Image

റംസാന്‍- ഉപവാസത്തിലൂടെ ഒരു ആത്മീയയാത്ര (സുധീര്‍ പണിക്കവീട്ടില്‍)

Published on 27 July, 2014
റംസാന്‍- ഉപവാസത്തിലൂടെ ഒരു ആത്മീയയാത്ര (സുധീര്‍ പണിക്കവീട്ടില്‍)
അവന്‍, അള്ളാഹു ഏകനാണ്‌. (സര്‍വ്വ ചരാചരങ്ങള്‍ക്കും) അഭയം നല്‍കുന്നവനും, ആരുടേയും ആശ്രയം ആവശ്യമില്ലാത്തവനുമായി നിലകൊള്ളുന്നവനും അള്ളാഹു മാത്രമാകുന്നു. അവനു സന്താനം ജനിച്ചിട്ടില്ല. അവന്‍ ആരുടേയും സന്താനവുമല്ല. (ചുരുക്കത്തില്‍) അവനുതുല്യമായി ആരും തന്നെ ഇല്ല. (ഖുറാന്‍ 112:1:4)

റംസാന്‍-ഇസ്ലാമിക്ക്‌ കലണ്ടറിലെ പന്തണ്ട്‌ മാസങ്ങളില്‍ ഒമ്പതാമത്തെ മാസം.ശഅ`ബാനിന്റേയും ശവ്വാലിന്റേയും ഇടയിലുള്ള പരിശുദ്ധമാസം.ഈ മാസത്തിലാണ്‌ ഖുറാന്‍ അവതീര്‍ണ്ണമായത്‌.പുണ്യങ്ങളും അനുഗ്രഹങ്ങളും നിറച്ച്‌ വച്ച്‌ അല്ലാഹു പവിത്രമാക്കിയ മാസം. ഇത്‌ ഇസ്ലാമിന്റെ പഞ്ചസ്‌തംഭങ്ങളില്‍ നാലാമത്തേതാണ്‌.(പഞ്ചസ്‌തംഭങ്ങള്‍:അള്ളാഹു വല്ലാതെ സത്യമായ വേറൊരു ദൈവമില്ലെന്നും മുഹമ്മദ്‌ അവന്റെ അവസാനത്തെ പ്രവാചകനാണെന്നും വിശ്വസിക്കുക. അഞ്ചുനേരം നിസ്‌കരിക്കുക.ദാനം ചെയ്യുക. റംസാന്‍ വ്രുതമനുഷ്‌ഠിക്കുക. ഹജ്‌ജിനു പോകുക.) ഇസ്ലാം വിശ്വാസികള്‍ ഖുറാന്‍ അറബ്‌ ഭാഷയില്‍ വായിക്കാന്‍ ഇഷ്‌ടപ്പെടുന്നു. മറ്റുഭാഷകളിലേക്ക്‌ പരിഭാഷ ചെയ്യപ്പെടുമ്പോള്‍ വാക്കുകളുടെ അര്‍ത്ഥത്തില്‍ വ്യതിയാനങ്ങള്‍ ഉണ്ടാകാം, അവ തെറ്റിദ്ധരിക്കപ്പെടാം എന്ന്‌ അവര്‍ പറയുന്നു. ഉദാഹരണത്തിനായി കാഫിര്‍ എന്ന വാക്ക്‌ വളരെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്‌്‌. കാഫിര്‍ എന്ന്‌ വിളിക്കുമ്പോള്‍ മറ്റ്‌ മതക്കാര്‍ അത്‌ അധിക്ഷേപമായി കരുതുന്നു. വാസ്‌തവത്തില്‍ ഇസ്ലാമില്‍ വിശ്വസിക്കാത്തവന്‍ എന്നര്‍ത്ഥത്തില്‍ ആണ്‌ അറബിയില്‍ ആ വാക്കു ഉപയോഗിച്ചിരിക്കുന്നത്‌.

ഇസ്ലാം മതം വിശ്വാസങ്ങളും ശാസനകളും നിറഞ്ഞതാണ്‌. ഹലാല്‍ (അനുവദനീയ കാര്യങ്ങള്‍) ഏത്‌ ഹറാം (നിഷിദ്ധമായ കാര്യങ്ങള്‍) ഏത്‌ എന്ന്‌ അത വ്യക്‌തമാക്കുന്നു. അഞ്ച്‌ നിസ്‌കാരങ്ങളുടെ ആവശ്യത്തെപ്പറ്റി വിവരിച്ചുകൊണ്ട്‌ പ്രവാചകന്‍ പറഞ്ഞു `നിങ്ങളുടെ വീട്ടുമുറ്റത്തെ പുഴയില്‍ നിത്യവും അഞ്ച്‌നേരം നിങ്ങള്‍ കുളിച്ചാല്‍ എങ്ങനെ നിങ്ങളുടെ ശരീരത്തില്‍ മാലിന്യങ്ങള്‍ ഉണ്ടാകും. അതേപ്പോലെ വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥനയിലൂടെ ആത്മീയ ശുദ്ധി ലഭിക്കുന്നു.മുഹമ്മദ്‌ നബിക്ക്‌ മുമ്പുള്ള ഓരോ പ്രവാചകന്മാരും പ്രബോധനം ചെയ്‌ത മതസിദ്ധാന്തങ്ങള്‍ ഒന്ന്‌ തന്നെയായിരുന്നു. മുഹമ്മദ്‌ നബിയെ ഇസ്ലാം മത സ്‌ഥാപകന്‍ എന്ന്‌പറയുന്നത്‌ ശരിയല്ല.അദ്ദേഹം അവസാനത്തെ പ്രവാചകന്‍ മാത്രമായിരുന്നു.

റംസാന്‍ മാസാരംഭത്തിലെ പ്രഭാതം പൊട്ടിവിടരുമ്പോള്‍ അല്‍-റയാന്‍ എന്ന സ്വര്‍ഗ്ഗവാതില്‍ തുറക്കുന്നു. റംസാന്‍ അവസാനിക്കുന്നവരെ അവ അടയുന്നില്ല. ഈ കാലത്ത്‌ ഇബ്‌ലീസ്‌ ചങ്ങലയില്‍ കിടക്കുന്നു. നരകവാതിലുകള്‍ കൊട്ടിയടക്കപ്പെടുന്നു. ശഅ`ബാന്‍ മാസത്തിന്റെ (റംസാന്‍ മാസത്തിനുമുമ്പുള്ള മാസം) അവസാനത്തില്‍ അല്ലാഹുവിന്റെ സന്ദേശവാഹകന്‍ വന്നുപറയുന്നു.- ഇനി പിറക്കാന്‍പോകുന്ന ഒരു മാസം പുണ്യം നിറഞ്ഞതാണ്‌ .ഫജ്‌ര്‍ (പ്രഭാതം) മുതല്‍ മഗ്രിബ്‌ (സൂര്യസ്‌തമയം) വരെ ഉപവാസത്തിലൂടെ പൈശാചിക ശക്‌തികളെ ജയിച്ചുകൊണ്ട്‌ ഓരോ വിശ്വാസിയും ഇമാനോടെയുള്ള (പ്രതീക്ഷയും വിശ്വാസവും) അവരുടെ വ്രുതാനുഷ്‌ഠാനം തുടരണം.റംസാന്‍രാത്രികളില്‍ പ്രാര്‍ത്ഥിക്കുന്നവര്‍ക്ക്‌ വേണ്ടി അല്ലാഹു ആയിരത്തിയഞ്ഞൂറ്‌ പ്രതിഫലങ്ങള്‍ കരുതുന്നു. കൂടാതെ മാണിക്യകല്ലുകൊണ്ട്‌ 60,000 വാതിലുകളുള്ള (ഓരൊ വാതിലും സ്വര്‍ണ്ണത്തില്‍ രത്‌നം പതിച്ച കൊട്ടാരങ്ങളിലേക്ക്‌്‌ തുറക്കുന്നത്‌) ഒരു കൊട്ടാരം സ്വര്‍ഗ്ഗത്തില്‍ പണിയുന്നു.

ആത്മീയ ഉന്നതിക്കായുള്ള ഈ വ്രതത്തിലൂടെ ലോകത്തിലെ എല്ലാ ഇസ്ലാം വിശ്വാസികളും ഒന്നാകുന്നു എന്നതാണ്‌ ഈ ഉപവാസാനുഷ്‌ഠാനത്തിന്റെ ശ്രേഷ്‌ഠത. എന്തിനാണ്‌ ഒരു മാസം വിശ്വാസികള്‍ ഇങ്ങനെ കഠിനമായ ഈ വ്രുതം അനുഷ്‌ഠിക്കുന്നത്‌ എന്ന ചോദ്യം എല്ലാവരിലും ഉണ്ടാകും. മനുഷ്യവികാരങ്ങളില്‍ വിശപ്പാണ്‌ ഏറ്റവും കഠിനമായിട്ടുള്ളത്‌. അതിനെ അതിജീവിച്ചു കൊണ്ട്‌ ആത്മാവില്‍ പ്രാര്‍ത്ഥനനിറക്കുമ്പോള്‍ ആത്മ വീര്യം കൈവരുന്നു. ചന്ദ്രമാസം കണക്കാക്കിയുള്ള ഇസ്ലാം കലണ്ടര്‍ അനുസരിച്ച്‌ റംസാന്‍ എല്ലാവര്‍ഷവും ഒരു മാസത്തില്‍തന്നെവരുന്നില്ല. ഓരോ ഋതുക്കളിലും അത്‌വരുന്നു. വളരെ ചൂടുള്ളവേനലിലും വളരെ തണുപ്പുള്ള ശിശരമാസത്തിലും അത്‌ വരുന്നു.വിശപ്പിന്റെ കാഠിന്യം അനുഭവിച്ചറിയുന്ന ഓരോ വിശ്വാസിയും മറ്റുള്ളവരുടെ ദാരിദ്ര്യാവസ്‌ഥ അറിയാന്‍ കഴിവുള്ളവരാകുന്നു. വൈദ്യശാസ്‌ത്ര സംബന്ധിയായും ഉപവാസത്തിനു ശരീരത്തെ ബലപ്പെടുത്താന്‍ കഴിയുമെന്ന്‌ തെളിയിക്കപ്പെട്ടിട്ടുണ്ട്‌. വര്‍ഷത്തില്‍ ഒരു മാസം ആത്മീയമായ കാര്യങ്ങളില്‍ മുഴുകി അള്ളാഹുവിനോട്‌ പ്രാര്‍ത്ഥിച്ചു കഴിയുന്ന ഒരാള്‍ നന്മയുള്ളവനായിതീരുന്നു.

അത്‌ സമൂഹത്തെനന്മയുള്ളതാക്കുന്നു. തെറ്റുകള്‍ ഏറ്റുപറഞ്ഞ്‌ ഒരു പുതുജീവിതം ആരംഭിക്കുന്ന ഒരു മനുഷ്യന്റെ ജീവിതം കൂടുതല്‍ തിളക്കമാര്‍ന്നതാകുന്നു. ജാപ്പനീസ്‌ ഭാഷയില്‍ കിന്റ്‌സ്‌കുറോയ്‌ (Kintsukuroi എന്ന ഒരു വാക്കുണ്ട്‌. അതിന്റെ അര്‍ത്ഥം സ്വര്‍ണ്ണം കൊണ്ട്‌ കേട്‌പാട്‌ തീര്‍ക്കുക എന്നാണ്‌. ഉടഞ്ഞ വസ്‌തുക്കളിലെ വിള്ളലുകള്‍ സ്വര്‍ണ്ണം കൊണ്ട്‌നിറച്ച്‌ അവര്‍ അത്‌ ഉയര്‍ത്തികാണിക്കുന്നു.എന്നാല്‍ നമ്മള്‍ വിള്ളലുകള്‍ അല്ല കാണുന്നത്‌, അതിനെ അലങ്കരിക്കുന്ന സ്വര്‍ണ്ണപണികളാണ്‌.ക്ഷതം അനുഭവിക്കുന്ന വസ്‌തു കൂടുതല്‍ ഭംഗിയുള്ളതാകുന്നു എന്ന്‌ അവര്‍ വിശ്വസിക്കുന്നു. ഇതിന്റെ പുറകില്‍ ഒരു കഥയുണ്ട്‌.പണ്ടൊരിക്കല്‍ വളരെ വളരെ കിഴക്ക്‌, ഏദനില്‍ നിന്നും കിഴക്ക്‌ ഒരു ചക്രവര്‍ത്തിയുണ്ടായിരുന്നു. വസന്ത കാലത്തിന്റെ ആരംഭത്തില്‍, രാജകീയ സന്ദര്‍ശനങ്ങളും, രാജക്കന്മാര്‍ തമ്മില്‍ തമ്മില്‍ സമ്മാനങ്ങള്‍ കൈമാറലും, ഓരോരുത്തരും അവരവരുടെ സ്വത്തും, ആസ്‌തിയും പ്രദര്‍ശിപ്പിക്കലും ഒക്കെ പതിവായിരുന്നു. ആ അവസരത്തിലായിരുന്നു ചക്രവര്‍ത്തിയുടെ മകന്റെ കിരീടധാരണം. അവനുകൊടുക്കാനായി ആകര്‍ഷണീയമായ ഒരു പിഞ്ഞാണം അദ്ദേഹം ഉണ്ടാക്കിപ്പിച്ച്‌ സൂക്ഷിച്ചിരുന്നു.കിരീടധാരണത്തിന്റെ തലേന്നാള്‍ ആ പിഞ്ഞാണം കഷണം കഷണമായി കിടക്കുന്നത്‌ അദ്ദേഹം കണ്ടു.കേടുപാടുകള്‍ തീര്‍ത്താല്‍ അത്‌ മുഴച്ചിരിക്കും, വേറൊന്നുണ്ടാക്കാന്‍ സമയവുമില്ല. വളരെ ദു:ഖിതനായ അദ്ദേഹം ആ രാത്രി ഒരു വിധം കഴിച്ചുകൂട്ടി. പിറ്റേന്ന്‌ കൊട്ടാരത്തിലെ വേലക്കാര്‍ അദ്ദേഹത്തെ ഒരു സന്തോഷ വാര്‍ത്തയറിയിച്ചു.പിഞ്ഞാണം പണ്ടെത്തക്കാള്‍ ഭംഗിയിലും മോടിയിലുമിരിക്കുന്നു. അദ്ദേഹം അത്‌ കണ്ടപ്പോള്‍ അത്ഭുതപ്പെട്ടുപോയി. വിള്ളലുകളിലും, പൊട്ടിപ്പൊയ കഷണങ്ങള്‍ക്കുമിടയില്‍ സര്‍ണ്ണം ഉരുക്കിയൊഴിച്ച്‌ കേടുപാട്‌ തീര്‍ത്തിരിക്കുന്നു. രണ്ടായിരം വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഒരാള്‍ അഞ്ച്‌തിരുമുറിവുകള്‍ മനുഷ്യരാശിക്ക്‌വേണ്ടി ഏറ്റ്‌വാങ്ങി. അവന്റെ ശരീരം അടക്കം ചെയെ്‌തങ്കിലും അവന്‍ ഉയര്‍ത്തെഴുന്നേറ്റു, എന്നാല്‍ അവന്റെ മുറിവുകള്‍ അവശേഷിച്ചു. ക്രിസ്‌തീയ വിശ്വാസം അനുസരിച്ച്‌ അവന്റെ മുറിപ്പാടുകള്‍ മനുഷ്യര്‍ക്ക്‌ പുതുജീവിതം നല്‍കി. ദൈവത്തിനു മനുഷരോടുള്ള സ്‌നേഹത്തിന്റെ സുവര്‍ണ്ണരശ്‌മികളില്‍ ആ മുറിവുകള്‍ പ്രകാശിക്കുന്നു.മുറിവും, വിള്ളലുകളും ഉണ്ടാകുമ്പോള്‍ അതിനെ വളരെവിലപിടിക്ലസ്വര്‍ണ്ണം (സ്‌നേഹം) കൊണ്ട്‌ അടക്കുക, മറക്ല്‌ കളയുക. പിന്നെ ഒരു പുതിയ ജീവന്‍, മുമ്പത്തേക്കാള്‍ മനോഹരവും ശാശ്വതവുമായത്‌ ആസ്വദിക്കുക. അള്ളാഹു കരുണാമയനും സ്‌നേഹസ്വരൂപനുമാണ്‌.

പാപിയായമനുഷ്യന്‍ അവന്റെ പ്രാര്‍ത്ഥനകളിലൂടെ, ഉപവാസത്തിലൂടെ പ്രായശ്‌ചിത്തം ചെയ്യുമ്പോള്‍ അള്ളാഹു അവന്റെ തെറ്റുകള്‍ പൊറുത്ത്‌ അവിടെ ദൈവസ്‌നേഹം കൊണ്ട്‌നിറക്കുന്നു. അവന്റെ ജീവിതം കൂടുതല്‍ പ്രകാശമാനമാകുന്നു. റംസാന്‍വ്രുതം ഒരു ആചാരമായി അനുഷ്‌ഠിക്കാതെ ഹൃദയത്തില്‍തട്ടി ആചരിക്കുന്നവര്‍ക്ക്‌ അള്ളാഹു പറുദീസ്‌ ഒരുക്കുന്നു.

നോമ്പ്‌ ഒരു പരിചയാണ്‌. അതിനാല്‍ നിങ്ങളില്‍ ഒരുവന്‍ അവന്റെ നോമ്പ്‌ ദിവസമായാല്‍ അവന്‍ അനാവശ്യം പ്രവര്‍ത്തിക്കരുത്‌. അട്ടഹസിക്കരുത്‌. അവനെ ആരെങ്കിലും ശകാരിച്ചാല്‍ ഞാന്‍ നോമ്പനുഷ്‌ഠിച്ച മനുഷ്യനാണെന്ന്‌ പറയട്ടെ.നോമ്പ്‌കാരനുരണ്ട്‌ സന്തോഷമുണ്ട്‌. ഒന്ന്‌ നോമ്പ്‌മുറിക്കുമ്പോള്‍, രണ്ട്‌ അവസാന വിധിദിവസം അവന്റെ രക്ഷിതാവിനെ കണ്ടുമുട്ടുമ്പോള്‍.ഇ ൗ അനുഗ്രഹീത മാസത്തില്‍ അള്ളാവിനെ വിളിച്ച്‌ മാപ്പിരക്കുക. സാലത്ത്‌ (പ്രാര്‍ത്ഥന) സജ്‌ദ്‌ (കുമ്പിടല്‍) എന്നിവചെയ്‌ത്‌മുതുകിലെപാപഭാരം കുറയ്‌ക്കുക.നോമ്പ്‌ മുറിക്കുന്ന സായാഹ്നത്തില്‍ `ഇഫ്‌തറില്‍' പങ്ക്‌ കൊള്ളാന്‍ വിശ്വാസികളെ കൂട്ടുക. ഭക്ഷണം മറ്റുള്ളവരുമായി പങ്കുവക്കാന്‍ നിങ്ങള്‍ക്ക്‌ കഴിയില്ലെങ്കില്‍ന ിങ്ങളാല്‍ കഴിയുന്നത്‌ചെയ്യുക, ഉദാഹരണമായി ഒരു ഈന്തപഴത്തിന്റെ പകുതിയോ ഇത്തിരിവെള്ളമോ കൊടുക്കാന്‍ കഴിഞ്ഞാല്‍ അത്‌ ചെയ്യുക.

ഏദനില്‍ എത്തിയ ഇബ്‌ലീസ്‌എന്നും മനുഷ്യനെ വഴിതെറ്റിച്ചുകൊണ്ടിരിക്കുന്നു. ഖുറാനില്‍ നമ്മള്‍ ഇങ്ങനെവായിക്കുന്നു. (അല്‍-അറാഫ്‌ 7:13-18). അള്ളാഹു ഇബ്‌ലീസ്സിനോട്‌: നീ ഇവിടെ നിന്ന്‌ ഇറങ്ങിപ്പോകുക. ഇവിടെ നിനക്ക്‌ അഹങ്കാരം കാണിക്കാന്‍പറ്റുകയില്ല. തീര്‍ച്ചയായും നീ നിന്ദ്യരുടെ കൂട്ടത്തിലാകുന്നു. ഇബ്‌ലീസ്‌: മനുഷ്യര്‍ ഉയര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്ന ദിവസം വരെ നീ എനിക്ക്‌ അവധി നല്‍കേണമേ. അല്ലാഹു: തീര്‍ച്ചായും നീ അവധി നല്‍കപ്പെട്ടവരുടെ കൂട്ടത്തിലാകുന്നു. ഇബ്‌ലീസ്‌: നീ എന്നെ വഴിപിഴപ്പിച്ചതിനാല്‍ നിന്റെ നേരായ പാതയില്‍ അവര്‍ (മനുഷ്യര്‍) പ്രവേശിക്കുന്നത്‌ തടയാന്‍ ഞാന്‍ കാത്തിരിക്കും. പിന്നീട്‌ അവരുടെ മുന്നിലൂടെയും അവരുടെ പിന്നിലൂടെയും അവരുടെ വലത്‌ ഭാഗങ്ങളിലൂടെയും, ഇടതുഭാഗങ്ങളിലൂടേയും ഞാന്‍ അവരുടെ അടുത്ത്‌ ചെല്ലുക തന്നെ ചെയ്യും.അവരില്‍ അധികം പേരേയും നന്ദിയുള്ളവരായി നീ കണ്ടെത്തുന്നതല്ല. അള്ളാഹു: നിന്ദ്യനും തള്ളപ്പെട്ടവനുമായി ക്കൊണ്ട്‌ നീ ഇവിടെ നിന്ന്‌ പുറത്ത്‌ കടക്കൂ.അവരില്‍ നിന്ന്‌ വല്ലവരും നിന്നെ പിന്‍പറ്റുന്ന പക്ഷം നിങ്ങളെല്ലാവരെയും കൊണ്ട്‌ ഞാന്‍ നരകം നിറക്കുക തന്നെചെയ്യും.എല്ലാ മതഗ്രന്ഥങ്ങളും തിന്മയില്‍നിന്നും ഒഴിഞ്ഞ്‌ നില്‍ക്കണമെന്നു മനുഷ്യരെ ഉദ്‌ബോധിപ്പിക്കുന്നു. എല്ലാ മതഗ്രന്ഥങ്ങളും ഒന്നാണെന്ന്‌ കാണാനുള്ള സന്മനസ്സു കൂടിമനുഷ്യന്‍ കാണിച്ചാല്‍ ജന്നത്ത്‌-അല്‍-ഫിര്‍ദാസ്‌ എന്ന ഏഴാം സ്വര്‍ഗ്ഗം ഭൂമിയില്‍ തന്നെ സൃഷ്‌ടിക്കപ്പെടും. ഈ അനുഗ്രഹീതമാസത്തില്‍ മത വ്യത്യാസങ്ങള്‍ മറന്നു മനുഷ്യര്‍ എല്ലാവരും ഒന്നാണെന്ന വിശാലമനസ്സോടെ യഹോവയെ, അള്ളാഹുവിനെ, ഈശോയെ, ഈശ്വരനെ (ഈ ശബ്‌ദങ്ങള്‍ക്കെല്ലാം ഒരു അര്‍ത്ഥം)വന്ദിക്കാം, അവന്റെ മഹത്വങ്ങള്‍ പാടാം, അവന്റെ കരുണക്കായി കൈകൂപ്പാം. അത്‌ തന്നെ തുടര്‍ന്നും ചെയ്‌ത്‌കൊണ്ടിരിക്കാം.

അള്ളാഹു അരുതെന്ന്‌ വിലക്കിയ കാര്യങ്ങളില്‍നിന്നും അകന്ന്‌ നില്‍ക്കുന്നതത്രെ ഈ പുണ്യമാസത്തില്‍ ഓരോ വിശ്വാസിയും അനുഷ്‌ഠിക്കേണ്ട കര്‍മ്മം.ഈ മാസത്തില്‍ മാത്രമല്ല ജീവിതാവസാനം വരേയും. അങ്ങനെ ചെയ്യൂുന്നവര്‍ അള്ളാഹുവിനു പ്രിയപ്പെട്ടവര്‍.പ്രവാചകനായ നബി തിരുമേനി പറഞ്ഞുഃ നിങ്ങള്‍ തമ്മില്‍തമ്മില്‍ സ്‌നേഹത്തിന്റെ സന്ദേശങ്ങള്‍ കൈമാറുക. വിശന്നിരിക്കുന്നവനു അപ്പം കൊടുക്കുക. അ
ള്ളാഹു ആഗ്രഹിക്കുന്നപോലെ ഭ്രാത്രുഭാവത്തോടെ കഴിയുക.ഓരോറംസാന്‍മാ സംവരുമ്പോഴും കൂടുതല്‍കൂടുതല്‍ വിശ്വാസികള്‍ നബി തിരുമേനിയുടെ വാക്കുകള്‍ മനസ്സിലാക്കി മതവ്യത്യാസങ്ങള്‍ മറന്ന്‌ ഖുറാന്‍ അനുശാസിക്കുന്നപോലെ ഭൂമിയില്‍ ശാന്തിയും സമാധാനവും പുലര്‍ത്തികൊണ്ടിരിക്കുന്നത്‌ എത്രയോ മഹത്വരമാണ്‌.

ശവ്വാലിന്‍പിറ കാണാന്‍ ഭക്‌തിപൂര്‍വ്വം നോയ്‌മ്പ്‌ നോറ്റിരിക്കുന്ന എല്ലാ വിശ്വാസികള്‍ക്കും അനുഗ്രഹീതമായ റംസാന്‍ ആശംസകള്‍ !
റംസാന്‍- ഉപവാസത്തിലൂടെ ഒരു ആത്മീയയാത്ര (സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക