ടര്‍ ദ ഗ്രേറ്റിന്റെ സാമ്രാജ്യത്തിന്റെ വലിപ്പം നെപ്പോളിയന്റേതിന്റെ രണ്ടര ഇരട്ടിയായിരുന്നു: 52 ലക്ഷം ച. കിലോമീറ്റര്‍. ഗ്രീസ്‌ മുതല്‍ തെക്ക്‌ ഈജിപ്‌റ്റു വരെയും പടിഞ്ഞാറ്‌ പാക്കിസ്ഥാന്‍ വരെയും അദ്ദേഹത്തിന്റെ സാമ്രാജ്യം നീണ്ടു പരന്നു കിടന്നു. അലക്‌സാണ്ടര്‍ നടത്തിയ പടയോട്ടം ക്രിസ്‌തുവിനു മുന്‍പ്‌ നാലാം നൂറ്റാണ്ടിലായിരുന്നു. അദ്ദേഹവും ഇന്ത്യയിലെ പോറസ്‌ പുരൂരവസ്സ്‌ രാജാവുമായി നടന്ന യുദ്ധം ചരിത്രപ്രസിദ്ധമാണ്‌. അലക്‌സാണ്ടര്‍ സിന്ധു നദി കടന്ന്‌ പോറസ്സിനെ പരാജയപ്പെടുത്തിയെങ്കിലും, തുടര്‍ന്ന്‌ മുന്നോട്ടു പോകാനാകാതെ മടങ്ങുകയാണുണ്ടായത്‌.

അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ സാമ്രാജ്യത്തിന്റെ വിസ്‌തൃതി 52 ലക്ഷം ച. കിലോമീറ്ററായിരുന്നെന്നു പറഞ്ഞുവല്ലോ. നമ്മുടെ ഭാരതത്തിന്റെ വലിപ്പം 33 ലക്ഷം ച. കിലോമീറ്റര്‍ മാത്രമാണ്‌. അലക്‌സാണ്ടറുടെ സാമ്രാജ്യം ഭാരതത്തേക്കാള്‍ 1.6 മടങ്ങു വലുതായിരുന്നു എന്നര്‍ത്ഥം. പതിനാറാം നൂറ്റാണ്ടില്‍ സ്ഥാപിതമായ മുഗള്‍ സാമ്രാജ്യത്തിന്റെ വലിപ്പം ഏകദേശം അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടേതിനോളം വന്നിരുന്നു: 50 ലക്ഷം ച. കിലോമീറ്റര്‍. ഇതേ വലിപ്പം തന്നെയായിരുന്നു, ബീ സി നാലാം നൂറ്റാണ്ടിലെ മൗര്യസാമ്രാജ്യത്തിനും. ഈ രണ്ടു സാമ്രാജ്യങ്ങളിലും ഇന്നത്തെ കേരളം,തമിഴ്‌നാട്‌ എന്നീ ഭൂവിഭാഗങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ല.

റോമന്‍ സാമ്രാജ്യം ഇവയേക്കാളെല്ലാം വലുതായിരുന്നു: 68 ലക്ഷം ച. കിലോമീറ്റര്‍. മംഗോളിയന്‍ വംശജനായ കുബ്ലായിഖാന്‍ ചൈനയിലും സമീപമേഖലകളിലുമായി സ്ഥാപിച്ച യുവാന്‍ സാമ്രാജ്യത്തിന്റെ വലിപ്പം ഇവയേക്കാളൊക്കൊക്കെ വലുതായിരുന്നു: 140 ലക്ഷം ച. കിലോമീറ്റര്‍. അല്‌പം കൂടി വലുതായിരുന്ന ക്വിങ്ങ്‌ സാമ്രാജ്യം ചൈനയിലെ അവസാനത്തേതായിരുന്നു. 1912ല്‍ അവസാനിച്ച അതിന്ന്‌ 147 ലക്ഷം ച. കിലോമീറ്റര്‍ വിസ്‌താരമുണ്ടായിരുന്നു.

ഒരു വ്യക്തി സൈന്യത്തെ നയിച്ച്‌ സ്വയം യുദ്ധക്കളത്തിലിറങ്ങി പടവെട്ടി രാജ്യങ്ങള്‍ പിടിച്ചടക്കി സ്ഥാപിച്ച സാമ്രാജ്യങ്ങളില്‍ ഏറ്റവും വലിപ്പമുള്ളത്‌ മുന്‍പു പറഞ്ഞവയൊന്നുമായിരുന്നില്ല. മംഗോളിയയിലെ ജെങ്കിസ്‌ ഖാന്റെ മംഗോള്‍ സാമ്രാജ്യമായിരുന്നു അത്‌. 330 ലക്ഷം ച. കിലോമീറ്റര്‍. മംഗോളിയ മുതല്‍ ചൈന, അഫ്‌ഘാനിസ്ഥാന്‍, ഇറാന്‍, ഇറാക്ക്‌, സിറിയ, കാസ്‌പിയന്‍ കടലിന്റെ പടിഞ്ഞാറുള്ള ജോര്‍ജ്ജിയ, അങ്ങനെ അതിവിസ്‌തൃതമായ ഭൂവിഭാഗമായിരുന്നു ജെങ്കിസ്‌ഖാന്റെ സാമ്രാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്നത്‌. ശാന്തസമുദ്രം മുതല്‍ സില്‍ക്ക്‌ റൂട്ടു വഴി കാസ്‌പിയന്‍ കടല്‍ വരെ.

ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനു മാത്രമാണ്‌ ഇതിനേക്കാള്‍ നേരിയ തോതിലെങ്കിലും വലിപ്പക്കൂടുതലുണ്ടായിരുന്നത്‌: അവരുടെ 332ലക്ഷം ച. കിലോമീറ്റര്‍ വിസ്‌തൃതി വിവിധ ഭൂഖണ്ഡങ്ങളിലായിരുന്നതിനാല്‍ അവയിലെത്താന്‍ സമുദ്രയാത്ര വേണ്ടി വന്നിരുന്നു. ഇക്കാര്യത്തിലായിരുന്നു, ജെങ്കിസ്‌ ഖാന്റെ സാമ്രാജ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത: ജെങ്കിസ്‌ ഖാന്റെ സാമ്രാജ്യം തുടര്‍ച്ചയായി, നീണ്ടു പരന്നു കിടന്നിരുന്ന, ഒരറ്റം മുതല്‍ മറ്റേയറ്റം വരെ കരയിലൂടെ സഞ്ചരിയ്‌ക്കാവുന്ന ഒരൊറ്റ ഭൂവിഭാഗമായിരുന്നു. ഇത്തരം മറ്റൊരു സാമ്രാജ്യത്തിനും ഇതിന്റെ പകുതിയോളം പോലും വലിപ്പമുണ്ടായിരുന്നില്ല.

ജെങ്കിസ്‌ ഖാനെപ്പറ്റി പറയുമ്പോള്‍ അദ്ദേഹത്തിന്റെ ചരിത്രത്തിലെ ഇരുണ്ട അദ്ധ്യായമാണ്‌ ആദ്യം തന്നെ പറയേണ്ടി വരുന്നത്‌. അദ്ദേഹത്തിന്റെ നിഷ്‌ഠൂരരായ പട്ടാളം കൊന്നൊടുക്കിയത്‌ നൂറു കണക്കിനോ ആയിരക്കണക്കിനോ ആളുകളെയായിരുന്നില്ല. രാജ്യങ്ങള്‍ പിടിച്ചടക്കി സാമ്രാജ്യം സ്ഥാപിയ്‌ക്കാനുള്ള ത്വരയ്‌ക്കിടയില്‍ നാലു കോടി എതിരാളികളെയാണ്‌ അദ്ദേഹത്തിന്റെ സൈന്യം കൊന്നൊടുക്കിയത്‌. ഇക്കാരണത്താല്‍ ജെങ്കിസ്‌ ഖാന്റെ നാമധേയം ക്രൂരതയുടെ പര്യായമായാണ്‌ ലോകം അനുസ്‌മരിയ്‌ക്കാറ്‌. ഹിറ്റ്‌ലറാണ്‌ ആധുനികകാലത്തെ ഏറ്റവും വലിയ കൊലപാതകിയായി കണക്കാക്കപ്പെടുന്നത്‌. രണ്ടാം ലോകമഹായുദ്ധത്തിന്നിടയില്‍ ഹിറ്റ്‌ലറുടെ നേതൃത്വത്തിലുള്ള ജര്‍മ്മന്‍ സൈന്യവിഭാഗങ്ങള്‍ ഒരു കോടി പത്തു ലക്ഷം സാധാരണക്കാരെ കൊന്നൊടുക്കിയെന്നു ചരിത്രം പറയുന്നു. ഇതിന്റെ നാലിരട്ടിയായിരുന്നു ജെങ്കിസ്‌ ഖാന്റെ സൈന്യത്തിന്റെ കണക്കില്‍ ചരിത്രം കുറിച്ചിട്ടിരിയ്‌ക്കുന്ന പാതകങ്ങള്‍.

അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആറ്റില എന്ന ഹൂണരാജാവിനെപ്പറ്റി ഭയത്തോടെയാണ്‌ സര്‍വ്വരും ഓര്‍ക്കാറ്‌. ആറ്റിലയേക്കാള്‍ വളരെക്കൂടുതല്‍ ആകെ നാലു കോടി കൊലകള്‍ നടത്തിയെങ്കിലും, ജെങ്കിസ്‌ ഖാന്‍ ആറ്റിലയേക്കാള്‍ പലതുകൊണ്ടും വ്യത്യസ്‌തനായിരുന്നു. ഒരു പട്ടണത്തെ ആക്രമിയ്‌ക്കുമ്പോള്‍ ജെങ്കിസ്‌ ഖാന്‍ അവിടുത്തെ രാജാവിന്‌ ഒരു മുന്നറിയിപ്പു നല്‍കും: ?നിരുപാധികം കീഴടങ്ങുക. കീഴടങ്ങുന്നില്ലെങ്കില്‍ ഈ ചാട്ടയേക്കാള്‍ ഉയരമുള്ള സകലരേയും ഞങ്ങള്‍ കൊല്ലും.? ചില രാജാക്കന്മാര്‍ എതിരിടാനൊരുങ്ങാതെ കീഴടങ്ങി.കീഴടങ്ങിയവരോട്‌ ജെങ്കിസ്‌ ഖാന്‍ ദയവു കാണിച്ചു. എന്നാല്‍ മറ്റു ചില രാജ്യങ്ങള്‍ എതിരിട്ടു. അവിടുത്തെ ജനതകള്‍ നിഷ്‌കരുണം വധിയ്‌ക്കപ്പെടുകയും ചെയ്‌തു.കുട്ടികളെപ്പോലും അവര്‍ വെറുതെ വിട്ടില്ല. ഇത്തരമൊരാക്രമണത്തില്‍ ജെങ്കിസ്‌ ഖാന്റെ അന്‍പതിനായിരത്തോളം വന്ന സൈന്യത്തിലെ ഓരോരുത്തരും ഇരുപത്തിനാലു പേരെ വീതം കൊല ചെയ്‌തെന്നു ചരിത്രത്തില്‍ കാണുന്നു.

പാശ്ചാത്യചരിത്രകാരന്മാര്‍ പൊതുവില്‍ ജെങ്കിസ്‌ ഖാനോടു ദയവു കാണിച്ചിട്ടില്ലെങ്കിലും അവര്‍ അദ്ദേഹത്തിന്റെ ചില ഗുണവൈശിഷ്ട്യങ്ങള്‍ മറന്നില്ല.മംഗോളിയയിലെ കിയാദ്‌ വര്‍ഗ്ഗത്തില്‍ പിറന്നയാളായിരുന്നെങ്കിലും ജെങ്കിസ്‌ ഖാന്‍ മതസഹിഷ്‌ണുതയുള്ളയാളുമായിരുന്നു. അദ്ദേഹം അന്യമതങ്ങളില്‍ നിന്ന്‌ തത്വശ്ശാസ്‌ത്രപരവും സദാചാരപരവുമായ പാഠങ്ങള്‍ പഠിയ്‌ക്കാന്‍ താത്‌പര്യം കാണിച്ചു. ഇതിന്നായി ബുദ്ധമതത്തിലേയും ഇസ്ലാം മതത്തിലേയും ക്രിസ്‌തുമതത്തിലേയും പുരോഹിതന്മാരില്‍ നിന്ന്‌ ഉപദേശങ്ങള്‍ സ്വീകരിച്ചു. ബുദ്ധമതവിശ്വാസികളുടെ അധീനതയിലായിരുന്ന ഉത്തരപൂര്‍വ്വേഷ്യയേയും ഇസ്ലാം മതവിശ്വാസികളുടെ അധീനതയിലായിരുന്ന ദക്ഷിണപശ്ചിമേഷ്യയേയും ക്രിസ്‌തുമതവിശ്വാസികളുടെ അധീനതയിലായിരുന്ന യൂറോപ്പിന്റെ പല ഭാഗങ്ങളും ഒരൊറ്റ ഭരണത്തിന്‍ കീഴില്‍ കൊണ്ടുവന്ന്‌ അതുവഴി ഈ മൂന്നു സംസ്‌കാരങ്ങളുടേയും സംയോജനം സാധിച്ചു. തന്റെ സാമ്രാജ്യത്തിലൊട്ടാകെ ഉയ്‌ഘുര്‍ ലിപി ഉപയോഗിച്ച്‌ എഴുതാനുള്ള സംവിധാനം നടപ്പിലാക്കി. മറ്റൊരാളുടെ മുന്‍പില്‍ വച്ച്‌, അയാള്‍ക്കു കൂടി നല്‍കാതെ ആഹാരം കഴിയ്‌ക്കുന്നത്‌ ശിക്ഷാര്‍ഹമാക്കി.

ജെങ്കിസ്‌ ഖാന്‌ അനേകം ഭാര്യമാരുണ്ടായിരുന്നു. അദ്ദേഹം അവരെ സ്‌നേഹിയ്‌ക്കുകയും തുല്യമായി പ്രീണിപ്പിയ്‌ക്കുകയും ചെയ്‌തു പോന്നു. വിജയകരമായ ഓരോ ആക്രമണത്തിലും കൈക്കലാക്കിയ വിലപ്പെട്ട മുതലുകളെല്ലാം അദ്ദേഹം സൈനികരുമായി പങ്കു വച്ചു. എന്നാല്‍, അതിസുന്ദരികളായ സ്‌ത്രീകള്‍ ഖാനു മാത്രമുള്ളവരായിരുന്നു. ഇതിന്റെ പരിണിതഫലം ജനിതകശ്ശാസ്‌ത്രജ്ഞരുടെ ഒരന്താരാഷ്ട്രസംഘം നടത്തിയ പഠനങ്ങളില്‍ ഏതാണ്ട്‌ ഒന്നരക്കൊല്ലം മുന്‍പു വെളിപ്പെട്ടു:ഇന്നു ജീവിച്ചിരിയ്‌ക്കുന്ന ഓരോ ഇരുന്നൂറു പുരുഷന്മാരിലും ഒരാള്‍ വീതം ജെങ്കിസ്‌ ഖാനുമായി ജനിതകമായി ബന്ധപ്പെട്ടിരിയ്‌ക്കുന്നുവത്രെ. മദ്ധ്യേഷ്യയിലെ ഒന്നരക്കോടിയിലേറെ പുരുഷന്മാര്‍ക്ക്‌ ജെങ്കിസ്‌ ഖാന്റെ `വൈ'ക്രോമസോമുണ്ടെന്ന്‌ ആ സംഘം കണ്ടെത്തി.

ബാല്യത്തില്‍ ചെങ്കിസ്‌ ഖാന്റെ പേര്‌ ടെമൂജിന്‍ എന്നായിരുന്നു. ഒന്‍പതു വയസ്സു മാത്രം പ്രായമുള്ളപ്പോള്‍ പിതാവു മരണമടഞ്ഞു. അതോടെ അദ്ദേഹത്തിന്റെ കുടുംബം സമൂഹത്തില്‍ നിന്ന്‌ ഒറ്റപ്പെട്ടു. ജീവിതം കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു.മംഗോളിയക്കാര്‍ ഭൂമിയിലെ ഏറ്റവുമധികം സഹനശക്തിയുള്ള ജനതയാണെന്ന്‌ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിയ്‌ക്കുന്നു. ടെമൂജിന്‍ ഏറ്റവുമധികം സഹനശക്തിയുള്ള വ്യക്തിയായി വളര്‍ന്നതില്‍ അതിശയമില്ല. അദ്ദേഹം യുദ്ധങ്ങളില്‍ സൈന്യത്തെ നയിയ്‌ക്കുമ്പോള്‍ ചക്രവര്‍ത്തിയായിരുന്നിട്ടുപോലും സൈനികരുടെ കഷ്ടപ്പാടുകള്‍ പങ്കിട്ടു. വ്യക്തികളുടെ വൈശിഷ്ട്യങ്ങള്‍ കണക്കിലെടുത്ത്‌, അവരെ അദ്ദേഹം വര്‍ഗ്ഗമതഭേദമെന്യേ അംഗീകരിയ്‌ക്കുകയും ആത്മാര്‍ത്ഥതയുള്ളവരെ ആദരിയ്‌ക്കുകയും ചെയ്‌തു.തന്റെ വാക്കിന്‌ അദ്ദേഹം വലുതായ വില കല്‍പ്പിച്ചു. കൊടുത്ത വാഗ്‌ദാനങ്ങള്‍ നിര്‍ബന്ധമായും പാലിച്ചു. ഇതുകൊണ്ടെല്ലാമായിരിയ്‌ക്കണം, അദ്ദേഹത്തിന്റെ മരണം വരെ സൈനികനേതാക്കളില്‍ ഒരാള്‍ പോലും അദ്ദേഹത്തെ വഞ്ചിച്ചില്ല.

നാലു കോടി മനുഷ്യരെ കൊല ചെയ്‌തെങ്കിലും ജെങ്കിസ്‌ ഖാന്‍ മംഗോളിയയിലെ ഇന്നത്തെ തലമുറയുടെ പോലും ആരാധനാപാത്രമാണ്‌. അദ്ദേഹത്തെ മംഗോളിയയുടെ സ്ഥാപകപിതാവായി അവര്‍ കണക്കാക്കുന്നു. റഷ്യയ്‌ക്കും ചൈനയ്‌ക്കുമിടയിലുമുള്ള ഒരു രാജ്യമാണ്‌ മംഗോളിയ.റഷ്യയും ചൈനയും അതിപ്രസിദ്ധരാണ്‌, വന്‍ശക്തികളാണ്‌.മംഗോളിയയാകട്ടെ, അധികമൊന്നും അറിയപ്പെടാത്ത രാഷ്ട്രവും.ഇന്ത്യയുടെ പകുതി വലിപ്പമേ മംഗോളിയയ്‌ക്കുള്ളു. ജനസംഖ്യ വെറും മുപ്പതു ലക്ഷത്തില്‍ താഴെയും. നമ്മുടെ ജനസംഖ്യ അവരുടേതിന്റെ ഏകദേശം നാനൂറിരട്ടി വരും. ഒന്നു രണ്ടു കാര്യങ്ങളില്‍ മംഗോളിയ നമ്മേക്കാള്‍ മുന്നിലാണ്‌: നമ്മുടേതിന്റെ ഇരട്ടി പ്രതിശീര്‍ഷവരുമാനമുണ്ട്‌ അവര്‍ക്ക്‌. എങ്കിലും നമ്മെപ്പോലെതന്നെ അവിടെയും മൂന്നിലൊന്നു ജനം ദാരിദ്ര്യരേഖയ്‌ക്കു താഴെയാണ്‌. അവര്‍ക്ക്‌ 97.4 ശതമാനം സാക്ഷരതയുണ്ട്‌. നമുക്ക്‌ 74.4 ശതമാനം മാത്രമേയുള്ളു.

അധികം അറിയപ്പെടാതെ കിടക്കുന്ന മംഗോളിയയാണ്‌ ലോകത്തിലെ ഏറ്റവും ശക്തനായിരുന്ന ചക്രവര്‍ത്തിയ്‌ക്കു ജന്മം കൊടുത്തതെന്നോര്‍ക്കുമ്പോള്‍ അതിശയം തോന്നുന്നു.അതുമാത്രമോ, ചൈനയില്‍ യുവാന്‍ സാമ്രാജ്യം സ്ഥാപിച്ച കുബ്ലായ്‌ ഖാന്‍ ജെങ്കിസ്‌ ഖാന്റെ പൌത്രനായിരുന്നു. കുബ്ലായ്‌ ഖാന്‍ തുടക്കത്തില്‍ മംഗോളിയന്‍ വംശജനായിരുന്നെങ്കിലും പില്‍ക്കാലത്ത്‌ ഇസ്ലാം മതം സ്വീകരിച്ചു. മംഗോളിയയുടേയും ചൈനയുടേയും ചരിത്രങ്ങള്‍ തമ്മില്‍ കെട്ടുപിണഞ്ഞു കിടക്കുന്നു. ചൈനയും മംഗോളിയയും ഒരേ സാമ്രാജ്യത്തിന്റെ ഭാഗങ്ങളായിരുന്നു. ഒരു തവണയല്ല, രണ്ടു തവണ.

മുന്‍പു പരാമര്‍ശിച്ച ചക്രവര്‍ത്തിമാരുടെ അന്ത്യങ്ങള്‍ എപ്രകാരമായിരുന്നെന്നു പരിശോധിയ്‌ക്കാം. നെപ്പോളിയന്‌ രണ്ടു തവണ കീഴടങ്ങേണ്ടി വന്നിരുന്നു. ആദ്യത്തെ തവണ ഫ്രാന്‍സില്‍ നിന്നു നാടു കടത്തപ്പെട്ട്‌ എല്‍ബാ ദ്വീപില്‍ താമസിയ്‌ക്കുമ്പോള്‍ സദാസമയവും കൂടെ കൊണ്ടു നടന്നിരുന്ന വിഷഗുളിക കഴിച്ച്‌ അദ്ദേഹം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു.കാലപ്പഴക്കത്താല്‍ ഗുളികയിലെ വിഷവീര്യം നഷ്ടപ്പെട്ടിരുന്നതിനാല്‍ ആത്മഹത്യാശ്രമം പരാജയപ്പെട്ടു. എല്‍ബാ ദ്വീപില്‍ നിന്നു രക്ഷപ്പെട്ട്‌ ഫ്രാന്‍സിലെത്തിയ നെപ്പോളിയന്‍ വീണ്ടും അധികാരം കൈയ്യടക്കുകയും സൈന്യത്തെ പുനഃസംഘടിപ്പിച്ച്‌ അയല്‍ രാജ്യങ്ങളുമായി യുദ്ധത്തിലേര്‍പ്പെടുകയും ചെയ്‌തു. ഒടുവില്‍, 1815ല്‍ ബെല്‍ജിയത്തിലെ വാട്ടര്‍ലൂവില്‍ വച്ചു നടന്ന ചരിത്രപ്രസിദ്ധമായ യുദ്ധത്തില്‍ നെപ്പോളിയന്‍ പരാജയപ്പെട്ടു.ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച നെപ്പോളിയന്‌ ബ്രിട്ടീഷ്‌ നാവികസേനയുടെ മുന്നില്‍ കീഴടങ്ങേണ്ടി വന്നു. ആറു വര്‍ഷത്തോളം ബ്രിട്ടീഷ്‌ തടവുകാരനായി കഴിയവെ നെപ്പോളിയന്‍ മരണമടഞ്ഞു.

രണ്ടാം ലോകമഹായുദ്ധത്തില്‍ ആറു കോടിയിലേറെപ്പേര്‍ മരണമടഞ്ഞു.ഇവയ്‌ക്കെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ ഉത്തരവാദികളായിരുന്നവരില്‍ മുഖ്യന്‍ ഹിറ്റ്‌ലറായിരുന്നു. റഷ്യന്‍ സൈന്യം ഹിറ്റ്‌ലറുടെ തെരുവില്‍ എത്തിയപ്പോള്‍ ഹിറ്റ്‌ലര്‍ സ്വയം വെടിവച്ചു മരിയ്‌ക്കുകയാണുണ്ടായത്‌. ഹിറ്റ്‌ലറുടെ സഖ്യരാജ്യമായിരുന്ന ഇറ്റലിയുടെ ഏകാധിപതി മുസ്സൊലീനി വെടിവച്ചു കൊല്ലപ്പെട്ടു. അലക്‌സാണ്ടര്‍ ചക്രവര്‍ത്തി രോഗബാധിതനായി മരിച്ചതാണെന്നും, അതല്ല, അദ്ദേഹത്തിനു വിഷം കൊടുത്തു കൊന്നതാണെന്നും വാദങ്ങളുണ്ട്‌. ഹിറ്റ്‌ലര്‍ കെട്ടിപ്പടുത്ത ജര്‍മ്മന്‍ സാമ്രാജ്യം അമേരിക്കയും റഷ്യയുമടങ്ങുന്ന സഖ്യകക്ഷികള്‍ പങ്കിട്ടെടുത്തു. ഇറ്റലി സ്വതന്ത്ര, ജനാധിപത്യ രാഷ്ട്രമായിത്തീര്‍ന്നു. അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയ്‌ക്കു സന്തതികളുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ സാമ്രാജ്യം ചിന്നിച്ചിതറിപ്പോയി.

ജെങ്കിസ്‌ ഖാന്‍ കീഴടക്കിയ ഒരു രാജ്യത്തെ രാജകുമാരിയുമായി വേഴ്‌ച നടത്തിക്കൊണ്ടിരിയ്‌ക്കെ, ജെങ്കിസ്‌ ഖാന്‍ രാജകുമാരിയുടെ കുത്തേറ്റു മരിച്ചുവെന്നാണ്‌ ഒരു വിഭാഗം മംഗോളിയര്‍ വിശ്വസിയ്‌ക്കുന്നത്‌. ഒരു യുദ്ധത്തിന്നിടയിലേറ്റ മുറിവിലൂടെ ഉണ്ടായ വിഷബാധ മൂലമാണ്‌ ജെങ്കിസ്‌ ഖാന്‍ മരിച്ചതെന്ന്‌ സഞ്ചാരിയായ മാര്‍ക്കോ പോളോ രേഖപ്പെടുത്തിയിരിയ്‌ക്കുന്നു. മുന്‍പു പരാമര്‍ശിച്ച ഏകാധിപതികളില്‍ നിന്നു വ്യത്യസ്‌തമായി, സ്വന്തം കാലശേഷവും സാമ്രാജ്യം നിലനില്‍ക്കാനുള്ള സംവിധാനങ്ങള്‍ ജെങ്കിസ്‌ ഖാന്‍ ഏര്‍പ്പെടുത്തിയിരുന്നു. അവ ഫലവത്തായി. ഏകദേശം രണ്ടു നൂറ്റാണ്ടോളം മംഗോള്‍ സാമ്രാജ്യം നിലനിന്നു. 1368ല്‍ മംഗോള്‍ സാമ്രാജ്യം നാമാവശേഷമായി.
ജെങ്കിസ്‌ ഖാനും സാമ്രാജ്യങ്ങളും (ലേഖനം: സുനില്‍ എം.എസ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക