Image

രാമയാണമാസ ചിന്തകള്‍ (സുധീര്‍ പണിക്കവീട്ടില്‍)

Published on 06 August, 2014
രാമയാണമാസ ചിന്തകള്‍ (സുധീര്‍ പണിക്കവീട്ടില്‍)
ശ്രീരാമ രാമ രാമ ശ്രീരാമചന്ദ്ര ജയ
ശ്രീ രാമ രാമ രാമ ശ്രീരാമ ഭദ്ര ജയ
ശ്രീ രാമ നാം പാടി വന്ന പൈങ്കിളിപെണ്ണേ
ശ്രീ രാമ ചരിതം നീ ചൊല്ലിടു മടിയാതെ
(അദ്ധ്യാത്മ രാമായണം - എഴുത്തച്‌ഛന്‍)

മഴ ആടിതിമിര്‍ക്കുന്ന കര്‍ക്കിടകം പിറക്കുന്നതോടെ കേരളം ഭക്‌തിസാന്ദ്രമാകുന്നു. ഉത്തരായണം കഴിഞ്ഞെത്തുന്ന കര്‍ക്കിടകത്തിലെ തീരാത്ത മഴയുടെ താളങ്ങള്‍ക്കൊപ്പം ഭക്‌തജനങ്ങള്‍ രാമായണ പാരായണം നടത്തുന്നു. കര്‍ക്കിടക മാസ്‌ത്തെ രാമായണ മാസമെന്ന്‌ വിളിക്കുന്നു. മിഥുന മാസത്തിന്റെ ഒടുവില്‍ `പൊട്ടി' എന്ന ജ്യേഷ്‌ഠ ഭഗവതിയെ പുറത്താക്കി ഐശ്വര്യ ദേവതയായ ശ്രീ ഭഗവതിയെ എതിരേല്‍ക്കുന്ന ജനങ്ങള്‍ ശ്രീരാമചന്ദ്രന്റെ അപദാനങ്ങള്‍ പാടാന്‍ തയ്യാറാകുന്നു.

പുരാതനകാലം മുതല്‍ പ്രക്രുതിയുടെ സ്‌പന്ദനങ്ങള്‍ തൊട്ടറിഞ്ഞ മനുഷ്യന്‍ ഋതുഭേദങ്ങങ്ങള്‍ക്കൊപ്പം അനുഷ്‌ഠിക്കുന്ന കര്‍മ്മങ്ങളും വ്യത്യ്‌സ്‌ഥങ്ങള്‍ തന്നെ. സൂര്യദേവനെ മഴമേഘങ്ങള്‍ മറച്ചു പിടിച്ച്‌ പകലും രാത്രിയും ഒരു പോലെ അന്ധകാരം പരത്തുമ്പോള്‍ മനുഷ്യരെ ആക്രമിക്കാന്‍ രോഗങ്ങള്‍ തയ്യാറാകുകയായി. അതുകൊണ്ട്‌ തന്നെ കര്‍ക്കിടകമാസത്തില്‍ മലയാളികള്‍ക്ക്‌ വൈവിധ്യമാര്‍ന്ന അനുഷ്‌ഠാനങ്ങള്‍ ഉണ്ട്‌.

കര്‍ക്കിടക മാസത്തിലെ കറുത്ത വാവു ദിവസം പിത്രുക്കള്‍ക്ക്‌ ബലിയിടുന്നത്‌ പുണ്യമായി കരുതുന്നു. അന്നേ ദിവസം വീട്ടമ്മമ്മാര്‍ മധുരപലഹാരങ്ങള്‍ ഉണ്ടാക്കി മരിച്ചുപോയ പിത്രുക്കള്‍ക്കായി ഒരു മുറിയില്‍ കത്തിച്ചുവെച്ച വിളക്കിനരികെ വ്രുത്തിയാക്കിയ ഇരിപ്പിടങ്ങള്‍ക്ക്‌ മുന്നില്‍ വച്ച്‌ ഭക്‌തിപൂര്‍വ്വം തൊഴുത്‌ വാതില്‍ ചാരി പോരുന്നു. മരിച്ചവരുടെ ആത്മാക്കള്‍ വന്ന്‌ ആ സല്‍ക്കാരം സ്വീകരിക്കുമെന്ന്‌ വിശ്വസിച്ചു വരുന്നു.

എല്ലാ പ്രശനങ്ങള്‍ക്കും ഈശ്വരനില്‍ പരിഹാരം കാണുന്ന മനുഷ്യര്‍ അവനെ പ്രസാദിപ്പിക്കുന്നതില്‍ വ്യാപ്രുതനാകുന്നു. ഉമ്മറകോലായിലെ നിലവിളക്കിനു ചുറ്റുമിരുന്ന്‌ രാമായണം വായിച്ച്‌ ഗ്രാമസന്ധ്യകള്‍ക്ക്‌്‌ പുണ്യനിമിഷങ്ങളുടെ വിശുദ്ധി പകര്‍ന്നുകൊണ്ട്‌്‌ ഭക്‌തജനങ്ങള്‍ ആലാപനത്തിന്റെ നിറവില്‍ അലിഞ്ഞ്‌ ചേരുന്നു. ഉഷസന്ധ്യ, മദ്ധ്യാസന്ധ്യ, സായംസന്ധ്യ എന്നീ മൂന്നു സന്ധ്യകള്‍ ഒഴികെ രാമായണം എപ്പോഴും വായിക്കാവുന്നതാണു. മത്സ്യമാംസാദികള്‍ ഉപേക്ഷിച്ച്‌ വ്രതശുദ്ധിയോടെ പ്രജാവത്സനും, ആബല്‍ബാന്ധവനുമായ ശ്രീരാമനെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട്‌ രാമയാണപാരായണം നടത്തുന്നു. പഞ്ഞം നിറഞ്ഞ കള്ളകര്‍ക്കിടകത്തിലെ പഷ്‌ണിയും കഷ്‌ടപ്പാടും മാറ്റി സുഖവും, സമ്രുദ്ധിയും തരണമെന്ന പ്രാര്‍ത്ഥന ഭക്‌തജനങ്ങളുടെ ഹ്രുദയങ്ങളില്‍ നിറയുന്നു,
രാമായണ മാസത്തിലെ നാലമ്പല ദര്‍ശനവും ഹിന്ദുക്കള്‍ ഭക്‌തിപൂര്‍വ്വം നിര്‍വ്വഹിക്കുന്ന ചടങ്ങാണു്‌ ശ്രീരാമന്റേയും, ലക്ഷ്‌മണന്റേയും, ഭരതന്റേയും, ശത്രുഘ്‌നന്റേയും അമ്പലങ്ങള്‍ ഒരു ദിവസം സന്ദര്‍ശിക്കുന്നതിനെ നാലമ്പല ദര്‍ശനം എന്നു പറയുന്നു. ദശരഥമഹാരാജവിന്റെ ഈ നാലുമക്കളും പിറന്നത്‌ കര്‍ക്കിടക മാസത്തില്‍ പുണര്‍തം, പൂയം, ആയില്യം എന്നീ നക്ഷത്രങ്ങളിലാണു്‌. ലക്ഷ്‌മണനും, ശത്രുഘനനും ഇരട്ടകള്‍ ആയത്‌കൊണ്ട്‌ അവര്‍ക്ക്‌ ഒരു നക്ഷത്രം. ഇവരുടെ പ്രതിഷ്‌ഠകള്‍ യഥാക്രമം ത്രുശ്ശൂരിലെ തൃപ്രയാര്‍, ഇരിഞ്ഞാലക്കുട, മൂഴിക്കുളം, പായമ്മല്‍ എന്നിവിടങ്ങളിലാണു്‌. ഒരു ദിവസം കൊണ്ട്‌ നാലുസ്‌ഥലത്തും എത്തിച്ചേരുക ക്ലേശകരമാണെങ്കിലും വിശ്വാസികള്‍ ഈ ദര്‍ശനം പുണ്യമായി കരുതുന്നു.

യശ്ശ:ശരീരനായ ശ്രീ സി.വി.കുഞ്ഞിരാമന്‍, വാത്മീകിയുടെ രാമായണം ലളിതമായ മലയാളഗദ്യത്തില്‍ പുനരാഖ്യാനം ചെയ്‌തീട്ടുണ്ട്‌. അതിന്റെ മുഖവുരയില്‍ അദ്ദേഹം ഇങ്ങനെ എഴുതുന്നു. `ഭാരതത്തിലെ ഇതിഹാസങ്ങളെ അറിയുക എന്നത്‌ ഭാരതത്തിലെ ജനങ്ങളെ അറിയുക എന്നാണു്‌. രാമായണവും ഭാരതവും ഭാരതത്തിലെ രണ്ട്‌ ഇതിഹാസഗ്രന്ഥങ്ങളാണു. വാസ്‌തവത്തില്‍ ഇവ മതഗ്രന്ഥങ്ങളല്ലത്രെ. ഇതില്‍ രണ്ടിലും ഹിന്ദു എന്ന വാക്കില്ലെന്നുള്ളതാണു പരമാര്‍ത്ഥം. രഘുവംശത്തിലെ രാജാവായിരുന്ന ദശരഥന്റെ മകനാണു ശ്രീരാമന്‍. വാത്മീകിയുടെ രാമായണത്തില്‍ രാമന്‍ ഇതിഹാസ പുരുഷനാണു്‌. ശ്രീരാമനെ മഹാവിഷ്‌ണുവിന്റെ ഏഴാമത്തെ അവതാരമായി ഭാരതത്തിലെ ജനങ്ങള്‍ കാണുകയും വിശ്വസിക്കുകയും ചെയ്യുന്നു. എഴുത്ത്‌ച്‌ഛന്റെ അദ്ധ്യാത്മരാമായണവും രാമനെ ദേവനാക്കികൊണ്ടും വിഷ്‌ണുവിനെ അവതാരമായി കണ്ടുകൊണ്ടൂമാണു രചിച്ചിട്ടുള്ളത്‌.

തപോധനനായ വാത്മീകി തമസ്സാനദിയുടെ തീരത്ത്‌ വച്ച്‌ ക്രൗഞ്ചമിഥുനങ്ങളില്‍ ഒന്ന്‌ ഒരു വേടന്റെ അമ്പേറ്റ്‌ പിടഞ്ഞു വീണു മരിക്കുന്നത്‌ കണ്ടപ്പോള്‍ അദ്ദേഹത്തിനു ശോകമുണ്ടാകുന്നു. ആ ശോകം കൊണ്ട്‌ അദ്ദേഹം വേടനെ ശപിക്കുന്നു. അതിനു ശേഷം സമനില വീണ്ടെടുത്ത ആ താപസന്‍ താന്‍ വേടനെ ശപിച്ചപ്പോള്‍ പുറത്ത്‌ വന്ന വാക്കുകളില്‍ ഒരു താളമുണ്ടായിരുന്നുവെന്നറിയുന്നു. ശോകത്തില്‍ നിന്ന്‌ ശ്ശോകമുണ്ടായി എന്നറിയുന്നു. നാരദനില്‍ നിന്ന്‌ ഗ്രഹിച്ച വിവരങ്ങള്‍ വെച്ച്‌ അദ്ദേഹം രാമന്റെ കഥ രചിക്കുന്നു.

അസുര രാജാവായ രാവണനെയും ശൂര്‍പ്പണഖയേയും അവതരിപ്പിച്ചുകൊണ്ട്‌ വാത്മീകി മനുഷ്യമനസ്സുകളോട്‌ മന്ത്രിച്ചു. അനിയന്ത്ര്‌തിതമായ കാമവികാരം നാശത്തിന്റെ വിത്തുകള്‍ വിതക്കും. കാമരൂപിണിയായി ശൂര്‍പ്പണഖ ശ്രീരാമനെ സമീപിച്ചില്ലായിരുന്നെങ്കില്‍, ലക്ഷ്‌മണനാല്‍ ശിക്ഷിക്കപ്പെട്ട്‌ അപമാനിതയായി അവള്‍ പോയി സീതയുടെ കൊതിപ്പിക്കുന്ന സൗന്ദര്യത്തെപ്പറ്റി കാമാര്‍ത്തനായ രാവണനോട്‌ പറഞ്ഞില്ലായിരുന്നെങ്കില്‍ രാമായണ കഥ ഉണ്ടാകുമായിരുന്നില്ല. നമ്മുടെ മനസ്സില്‍ തിങ്ങികൂടുന്ന അധമ വിചാരങ്ങളെ മാറ്റി മതേതര ഭാവത്തോടെ മറ്റുള്ളവരെ കാണുവാനും സ്‌നേഹിക്കുവാനും രാമായണ പാരായണം സഹായിക്കുന്നു. കാലങ്ങളെ അതിജീവിച്ച്‌്‌ നില്‍ക്കുന്ന തത്വങ്ങളും മാര്‍ഗ്ഗദര്‍ശനവും ശരിയായ ജീവിത രീതിയും തന്മൂലം ഐശ്വര്യങ്ങളും രാമായണം ഭക്‌തിയോടെ വായിക്കുന്ന്‌ ഏതൊരാള്‍ക്കും ലഭിക്കുന്നു.

ഇന്ന്‌ ഭാരതത്തില്‍ സ്‌ത്രീധനത്തിനു വേണ്ടിയും കുലമഹിമയുടെ പേരും പറഞ്ഞ്‌ വിവാഹ കമ്പോളത്തില്‍ പെണ്‍ക്കുട്ടികളുടെ കണ്ണീരു വീഴുമ്പോള്‍ അല്ലെങ്കില്‍ അവരുടെ ദേഹം കത്തിചാമ്പലാക്കുമ്പോള്‍ തമസ്സാനദിയുടെ തീരത്ത്‌ നിന്നും വാത്മീകി കോപം കൊണ്ട്‌ ജ്വലിച്ചും കമണ്ഡുവിലെ വെള്ളം തളിച്ചും, ശപിക്കാന്‍ ഒരുങ്ങുമായിരിക്കും. കാരണം ഉഴവ്‌ ചാലില്‍ ആരോ വലിക്ലെറിഞ്ഞ ഒരു പെണ്‍കുട്ടിയെയാണു അയോദ്ധ്യപതിയായ ദശരഥന്റെ മകന്‍ ശ്രീരാമന്‍ പത്‌നിയായി സ്വീകരിച്ചത്‌ രാമായണം രാമന്റെ കഥയെന്നതിനെക്കാള്‍ സീതയുടെ കഥയാണു. കേരളത്തിലെ കുടുംബിനികല്‍ കീര്‍ത്തനമായി ചൊല്ലിയിരുന്ന (ഭൂതകാലത്തില്‍ ഉപയോഗിക്കുന്നു) ശ്ശോകത്തില്‍ സീതയുണ്ട്‌.

അഹല്യ , ദ്രൗപതി, സീതാ,
താരാ, മണ്ഡോദരി തഥ
പഞ്ചകന്യാസ്‌മരേന്നിത്യം
മഹാപാതകനാശനം

കലിയുഗത്തിലെ പെണ്‍കുട്ടികള്‍ക്ക്‌ ചുറ്റും രാവണന്മാരാണ്‌. ലങ്ക അടുത്തായത്‌കൊണ്ടായിരിക്കണം. കേരളത്തില്‍ രാവണന്മാരുടെ അഴിഞ്ഞാട്ടം കൂടുതലാണു. അവിടെ സീതമാര്‍ അപഹരിക്കപ്പെടുന്നു. അഭിനവരാവണന്‍ സീതമാരെ തട്ടിയ്‌ടുക്കുന്നത്‌ സ്വന്തം ഭോഗാസക്‌തി തീര്‍ക്കാന്‍ അല്ലെന്ന്‌ മാത്രം. അവളിപ്പോള്‍ വിപണിയിലെ വില്‍പ്പന ചരക്കാണ്‌്‌.

കേരളത്തിലെ ജനങ്ങള്‍ അവശ്യം വായിക്കേണ്ടതാണു രാമായണം. വായിക്കുന്നത്‌കൊണ്ട്‌ എന്തെങ്കിലും ദൈവീക ശക്‌തി സ്വായത്തമാകുമോ എന്ന്‌ ആഗ്രഹിക്കുന്നതിനേക്കാള്‍ മനുഷ്യനായി ജീവിക്കുമ്പോള്‍ മനസ്സിലാക്കേണ്ടത്‌ മനസ്സിലാക്കുക എന്നതാണു പ്രധാനം. രാമായണം എഴുതി കഴിഞ്ഞ്‌ അത്‌ പാടി പ്രചരിപ്പിക്കാന്‍ ആരുമില്ലല്ലോ എന്നോര്‍ത്ത്‌ വാത്മീകി വിഷമിക്ലിരുന്നപ്പോള്‍ ലവ..കുശന്മാര്‍ ആ ദൗത്യം നിര്‍വ്വഹിക്കാമെന്നേറ്റു. ലോകത്തിന്റെ എല്ലായിടത്തും പോയി പ്രചരിപ്പിക്കാന്‍ വാത്മീകി പറഞ്ഞതായി കാണുന്നില്ല. ഏതായാലും ഭാരതത്തിന്റെ മണ്ണില്‍ അത്‌ പര്‍ന്നു പന്തലിച്ചു. തലമുറകളില്‍ നിന്നു തലമുറകളിലേക്ക്‌ ഏല്‍പ്പിക്കപ്പെടുന്ന വിശ്വാസവും അറിവും പൂര്‍വ്വാധികം ദ്രുഢമായികൊണ്ടിരിക്കുന്നു.

ഒരു വഴിപാടു പോലെ രാമായണം വായിച്ച്‌ തീര്‍ക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല. ആഷാഢമേഘങ്ങള്‍ പെയെ്‌താഴിഞ്ഞുപോകും. ഋതുക്കാള്‍ മാറിപോകും. അത്‌ പ്രക്രുതിയുടെ മുറതെറ്റാത്ത ആവര്‍ത്തനങ്ങള്‍. മനുഷ്യനും ജീവിതത്തോടു്‌ മുറയും നെറിയും പുലര്‍ത്തേണ്ടതുണ്ടു. അതിന്റെ ആവശ്യകത ഇത്തരം ഗ്രന്ഥങ്ങള്‍ മനസ്സിലാക്കിപ്പിക്കുന്നു.

ഭരതീയ വനിതാ പാരമ്പര്യത്തിന്റെ തിലകക്കുറിയായി സീതാദേവി ആരാധിക്കാപ്പെടുന്നു. ലക്ഷ്‌മണന്‍ ജ്വലിപ്പിച്ച അഗ്നികുണ്ഡത്തില്‍ നിന്നും തീയ്യില്‍ ഉരുക്കിയെടുത്ത സ്വര്‍ണ്ണം പോലെ പരിശുദ്ധയായല്‌പവൈദേഹിയെ അഗ്നിദേവന്‍ എടുത്ത്‌കൊണ്ട്‌ല്‌പശ്രീരാമന്റെ മുന്നില്‍ വെച്ച്‌ പറഞ്ഞു.

ഇതാ രാഘവാന്‍ നിന്‍ സീത
ഇവള്‍ക്കില്ലൊരു കുറവും

വാക്കാലും ഹ്രുദയത്താലും
നോക്കാലും നിനവോലുമേ...


ശ്രീരാമചന്ദ്രന്‍ സീതയെ സ്വീകരിച്ചുകൊണ്ട്‌ അയോദ്ധ്യയിലേക്ക്‌ പറന്നു. എന്നാല്‍ ജനങ്ങള്‍ അപവാദം പറയുന്നുവെന്ന കാരണം പറഞ്ഞ്‌ ഗര്‍ഭിണിയായ സീതയെ ഉപേക്ഷിക്കുകയാണു ചെയ്‌തത്‌. ഇണ പക്ഷികളില്‍ ഒന്ന്‌ അമ്പേറ്റ്‌ വീണ തമസ്സാനദിയുടെ തീരത്ത്‌ ഈ ഭൂമി പുത്രി നിരാലമ്പയായി, നിരാശ്രയായി തളര്‍ന്നു വീണു. വാത്മീകി അവളെ ശുഷ്രൂഷിച്ച്‌ തന്റെ കുടിലില്‍ അഭയം നല്‍കി. ഇരട്ട പുത്രന്മാര്‍ക്ക്‌ ജന്മം നല്‍കിയ സീതയെ കണ്ടുമുട്ടുന്ന ശ്രീരാമന്‍ വീണ്ടും സീത നിഷ്‌ക്കളങ്കയാണെന്ന്‌ തെളിയിച്ചാല്‍ സ്വീകരിക്കമെന്ന്‌ പറയുന്നു. ഇവിടെ രാമന്‍ ഒരു മെയില്‍ ഷൊവ്‌നിസ്‌റ്റ്‌ ചിന്താഗതി കാണിക്കുന്നതായി തോന്നാം. പക്ഷെ അങ്ങനെ അവഹേളിക്കപ്പെടാന്‍ സീതാദേവി തയ്യാറയില്ല. അവര്‍ ഭൂമി മാതാവിനെ നൊന്തു വിളിച്ചു. ഭൂമിദേവിയുടെ ഹ്രുദയം പിളര്‍ന്ന്‌ പഴുതുണ്ടായി. അതിലൂടെ സീതാദേവി അന്തര്‍ദ്ധാനം ചെയ്‌തു. ചിന്താവിഷ്‌ടയായ സീതയില്‍ ആശാന്‍ പറയുന്നത്‌ സീത ആകാശത്തേക്ക്‌ ഉയര്‍ന്നു എന്നാണു.

പ്രിയ രാഘവാ, വന്ദനം ഭവാ-
നുയരുന്നു ഭുജ ശാഖവിട്ട ഞാന്‍
ഭയമറ്റു പറന്നു പോയിടാം
സ്വയമീദ്യോവിലൊരാശ്രയം വിനാ..

ശീരാമന്റെ കൈകളില്‍ നിന്ന്‌ വേര്‍പ്പെട്ട്‌ പോവുകയാണു കൂടെ വരുമൊ എന്ന്‌ ചോദ്യം. ജനങ്ങളുടെ പ്രിയങ്കരനായ രാമനു ഭാര്യയെക്കാള്‍ വലുത്‌ പ്രജകളല്ലേ. അമ്മയെ ദൈവമായി കാണുന്ന നാടാണു ഭാരതമെങ്കിലും അവിടെ സ്ര്‌തീ സുരക്ഷിതയല്ല. മതഗ്രന്ഥങ്ങളും സമൂഹവും അവള്‍ക്കനുഷ്‌ഠിക്കാന്‍ അനവധി ചിട്ടകളും അനവധി വിലക്കുകളും ഉണ്ടാക്കിവച്ചിട്ടുണ്ട്‌. ഒരു പക്ഷെ അത്തരം അഗ്നിപരീക്ഷണങ്ങളില്‍ നിരന്തരം വിജയിക്കുന്നത്‌കൊണ്ടാകും ഭാരതസ്‌ത്രീകള്‍ ഭാവശുദ്ധിയുള്ളവരായത്‌.

ഇതിഹാസങ്ങളെ കുറിച്ച്‌ ഇങ്ങനെ പറഞ്ഞിരിക്കുന്നു.

ധര്‍മ്മാര്‍ത്ഥ കാമ മോക്ഷണാ
മുപദേശസമന്വീതം
പൂര്‍വ്വവ്രുത്തംകഥയുക്‌ത
മിതിഹാസം പ്രചക്ഷതേ..

നടന്ന കഥയെ വര്‍ണ്ണിച്ചും അതിലെ കഥാപത്രങ്ങളിലൂടെ ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവയെപ്പറ്റി അറിവ്‌ പകര്‍ന്ന്‌ തലമുറകളെ നല്ല പ്രവ്രുത്തി
ചെയ്യുന്നവരാക്ക്‌ക്കുകയെന്നത്രെ ഇതിഹാസങ്ങളുടെ ഉദ്ദേശ്യം.

കര്‍ക്കിടകം കോരി ചൊരിയുന്ന മഴ പോലെ മനുഷ്യമനസ്സുകളിലും, ഭക്‌തിയും, ആത്മീയതും നന്മകളും നിറഞ്ഞൊഴുകട്ടേ, അജ്‌ഞതയുടെ അന്ധകാരത്തില്‍ നിന്ന്‌ മനുഷ്യന്‍ ഉണരേണ്ടിയിരിക്കുന്നു.. മനുഷ്യന്റെ ഉത്ഭവം മുതല്‍ അവന്‍ മനസ്സിലാക്കിയ കാര്യമാണു്‌ നന്മയും, സത്യവും ഒടുവില്‍ വിജയിക്കുമെന്ന്‌. തിന്മയും അസത്യവും താല്‍കാലികമായി ആര്‍ജ്‌ജിക്കുന്ന ശക്‌തിയില്‍ മനുഷ്യരെ കഷ്‌ടപ്പെടുത്തുന്നു. ഈശ്വരനാമം കൊണ്ടേ ദുര്‍ബ്ബലനായ മനുഷ്യനു പൈശാചിക ശക്‌തികളെ എതിരിടാനുള്ള കരുത്ത്‌ കൈവരുകയുള്ളു. ഈശ്വരന്മാരുടെ ബല പരീക്ഷനം മനുഷ്യര്‍ തമ്മില്‍ നടക്കുമ്പോള്‍ തോല്‍വി സുനിശ്‌ചിതം. ഈശ്വരനില്‍ വിശ്വസിക്കുക എന്നതല്ലേ പ്ര്‌ധാനം. ശക്‌തി കാട്ടേണ്ടത്‌ ഈശ്വരനല്ലേ!, ശ്രീരാമ, രാമ, രാമാ.

ശുഭം
രാമയാണമാസ ചിന്തകള്‍ (സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക