Image

ഔസേപ്പച്ചനെ കാണ്മാനില്ല (ഒരു പൈങ്കിളി കഥ: സുധീര്‍ പണിക്കവീട്ടില്‍)

Published on 12 August, 2014
ഔസേപ്പച്ചനെ കാണ്മാനില്ല (ഒരു പൈങ്കിളി കഥ: സുധീര്‍ പണിക്കവീട്ടില്‍)
കഞ്ഞിക്കുഴിക്കാരന്‍ ഔസേപ്പച്ചനെ കാണ്മാനില്ല .ഔസേപ്പച്ചന്‍ കരപ്രമാണിയോ, മന്ത്രിയോ, സ്‌ഥലത്തെ പ്രധാനദിവ്യനോ ഒന്നുമല്ലായിരുന്നു. പിന്നെ അയാളുടെ തിരോധാനത്തിനു എന്തു പ്രസക്‌തിയെന്ന ചോദ്യത്തിനുത്തരമാണു ടിയാന്‍ ഒരു സഹ്രുദയനും എഴുത്തുകാരനുമാണെന്നുള്ളത്‌. പ്രസിദ്ധീകരണങ്ങളില്‍ നിറഞ്ഞ്‌ നിന്നിരുന്ന, സാഹിത്യവേദികളില്‍ എന്നും സന്നിഹിതനായിരുന്ന ഔസേപ്പച്ചന്‍ പെട്ടെന്ന്‌ രംഗം വിട്ടതാണു `കാണ്മാനില്ല' എന്ന ഉത്‌കണ്‌ഠയുളവാക്കുന്ന വാര്‍ത്തയായത്‌. ഔസേപ്പച്ചനു എന്തുപ്പറ്റിയെന്നറിയാന്‍ പരദൂഷണവീരന്മാരും വാര്‍ത്താമോഹികളും ശുഷ്‌ക്കാന്തിയോടെ മുന്നോട്ടു വന്നു. ഒപ്പം അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷികളും.

മദ്ധ്യവയസ്സ്‌ കഴിഞ്ഞ അമേരിക്കന്‍ മലയാളികളെ പിടികൂടുന്ന പ്രധാന വ്യാധികളേതെന്ന്‌ ചോദിച്ചാല്‍, ഷുഗര്‍, പ്രഷര്‍, കൊളോസ്‌ട്രോള്‍, എന്നൊക്കെയായിരിക്കും ഓരോരുത്തരും ഉത്തരം പറയുക. എന്നാല്‍ ഇതിനേക്കാളെല്ലാം ഭീകരമായ ഒരു വ്യാധി അവരെ പിടികൂടുന്നു. അതാണു സാഹിത്യത്തിന്റെ അസ്‌കത. എന്നാല്‍ ഔസേപ്പച്ചന്‍ മദ്ധ്യവയസ്സില്‍ പേനയെടുത്ത്‌ സാഹിത്യലോകത്തിലേക്ക്‌്‌ വന്നവനല്ല.അദ്ദേഹം പണ്ടേമുതല്‍ എഴുതുന്ന സര്‍ഗ്ഗശക്‌തിയുള്ള ഒരു എഴുത്തുകാരനാണു.സ്വര്‍ണ്ണത്തിന്റെ നിറമുണ്ടായിരുന്നു ഔസേപ്പച്ചനു. അമ്മച്ചി സ്‌നേഹത്തോടെ കഴുത്തിലിട്ടുകൊടുത്ത സ്വര്‍ണ്ണമാലയും, ഫോറിന്‍ കൈലിയും, കയ്യില്‍ വിശറിപോലെ പിടിച്ച മനോരമവാരികയുമായി ഔസേപ്പച്ചന്‍ റബ്ബര്‍മരങ്ങള്‍ക്കിടയിലൂടെ നടന്നിറങ്ങി മണിമലയാറിന്റെ തീരത്ത്‌ സൂര്യന്‍ അസ്‌തമിക്കുന്നത്‌്‌ നോക്കിയിരിക്കുമായിരുന്നു.അന്നേ ആ മനസ്സില്‍ കവിത വിരിയുമായിരുന്നു. അതിനു സുഗന്ധം പകരാന്‍ പുഴയ്‌ക്ക്‌ അക്കരെ ആ സമയത്ത്‌ കുളിക്കാനിറങ്ങുന്ന ഏലമ്മയുണ്ടായിരുന്നു. ആ മോഹനാംഗി ഔസേപ്പച്ചന്റെ കവിതാ പ്രവാഹത്തെ സുഗമമാക്കി, സുന്ദരമാക്കി. ഔസേപ്പച്ചന്റെ കവിതകളുടെ സ്രോതസ്സ്‌ ഏലമ്മയായിരുന്നു.

അന്നു കണ്ടമലയാള സിനിമകളിലെ താരറാണിമാരായ ഷീലയിലും, ജയഭാരതിയിലും, ശാരദയിലും ഔസേപ്പച്ചന്‍ ഏലമ്മയെ കണ്ടു. ഏലമ്മയെ നോക്കി ഔസേപ്പച്ചന്‍ പാടി: `അക്കരെയാണെന്റെ മാനസം' അതു കേട്ട്‌ നദിയുടെ ഏകാന്തപുളിനത്തില്‍ പുളകം കൊണ്ട്‌ ഏലമ്മ നിന്നു, അവളെക്കുറിച്ച്‌ ഔസേപ്പച്ചന്‍ പാടിയ പാട്ടിനു നിരവധി ഓളങ്ങള്‍ ശ്രുതിയിട്ടു. മണിമലയാറ്‌ ആയിരം പാദസരങ്ങള്‍ കിലുക്കി വീണ്ടും ഒഴുകി. ഔസേപ്പച്ചന്‍ അമേരിക്കയിലുള്ള ഏതോ നഴ്‌സിനെ കെട്ടി പറന്നു. പറന്നുയര്‍ന്ന വിമാനത്തിന്റെ ജാലകവാതിലിലൂടെ തന്റെ നാടിന്റെ രൂപംഅവ്യക്‌തമായി മറഞ്ഞ്‌ പോകുന്നതായി കണ്ടെങ്കിലും അത്‌ ഹ്രുദയത്തില്‍ പതിഞ്ഞ്‌ കിടന്നു. ഒപ്പം ഏലമ്മയും. ആ മധുരനാമം, അവളുടെ ഓര്‍മ്മകള്‍ ഹ്രുദയത്തിന്റെ ഏതോ കോണില്‍ ഒരു പ്രേമകുടീരം തീര്‍ത്ത്‌ ഒതുങ്ങിനിന്നു. ഔസേപ്പച്ചന്റെ ജീവിതം മിന്നുകെട്ടിയവളുമായി സന്തോഷത്തോടെ നീങ്ങി.

എല്ലാ ഹ്രുദയത്തിലും ഒരു ശ്‌മശാനമുണ്ടെന്ന്‌ പറഞ്ഞപോലെ ഔസേപ്പച്ചന്റെ ഹ്രുദയവും അതിനപവാദമായിരുന്നില്ല. ഔസേപ്പച്ചന്റെ ഹ്രുദയ കല്ലോലിനിയുടെ തീരത്ത്‌ ഏതോ സ്വപ്‌നത്തിന്റെ തേരിറക്കി കരിനീലകണ്ണുള്ള ഒരു സുന്ദരാംഗി പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു. കാലത്തിനു ഒരിക്കലും മങ്ങലേല്‍പ്പിക്കാന്‍ കഴിയാത്ത യൗവ്വനകാലത്തെ മധുരസ്‌മരണകള്‍. എന്നാല്‍ കാലം ഔസേപ്പച്ചന്റെ ബലിഷ്‌ഠവും പരന്നതുമായ നെഞ്ചിന്‍ നടുവില്‍ ഒരു കുഴിയുണ്ടാക്കി. അദ്ദേഹത്തിന്റെ തലമുടികള്‍ ചിരിക്കാന്‍ തുടങ്ങി. മാംസപേശികള്‍ അയയാന്‍ തുടങ്ങി. ഔസേപ്പച്ചന്‍ കണ്ണാടിയില്‍ തന്റെ രൂപം നോക്കി നിന്നു.മദ്ധ്യവയസ്സ്‌ !ഹ്രുദയത്തില്‍ ഒരു വിഷാദത്തിന്റെ തേങ്ങല്‍. കണ്ണുകളില്‍ നിന്നു ഒരു ചുടുകണ്ണുനീര്‍ത്തുള്ളി. ആ ചൂടു തട്ടി ഹ്രുദയ സരസ്സിലെ പ്രണയപുഷ്‌പമായ ഏലമ്മ ഉയര്‍ത്തെഴുന്നേറ്റു.അവള്‍ ഔസേപ്പച്ചന്റെ ഓര്‍മ്മകളിലേക്ക്‌ ഓടി വന്നു. `കാലില്‍ കൊലുസണിഞ്ഞ ആ സുറിയാനി ക്രുസ്‌ത്യാനി പെണ്ണു അച്ചായ്യാ എന്ന്‌ വസന്തകാലത്തിലെ ഏതോ പൂങ്കുയില്‍ പാടുന്ന മനോഹാരിതയോടെ വിളിച്ചു. ഔസേപ്പച്ചന്‍ അറിയാതെ `എന്തോ' എന്ന്‌ വിളികേട്ടു. അടുത്ത മുറിയില്‍ നിന്നും വന്ന ഭാര്യ പറഞ്ഞു `ഞാന്‍ വിളിച്ചില്ലല്ലോ'' ഔസേപ്പച്ചന്‍ കവിയായതു കൊണ്ട്‌്‌ കാവ്യഭാഷയില്‍ മറുപടി പറഞ്ഞു. `പ്രിയേ നിന്റെ വിളി ഞാന്‍ ഓരോ നിമിഷവും കാതോര്‍ത്ത്‌ നില്‍ക്കയല്ലേ? ഈ പ്രപഞ്ചത്തിലെ ഓരോ ശബ്‌ദവും നിന്റെ വിളിയായി എനിക്ക്‌ തോന്നുന്നു.

അന്ന്‌ ഔസേപ്പച്ചന്‍ പേന വീണ്ടും കയ്യിലെടുത്തു. അമേരിക്കന്‍ മലയാള സാഹിത്യത്തിനു അമൂല്യ സംഭാവനകള്‍ നല്‍കി. സാഹിത്യത്തിലെ എല്ലാ ശാഖകളിലുമുള്ള തന്റെ പ്രഭാവം പ്രകടമാക്കി., വിജയം നേടി. കടമിഴികോണില്‍ ഒരു കോടിസ്വപ്‌നങ്ങളുടെ കാര്‍ത്തികവിളക്കുകള്‍ കൊളുത്തി ഏലമ്മ എപ്പോഴും ഔസേപ്പക്ലന്റെ ഓര്‍മ്മകളിലേക്ക്‌ ഓടി വന്നു. ഔസേപ്പച്ചന്‍ കവിയായത്‌കൊണ്ട്‌ ഏലമ്മ എപ്പോഴും നിത്യയൗവ്വന സുന്ദരിയായി . ഒരിക്കലും പ്രായമാകാതെ.

ഏലമ്മ ഹ്രുദയത്തില്‍ ചേക്കേറിയിട്ടുണ്ടെങ്കിലും ഔസേപ്പച്ചനു ഭാര്യയോട്‌ അഗാധമായ പ്രേമമായിരുന്നു.`മഞ്ഞിന്‍ചിറകുള്ള വെള്ളരിപ്രാവേ ഉള്ളിന്റെ ഉള്ളില്‍ തെരയുന്നുതെന്തേ'... എന്ന്‌ പാടി എപ്പോഴും ഭാര്യയുടെ പുറകെ നടക്കുന്ന ഔസേപ്പച്ചനെ ഭാര്യയ്‌ക്കും പ്രാണനായിരുന്നു.ഏലമ്മയും ഔസേപ്പച്ചനും തമ്മിലുണ്ടായിരുന്ന മൂകാനുരാഗത്തിനു ഏകസാക്ഷി പ്രക്രുതിയായിരുന്നത്‌കൊണ്ട്‌ കരകമ്പികളില്‍ പെട്ട്‌ രണ്ടു പേരുടെ സ്വഭാവമഹിമക്ക്‌ കോട്ടം തട്ടിയില്ല. പക്ഷെ നിര്‍മ്മലഹ്രുദയനായ ഔസേപ്പച്ചന്‍ ഏലമ്മയെപ്പറ്റി ഭാര്യയോട്‌ പറഞ്ഞു. ഏലമ്മ തന്റെ എഴുത്തിനുള്ള പ്രചോദന മാത്രമാണെന്നും തന്നിലെ കവിയെ ഉണര്‍ത്തിയത്‌ അവളാണെന്നും. ഔസേപ്പച്ചന്റെ സ്‌നേഹത്തിന്റെ ആഴം അറിയുന്ന ഭാര്യ അതു പൂര്‍ണ്ണമായി വിശ്വസിച്ചു.അത്‌ സത്യവുമായിരുന്നു. ഔസേപ്പച്ചന്റെ രചനകളില്‍ ഏലമ്മ നിറഞ്ഞു നിന്നു. മനോഹരിയായ ഏലമ്മ, അതീവ സുന്ദരിയായ ഏലമ്മ, അവളുടെ നെറ്റിയില്‍ ഔസേപ്പച്ചന്‍ മനസ്സുകൊണ്ടൊരു പൊട്ടു തൊട്ടു. സ്വപ്‌നങ്ങള്‍ കൊണ്ടവള്‍ക്ക്‌ ഒരു മുത്തുമാല നല്‍കി.

കാറ്റിന്റെ കൈകളില്‍ അവള്‍ക്ക്‌ വേണ്ടി അറേബ്യയില്‍ നിന്നും മുന്തിയ അത്തര്‍ വാങ്ങി കൊടുത്തുവിട്ടു. വസന്തകാല പറവകളുടെ ചുണ്ടിലൂടെ അവള്‍ക്കായി ഒരു പ്രേമസന്ദേശം നല്‍കി.
ഔസേപ്പച്ചന്‍ ആ അനുഭവങ്ങള്‍ കടലാസ്സില്‍ പകര്‍ത്തിയപ്പോള്‍ അവ അനശ്വര പ്രേമത്തിന്റെ കലാസ്രുഷ്‌ടികളായി. അനുവാചക ലോകം അതെല്ലാം ആര്‍ത്തിയോടെ വായിച്ചു. ഏകാന്തതയാണു ഏറ്റവും നല്ല കാന്തയെന്ന്‌ അവിവാഹിതനായ കുഞ്ഞുണ്ണി മാഷ്‌ പറയുമെങ്കിലും ഭാര്യയെ അതിരറ്റ്‌ സ്‌നേഹിക്കുന്ന ഔസേപ്പച്ചനു അവരുടെ ഡ്യൂട്ടി സമയം മാറിയത്‌ വളരെ വേദനയുണ്ടാക്കി. ജോലി കഴിഞ്ഞ്‌ വീട്ടിലെത്തിയാല്‍ ഭാര്യ ഡ്യൂട്ടി കഴിഞ്ഞെത്തും വരെയുള്ള ഏകാന്തത മദ്ധ്യവയസ്സില്‍ ഒരു ശാപമാണെന്ന്‌ ഔസേപ്പച്ചന്‍ വളരെ ദു:ഖത്തോടെ മനസ്സിലാക്കി. മിക്കവാറും ആ കാലത്ത്‌ ടീനേജില്‍ എത്തുന്ന കുട്ടികള്‍ അപ്പോള്‍ അവരുടെ മുറിയില്‍ ഒറ്റക്കിരിക്കാന്‍ തുടങ്ങുന്നു.ഓഷെ രജനീഷ്‌ രണ്ടവസ്‌ഥയെപ്പറ്റി പറയുന്നത്‌ ഔസേപ്പച്ചന്‍ ഓര്‍ത്തു.ലോണ്‍ലിനെസ്സും എലോണ്‍നെസ്സും. ഏകാന്തമായി, തനിച്ച്‌ എന്നൊക്കെ മലയാളത്തില്‍ ഏകദേശ സമാനമായ അര്‍ത്ഥം ആണെങ്കിലും ലോണ്‍ലിനെസ്സ്‌ ഒരു കൂട്ടിനുവേണ്ടി ആഗ്രഹിക്കുന്ന അവസ്‌ഥ അതായ്‌ത്‌ മനുഷ്യന്റെ ദൗര്‍ബല്യവും, എലോണ്‍നെസ്സ്‌ തനിച്ചിരിക്കാനുള്ള ശക്‌തി തേടലുമാണു. പാവം ഔസേപ്പച്ചനു ഭാര്യ ജോലി കഴിഞ്ഞു വരുന്ന വരെയുള്ള കാത്തിരിപ്പ്‌ ഒരു യുഗം പോലെ തോന്നുമായിരുന്നു.സ്‌നേഹമയിയായ ഭാര്യ ഭര്‍ത്താവിന്റെ മനഃപ്രയാസം മുന്‍കൂട്ടികണ്ട്‌ നാട്ടിലെ ദ്രുശ്യമാദ്ധ്യമ ചാനലുകള്‍ കിട്ടുന്ന ഒരു കണക്ഷന്‍ സ്വീകരണ മുറിയിലെ വലിയ ടി.വി.ക്ക്‌ കൊടുത്ത്‌ ഔസേപ്പച്ചനെ സന്തോഷിപ്പിച്ചു. ഔസേപ്പച്ചന്‍ ജോലികഴിഞ്ഞ്‌ വന്ന്‌ സുഗന്ധദ്രവ്യങ്ങള്‍ കലര്‍ത്തിയ ടബ്ബിലെ ചൂടു വെള്ളത്തില്‍ കുളിച്ച്‌ ഭാര്യ അലക്കി മടക്കിവച്ചിരിക്കുന്ന മുണ്ടും ജുബ്ബയും അണിഞ്ഞ്‌, പണ്ടത്തെ പ്രിയപ്പെട്ട പോണ്‍സ്‌ പൗഡര്‍ പൂശി മേശപ്പുറത്ത്‌ തയ്യാറാക്കി വച്ചിരിക്കുന്ന പഴമ്പൊരിയോ, ഉണ്ണിയപ്പമോ തിന്ന്‌ ഫ്‌ളാസ്‌കില്‍ നിന്നും ചൂടു ചായയും കുടിച്ച്‌്‌ ടി.വിയുടെ മുന്നില്‍ ഇരിക്കും .അപ്പോള്‍ പഴയ മലയാള സിനിമകള്‍ ടി.വി.യില്‍ നിവരുകയായി.

അന്നത്തെ അഴകുള്ള അഭിനേത്രികളായ ഷീല, ജയഭാരതി, ശാരദ, ശ്രീവിദ്യ തുടങ്ങിയവര്‍ പ്രദര്‍ശിപ്പിക്കുന്ന നാണം പൂണ്ട രതിഭാവങ്ങള്‍, മരം ചുറ്റിയോട്ടം, മാര മകോത്സവത്തിന്റെ തേരോട്ടങ്ങള്‍,കവിത തുളുമ്പുന്ന മനോഹരമായ ഗാനങ്ങള്‍ എല്ലാം ഔസേപ്പച്ചനില്‍ അഭിനിവേശം ഉണ്ടാക്കികൊണ്ടിരുന്നു. തന്റെ യൗവ്വന കാലത്ത്‌ ഉറക്കം കെടുത്തിയിരുന്ന ഈ നടിമാരുടെ സിനിമകള്‍ ഔസേപ്പച്ചനു `കായകല്‍പ്പത്തിന്റെ' ഫലം ചെയ്‌തു തുടങ്ങി. മുട്ടത്ത്‌ വര്‍ക്കിയുടെ നോവലുകള്‍ സിനിമയാക്കിയപ്പോള്‍ ചട്ടയും, മുണ്ടും ധരിച്ച്‌ അരയന്ന പിടകളെപോലെവന്ന അംബികയും, ശാരദയും, ഷീലയും ആ വേഷത്തില്‍ അവരുടെ കൊതിപ്പിക്കുന്ന സൗന്ദര്യം ഔസേപ്പച്ചനെ മത്തു പിടിപ്പിച്ചുകൊണ്ടിരുന്നു. ടി.വി. കണ്ട്‌ കണ്ടങ്ങിരിക്കുമ്പോള്‍ അതാ വരുന്നു ഹ്രുദയാവര്‍ജ്‌ജകമായ ഒരു രംഗം. വയലാര്‍ ദേവരാജന്‍ ടീമിന്റെ ഇമ്പമേറുന്ന ഒരു ഗാനം. `ഈ മയിലാടും കുന്നു മറന്നേ പോയോ, ഈ മണിമലയാറു മറന്നേ പോയോ, വന്നെങ്കില്‍ ഒന്നു വന്നെങ്കില്‍ ഈ വളയിട്ട കൈകളില്‍ വാരിയെടുത്ത്‌കൊണ്ടൂഞ്ഞാലാട്ടും ഞാന്‍'. ഒരു നാടന്‍ പെണ്ണിന്റെ നിഷ്‌ക്കളങ്കമായ മോഹങ്ങളുടെ ചലച്ചിത്രാവിഷ്‌ക്കാരം. ഔസേപ്പച്ചന്റെ ചിന്തകള്‍ക്ക്‌ ചങ്ങമ്പുഴ പറഞ്ഞപോലെ ചിറകുകള്‍ കിട്ടി. അവ പറക്കാന്‍ തുടങ്ങി. മണിമലയാറ്റിലെ കുളകടവില്‍ പാവാട പൊക്കിക്കുത്തി അലക്കുകല്ലില്‍ തുണി കഴുകുന്ന ഏലമ്മ. ഏലമ്മയാണു ആ ഗാനം പാടുന്നത്‌. അന്തിവെയിലില്‍ അവളുടെ സ്വേദകണങ്ങള്‍ മുത്തുമണികള്‍ പോലെ തിളങ്ങുന്നു. അലഞൊറിയുന്ന ഓളങ്ങള്‍ അവളുടെപാദങ്ങളെ ഉമ്മവച്ച്‌ നദിയുടെ മാറിലേക്ക്‌ തിരികെ പോകുന്നു. മരക്കൂട്ടങ്ങള്‍ക്കിടയില്‍ ഒരണ്ണാറക്കണ്ണന്‍ പൂവ്വലനെപ്പോലെ ഏലമ്മയെ നോക്കി കമന്റടിക്കുന്നു.ഔസേപ്പച്ചന്‍ പുറത്തേക്ക്‌ നോക്കി.ന്യൂയോര്‍ക്കിലെ ഏതൊ ഉള്‍പ്രദേശം ശാന്തമാകുകയാണ്‌. നേരം വളരെ ഇരുട്ടി. റോഡിലൂടെ വല്ലപ്പോഴും പോകുന്ന കാറുകള്‍. നിറഞ്ഞ നിശ്ശബ്‌ദത. വലിയ ഒരു വീട്ടിലെ സ്വീകരണ മുറിയില്‍ ഔസേപ്പച്ചന്‍ ഒറ്റക്ക്‌.ടി.വി.യില്‍ താരറാണിമാര്‍ അപ്പോള്‍ മനോഹരമായ ഏതൊ ഗാനത്തിനൊപ്പം ചുവടുവവയ്‌ക്കുകയാണു്‌. അവരുടെ അംഗോപാംഗങ്ങളിലേക്ക്‌ കണ്ണു നട്ടിരുന്നപ്പോള്‍ ഔസേപ്പച്ചന്‍ വികാരവിവശനായി. യൗവ്വനം വീണ്ടും തിരിക്ല്‌ കിട്ടിയപോലെ. വക്ലപ്പോഴും സേവിക്കാറുള്ള ജോണിവാക്കര്‍ കുപ്പി തുറന്നു. ആ സ്വര്‍ണ്ണദ്രാവകം ഏലമ്മയുടെ ചുണ്ടുകളാണെന്ന്‌ അല്ലെങ്കില്‍ ഷീലയുടേയോ, ശരദയുടേയോ ചുണ്ടുകളാണെന്ന്‌ സങ്കല്‍പ്പിച്ച്‌ നുണഞ്ഞു.വികാരം കൊടുമ്പിരി കൊള്ളുമ്പോള്‍ ഒന്നും മതിയാകുന്നില്ല.സ്‌മോളില്‍ നിന്നും ലാര്‍ജിലേക്ക്‌ അങ്ങനെ പെഗ്ഗുകളായി. എന്നിട്ടും ലഹരി, മന്മഥ ലഹരി.വെണ്ണതോല്‍ക്കുമുടലോടെ താരറാണിമാരില്‍ ആരോ വരുന്നു. അവള്‍ മനസ്സിലെ നൃത്തമണ്ഡപത്തില്‍ ചിലങ്ക കിലുക്കി ആടിതിമിര്‍ക്കയാണു.ഔസേപ്പച്ചനു നിയന്ത്രിക്കാനാവാത്ത കാമദാഹം.ദാഹശമനത്തിനായി ജോണിവാക്കര്‍ മൊത്തി മൊത്തി കുടിച്ചുകൊണ്ടിരുന്നു.ദിനരാത്രങ്ങള്‍ അങ്ങനെ കടന്നുപോയി. ഔസേപ്പച്ചന്റെ കയ്യില്‍ പേനക്ക്‌ പകരം ജോണിവാക്കറായി.ഓരോ ദിവസവും ഡ്യൂട്ടി കഴിഞ്ഞ്‌ വരുന്ന ഭാര്യ സമനില തെറ്റി ഉറക്കംതൂങ്ങിയിരിക്കുന്ന ഔസേപ്പച്ചനെ കണ്ട്‌ ഖിന്നയായി.മുമ്പൊക്കെ ചിങ്ങ നിലാവുദ്ദിച്ചത്‌പോലെ ചിരിതൂകി വാതില്‍ തുറന്ന്‌ എതിരേല്‍ക്കാറുള്ള പ്രിയങ്കരനായ അച്ചായന്‍.അവര്‍ക്ക്‌ സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല.ജോലി കഴിഞ്ഞ്‌ വന്നാല്‍ ടി.വി.പരിപാടിയും ജോണിവാക്കറുമായി സമയം ചിലവഴിക്കുന്നത്‌ ഔസേപ്പച്ചന്‍ പതിവാക്കി കഴിഞ്ഞു.ആ മനസ്സില്‍ ഇപ്പോള്‍ മദിരയും മദിരാക്ഷിയും മാത്രം.താര സുന്ദരിമാരുടെ നടന വിസ്‌മയത്തിനു മുന്നില്‍ കണ്ണും വിടര്‍ത്തി ഔസേപ്പച്ചന്‍ അഭിനിവേശത്തോടെ ഇരുന്നു.

പത്രതാളുകളില്‍ നിന്ന്‌ ഔസേപ്പച്ചന്‍ അപ്രത്യക്ഷനായി. ഔസേപ്പച്ചനു അതൊന്നും വിഷയമല്ലായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെല്‌പഭാര്യ മാതാവിനോട്‌ മുട്ടിപ്പായി പ്രാര്‍ത്ഥിക്ലു.അന്നു പതിവുപോലെ അവര്‍ വന്നപ്പോള്‍ ഔസേപ്പച്ചന്‍ ഒരു പ്രതിമ കണക്കെ മിണ്ടാതിരിക്കയാണു്‌.മേശപ്പുറത്ത്‌ ഒഴിഞ്ഞ കുപ്പികള്‍. അവര്‍ ദുഃഖം ഒതുക്കാന്‍ ശ്രമിച്ചെങ്കിലും വിതുമ്പിപോയി. അവര്‍ കുരിശ്ശ്‌മാല കടിച്ചുപിടിച്ച്‌ സങ്കടത്തോടെ നിന്നു. കണ്ണുനീര്‍ത്തുള്ളികള്‍ അവരുടെ കവിളില്‍ വീണു ഉടഞ്ഞ്‌ തകര്‍ന്നു. അവര്‍ മാതാവിനോട്‌ പ്രാര്‍ത്ഥിച്ചു.എന്തൊ അത്ഭുതം പോലെ ഔസേപ്പച്ചന്‍ ലഹരിയില്‍ നിന്നുണര്‍ന്നു.അദ്ദേഹം അവരുടെയടുത്ത്‌ വന്നു. അവരുടെ കവിളിലെ കണ്ണുനീര്‍ തുടച്ചു. മദ്ധ്യവയസ്സിലെത്തിയിട്ടും അവരുടെകവിളിലെ ശോണിമ കുറഞ്ഞിരുന്നില്ല.

ഔസേപ്പച്ചനു കുറേശ്ശേ ബോധം തിരിച്ചു കിട്ടുകയാണ്‌. ഇടവക പള്ളിയില്‍ വച്ച്‌ ഒരു തെളിഞ്ഞ മീനമാസദിനത്തില്‍ താന്‍ മിന്നുകെട്ടി സ്വന്തമാക്കിയവള്‍. അന്ന്‌ മന്ത്രകോടി വാങ്ങുമ്പോള്‍ അരുണാഭമായ കവിളുകള്‍. ആ കവിളിലാണീ ചുടുകണ്ണീര്‍. അന്നത്തെ പുരോഹിതന്റെ വാക്കുകള്‍ അയാള്‍ കേള്‍ക്കാന്‍ തുടങ്ങി. നീ ഉണ്ടില്ലേലും അവളെ ഊട്ടുക' ഔസേപ്പച്ചന്‍ ഗദ്‌ഗദ്‌കണ്‌ഠനായി പറഞ്ഞു, നീ വരുന്നതിനു മുമ്പ്‌ ഞാന്‍ ഉണ്ടു, കുടിച്ചു. ഒരു കുക്കുടത്തിന്റെ അശ്ശീലഭാഗങ്ങള്‍ (തുട, മാറ്‌, അടിവയര്‍) മുഴുവന്‍ തനിയെ തിന്നു. നീ തിന്നോയെന്ന്‌ തിരക്കിയില്ല. കര്‍ത്താവ്‌ എന്നോട്‌ പൊറുക്കില്ല എല്ലാം ഈ ജോണിവാക്കര്‍ കാരണമാണ്‌. ആതുരസേവനം കഴിഞ്ഞ്‌ ശുഭ്രവസ്ര്‌തധാരിയായി നില്‍ക്കുന്ന ഭാര്യയോട്‌ അയാള്‍ പറഞ്ഞു. `ഞാന്‍ ഇനിമേല്‍ കുടിക്കുകയില്ല, നിന്നാണെ സത്യം.നമ്മുടെ മക്കളാണെ സത്യം'. അത്‌ പോരാഞ്ഞിട്ട്‌ അയാള്‍ മാതാവിന്റെ രൂപത്തെ നോക്കി മാതാ എന്നു പറയുമ്പോഴേക്കും ഭാര്യ വായ പൊത്തിപ്പിടിച്ചു.പൂസ്സായിട്ട്‌ ചെയ്യുന്ന ഈ സത്യത്തിനു എന്തു വിലയെന്ന്‌ അവര്‍ പരിഭവത്തോടെ ചോദിച്ചപ്പോള്‍ ഔസേപ്പച്ചന്‍ ഗൗരവത്തോടെ പറഞ്ഞു. നീ മാതാവിനെ വിളിച്ചപേക്ഷിക്കുന്നത്‌ കൊണ്ട്‌ മാതാവിന്റെ കൃപയില്‍ ഞാന്‍ ഇപ്പൊള്‍ സമചിത്തനാണ്‌. എനിക്ക്‌ നല്ല ബോധം ഉണ്ട്‌.സത്യമാണു ഞാന്‍ പറയുന്നത്‌.ഞാന്‍ ഇനി മുതല്‍ കുടിക്കില്ല'. പിന്നെ ഭാര്യയെ നോക്കി അനുരാഗവിലോചനനായി പാടി. `മഞ്ഞിന്‍ ചിറകുള്ള വെള്ളരിപ്രാവേ...' അവര്‍ മനോഹരമായി മന്ദഹസിച്ചു. എന്നാല്‍ കുടി നിര്‍ത്തികഴിഞ്ഞതിനു ശേഷം ഔസേപ്പച്ചന്‍ ഒരു കാര്യം മനസ്സിലാക്കി. തന്റെ മനസ്സില്‍ നിന്നും ഏലമ്മ പോയിരിക്കുന്നു. തന്റെ സര്‍ഗ്ഗഭാവനകള്‍ നഷ്‌ടപ്പെട്ടിരിക്കുന്നു.അയാള്‍ സ്വപനം മൂവിയില്‍ സുധീര്‍ പാടുന്നത്‌പോലെ പാടി `നീ വരൂ കാവ്യ ദേവതേ...' എന്നാല്‍ കാവ്യദേവത വന്നില്ല. ഔസേപ്പച്ചന്‍ നിരാശനായെങ്കിലും ആത്മാര്‍ത്ഥമായി പശ്‌ചാത്ത്‌പിച്ച്‌ മുട്ടിപ്പായി ദിവസവും മാതാവിനോട്‌ പ്രാര്‍ത്ഥിച്ചാല്‍ സര്‍ഗ്ഗശക്‌തി തിരിച്ചുകിട്ടുമെന്ന്‌ ഭാര്യ ഉറപ്പ്‌ കൊടുത്തതനുസരി
ച്ച്‌ ഔസേപ്പച്ചന്‍ ആ ദൗത്യത്തിലാണു. എല്ലാ അനുഗ്രഹങ്ങളോടും കൂടി ഔസേപ്പച്ചന്‍ തിരിച്ച്‌ വരുമെന്ന്‌ ആശിക്കാം.

ശുഭം

ഔസേപ്പച്ചനെ കാണ്മാനില്ല (ഒരു പൈങ്കിളി കഥ: സുധീര്‍ പണിക്കവീട്ടില്‍)ഔസേപ്പച്ചനെ കാണ്മാനില്ല (ഒരു പൈങ്കിളി കഥ: സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക