Image

ലത്തീന്‍ സീറോ മലബാര്‍ റീത്ത് വിദ്വേഷം

ചാക്കോ കളരിക്കല്‍ Published on 27 August, 2014
ലത്തീന്‍ സീറോ മലബാര്‍ റീത്ത് വിദ്വേഷം
ഡോ. ജെയിംസ് കോട്ടൂരിന്റെ 'Divisive Rite - Issue (Syro - Latin ) Explodes in Delhi' എന്ന ലേഖനം കാലികവും വളരെ പ്രസക്തവുമാണ്. അത് സഭാനവീകരണ ആശയവുമായി യോജിച്ചുപോകുകയും ചെയ്യുന്ന ഒരു വിഷയമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മതപരമായ അധിനിവേശം നിര്‍ബാധം തുടരാന്‍ സിറോ മലബാര്‍ സഭാധികാരികള്‍ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കയാണന്നകാര്യം ഒരു വിശ്വാസിയെ അലട്ടുമെന്ന് തീര്‍ച്ചയാണ്. മത അധിനിവേശത്തെ തടയാന്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും പഠനങ്ങളും ഇന്ന് ആവശ്യമായി വന്നിരിക്കുകയാണ്.

ദൈവം തന്നിരിക്കുന്ന അധികാരം അല്മായരെ അടക്കിഭരിക്കാനാണെന്ന് മെത്രാന്റെ ബുദ്ധി മെത്രാനെത്തന്നെ പറഞ്ഞ് പഠിപ്പിക്കുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സഭയെന്നു പറയുന്നത് ദൈവജനത്തിന്റെ കൂട്ടായ്മയാണന്നും എല്ലാവരും ഒത്തുചേര്‍ന്ന് ഏകമനസ്‌ക്കരായി (അപ്പോ. 1:14) സഭാതീരുമാനങ്ങളില്‍ പങ്കാളികളാകേണ്ടത് അനിവാര്യമാണന്നും അല്‌മേനികള്‍ സഭാശ്രേഷ്ഠരെ പറഞ്ഞ് മനസ്സിലാക്കികൊടുക്കേണ്ട അവസ്ഥയാണിന്നുള്ളത്. ഓരോ വിശ്വാസിയുടെയും സ്വാതന്ത്ര്യം പവിത്രമായ ഒരു നിക്ഷേപമാണ്. ആ സ്വാതന്ത്ര്യത്തെ കാത്തുസൂക്ഷിക്കാന്‍ ത്യാഗങ്ങള്‍ സഹിക്കേണ്ടിവരും. അത് ദൈവീകമാണ്. അതിന് ഉദാഹരണമാണ് പലസ്തീനയില്‍ ജനിച്ചുവളര്‍ന്ന് സ്വാതന്ത്ര്യത്തിനുവേണ്ടി കുരിശുമരണം വരെ സഹിച്ച യേശുവിന്റെ ജീവിതകഥ. പൌരോഹിത്യ ഗര്‍വിന്റെ സന്തതിയായ ആദ്ധ്യാത്മിക ദുഷ്പ്രഭുത്വം യഹൂദ ജനതയെ പീഡിപ്പിച്ചപ്പോള്‍ അവരുടെ രക്ഷയ്ക്കായിട്ടാണ് യേശു അവതരിച്ചത്. യേശു അവരുടെ വഴിയും സത്യവും ജീവനും ആയിരുന്നു (യോഹ. 14: 16). യേശു അവര്‍ക്ക് സിദ്ധാന്തപരമായ ഒരു സത്യമായിരുന്നില്ല; മറിച്ച്, ജീവിതമാതൃക കാണിച്ചുകൊടുത്ത പച്ചമനുഷനായിരുന്നു. സത്യത്തിലേക്കും ജീവനിലേക്കും വഴികാണിച്ചുകൊടുത്ത ഗുരുവായിരുന്നു, യേശു.

ഈ സദ്ഗുരുവി ന്റെ നാമം ഉപയോഗിച്ചുകൊണ്ട് വിശ്വാസികളെ മുഴുവന്‍ ആത്മീയമായി പറ്റിക്കുന്ന പ്രസ്ഥാനമാണ് പള്ളിയെന്ന് പള്ളിയിലിരിക്കുന്നവര്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. പള്ളിയധികാരികളുടെ ചൂഷണമാണ് മതപരമായ അധിനിവേശമെന്ന് കല്ല്യാന്‍കാരും ഫരിദാബാദുകാരും അമേരിക്കക്കാരും ആസ്‌ട്രേലിയാക്കാരും യൂറോപ്പി ല്‍ താമസിക്കുന്നവരുമെല്ലാം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. സുഖജീവിതത്തി ല്‍ മുഴുകിക്കഴിയുന്ന സഭാധികാരികള്‍ തങ്ങളുടെ സാമ്രാജ്യം പരത്താന്‍ തുനിയുന്നതില്‍ അത്ഭുതപ്പെടാനില്ല. ലത്തീന്‍സഭ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രൂപതകളും മെത്രാന്മാരുമുള്ളത് സീറോ മലബാര്‍ സഭക്കാണ്. ലത്തീന്‍സഭയുടെ തലസ്ഥാനമായ വത്തിക്കാന് സമാന്തരമായി ഒരു 'കുട്ടിവത്തിക്കാ'നെ സൃഷ്ടിക്കാനായിരുന്നല്ലോ റോമില്‍ സീറോ മലബാര്‍ ആസ്ഥാനം വാങ്ങിക്കാന്‍ മാര് ആലഞ്ചേരി പ്ലാനിട്ടത്. ഒരു മെത്രാപ്പോലീത്തയെയോ കര്‍ദിനാളിനെത്തന്നെയോ അവിടെ കുടിയിരുത്തി സീറോ മലബാര്‍ സഭയുടെ പ്രതാപവും ശക്തിയും വര്‍ദ്ധിപ്പിക്കാനും ലോകരെ കാണിക്കാനും അത് കാരണമായേനെ. ആ പദ്ധതി ചീറ്റിപ്പോയ ലക്ഷണമാണ് കാണുന്നത്.

സീറോ മലബാര്‍ സഭാധികാരികളുടെ നിയന്ത്രണം തെറ്റിയ ലത്തീന്‍ വിദ്വേഷത്തെ സംബന്ധിച്ച് ചിന്തിക്കുമ്പോള്‍ വളരെ പ്രസക്തമായ പല കാര്യങ്ങളും നമ്മുടെ മനസ്സില്‍ പൊന്തിവരും. 1962ലാണ് കേരളത്തിനു വെളിയില്‍ സീറോ മലബാര്‍ സഭയ്ക്ക് ആദ്യമായി ചാന്ദാ മിഷന്‍ ലഭിക്കുന്നത്, അത് ലോകം മുഴുവന്‍ സീറോ മലബാര്‍ വളര്‍ത്താനുള്ള ആദ്യ ചവിട്ടുപടിയായിത്തീര്‍ന്നിരിക്കുന്നു. രൂപതകളുടെയും മെത്രാന്മാരുടെയും എണ്ണമാണ് സഭയുടെ വളര്‍ച്ചയായി ഇന്ന് കാണപ്പെടുന്നത്: മറിച്ച്, വിശ്വാസികളുടെ ആദ്ധ്യാത്മീക വളര്‍ച്ചയല്ല! (ഷിക്കാഗോയില്‍ പുതിയ ഒരു മെത്രാനെ വാഴിക്കുന്നതിന് മൂന്നുലക്ഷം ഡോളറാണ് ചിലവഴിക്കുന്നതെന്നുകേട്ടു. അതിനും അല്‌മേനി അദ്വാനിച്ച് പണമുണ്ടാക്കണം).

1950കള്‍ തുടങ്ങി സീറോ മലബാര്‍ സഭയിലെ ആയിരക്കണക്കിന് യുവതീയുവാക്കന്മാര്‍ കന്യസ്ത്രികളാകാനും വൈദികരാകാനും ലത്തീന്‍ രൂപതകളില്‍ ചേരാന്‍ തുടങ്ങി. ഇന്ന് ഇന്ത്യയിലെ എല്ലാ ലത്തീന്‍ രൂപതകളിലും ലത്തീന്‍ സന്യാസ ആശ്രമങ്ങളിലും നമ്മുടെ കന്യസ്ത്രികളും വൈദികരും സേവനം ചെയ്യുന്നുണ്ട്. ലത്തീന്‍ സഭയില്‍ കന്യസ്ത്രികളാകാനും വൈദികരാകാനും തടസ്സങ്ങള്‍ ഒന്നുമില്ല. ഒരു പെണ്ണിനേയോ ചെറുക്കനേയോ ലത്തീന്‍ പള്ളിയില്‍ കേട്ടിക്കുന്നതാണ് പ്രശ്‌നം. ഒരു കുടുംബം ലത്തീന്‍ ഇടവകയില്‍ അംഗത്വമെടുക്കുന്നതാണ് പ്രശ്‌നം. ലത്തീന്‍ പള്ളിക്കുവേണ്ടി പട്ടമേല്‍ക്കാം. എന്നാല്‍ ലത്തീന്‍ പള്ളിയില്‍ കെട്ടാന്‍ പാടില്ല. ഇത് അല്മായരോട് കാണിക്കുന്ന വിവേചനമല്ലേ? സഭാനിയമങ്ങള്‍ മെത്രാന്മാരുടെ ഇഷ്ടംപോലെ വളച്ചൊടിക്കാമെന്നല്ലേ ഇതിനര്‍ത്ഥം? ലത്തീന്‍ സഭയില്‍ ചേരുന്ന കന്യസ്ത്രികള്‍ക്കും വൈദികര്‍ക്കും മാര്‍തോമായുടെ പൈതൃകം വേണ്ടേ? അവരതില്‍ ജീവിക്കണ്ടേ?

ഒരു ശെമാശന് ലത്തീന്‍ രൂപതയില്‍ പട്ടമേല്ക്കുന്നതിനുമുന്‍പ് അയാളുടെ സീറോ മലബാര്‍ ഇടവകപള്ളിയിലെ വികാരിയുടെ കുറിവാങ്ങി പട്ടം നല്കുന്ന മെത്രാനെ കാണിച്ച് ബോധ്യപ്പെടുത്തിയശേഷമാണോ ആ മെത്രാന്‍ പട്ടം നല്കുന്നത്. പണ്ടുകാലത്ത് പള്ളിപോതുയോഗമായിരുന്നു ശെമാശന്‍ പട്ടമേല്‍ക്കാന്‍ യോഗ്യനാണോ എന്ന് തീരുമാനിച്ചിരുന്നത്. പൊതുയോഗം നല്കുന്ന കുറിയുടെ പേരായിരുന്നു ദേശക്കുറി. നിത്യവ്രതവാഗ്ദാനത്തിനുമുന്‍പ് ഒരു കന്യാസ്ത്രി താന്‍ ജനിച്ചുവളര്‍ന്ന സീറോ മലബാര്‍ ഇടവകയിലെ വികാരിയുടെ കുറിവാങ്ങി വൃതവാഗ്ദാനം സ്വീകരിക്കുന്ന സഭാധികാരിക്ക് നല്കുന്നുണ്ടോ? പെണ്ണിനേയോ ചെറുക്കനേയോ കെട്ടിക്കണമെങ്കില്‍ മാതാപിതാക്കള്‍ ജീവിക്കുന്നത് ദല്‍ഹിയിലോ ഗള്‍ഫിലോ ആയിരുന്നാല്‍പോലും രായിക്കുരായെ പറന്നെത്തി നാട്ടിലെ ഇടവക വികാരിയുടെ കുറി ഹാജരാക്കണം. ഇതും അല്മായരോടുള്ള വിവേചനമല്ലേ?

തിരുവിവാഹം എന്ന കൂദാശ ഞായറാഴ്ചകളിലും നോയമ്പു കാലങ്ങളിലും പരികര്‍മ്മം ചെയ്യല്‍ മെത്രാന്‍ സിനഡ് മുടക്കിയിരിക്കയാണ്. വൃതവാഗ്ദാനത്തിനും പട്ടംകൊടുക്കലിനും ഒരു നിബന്ധനകളും ഇല്ല. ഇതും അല്‌മേനിളോടുള്ള വിവേചനമല്ലേ?

ഇന്ന് ആയിരക്കണക്കിന് വൈദികരും കന്യാസ്ത്രികളും ലോകമെമ്പാടും ലത്തീന്‍ സഭയില്‍ സേവനം ചെയ്യുന്നുണ്ട്. ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ അവരെ ഔട്ട്‌സോഴ്‌സ് ചെയ്യുന്നു. യൂറോയും പൌണ്ടും ഡോളറും രൂപതകളിലേക്കും സന്യാസാശ്രമങ്ങളിലേക്കും ഒഴുകുന്നു. ഈ വൈദികരും കന്യാസ്ത്രികളും ലത്തീന്‍ രൂപതകളില്‍ സേവനം ചെയ്യാന്‍ പാടില്ല. കാരണം അവരും മാര്‍തോമയുടെ പൈതൃകത്തില്‍ ജീവിക്കണ്ടവരാണ്. സീറോ മലബാര്‍ കുടുംബങ്ങള്‍ മാര്‍തോമയുടെ പൈതൃകത്തില്‍ ജീവിക്കണ്ടവരായതുകൊണ്ടാണല്ലോ കല്ല്യാണിലും ഫാരിദാബാദിലും അമേരിക്കയിലും ആസ്‌ത്രേലിയായിലും സീറോ മലബാര്‍ രൂപതകള്‍ സ്ഥാപിച്ചത്. അപ്പോള്‍ വൈദികരും കന്യാസ്ത്രികളും ലത്തീന്‍ രൂപതകളില്‍ ജോലി ചെയ്യുന്നത് ഒരു അപവാദമാണ്. സീറോ മലബാര്‍ കുടുംബങ്ങളോടുള്ള വിവേചനമല്ലേ നാമിവിടെ കാണുന്നത്.
ലത്തീന്‍ സഭയില്‍ പട്ടമേല്‍ക്കുന്ന സീറോ മലബാറുകാരന് ലത്തീന്‍ പൈതൃകത്തില്‍ ജീവിക്കാം. ഒരു അല്മായന്‍ നിര്‍ബന്ധമായും സീറോ മലബാര്‍ പൈതൃകത്തില്‍ ജീവിച്ചിരിക്കണം. എന്തൊരു വിരോധാഭാസം. ഇതെല്ലാം അല്‌മേനിയെ അടക്കിഭരിച്ചുവാഴാനുള്ള ചൊല്പ്പിടി വിദ്യകള്‍മാത്രം!
നമ്മുടെ വൈദികരും കന്യാസ്ത്രികളും ലത്തീന്‍ രൂപതകളില്‍ ജോലി ചെയ്യുന്നതിനെ സീറോ മലബാര്‍ മെത്രാന്‍ സിനഡ് അടിയന്തിരമായി നിര്‍ത്തല്‍ ചെയ്യണം.
റീത്ത് കയറ്റുമതി ശരിയല്ല. ഉദാഹരണത്തിന് അമേരിക്കയിലേക്ക് കുടിയേറിയ ഒരു കുടുംബമെടുക്കാം. ആ കുടുംബത്തിലെ അംഗങ്ങള്‍ കാലാന്തരത്തില്‍ അമേരിക്കന്‍ പൌരന്മാരാകുന്നു. അമേരിക്കയുടെ ഭാഷ, സംസ്‌ക്കാരം, സാമ്പത്തീകം, നിയമം, നികുതി, രാഷ്ട്രിയം, സാമൂഹികം എന്നുവേണ്ട എല്ലാ തുറകളിലും കുറെ വര്‍ഷങ്ങള്‍കൊണ്ട് ആ കുടുംബം അലിഞ്ഞുചേരുന്നു. മക്കളുടെ കാലമാകുമ്പോഴേക്കും അവര്‍ കൂടുതല്‍ അമേരിക്കകാരാകുന്നു. നമുക്കാര്‍ക്കും പിടിച്ചുനിര്‍ത്താന്‍ സാധിക്കാത്ത ഒരു പരിണാമമാണത്. ഈ കുടുംബത്തിന് സീറോ മലബാര്‍ റീത്തുമായി എന്ത് ബന്ധമാണുള്ളത്. ഒന്നാം തലമുറക്ക് അല്‍പ്പമൊക്കെ ബന്ധമുണ്ടെന്നിരുന്നാലും പിന്നീടുവരുന്ന തലമുറക്കാര്‍ സീറോ മലബാര്‍ എന്നുകേള്‍ക്കുമ്പോള്‍ ചിരിക്കുകയേയുള്ളൂ.

അവര്‍ ഇംഗ്ലീഷ് പള്ളികളില്‍ തുടരുകയെയുള്ളൂ. തന്നെയുമല്ല അവരുടെ മാതൃഭാഷയിലുള്ള റീത്ത് ലത്തീന്‍ തന്നെ. ഏതാനും കുറെ മെത്രാന്മാരെ സൃഷ്ടിക്കാനും കുറെ വൈദികരെ വിദേശത്തേയ്ക്ക് വിടാനും സഭയ്ക്ക് സമ്പത്തും അധികാരവും വര്‍ദ്ധിപ്പിക്കാനും സധാരണ വിശ്വാസികളുടെ ജീവിതം നരകതുല്ല്യമാക്കുവാനെ റീത്ത് കയറ്റുമതികൊണ്ട് സാധിക്കൂ. ഇതിന്റെ എല്ലാം ദുഷ്ഫലങ്ങള്‍ അനുഭവിക്കണ്ടത് അല്‌മേനികള്‍. കത്തോലിക്കാ സഭ സാര്‍വ്വത്രികമാണ്. അത് ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും ഉണ്ട്. അതിന്റെ വിശ്വാസവും ഒന്നുതന്നെ. അപ്പോള്‍ അമേരിക്കയിലെ സഭയില്‍ ചേരുന്നതല്ലേ അമേരിക്കന്‍ മലയാളി കുടുംബങ്ങള്‍ക്ക് നല്ലത്? ല്ത്തീന്‍ പള്ളിയില്‍ അംഗത്വമെടുത്ത് ആ ഇടവകക്കാരുമായി ഇടപഴകി കുട്ടികളെ ആ പള്ളിയില്‍ വിട്ട് വേദപാഠം പഠിപ്പിച്ച് മുന്‍പോട്ട് പോകുന്നതാണ് ആ കുടുംബത്തിന്റെ ഭാവിക്ക് നല്ലത്.

ഇംഗ്ലീഷ് പള്ളികളില്‍ പോയാല്‍ മാന്യമായ ഒരു ദിവ്യബലിയില്‍ സംബന്ധിക്കാം. അവിടെ കുരിശിനെച്ചൊല്ലിയുള്ള വഴക്കില്ല. മദുബഹായുടെ മുന്‍പില്‍ തുണി തൂക്കലില്ല. പള്ളിക്കകത്തിരിക്കുന്ന അല്‌മേനികളെ 'പേപ്പട്ടികള്‍' എന്ന് പള്ളിവികാരി തന്റെ പ്രസംഗത്തില്‍ വിളിച്ചുപറഞ്ഞ് അധിക്ഷേപിക്കുകയില്ല. എന്തെങ്കിലും കാര്യസാധ്യത്തിനായി പള്ളിമുറിയില്‍ ചെന്നാല്‍ കാര്യം മാന്യമായി നടത്തി തിരിച്ചുപോരാം. കല്യാണകുറിക്ക് കൈക്കൂലി കൊടുക്കേണ്ട. അതുകൊണ്ട് റീത്ത് ഇറക്കുമതി വിശ്വാസികള്‍ സര്‍വ്വശക്തിയോടെ എതിര്‍ക്കണം.

പണ്ടുകാലത്ത് പാത്രിയാക്കീസുമാര്‍ തമ്മില്‍ അധികാരത്തിനായി വഴക്കുണ്ടാക്കി ഓരോരുത്തരും അവരവരുടെ സഭ ഉണ്ടാക്കി. പിന്നീട് ശക്തനായ റോമന്‍ പാത്രിയാക്കിസിന്റെ കീഴില്‍ പല സഭകളായി. ഈ സഭകളില്‍ അല്‌മേനികളെ തളച്ചിടാന്‍ ഇന്ന് പരിശ്രമിക്കുന്നു. അതിന്റെ പരിണത ഫലമാണ് റീത്തു പരത്തലും ലത്തീന്‍ വിദ്വേഷവും.

സീറോ മലബാര്‍ സഭയ്ക്ക് മാര്‍തോമായുടെ പൈതൃകം ആണെന്നാണ് വെപ്പ്. മാര്‍തോമ കേരളത്തില്‍ വന്നു എന്നതിനുതന്നെ തെളിവില്ല. ഇത് ഒരു പ്രത്യേക സഭയാണങ്കില്‍ അതിന് തനതായ ലിറ്റര്‍ജിയും ദൈവശാസ്ത്രവും പള്ളിഭരണസമ്പ്രദായവും ശിക്ഷണവും എല്ലാം ഉണ്ടായിരിക്കണം. ഇന്ന് സീറോ മലബാര്‍ സഭയ്ക്ക് കല്‍ദായ ലിറ്റര്‍ജിയും ലത്തീന്‍ ദൈവശാസ്ത്രവും പാശ്ചാത്യ പള്ളിഭരണസമ്പ്രദായവും കിഴക്കിന്റെ കാനോന്‍ നിയമവുമാണുള്ളത്. അപ്പോള്‍ ഈ സഭ ഒരു വ്യക്തിസഭയാണെന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണുളളത്?

അമ്മയുടെ യോനിയാണ് ജാതി നിശ്ചയിക്കുന്നത് എന്നു കേട്ടിട്ടുണ്ട്. ഉത്ഭവപാപവും അതുപോലെയാണല്ലോ പിന്തുടരുന്നത്. സീറോ മലബാര്‍ റീത്തും നമ്മള്‍ ചന്ദ്രനില്‍ പോയാലും അങ്ങനെ പിന്തുടരുമെന്നാണ് സഭയുടെ സിദ്ധാന്തം. ജാതി വ്യവസ്ഥ ഇന്നത്തെ സാമൂഹിക ചുറ്റുപാടില്‍ കാലഹരണപ്പെട്ട ഒന്നാണ്; അപലപനീയമാണ്. കത്തോലിക്കാ സഭയിലെ റീത്തുവ്യവസ്ഥയും കാലഹരണപ്പെട്ട ഒന്നാണ്.

യേശുവിന്റെ അനുശാസനം നിങ്ങള്‍ പരസ്പരം സ്‌നേഹിക്കണമെന്നാണ് (യോഹ. 13: 3435). മറിച്ച് നിങ്ങള്‍ റീത്തുകള്‍ സൃഷ്ടിച്ച് ആ റീത്തില്‍ക്കൂടിയേ സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കാവു എന്ന് യേശു പഠിപ്പിച്ചിട്ടില്ല. റീത്ത് വിഭജനം കത്തോലിക്ക സഭയില്‍ ഇല്ലാതിരുന്നാല്‍ അതിന്റെ അടിസ്ഥാനത്തിലുള്ള പള്ളിവഴക്കുകളും വിദ്വേഷവും മത്സരവും ഇല്ലാതാകും. റീത്തിന്റെ പേരും പറഞ്ഞ് ആരും വിശ്വാസികളുടെ പുറകെ വരുകയുമില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക