Image

മലയാളം സൊസൈറ്റി ഓഫ്‌ അമേരിക്ക: `അന്തരംഗത്തിലെ അനന്തത'

മണ്ണിക്കരോട്ട്‌ Published on 08 June, 2011
മലയാളം സൊസൈറ്റി ഓഫ്‌ അമേരിക്ക: `അന്തരംഗത്തിലെ അനന്തത'

മലയാളം സൊസൈറ്റി ഓഫ്‌ അമേരിക്ക: `അന്തരംഗത്തിലെ അനന്തത'

മണ്ണിക്കരോട്ട്‌

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളം സൊസൈറ്റി ഓഫ്‌ അമേരിക്കയുടെ മെയ്‌മാസ (2011) സമ്മേളനം 29-ാം തീയതി ഞായര്‍ വൈകീട്ട്‌ 4 മണിയ്‌ക്ക്‌ സ്റ്റാഫൊര്‍ഡ്‌ സിറ്റിയിലുള്ള ഹെരിറ്റേജ്‌ ഇന്‍ഡ്യ റെസ്റ്റൊറന്റില്‍ സമ്മേളിച്ചു. `അന്തരംഗത്തിലെ അനന്തത' എന്ന വിഷയത്തെക്കുറിച്ചായിരുന്നു മുഖ്യപ്രഭാഷണവും ചര്‍ച്ചയും. മലയാളം സൊസൈറ്റിയുടെ സെക്രട്ടറി
ജി. പുത്തന്‍കുരിശായിരുന്നു മുഖ്യപ്രഭാഷകന്‍.

വൈസ്‌ പ്രസിഡന്റ്‌ ജോളി വില്ലിയുടെ അദ്ധ്യക്ഷതയില്‍ ഈശ്വരപ്രാര്‍ത്ഥനയ്‌ക്കുശേഷം സമ്മേളനം ആരംഭിച്ചു. സ്വാഗത പ്രസംഗത്തില്‍ ജോളി വില്ലി വിഷയത്തെക്കുറിച്ച്‌ ചുരുക്കമായി വിവരിച്ചു. തുടര്‍ന്ന്‌
ജി. പുത്തന്‍കുരിശ്‌ ഹിന്ദുമതസിദ്ധാന്തപ്രകാരം യോഗ നിര്‍ദ്ദേശിക്കുന്ന നാലു മാര്‍ഗ്ഗങ്ങളെക്കുറിച്ച്‌ (ജ്ഞാനം, ഭക്തി, കര്‍മ്മം, രാജ) സുദീര്‍ഘമായ പ്രഭാഷണം നടത്തി.

`നാമെല്ലാം പരമമായ ജ്ഞാനം, ശക്തി, സന്തോഷം, തുടങ്ങി, പല സദ്‌ഗുണങ്ങളുടെ
ഉടമകളാണ്‌. അന്തരംഗത്തിലെ അനന്തതയില്‍ ആണ്ടുകിടക്കുന്ന ഈ സദ്‌ഗുണങ്ങള്‍ യോഗ നിര്‍ദ്ദേശിക്കുന്ന നാലു മാര്‍ഗ്ഗത്തിലൂടെ ഉപയുക്തമാക്കാന്‍ കഴിയുമെന്ന്‌ അദ്ദേഹം വിശദാംശങ്ങളും ഉദാഹരണങ്ങളും നിരത്തി വിശദീകരിച്ചു. ചിലര്‍ അറിയുന്നതിനേയും കേള്‍ക്കുന്നതിനേയും കുറിച്ച്‌ ചിന്തിച്ച്‌ തീരുമാനമെടുക്കുന്നു. ചിലര്‍ വൈകാരിക പ്രകടനങ്ങളിലൂടെ ആദ്ധ്യാത്മികത അനുഭവിക്കുന്നു. ചിലര്‍ ഊര്‍ജ്ജസ്വലരും കര്‍മ്മനിരതരുമായിരിക്കും. ചിലര്‍ പരീക്ഷണങ്ങളിലൂടെയും അനുഭവത്തിലൂടെയും അറിയുന്നു. ഏതുതരത്തിലുള്ളവര്‍ക്കും അനുയോജ്യമാം വിധത്തിലാണ്‌ യോഗ സംവിധാനം ചെയ്‌തിരിക്കുന്നത്‌. യോഗയുടെ പരമമായ ലക്ഷ്യം അന്തരംഗത്തിന്റെ ഉള്‍ത്തടത്തില്‍ ദിവ്യത്വവുമായി ലയിക്കുകയെന്നതാണ്‌. അതിനായി ഉപരിതലങ്ങളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങളെ പ്രാഥമികമായി നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതുണ്ട്‌.'

മറ്റുള്ളവരെ മുറിപ്പെടുത്താതിരിക്കുക, സത്യസന്ധത പുലര്‍ത്തുക, ആത്മസംയമനം പാലിക്കുക, ശുചിത്വം, ആത്മസംതൃപ്‌തി, അച്ചടക്കം, ലക്ഷ്യസ്ഥാനത്ത്‌ എത്താനുള്ള ഇച്ഛ എന്നീ പ്രാഥമികവും ധാര്‍മ്മികവുമായ ചുമതലകളില്‍ അധിഷ്ടിതമായ യോഗയുടെ വ്യത്യസ്‌ത മാര്‍ഗ്ഗങ്ങള്‍ അദ്ദേഹം വിശദീകരിച്ചു.

മുഖ്യപ്രഭാഷണത്തിനു ശേഷം നടന്ന ചര്‍ച്ച വളരെ സജീവമായിരുന്നു. ജോളി വില്ലി, ടി.എന്‍. സാമുവല്‍, ഡോ. മോളി മാത്യു, ജോസഫ്‌ തച്ചാറ, വി.ഒ. വര്‍ഗീസ്‌, സക്കറിയ വില്ലി, ജോണ്‍ കുന്നത്ത്‌. തോമസ്‌ വര്‍ഗ്ഗീസ്‌, മാത്യു വര്‍ക്കി, നൈനാന്‍ മാത്തുള്ള എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. `മെമ്മോറിയല്‍ ഡെ'യെ അനുസ്‌മരിച്ച്‌ ജി. പുത്തന്‍കുരിശ്‌ എഴുതിയ `യോദ്ധാവ്‌' എന്ന കവിതയും സമ്മേളനത്തില്‍ അവതരിപ്പിച്ചു.

കഥാകൃത്തും ലേഖകനുമായ തോമസ്‌ വര്‍ഗ്ഗീസിന്റെ നന്ദി പ്രസംഗത്തോടെ സമ്മേളനം സമാപിച്ചു,മലയാളം സൊസൈറ്റിയെക്കുറിച്ച്‌ വിവരങ്ങള്‍ക്ക്‌: മണ്ണിക്കരോട്ട്‌ (പ്രസിഡന്റ്‌) 281 857 9221, ജോളി വില്ലി (വൈസ്‌ പ്രസിഡന്റ്‌) 281 998 4917, ജി. പുത്തന്‍കുരിശ്‌ (സെക്രട്ടറി) 281 773 1217

മലയാളം സൊസൈറ്റി ഓഫ്‌ അമേരിക്ക: `അന്തരംഗത്തിലെ അനന്തത'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക