Image

ഇന്‍ഡ്യയിലെ ചില്ലറ വിപണിയിലേക്കു വിദേശകുത്തകകള്‍?

ബിനോയി സെബാസ്റ്റ്യന്‍ Published on 03 December, 2011
ഇന്‍ഡ്യയിലെ ചില്ലറ വിപണിയിലേക്കു വിദേശകുത്തകകള്‍?
ഇന്‍ഡ്യയിലെ നൂറ്റിച്ചില്ല്വാനം കോടി ജനങ്ങളെ കാര്യക്ഷമമായി പരിപാലിക്കുവാന്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ കണ്ടമാനം ശ്രമിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ്‌ ഇന്‍ഡ്യയിലെ ചെറുകിട വ്യാപാരരംഗത്തു വിദേശനിക്ഷേപം കൊണ്ടു വരുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. അന്താരാഷ്‌ട്ര കുത്തകവ്യാപാരികളായ വാള്‍മാര്‍ട്ട്‌ മുതല്‍ ലാഭക്കൊതിയന്മാരായ ബൂര്‍ഷ്വമുതലാളിമാര്‍ ഇന്‍ഡ്യയിലെ ചെറുകിടവ്യാപാരമേഖലകളില്‍ ആധിപത്യമുറപ്പിച്ചാല്‍ ആ സ്ഥിതി വികസ്വര രാഷ്‌ട്രമായ ഇന്‍ഡ്യയ്‌ക്കു പ്രയോജനപ്രദമോ? ഒപ്പം ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന ചെറുകിട വ്യാപാരികളുടെയും സാദാ ഉപഭോക്താക്കളുടെയും ഗതിയെന്ത്‌? ഈ ചോദ്യങ്ങളുടെ ഇരു വശങ്ങളിലുമായി ഇന്‍ഡ്യയിലെ രാഷ്‌ട്രീയക്കാരും ബുദ്ധിജീവികളും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും ഇതൊന്നും മനസിലാകാത്ത വെറും കാഴ്‌ചക്കാരും ചുറ്റിക്കറങ്ങുകയാണ്‌.

അന്താരാഷ്‌ട്ര സാമ്പത്തികവിദഗ്‌ദ്ധനും ഇന്‍ഡ്യയുടെ ആധുനീക സാമ്പത്തികശില്‌പിയും ഇപ്പോഴത്തെ പ്രധാന മന്ത്രിയുമായ ഡോ.മന്‍മോഹന്‍ സിംഗ്‌ ആണയിട്ടു പറയുന്നു ഇന്‍ഡ്യയുടെ സത്വരവികസനത്തിനു അനിവാര്യമാണ്‌ വിദേശനിക്ഷേപമെന്ന്‌. വിദേശികളായ മുതലാളിമാര്‍ ഇന്‍ഡ്യയിലെ നിത്യജീവിതത്തെ നിയന്ത്രിക്കുന്ന പലവ്യഞ്‌ജനക്കടകളും മുറുക്കാന്‍ കടകളുമെല്ലാം വിപുലമായ തോതില്‍ നടത്തുമ്പോള്‍ ധാരാളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും കര്‍ഷകര്‍ക്കു തങ്ങളുടെ ഉല്‍പ്പന്നത്തിനു ശരിയായ പ്രതിഫലം ലഭിക്കുമെന്നും അതോടൊപ്പം ഉപഭോക്താക്കള്‍ക്കും അതിന്റെ പ്രയോജനം ഉണ്ടാകുമെന്നും കണക്കുകള്‍ നിരത്തിയും നിരത്താതെയും പറയുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ലോകത്തിലാദ്യമായി കുത്തക മുതലാളിമാര്‍ ഇന്‍ഡ്യയില്‍ പുതിയൊരു കാര്‍ഷികവിപ്‌ളവം സൃഷ്ടിക്കും. ഇത്തരം വിപ്‌ളവസൃഷ്ടികള്‍ ചെറുകിട ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ ഗ്വാട്ടിമാല, ഹോണ്ടുറാസ്‌ മുതല്‍ മെക്‌സിക്കോ വരെയുള്ള രാജ്യങ്ങളില്‍ കണ്ടതാണ്‌. ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു. ആ നിരയിലേക്ക്‌ ഇന്‍ഡ്യയിലെ കര്‍ഷകരും കര്‍ഷകതൊഴിലാളികളും കടന്നു വരുന്നെങ്കില്‍.. നാം സന്തോഷിക്കണോ? കരയണോ? ഇതാണ്‌ മറ്റൊരു ചോദ്യം?

സ്‌ത്രീകള്‍ മുഖ്യമന്ത്രിമാരായ തമിഴ്‌നാട്‌, പശ്‌ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ കേന്ദ്ര നീക്കത്തിനെതിരെ പ്രതികരിച്ചു കഴിഞ്ഞു. കഴിവഞ്ഞ എട്ടു ദിവസമായി വിദേശനിക്ഷേപ പ്രശ്‌നത്തില്‍ ഇന്‍ഡ്യന്‍ പാര്‍ലമെന്റ്‌ സ്‌തംഭിക്കുകയാണ്‌. ഡോ.മന്‍മോഹന്റെയും കോണ്‍ഗ്രസിന്റെയും നിക്ഷേപനയത്തിനെതിരെ യുപിഎ സഖ്യകക്ഷികള്‍ പോലും ശക്തമായി വിയോജിക്കുന്നു. ഇതൊക്കെ പറയുമ്പോഴും വിദേശനിക്ഷേപതീരുമാനം വ്യക്ത്യതയോടെ ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റില്‍ പോലും വ്യക്തതയോടെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല എന്ന പോരായ്‌മയും മനസിലാക്കേണ്ടതുണ്ട്‌. മാദ്ധ്യമങ്ങളിലൂടെ മനസിലാക്കിയ ഒരു വസ്‌തുത വിദേശകുത്തകകള്‍ ഇന്‍ഡ്യയില്‍ നിന്നും 30% ഉല്‍പന്നങ്ങള്‍ മാത്രമേ സംഭരിക്കുകയുള്ളു ഇന്‍ഡ്യയില്‍ വില്‌ക്കുവാന്‍. പ്രതിഷേധം തുടര്‍ന്നാല്‍ ഒരുപക്ഷെ അതു 40% ആക്കിയേക്കാം. ബാക്കി 60% ശതമാനം എവിടെ നിന്ന്‌? വിദേശ നിക്ഷേപത്തിന്മേലുള്ള നയരേഖയുടെ പൂര്‍ണ്ണരൂപം സര്‍ക്കാര്‍ ബഹുജനസമക്ഷം സമര്‍പ്പിക്കേണ്ടതല്ലേ? ചിന്തിക്കുക!

ഇന്‍ഡ്യയുടെ പ്രത്യേകമായ സാമ്പത്തികസാംസ്‌ക്കാരത്തില്‍(മിക്‌സഡ്‌ ഇക്കോണമി) അധിഷ്‌ഠിതമായ ചെറുകിടവ്യാപാര രംഗത്തെക്കു വിദേശകുത്തക മുതലാളിമാര്‍ കടന്നു വരുമ്പോള്‍ മോണാപൊളി സൃഷ്ടിക്കപ്പെടുമെന്നും ഇന്‍ഡ്യയിലെ ലക്ഷക്കണക്കിനു വരുന്ന ചെറുകിട വ്യാപാരികളുടെയും തൊഴിലാളികളുടെയും ഉപജീവനമാര്‍ഗം ഇല്ലാതാകുവാന്‍ ഏറെ സാദ്ധ്യതയുണ്ടെന്നും അമേരിക്കയിലെ സാമ്പത്തിക ഉപദേഷ്‌ടാവും ടെക്‌സാസ്‌ നോര്‍ത്ത്‌ സ്റ്റാര്‍ സര്‍വ്വകലാശാല ഉപദേശകസമിതി ചെയര്‍മാനുമായ എ.റ്റി സാമുവല്‍ പറയുന്നു. ഇതോടൊപ്പം വിദേശ കമ്പനികളുമായി ഭാരതസര്‍ക്കാര്‍ ഒരുക്കുന്ന വ്യാപാരകരാറുകളുടെ നിജസ്ഥിതിയും വളരെ പ്രധാനമാണ്‌. കര്‍ഷകരാജ്യമായ ഇന്‍ഡ്യയിലെ കര്‍ഷകരുടെ എത്രശതമാനം ഉല്‍പന്നങ്ങള്‍ ഈ ബഹുരാഷ്‌ട്ര കമ്പനികള്‍ വിലയ്‌ക്കു വാങ്ങി വില്‌ക്കും എന്നും പരിശോധിക്കേണ്ടതുണ്ട്‌. നിലവില്‍ ചൈനയില്‍ നിര്‍മ്മിക്കുന്ന വില കുറഞ്ഞതും ഗുണരഹിതവുമായ അവശ്യസാധനങ്ങളും ഭക്ഷ്യഉത്‌പന്നങ്ങളുമെല്ലാം വിദേശമാര്‍ക്കറ്റുകളില്‍ സ്വന്തം ലാഭം മാത്രം നോക്കി വില്‍ക്കുന്ന അന്താരാഷ്‌ട്ര എജന്‍സികള്‍ മാത്രമാണ്‌ വാള്‍മാര്‍ട്ടും സമാനമായ മറ്റു കമ്പനികളും എന്ന്‌ നാം വിസ്‌മരിക്കരുത്‌.

ഇന്‍ഡ്യയിലെ ചെറുകിട വ്യാപാരം യഥാര്‍ത്‌ഥത്തില്‍ അമേരിക്കയിലേതിനു തുല്ല്യമായ ഫാര്‍മേഴ്‌സ്‌ മാര്‍ക്കറ്റ്‌ കച്ചവടത്തിനു തുല്ല്യമല്ലേ? പ്രദേശികമായ ഉത്‌പന്നങ്ങള്‍ വാങ്ങി പ്രദേശികമായി വിറ്റു ജീവിക്കുന്ന അല്‌പം കൂടി വിപുലമായ പ്രാദേശികവ്യാപാരികളുടെ വ്യാപാരമണ്‌ഡലം. മാര്‍ക്കറ്റു പിടിച്ചടക്കുവാന്‍ തികച്ചും കുറഞ്ഞ നിരക്കില്‍ നിത്യോപയോഗസാധനങ്ങള്‍ വിറ്റ്‌ ഈ വ്യാപാരികളെ കച്ചകെട്ടി ഇറക്കി വിട്ടതിനു ശേഷം കരിഞ്ചന്തയുടെ പ്രത്യക്ഷ രൂപത്തില്‍ ഈ വിദേശ മുതലാളിമാര്‍ പ്രത്യക്ഷപ്പെടുകയില്ലേ? ഇതിനെ നിയന്ത്രിക്കുവാന്‍ സ്വാര്‍ത്‌ഥ തല്‌പരരായ ഇന്‍ഡ്യയിലെ രാഷ്‌ട്രീയക്കാര്‍ക്കു കഴിയുമോ? 999 വര്‍ഷത്തേക്കു ഒരു സംസ്ഥാനത്തിന്റെ വിലപ്പെട്ട വസ്‌തു തീറുവിറ്റവരാണ്‌ നമ്മുടെ രാഷ്‌ട്രീയക്കാര്‍ എന്ന്‌ ഒര്‍മ്മിക്കുക! അമേരിക്കയിലെ കുത്തക കമ്പനികള്‍ പെട്രോള്‍(ഗ്യാസ്‌) ബാങ്കുകള്‍ ആരംഭിച്ചതോടെ പിടിച്ചു നില്‍ക്കാനാകാതെ പൂട്ടിപ്പോയ എത്ര ചെറുകിട വ്യവസായികളുടെ കദനകഥ വേണമെങ്കിലും അനുഭവത്തിലൂടെ പറയുവാന്‍ നമുക്കു കഴിയും. ഇവിടെ ചെറുകിട മുതലാളിമാര്‍ക്കു വേണ്ടി വാദിക്കുകയാണെന്നു വിചാരിക്കരുതേ..!

ഇന്‍ഡ്യയിലെ മാത്രമല്ല വിദേശത്തുമുള്ള ഇന്‍ഡ്യന്‍ സംഘടനകളും പ്രസ്ഥാനങ്ങളുമെല്ലാം ഇന്‍ഡ്യയില്‍ ചെറുകിടവ്യാപാരമേഖലകളില്‍ വിദേശനിക്ഷേപത്തിന്റെ സാദ്ധ്യതകളും പരിണിതഫലങ്ങളും എന്ന വിഷയത്തെക്കുറിച്ചു ആധികാരികമായി ചിന്തക്കണമെന്നാണ്‌ എന്റെ അഭിപ്രായം. ഓണത്തിനൊരു മഹാബലിയെ കെട്ടിയെഴുന്നള്ളിക്കലും തത്തുല്ല്യമായ മറ്റ്‌ ആഘോഷങ്ങളുമൊക്കെ നടത്തുമ്പോഴും അതിനേക്കാള്‍ പ്രധാനമായ പലതും നമ്മുടെ മാതൃരാജ്യത്തു അരങ്ങേറുന്നുണ്ടെന്ന്‌ ഫൊക്കാന മുതല്‍ ഫോമ വരെയുള്ള ചെറുകിട പ്രസ്ഥാനങ്ങളുടെ നേതാക്കള്‍ മനസിലാക്കി പ്രതികരിക്കണമെന്ന്‌ ആഗ്രഹിക്കുന്നതു തെറ്റാകുമോ? പ്രവാസത്തില്‍ ജീവിക്കുന്ന, സ്വന്തം പഴമയോടും സംസ്‌ക്കാരത്തിനോടും ഭാഷയോടും കൂറും പ്രതിബദ്ധതയും കാത്തു സുക്ഷിക്കുന്ന ഒരോ വ്യക്തിയും സംഘടയും ഭാരതമെന്ന സ്വന്തം രാജ്യത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളോടു പ്രതികരിക്കുവാന്‍ ബാദ്ധ്യസ്ഥരല്ലേ?

കേരളമണ്ണിലേക്ക്‌ പ്രഥമ ജ്‌ഞാനപീഠപുരസ്‌ക്കാരം കൊണ്ടു വന്ന മഹാനായ ജി.ശങ്കരക്കുറിച്ച്‌ കുറിച്ചിട്ട്‌ മഹാനായ യേശുദാസ്‌ പാടി അനശ്വരമാക്കിയ ഒരു വരിയോടെ ഇതവസാനിപ്പിക്കട്ടെ! സമയ തീരത്തിന്‍ ബന്ധനമില്ലാതെ മരണസാഗരം പൂകുന്ന നാള്‍ വരെ ഇന്‍ഡ്യന്‍ ജനതയും ഇന്‍ഡ്യയിലെ കര്‍ഷകരും തൊഴിലാളി വര്‍ഗവും അത്യാഗ്രഹികളായ വിദേശസ്വദേശമുതലാളിമാരുടെയും ബാദ്ധ്യതയില്ലാത്ത രാഷ്‌ട്രീയജന്മങ്ങളുടെയും സര്‍വ്വവിധ പീഠനങ്ങള്‍ക്കും വിധേയരായി ജീവിക്കേണ്ടി വരുമെങ്കില്‍..?. അതു വിധിയാണ്‌! കാലഹരണപ്പെടാത്ത വിധി!
ഇന്‍ഡ്യയിലെ ചില്ലറ വിപണിയിലേക്കു വിദേശകുത്തകകള്‍?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക