Image

ലഹരി, ലഹരി, ലഹരി (സുധീര്‍ പണിക്കവീട്ടില്‍)

Published on 23 August, 2014
ലഹരി, ലഹരി, ലഹരി (സുധീര്‍ പണിക്കവീട്ടില്‍)
(കേരളത്തിലെ മദ്യനിരോധനം ഒരു രാഷ്‌ട്രീയ പ്രഹസനം)

എന്തിനോടെങ്കിലും ലഹരിയില്ലങ്കില്‍ പിന്നെ ഈ ജീവിതം എന്തിനു. ഈ ലേഖകനു ലഹരി അക്ഷരങ്ങളും സുന്ദരിമാരുമാണ്‌. കൂട്ടുകാരില്‍ ചിലര്‍ക്ക്‌ ജോണിവാക്കാറാണ്‌, മുന്തിയതരം വീഞ്ഞാണ്‌, പണമാണ്‌, പന്തയങ്ങളു, ചൂതുകളികളുമാണ്‌. ചിലര്‍ക്ക്‌ ലഹരി ഭക്‌തിയാണ്‌, കൂടുതലും കപട ഭക്‌തി.മദ്യവും മദിരാക്ഷിയും എന്നും പുരുഷധമനികളെ ലഹരിപിടിപ്പിച്ചിട്ടുണ്ട്‌. ഒരു ഹിന്ദി ഗാനം ഓര്‍മ്മ വരുന്നു. അതിലെ ചിലവരികള്‍ വായനക്കാര്‍ക്ക്‌ വേണ്ടി പരിഭാഷ ചെയ്യട്ടെ. മൃദുലമായ നിന്റെ ചുണ്ടുകളില്‍ ഇത്‌ (വീഞ്ഞ്‌) മുട്ടിക്കു, ഇത്‌ വേറെയൊന്നുമല്ല. ഇത്‌ പ്രക്രുതിയുടെ സമ്മാനങ്ങളില്‍ ഏറ്റവും സുന്ദരമായതാണ്‌. യൗവ്വനത്തിന്റെ വര്‍ണ്ണശബളമായ ഈ നിമിഷങ്ങളെ ലജ്‌ജകൊണ്ട്‌ നഷ്‌ടപ്പെടുത്തികളയല്ലേ. എല്ലാനല്ല കാര്യങ്ങളും ചീത്തയാണെന്നു സ്‌ഥാപിക്കുക ലോകത്തിന്റെ എന്നുമൂള്ള ഒരു സ്വഭാവമാണ്‌.പേരുദോഷം ഉണ്ടാക്കുന്നവനെങ്കിലും അനുഗ്രഹിക്കപ്പെട്ടവനായി ഇവനെ കയ്യിലെടുക്കുക, കുടിക്കുക. മധുശാലകളില്‍ ദുഖങ്ങളെ ഒഴുക്കികളയുന്നവരെ വെറുതെവിടുന്നത്‌ നല്ലത്‌. അവര്‍ സമൂഹത്തിനുദ്രോഹമൊന്നും ചെയ്യുന്നില്ലെങ്കില്‍. അല്ലെങ്കിലും മദ്യത്തെ സ്‌നേഹിക്കുന്നവന്‍ മറ്റുള്ളവര്‍ക്ക്‌ അപകടകാരിയല്ല. അവര്‍ക്ക്‌ ലഹരിനല്‍കുന്ന ക്ഷണികമായ ലോകത്തില്‍ അനുഭൂതി ഉള്‍കൊണ്ട്‌ കഴിയുന്നു. ഏതോ ഒരു എഴുത്തുകാരന്‍ അതുകൊണ്ടാണ്‌ മധുപാനത്തെ കുറിച്ച്‌ ഇങ്ങനെ എഴുതിവച്ചത്‌ `കണ്ണുനീരിന്റെ താഴ്‌വരകളില്‍ നിന്ന്‌ സുഖമുള്ള ഒരു മറവി' എന്ന്‌.

ജീവിത നൈരാശ്യം കൊണ്ട്‌ കുടിക്കുന്നവര്‍, രോഗത്തിന്റെ വേദനയില്‍നിന്നും രക്ഷപ്പെടാന്‍ കുടിക്കുന്നവര്‍, വെറുതെ ഒരു രസത്തിനുവേണ്ടി കുടിക്കുന്നവര്‍, പണവും പ്രതാപവും പ്രകടിപ്പിക്കാന്‍ കുടിക്കുന്നവര്‍, എന്തെങ്കിലും ക്രൂരക്രുത്യം ചെയ്യാന്‍ കുടിക്കുന്നവര്‍ അങ്ങനെ പല ജാതി കുടിയന്മാര്‍ ഉണ്ട്‌. ഇവരില്‍ അവസാനം പറഞ്ഞവര്‍ അപകടകാരികളാണ്‌. എന്നാല്‍ അവര്‍ക്ക്‌ വേണ്ടി എന്തിനാണ്‌ `മനുഷ്യന്‍ മൂകനായിരിക്കുന്നത്‌ കണ്ട്‌ `അവനു പ്രക്രുതിസ്‌നേഹത്താടെ സമ്മാനിച്ച ഈ ദ്രാക്ഷാമാധൂരി നിഷേധിക്കുന്നത്‌'. മുന്തിരിവിളവിന്റേയും, മുന്തിരിച്ചാറിന്റെയും, മതപരമായ ഉല്ലാസ ചടങ്ങകളുടേയും, ആചാരഉന്മത്തതയുടേയും ദേവനായി ഡയോനിസിനെ ഗ്രീക്കുകാരും റോമന്‍കാരും ആരാധിച്ചിരുന്നു.പണ്ട്‌ കാലം മുതലേലഹരിമനുഷ്യന്റെബലഹീനതയായിരുന്നു.നിമിഷാര്‍ദ്ധമെങ്കിലും അത്‌നല്‍കുന്ന അനുഭൂതി അവനെ അടിമയാക്കിയിരുന്നു. ലോകത്തിലെ എല്ലാപുരാണങ്ങളിലും മനുഷ്യന്‍ മധു നുകര്‍ന്നിരുന്ന കഥകള്‍ ഉണ്ട്‌. പെണ്ണുങ്ങള്‍ ഇതില്‍ കടന്നു കൂടിയത്‌ അവരുടെ ചുണ്ടുകളില്‍ ദൈവം അമൃത്‌ പുരട്ടിയത്‌കൊണ്ടായിരിക്കും. ലഹരി വേണമെന്നുള്ളപ്പോള്‍ കള്ളിന്റെ പുറകെ പോകാതെ കന്യകമാരുടെ അല്ലെങ്കില്‍ സ്‌ത്രീയുടെ ചുണ്ടുകള്‍ തേടുന്നത്‌ നല്ലതായിരിക്കും. സ്വന്തമായി അങ്ങനെ `പെണ്‍ ചുണ്ടുകള്‍' നേടാത്തവര്‍ പെണ്ണിന്റെ ചുണ്ടും തേടിപോകുന്നത്‌ അനാശസ്യമായിതീരുന്നത്‌കൊണ്ട്‌ മര്യാദക്കാര്‍ തല്‍ക്കാലം ഷാപ്പില്‍ കയറി കള്ളും, കപ്പയും മീനും കഴിച്ച്‌ സുഖമായി പാട്ടും പാടിവീട്ടില്‍ പോകുന്നു.ചിലര്‍ അവരുടെ ബാല്യ കാലങ്ങള്‍ ഓര്‍മ്മിച്ച്‌ നാലു കാലില്‍പോകുന്നു, ചിലര്‍ അവരെ ഈ നരകത്തിലേക്ക്‌ തള്ളിയിടാന്‍ കാരണക്കാരനായ പാമ്പിനെപോലെ ഇഴഞ്ഞ്‌ പോകുന്നു.പാമ്പ്‌ മനുഷ്യന്റെ സന്തത സഹചാരിയാണ്‌. സ്‌കാന്‍ഡിനേവിയന്‍ പുരാണങ്ങളില്‍ കള്ളടിച്ച്‌ ബഹളം കൂട്ടിയ ഒരുവനെ നഗ്നനാക്കി അവന്റെ മേല്‍ ഒരു ഇരിപ്പടം ഉണ്ടാക്കി വിഷം ചൊരിയുന്ന ഒരു പാമ്പിനെ സ്‌ഥാപിച്ചു. ആ പാവം മനുഷ്യന്റെ ഭാര്യ ഒരു പാത്രത്തില്‍ പാമ്പ്‌ ഒഴുക്കുന്ന വിഷം ശേഖരിച്ച്‌ ഭര്‍ത്താവിന്റെ മേല്‍വീഴാതെ സൂക്ഷിച്ചു. എന്നാല്‍ ആ പാത്രം നിറയുമ്പോള്‍ അവര്‍ക്ക്‌ അത്‌ ഒഴിച്ച്‌ കളയണമായിരുന്നു. ആ നിമിഷം വിഷം കുറേശ്ശെ ആ മനുഷ്യന്റെ മേല്‍വീഴും. കഷ്‌ടം ഇന്നും ഭാര്യമാര്‍ക്ക്‌ ഭര്‍ത്താവ്‌ വാളു വക്കുന്നത്‌ കോരാനുള്ള ദുര്‍വ്വിധി.

മധുപാനം വളരെ സന്തോഷത്തോടെ മനുഷ്യരും ദേവന്മാരും കൊണ്ടാടിയ ഒരു വിനോദമാണ്‌. ഒരു കഷണം അപ്പവും, ഒരു തുടം വീഞ്ഞും, പാടാന്‍ അരികില്‍ ഒരു സുന്ദരിയും ഏത്‌ വന്യ വിജനതയേയും പറുദീസയാക്കുമെന്ന്‌ ഒരു കവിപാടിയിട്ടുണ്ട്‌. സ്‌കാന്‍ഡിനേവിയന്‍ പുരാണങ്ങളിലേക്ക്‌ വീണ്ടും എത്തിനോക്കുക. അതിലൊന്നില്‍ ശൈത്യകാലങ്ങളില്‍ ബീര്‍വാറ്റിയെടുത്ത്‌ വിശിഷ്‌ടാതിഥികളെ വിളിച്ചു വരുത്തി ഒരു വിരുന്ന്‌ നടത്തുന്ന ഏര്‍പ്പാടുണ്ടായിരുന്നു. അത്തരം വിരുന്നില്‍ അതിഥികള്‍ ഒരുമിച്ച്‌ കൂടുന്ന മുറിയില്‍ വിളക്കുകള്‍ കത്തിച്ച്‌ വച്ചിരുന്നില്ല. അവിടെ തറയില്‍സ്വര്‍ണ്ണനാണ്യങ്ങള്‍ വിതറിയിടുമായിരുന്നു. അതില്‍നിന്നും ഒളിമിന്നുന്ന കാന്തിയില്‍ മുറിയാകെ പ്രകാശം പരന്നിരുന്നു. അതിഥികള്‍ക്ക്‌ കുടിക്കാന്‍ മാന്ത്രിക ചഷകങ്ങള്‍ നല്‍കിയിരുന്നു. ഒഴിയുമ്പോള്‍ തന്നത്താന്‍ അത്തരം ചഷകങ്ങളില്‍ ബീര്‍നിറഞ്ഞ്‌ കൊണ്ടിരിക്കും. വിശ്വസ്‌തരായ ഭ്രുത്യന്മാര്‍ അവര്‍ക്കെല്ലാം ആഹാരം വിളമ്പിയിരുന്നു. ഇത്തരം ആഘോഷങ്ങളില്‍ ദേവലോകത്ത്‌ നിന്നും ദേവന്മര്‍ ഇറങ്ങിവന്ന്‌ മനുഷ്യര്‍ക്കൊപ്പം ബീര്‍ കുടിച്ചിരുന്നു. അങ്ങനെ ഒരു വിരുന്ന്‌ ആഘോഷവേളയില്‍ കുടിച്ച്‌ പൂക്കുറ്റിയായരണ്ടാളുകള്‍ ഭ്രുത്യന്മാരെ പുകഴ്‌ത്തിസംസാരിച്ചു. അത്‌ ഒരു കുബേരദൈവത്തിന്റെ മകനുരസിച്ചില്ല. അയാള്‍ പ്രശംസ ചൊരിഞ്ഞവരില്‍ ഒരുവനെ കൊന്നു. അന്ന്‌ തുടങ്ങി ലഹരി മൂക്കുമ്പോള്‍ മനുഷ്യര്‍ സമനില വിടുകയും കുഴപ്പങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന പുലിവാലുകള്‍..

മദ്യം എന്നുമുതലാണ്‌ ചീത്തയായതും വിഷമായതും.രാഷ്‌ട്രീയം ഇടപെട്ടപ്പോള്‍. കള്ളിമുണ്ടുടുത്ത സുന്ദരിമാര്‍ `ഓമല്‍ കൈവള കിലുക്കുമാറ്‌ ( ഒപ്പം മാറും കിലുക്കി) കക്കയിറച്ചിയും, കരിമീനും കള്ളും വിളമ്പികൊടുത്തത്‌ കുടിച്ച്‌ ആനന്ദലബ്‌ധിക്കിനിയെന്തുവേണമെന്ന്‌ പാടി നടന്ന ഒരു കാലം കേരളീയനുണ്ടായിരുന്നു. അന്നവര്‍ ജീവിതം ആഘോഷമാക്കി.പിന്നെ കാലം ചെല്ലുന്തോറും വിലക്കുകളും, നിരോധനങ്ങളും വന്നപ്പോള്‍ മദ്യം വിഷമായിതുടങ്ങി. എട്ടുകാലിയും, തേളും, ബാറ്ററിയുമൊക്കെ കൂട്ടി കലര്‍ത്തി ഊറ്റിയെടുത്ത രാസപാനീയങ്ങളില്‍ പാവം കേരളീയന്റെ കണ്ണും കരളും ഉരുകിപോയി. തെങ്ങോലകള്‍ കാറ്റില്‍പറത്തി നീണ്ടുനിവര്‍ന്നു നിന്ന കല്‍പ്പക വ്രുക്ഷങ്ങള്‍ പകര്‍ന്ന മര നീരാഹാരം അന്തിയാവോളം പണിയെടുക്കുന്നവനു താങ്ങും തണലുമായിരുന്നു. മദ്യം ഉപയോഗിച്ചാല്‍ അക്രമം പ്രവര്‍ത്തിക്കുമെന്ന ഒരു ഓല പാമ്പിനെ കാട്ടി മുഴുവന്‍ ജനങ്ങളേയും കബളിപ്പിക്കയാണ്‌ സര്‍ക്കാര്‍ ചെയ്യുന്നത്‌. അതുകൊണ്ട്‌ ദോഷമല്ലാതെ ഗുണമുണ്ടാകാന്‍പോകുന്നില്ല. ലഹരിക്ക്‌വേണ്ടിയുള്ള മനുഷ്യന്റെകൊതി പണ്ടുമുതലേ ഉണ്ടായിരുന്നു. മദ്യലഹരികൊണ്ട്‌ കലഹങ്ങളും ഉണ്ടായിരുന്നു. അന്ന്‌ പുരുഷന്മാര്‍ മാത്രമല്ല കുടിച്ചിരുന്നത്‌ സ്‌ത്രീകളും കുടിച്ചിരുന്നു. യമുനനദിയുടെ തീരത്തുവെച്ച്‌ കൃഷ്‌ണനും, അര്‍ജുനനും മധുപാനം നടത്തിയപ്പോള്‍ ദ്രൗപതിയും, സുഭദ്രയും അവരുടെ തോഴിമാരും ഈ സുധാരസം കോരികോരി കുടിച്ചതായി കാണുന്നു. കൃഷ്‌ണന്റെ സഹോദരന്‍ ബലരാമന്‍ ഭാര്യ രേവതിയുടെ കരിമഷിയെഴുതിയ കണ്ണുകള്‍ പതിഞ്ഞ മദിര ആവോളം കുടിച്ചാനന്ദിക്കുന്നതായും എഴുതിവച്ചിട്ടുണ്ട്‌. മനുസ്‌മൃതികള്‍വന്നപ്പോള്‍ സ്‌ത്രീകള്‍ക്ക്‌ കുടിക്കാനുള്ള സ്വാതന്ത്ര്യം എടുത്ത്‌ കളഞ്ഞിരുന്നു. കൂടാതെ ഈ നിയന്ത്രണം ചില ജാതികള്‍ക്കും വന്നു. ബ്രാഹ്‌മണനു മദ്യം കുടിക്കാനോ അതെക്കുറിച്ച്‌ ചിന്തിക്കാനോ അവകാശമുണ്ടായിരുന്നില്ല.പുരാതന ഭാരതത്തില്‍ മദ്യത്തിനെ പല പേരുകള്‍കൊണ്ട്‌ സമ്പന്നമാക്കിയിരുന്നു. അവ ആസവം, മധു, മദിര, സുര, സോമ, വരുണി, കാദംബരി എന്നിവയായിരുന്നു. സിന്ധുനദിതട സംസ്‌കാരത്തിന്റെ അവശിഷ്‌ടങ്ങളില്‍ കാണുന്നത ്‌നെല്ല്‌, ഗോതമ്പ്‌, കരിമ്പ്‌,മുന്തിരി, മറ്റു പഴ വര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ നിന്നും വാറ്റിയെടുത്തസുര എന്ന ലഹരി അവര്‍ ആസ്വദിച്ചിരുന്നതാണ്‌. വാറ്റ്‌ മദ്യത്തിന്റെ ഗുണങ്ങളേയും അതേസമയം അമിതലഹരിയുടെ ദോഷങ്ങളേയും കുറിച്ച്‌്‌ ആയുര്‍വ്വേദം പഠിപ്പിക്കുന്നുണ്ട്‌.

പണക്കാരനുമാത്രം കുടിക്കാന്‍ സൗകര്യമുണ്ടാക്കികൊടുക്കുക എന്ന ഇപ്പോഴത്തെ സര്‍ക്കാര്‍ നയം ശരിയല്ല. ഒന്നുകില്‍ പൂര്‍ണ്ണ മദ്യനിരോധനം അല്ലെങ്കില്‍ എല്ലായിടത്തും യഥേഷ്‌ടം മദ്യം ലഭിക്കുന്നസംവിധാനം. അല്ലാതെ തങ്ങളുടെ കീശയില്‍ കാശ്‌ വീഴുന്നിടം മദ്യം ലഭിക്കുന്ന സ്‌ഥലം എന്ന പ്രമാണം സ്വതന്ത്ര ഭാരതം എന്ന്‌ അവകാശപ്പേടുന്നവര്‍ക്ക്‌ ലജ്‌ജാകരമാണ്‌. മദ്യം മനുഷ്യനു ഓര്‍മ്മ വച്ച നാള്‍ മുതല്‍ ഉണ്ടായിരുന്നു. ഉണ്ടാകും.കേരളത്തില്‍ മാത്രം സര്‍ക്കാര്‍ സീറ്റില്‍ ഇരിക്കുന്നവര്‍ക്ക്‌ പൊതുജനത്തിന്റെ ആരോഗ്യത്തിലും കുടുംബക്ഷേമത്തിലും ഇത്രമാത്രം ശുഷ്‌ക്കാന്തി എന്തിനെന്നറിയില്ല. മനുഷ്യ ജീവിതം സുഗമമാക്കാന്‍ വേറെ എത്രയോ മാര്‍ഗ്ഗങ്ങള്‍ കിടക്കുന്നു. അതിലൊന്നും ശ്രദ്ധിക്കാതെ സാധാരണക്കാരന്റെ വായില്‍ മണ്ണിടുന്ന ഈ നിയമം രാഷ്‌ട്രീയക്കാരന്റെ കീശവീര്‍പ്പിക്കാനുള്ളവെറും ചെപ്പടിവിദ്യമാത്രം.

അമിതമായിമദ്യം ഉപയോഗിക്കുന്നവര്‍ ഉപയോഗിച്ചുകൊണ്ടേ ഇരിക്കും.കിട്ടാനില്ലെങ്കില്‍ അവര്‍ സ്വയം വാറ്റിയെടുക്കും.അത്‌ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക്‌ വഴിയൊരുക്കും.ഏതായാലും ഈ നിയമം കൊണ്ട്‌ നിയമപാലകന്മാര്‍ ധനികരാകും. കുറേമനുഷ്യരുടെ ജീവിതം ദുസ്സഹമാകും .ഓരോ ബാറുകള്‍ പൂട്ടുമ്പോഴും എത്രയോ പേരുടെ ജോലി നഷ്‌ടപ്പെടുന്നു.എത്രയോ കുടുംബങ്ങള്‍ പട്ടിണിയിലാകുന്നു.ആരുണ്ടിവിടെ ചോദിക്കാന്‍? ബ്രിട്ടീഷുകാരില്‍നിന്നും നമ്മള്‍ നാടന്‍ സായിപ്പന്മാരുടെ അടിമകളായി. ഒരിക്കലും മോചനം ലഭിക്കാത്ത പാവം അടിമകള്‍.

ശ്രീതമ്പി ആന്റണി അദ്ദേഹത്തിന്റെ ലേഖനത്തില്‍പറഞ്ഞിരിക്കുന്ന പോലെ മദ്യപാനത്തിന്റെ ദൂഷ്യഫലങ്ങളെകുറിച്ച്‌ മനുഷ്യരെബോധവാന്മാരാക്കുകയാണ്‌ ചെയ്യേണ്ടത്‌. അല്ലാതെ ഒരു സുപ്രഭാതത്തില്‍ മദ്യഷാപ്പുകള്‍ അടച്ചാലൊന്നും ജനം കുടിക്കാതിരിക്കയില്ല. കുടുംബ കലഹങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പോകുന്നില്ല. എന്നാല്‍ കൈക്കൂലി എന്ന മദ്യം അധികാരകസേരയിലിരിക്കുന്നവന്റെ കീശയില്‍ തുള്ളിതുളുമ്പും.

ശുഭം.
ലഹരി, ലഹരി, ലഹരി (സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക