Image

കവിയുടെ ഘാതകര്‍ (പഴയ കാല കവിതകള്‍ (1996): സുധീര്‍ പണിക്കവീട്ടില്‍)

Published on 22 August, 2014
കവിയുടെ ഘാതകര്‍ (പഴയ കാല കവിതകള്‍ (1996): സുധീര്‍ പണിക്കവീട്ടില്‍)
കാവ്യാനുരാഗ വിവശനായി, കൈരളി-
ദേവിക്കനുദിനം പൂജ ചെയ്‌തീടിലും
ആരുമറിയാതൊരജ്‌ഞാത കോണിലൊതു-
ങ്ങി കഴിയാന്‍ കൊതിച്ചവനീ കവി

എങ്കിലും ഏതൊ നിയോഗമോ, കര്‍മ്മമോ
എന്റെ കവിതകള്‍ പത്രത്തില്‍ വന്നു പോയി
നാലുപേര്‍ വായനക്കാരില്‍ ചിലരെന്റെ
പേരില്‍ കവി ചേര്‍ത്തു പറയാന്‍ തുടങ്ങവെ
അര്‍ദ്ധവൃദ്ധന്മാര്‍ തമ്മിലന്തിക്കു കൂടുന്ന
സാഹിത്യ വേദിയിലേക്കാമന്ത്രണം കിട്ടി
അവിടെ ആള്‍കൂട്ടത്തിലൊറ്റക്കിരുന്നു ഞാന്‍
സങ്കല്‍പ്പലോകത്തില്‍ സഞ്ചരിച്ചീടവെ
ആരോ പറഞ്ഞെന്നെ കേട്ടറിയുന്നൊരു
ബാലസാഹിത്യപ്രതിഭയെ കണ്ടു ഞാന്‍

`ഹേ കവേ' എന്നെന്നെ സംബോധന ചെയ്‌താ-
സാഹിതീമര്‍മ്മജ്‌ഞന്‍ കുശലം പറയവേ
അതു കേട്ടു പുഛവും, നിന്ദ്യയും തിങ്ങുന്ന
വദനം മറയ്‌ക്കുന്ന കിഴവനെ കണ്ടു ഞാന്‍
കാകനെപോലയാള്‍ ചുറ്റുമിരിക്കുന്ന
കൂട്ടരെ നോക്കി കുശു കുശുത്തീടുന്നു.

കാളകൂടവിഷം ഛര്‍ദ്ദിച്ചു വാസുകി
പാലാഴി മഥനം തടസ്സപ്പെടുത്തുന്നു
ഇല്ല മഹേശ്വരനില്ല പാനം ചെയ്യാന്‍
ആ നീല ബാധ , പടര്‍ന്നു പലരിലും
അല്ലെങ്കില്‍ ശ്രീ പരമേശ്വരന്‍ പോലുമീ
ഭസ്‌മാസുരനെ ഭയന്നു മണ്ടുന്നുവോ?

കിഴവന്റെ കൈമണിയായൊരു കിങ്ങിണി-
കുട്ടനും നാരീ സ്വരത്തില്‍ പറഞ്ഞുപോയ്‌്‌
ഒന്നുമറിയാത്ത നാറിക്കു നിങ്ങളീ
കവിയെന്ന പട്ടം കൊടുക്കുന്നതെങ്ങിനെ?
കിങ്ങിണി കുട്ടന്‍ പറയുന്ന ഭാഷയില്‍
ശുദ്ധിയില്ലാത്ത പദങ്ങള്‍ നിരന്തരം
കിഴവനും കിങ്ങിണികുട്ടനുംകൂടി
പറയുന്നതേറ്റു പറയുന്നു ആളുകള്‍

സ്വന്തമായി ചിന്തിച്ചിടാത്ത ജനത്തിനോ
ടൊപ്പം കഴിയുന്നതസ്വസ്‌ഥമാകയാല്‍
കവിയെഴുന്നേറ്റു പിരിഞ്ഞു സദസ്സിനെ
കവിതയെഴുത്തും മുടക്കി കളഞ്ഞുപോല്‍.

ശുഭം
കവിയുടെ ഘാതകര്‍ (പഴയ കാല കവിതകള്‍ (1996): സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
വിദ്യാധരൻ 2014-08-22 19:06:53
പതിനെട്ടു വർഷത്തിനു ശേഷവും മങ്ങാതെ നില്ക്കുന്ന കാവ്യ സൗന്ദര്യം. ചില കവിത വായിക്കുമ്പോൾ നമ്മൾക്കും തോന്നും അതുപോലെ എഴുതാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്. കവിതയുടെ ആശയത്തിന് സമകാലീന പ്രാധാന്യവും ഉണ്ട്. കുറ്റം പറയുന്ന കിഴവ്ൻ , നാരി സ്വരത്തിൽ കവി നാറിയാണെന്ന് പറയുന്ന കിങ്ങിണി കുട്ടൻ അത് ഏറ്റു പറയുന്ന ജനം എല്ലാം ഈ കാലഘട്ടത്തിലെ വായിക്കാതെ അഭിപ്രായം പറയുന്നവരുടെ പ്ര തിനിധികളാണ്. കവിത വായിച്ചുകഴിയുമ്പോൾ ഒരു ഊറിയ പുഞ്ചിരി ചുണ്ടിൽ വിടരുന്നു. ശ്രീ. സുധീർ പണിക്കവീട്ടിലിനു അഭിനന്ദനം.
ജി. പുത്തൻകുരിശു 2014-08-23 15:55:48
വിദ്യാധരൻ പറഞ്ഞത്പോലെ 1996 -ൽ എഴുതിയതെങ്കിലും വിഷയംകൊണ്ട് സമകാലികപ്രസക്തമാണ്. തന്റെ ഉള്ളിൽ കുമിഞ്ഞു കൂടിയ ആശയത്തിന് കാവ്യരൂപം നല്കി പ്രസിദ്ധികരിചെങ്കിലും, അത് ജനം വായിക്കുമെന്നോ കവിയെന്ന പേരിൽ താൻ വിളിക്കപ്പെടുമോ എന്നൊന്നും താൻ കരുതിയില്ല. അസൂയ ഇല്ലാത്ത സഹൃദയർ എന്നും കവികളെയും സാഹിത്യകാരന്മാരെയും ബഹുമാനിക്കുകയൂം ആദരിക്കുകയും ചെയ്തിരുന്നു. എന്നാൽ കവിതയെക്കാളും അവാർഡുകൾക്ക് മുൻതൂക്കം വർദ്ധിച്ചപ്പോൾ പല നല്ല കവികളും എഴുത്തുകാരും പിന്നിലേക്ക്‌ ഒതുങ്ങികൂടാൻ ഇടയായി. ഒരു കവിക്കോ എഴുത്തുകാരനോ എഴുതുവാൻ കഴിവുണ്ടായാൽ മാത്രം പോര കച്ചവടത്തിന്റെ ചില വശങ്ങളും അറിഞ്ഞിരിക്കണം എന്നായി. ഇതെല്ലാം സാമൂഹ്യ നന്മയെ ലാക്കാക്കി സാഹിത്യ സൃഷ്ടി നടത്തുന്നവരെ സംബന്ധിച്ചടത്തോളം വളരെ മാനസീക സംഘർഷം ഉണ്ടാക്കുന്ന ഒന്നാണ്. കവി രണ്ടു കൂട്ടരേ ഇവിടെ കവിതയിലൂടെ അവധരിപ്പിചിരിക്കുന്നു. 1) ആത്മാർഥ മായി കവിയെന്നു വിളിക്കുന്ന വായനക്കാർ 2 ) നിന്ദയും അവന്ജയും കൊണ്ട് കാക്ക നോട്ടത്തോടെ ഏതു കവി, എന്ത് കവിയെന്നു കുശുകുശുക്കുന്ന കിളവൻ. മേൽപ്പറഞ്ഞവർ എല്ലാ കാലഘട്ടത്തിലും ഉണ്ടാകും. പക്ഷെ അത്തരക്കാരെ ഭയന്ന് നൈസർഗികമായ കവിത എഴുതാൻ വാസനയുള്ളവർ കവിത എഴുത്ത് നിറുത്തുന്നതിനോട് യോചിക്കാൻ എനിക്ക് കഴിയില്ല. കാരണം കവിത എഴുതിയിരിക്കുന്ന കവിയുടെ (സുധീറിന്റെ) എഴുതുവാനുള്ള വാസന ഈ കവിതയിൽ പ്രകടമാണ്. ആശയം, ഭാഷ, കവിതയുടെ വൈകാരിക ഭാവത്തെ ഉൾക്കൊണ്ട്‌ ആലപിക്കാവുന്ന ശൈലി ഇവയാൽ കവിത സുന്ദരമായിരിക്കുന്നു. സുധീർ പണിക്കവീട്ടിലിന് കാവ്യദയുടെ കടാക്ഷം എപ്പോഴും ഉണ്ടായിരിക്കട്ടെ എന്നാശംസിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക