Image

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ യൂറോ രക്ഷാ ദൗത്യം: ജര്‍മനി ഒറ്റപ്പെടുന്നു

ജോസ്‌ കുമ്പിളുവേലില്‍ Published on 29 November, 2011
യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ യൂറോ രക്ഷാ ദൗത്യം: ജര്‍മനി ഒറ്റപ്പെടുന്നു
ബര്‍ലിന്‍: യൂറോ സോണ്‍ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളില്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിനു കൂടുതല്‍ പങ്കാളിത്തം അനുവദിക്കണമെന്ന ആവശ്യം യൂറോപ്യന്‍ യൂണിയന്‍ കൂടുതല്‍ ശക്തമാകുന്നു. ഇതിനെ എതിര്‍ക്കുന്ന ജര്‍മനി ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലുമായി.

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്‌ ബോണ്‌ടുകള്‍ കൂടുതല്‍ വിറ്റഴിക്കുക എന്നതാണ്‌ ചര്‍ച്ച ചെയ്യപ്പെടുന്ന നിര്‍ദേശം. ഇതിന്റെ ചെലവ്‌ ഏറ്റവും കൂടുതല്‍ താങ്ങേണ്‌ടി വരുന്നത്‌ ജര്‍മനിയായിരിക്കും. അതാണ്‌ എതിര്‍പ്പിനു പ്രധാന കാരണമായി മറ്റുള്ളവര്‍ ചൂണ്‌ടിക്കാട്ടുന്നത്‌.

എന്നാല്‍, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ബോണ്‌ടുകള്‍ ഒന്നിനും പരിഹാരമല്ലെന്നാണ്‌ ജര്‍മനിയുടെ നിലപാട്‌. ഇതു പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കാനേ ഉപകരിക്കൂ എന്നും അവര്‍ മുന്നറിയിപ്പു നല്‍കുന്നു. ഇതിനു പകരം രാജ്യങ്ങളുടെ പരമാധികാരത്തില്‍ വിട്ടുവീഴ്‌ച ചെയ്‌തുകൊണ്‌ട്‌ യൂറോപ്യന്‍ യൂണിയന്‍ കൂടുതല്‍ സാമ്പത്തിക നിയന്ത്രണ അധികാരങ്ങള്‍ നല്‍കുന്ന തരത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ഉടമ്പടി തന്നെ പൊളിച്ചെഴുതണമെന്നാണ്‌ ജര്‍മനിയുടെ പക്ഷം.

യുഎസ്‌ മാതൃകയില്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിനെ കൂടുതല്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന്‌ ഓസ്‌ട്രിയന്‍ പ്രധാനമന്ത്രി വെര്‍നന്‍ ഫെയ്‌മാന്‍ അഭിപ്രായപ്പെട്ടു. പൊതു യൂറോ ബോണ്‌ടുകള്‍ പുറപ്പെടുവിക്കാനുള്ള നിര്‍ദേശത്തോടും അദ്ദേഹം യോജിക്കുന്നു.

യൂറോപ്യന്‍ യൂണിയന്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഏക മാര്‍ഗം യൂണിയന്‍ ഉടമ്പടി പരിഷ്‌കരിക്കുകയാണെന്ന്‌ ജര്‍മന്‍ ചാന്‍സിലര്‍ അംഗല മെര്‍ക്കല്‍.

മറ്റു ചില യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ പറയുന്നതു പോലെ യൂറോ ബോണ്‌ട്‌ പുറപ്പെടുവിച്ചാല്‍ പ്രശ്‌നങ്ങള്‍ തീരില്ലെന്നും ചിലപ്പോള്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകുമെന്നും അവര്‍ ആവര്‍ത്തിച്ചു.

യൂറോപ്യന്‍ കമ്മീഷനാണ്‌ യൂറോ ബോണ്‌ടുകള്‍ പുറപ്പെടുവിക്കാനുള്ള നിര്‍ദേശം മുന്നോട്ടു വച്ചത്‌. മിക്ക യൂറോപ്യന്‍ രാജ്യങ്ങളും ഇതിനു പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്‌ട്‌. ഈ സാഹചര്യത്തിലാണ്‌ പരിഷ്‌കാരം രാഷ്‌ട്രീയമായിരിക്കണമെന്ന നിലപാട്‌ മെര്‍ക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌.

സംയുക്തമായ പുറപ്പെടുവിക്കേണ്‌ട ബോണ്‌ടുകളില്‍ കൂടുതല്‍ ചെലവ്‌ വഹിക്കേണ്‌ടി വരിക ജര്‍മനിയായിരിക്കും. ഇതാണ്‌ അവരുടെ എതിര്‍പ്പിന്‌ ഒരു പ്രധാന കാരണമായി ചൂണ്‌ടിക്കാണിക്കപ്പെടുന്നത്‌.

യൂറോ ബോണ്‌ടുകള്‍ പുറപ്പെടുവിക്കുന്നതു കൊണ്‌ടു മാത്രം യൂറോ സോണ്‍ പ്രതിസന്ധിക്കു പരിഹാരം കാണാന്‍ കഴിയില്ലെന്നു ജര്‍മന്‍ ചാന്‍സിലര്‍ അംഗല മെര്‍ക്കലിന്റെ വക്താവ്‌ പറഞ്ഞു. മറ്റു പല രാജ്യങ്ങളും യൂറോ ബോണ്‌ടുകള്‍ എന്ന ആശയം മുന്നോട്ടു വയ്‌ക്കുന്നുണ്‌ടെങ്കിലും മെര്‍ക്കലോ ഫെഡറല്‍ ഗവണ്‍മെന്റോ ഇതിനോടു യോജിക്കുന്നില്ലെന്നും വക്താവ്‌ വ്യക്തമാക്കി.

യൂറോ ബോണ്‌ടുകള്‍ പുറപ്പെടുവിച്ചാല്‍ കടക്കകെണിക്ക്‌ ഫലപ്രദമായ പരിഹാരം കണ്‌ടെത്തുന്നതില്‍ യൂറോപ്പ്‌ പരാജയപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. പ്രശ്‌നങ്ങളെ അതിന്റെ വേരില്‍ ചെന്നാണ്‌ നേരിടേണ്‌ടത്‌. അതിന്‌ യൂറോ ബോണ്‌ടുകള്‍ തടസമാകുമെന്നുമുള്ള വിശദീകരണം ജര്‍മനി ആവര്‍ത്തിക്കുന്നുണ്‌ടെങ്കിലും പ്രശ്‌ന പരിഹാരം ഇപ്പോഴും ഒരുകാതം അകലെയാണെന്നു വിദഗ്‌ധര്‍ പറയുന്നു.
യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ യൂറോ രക്ഷാ ദൗത്യം: ജര്‍മനി ഒറ്റപ്പെടുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക