Image

ദൈവദശകത്തിലെ സുഖാനുഭൂതി -ആഴണം വാഴണം നിത്യം, വാഴണം വാഴണം സുഖം-

വാസുദേവ് പുളിക്കല്‍ Published on 08 September, 2014
ദൈവദശകത്തിലെ സുഖാനുഭൂതി -ആഴണം വാഴണം നിത്യം, വാഴണം വാഴണം സുഖം-
(ശ്രീ നാരായണ അസ്സോസിയേഷന്‍ നടത്തിയ ദൈവദശകത്തിന്റെ നൂറാമത് വാര്‍ഷീകാഘോഷത്തില്‍ അവതരിപ്പിച്ചത്)

സുഖം ലക്ഷ്യമാക്കിയുള്ളഅനസ്യൂതമായ പ്രയാണമാണ് ജീവിതം. ജീവിത രഹസ്യവും പ്രപഞ്ച രഹസ്യവും അനാവരണം ചെയ്തു കൊണ്ട് മനുഷ്യരെ അനശ്വരമായ സുഖാനുഭൂതിയിലേക്ക് നയിക്കുന്ന പ്രാര്‍ത്ഥനാഗീതമാണ് നാരായാണ ഗുരുവിന്റെ ദൈവദശകം. ഗുരുവിന്റെ മറ്റു കൃതികളില്‍ നിന്ന് വ്യതസ്ഥമായി ദൈവദശകം തുടങ്ങുന്നത് ദൈവത്തെ ഹൃദയത്തില്‍ ഉല്‍ഘോഷിച്ചുകൊണ്ടാണ്. സരളമെങ്കിലും അദൈ്വത ചിന്തകള്‍ ലീനമായിരിക്കുന്ന ദൈവദശകം വളരെ അര്‍ത്ഥവ്യാപ്തിയുള്ളതാണ്. വായിക്കുന്തോറും പുതിയ അര്‍ത്ഥവിചാരങ്ങള്‍ തെളിഞ്ഞു വരും. നാരായണ ഗുരുവിന്റെ കൃതികളുടെ പ്രത്യേകതയാണിത്. ദൈവദശകത്തിന് പല വ്യാഖ്യാനങ്ങളും ഉണ്ടായിട്ടുണ്ട്. നടരാജഗുരുവും നിത്യചൈതന്യയതിയും മുനി നാരായണ പ്രസാദും ദൈവദശകത്തിന് വ്യത്യസ്ഥമായ കാഴ്ച്ചപ്പാടില്‍ എഴുതിയിട്ടുള്ള വ്യാഖ്യാനങ്ങള്‍ വായിക്കുമ്പോള്‍ അവര്‍ കണ്ടെത്തിയ അര്‍ത്ഥതലങ്ങളുടെ വ്യാപ്തിയും ഗുരുദേവദര്‍ശനങ്ങളുടെ ആഴവുംശോഭയും മനസ്സിലാകും.

പ്രാര്‍ത്ഥനയില്‍ അര്‍ത്ഥനയുണ്ടാകും. അതു ചിലപ്പോള്‍ സ്വാര്‍ത്ഥപരമായിരിക്കും, ചിലപ്പോള്‍ സാര്‍വ്വലൗകികമായിരിക്കും. സ്വാര്‍ത്ഥതയില്‍ പൊതിഞ്ഞ പ്രാര്‍ത്ഥനയുമായി നമുക്ക് നല്ല പരിചയമുണ്ട്. അതേ പറ്റി പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല.

'ദൈവമേ കാത്തുകൊള്‍കങ്ങു, കൈവിടാതിങ്ങു ഞങ്ങളെ'
എന്ന് തുടങ്ങുന്ന ദൈവദശകം സാര്‍വ്വലൗകികമായ പ്രാര്‍ത്ഥനയാണ്. ഏതു മതസഥര്ക്കും സ്വീകാര്യമാകത്തക്കവണ്ണം മതങ്ങളെ പ്രതിനിധീകരിക്കുന്ന ദേവി ദേവന്മാരേയോ മറ്റ് ആരാധനാമൂര്‍ത്തികളേയോ സംബോധന ചെയ്യാതെ, ദൈവമേ എന്ന് സംബോധനയോടെ ഞങ്ങളെ-സമസ്ത ജനതയേയും രക്ഷിക്കണേ എന്ന വിശാലമനസ്സോടെയുള്ള പ്രാര്‍ത്ഥനയാണിത്. സ്വതന്ത്രമായ ചിന്തയില്‍, ഗുരുവിന്റെ ആത്മദര്‍ശനത്തില്‍ ചാലിച്ചെഴുതിയ ഈ പ്രാര്‍ത്ഥന തത്വാധിഷ്ഠിതാണ്. ഇവിടെ സ്വാര്‍ത്ഥതയോ, സങ്കുചിത്വമോ ഇല്ല. ശരീരത്തില്‍ പലതാണെങ്കിലും ആത്മാവില്‍ ഏവരും ഏകമാണെന്ന ചിന്ത മനസ്സില്‍ വേരുറച്ചാല്‍ മാത്രമേ ദൈവമേ കാത്തുകൊള്‍കങ്ങു, കൈവിടാതിങ്ങു ഞങ്ങളെ എന്ന് ആത്മാര്‍ത്ഥതയോടെ പ്രാര്‍ത്ഥിക്കാന്‍ സാധിക്കുകയുള്ളു. അദൈ്വത ചിന്തയുടെ സാക്ഷാത്ക്കാരം ഉണ്ടാകണമെന്നു ചുരുക്കം.
ഈ പ്രപഞ്ച ജീവിതത്തിലെ ദുരിതങ്ങളില്‍  നിന്ന് കരകേറാനുള്ള മാര്‍ഗ്ഗം ചൂണ്ടിക്കാണിക്കുകയാണ്
'നാവികന്‍ നീ ഭവാബ്ധിക്കോരാവിവന്‍തോണി നിന്‍ പദം'
എന്ന വരികളിലൂടെ. ഇവിടെ നാരായണ ഗുരുവിന്റെ കാവ്യഭാവന തെളിഞ്ഞു നില്‍ക്കുന്നു.
ബിംബങ്ങളിലുടെ ആശയം ആവിഷ്‌ക്കരിക്കുന്ന രചനാരീതിയാണ് ഗുരു ഇവിടെ സ്വീകരിച്ചിരിക്കുന്നത്. ഭവാബ്ധിയും ആവിക്കപ്പലും നാവികനും ബിംബാവിഷ്‌ക്കരണമാണ്. മനുഷ്യര്‍ പ്രാപഞ്ചിക ജീവിതമാകുന്ന ഭവാബ്ധിയില്‍ കിടന്നുഴലുകയാണ്. കടലില്‍ തിരമാലകളുയര്ന്നു താഴുന്നതു പോലെ, പ്രപഞ്ചത്തില്‍ ജന്മങ്ങള്‍ ഉണ്ടായി കുറെക്കാലം നിലനിന്ന് അവസാനിക്കുന്നു. ഉയര്ന്നു നില്ക്കുന്നതിരമാലകള്‍ താഴുമ്പോള്‍ കടലില്‍ ലയിച്ചു ചേരുന്നതു പോലെ, മനുഷ്യര്‍ സൃഷ്ടിസ്ഥിതിലയത്തിന് നിദാനമായ പരമാത്മാവില്‍ ലയിക്കണം. പരമാത്മാവില്‍ ലയം പ്രാപിക്കുന്നതിനെയാണ് മോക്ഷം എന്നു പറയുന്നത്. മോക്ഷപ്രാപ്തിയിലേക്കാണ് ഗുരു നമ്മേ നയിച്ചുകൊണ്ടിരിക്കുന്നത്. ആവിക്കപ്പലും നാവികനും ദൈവത്തിന്റെ പ്രതീകങ്ങളാണ്. ദൈവം കപ്പിത്താനായിരിക്കുന്ന കപ്പലില്‍ കയറിക്കൂടാന്‍ സാധിച്ചാല്‍ ഭവാബ്ധിയില്‍ നിന്നുള്ള മോചനം ഉറപ്പായി. ഈശ്വരനാണ് ലക്ഷ്യം, ഈശ്വരനാണ് മാര്‍ഗ്ഗം, ഈശ്വരനാണ് വെളിച്ചം. അതാണ് നാരായണ ഗുരു 'നാവികന്‍ നീ ഭവാബ്ദിക്കോരാവിവന്‍തോണി നിന്‍ പദം' എന്നു പറയുന്നത്. ലക്ഷ്യവും മാര്‍ഗ്ഗവും വെളിച്ചവും നീ തന്നെ. ഈ തിരിച്ചറിവിലേക്ക് മനസ്സിനെ നയിച്ചു കൊണ്ടു പോകണം.

ദൈവമേ എന്ന സംബോധന ചെയ്തു കൊണ്ട് ദൈവദശകം ആരംഭിച്ചപ്പോള്‍ ഗുരുവിന് തീര്‍ച്ചയായും ഒരു ദൈവ സങ്കല്പം ഉണ്ടായിരുന്നിരിക്കണം. ആ ദൈവം ഗുരു തന്നെയാണോ? ഒരു അദൈ്വതിയായ നാരായണ ഗുരു ഒരിക്കലും സ്വയം ദൈവം എന്ന് സംബോധന ചെയ്യുകയോ മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയോ ഇല്ലെന്ന് മനസ്സിലാക്കാന്‍ വിഷമമില്ല. മാമൂലുകള്‍ മറി കടന്ന്ഒരു വിഭാഗത്തിന്റെ ആവശ്യങ്ങളുടെ നിറവേറ്റലിനു വേണ്ടി ക്ഷേത്രങ്ങള്‍ സ്ഥാപിച്ച ഗുരുവിന്റെ പ്രതിമ താന്ത്രിക വിധി പ്രകാരം പ്രതിഷ്ഠിച്ച് ഗുരുമന്ദിരങ്ങള്‍ അമ്പലങ്ങളായി മാറ്റിക്കൊണ്ടിരിക്കുകയാണ്. ഗുരു സ്ഥാപിച്ച ക്ഷേത്രങ്ങളോടനുബന്ധിച്ച് വിദ്യാലയങ്ങള്‍ ഉണ്ടാക്കാനും വിദ്യകൊണ്ട് സ്വതന്ത്രരാകാനും ഉപദേശിച്ച ഗുരുവിന്റെ ആശയങ്ങള്‍ അനുയായികള്‍ ഉള്‍ക്കൊള്ളുകയും ഗുരുവിന്റെ എക്കാലത്തും പ്രസക്തിയുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയുമാണ് വേണ്ടത്.ഗുരുവിനെ ദൈവമായി അവതരിപ്പിച്ച് സാധരണക്കാരുടെ വികാരങ്ങളുണര്‍ത്തി ദൈവത്തിന്റെ പേരില്‍ അവരെ ചൂഷണം ചെയ്യാന്‍ തക്കം പാര്‍ത്തിരിക്കുന്നവരുണ്ടാകും. ആര് എന്തൊക്കെ പറഞ്ഞാലും ഗുരുവിനെ എങ്ങനെ എവിടെ പ്രതിഷ്ഠിക്കണമെന്ന് വിവേകമുള്ളവരറിയണം. അവരവരുടെ ആത്മസംതൃപ്തിക്കനുസരിച്ച് ഗുരുവിനെ കണക്കാക്കാം. പക്ഷെ ഗുരുവിനോട് നീതി പുലര്‍ത്തണമെന്നു മാത്രം.

ദൈവമേ കാത്തുകൊള്‍കങ്ങു എന്നെഴുതിയ ഗുരുവിന്റെ ദൈവസങ്കല്പം എന്താണ്? പ്രപഞ്ചവസ്തുക്കള്‍ വിരിഞ്ഞു വരുന്നതും നിലനില്‍ക്കുന്നതും വിലയം പ്രാപിക്കുന്നതും സ്വയം ജ്യോതിസ്സായ ഒരു ശക്തിസ്വരൂപത്തില്‍ നിന്ന്, ആദിബീജത്തില്‍ നിന്നാണ്. സൃഷ്ടിക്ക് ആധാരമയ ഈ ആദിബീജത്തെ നോക്കി നാരായണ ഗുരു പറഞ്ഞു

നീയല്ലോ സൃഷ്ടിയും സൃഷ്ടാവായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രിയായതും

പ്രപഞ്ച വസ്തുക്കളൊന്നും ഈ ആദിബീജത്തില്‍ നിന്നു അന്യമല്ല. സ്വയം ജ്യോതിസ്സായ ഈ ആദിബീജത്തിന് ഭാരതീയ ഋഷിമാര്‍പരമാത്മാവ്, ബ്രഹ്മം, പൂര്‍ണ്ണം എന്നൊക്കെ പേരിട്ടു. ആ ഋഷി പരമ്പരയില്‍ പെട്ടനാരായണ ഗുരു ഈ ആനന്ദസ്വരൂപത്തെ അറിവ് എന്ന് വിളിച്ചു. കാരണം, പ്രപഞ്ച വസുതുക്കളും ദൈവസങ്കല്പവുമൊക്കെ അറിവിലാണിരിക്കുന്നത് എന്നാണ് ഗുരുവിന്റെ പക്ഷം. ഗുരുവിനെ ആള്‍ദൈവങ്ങളുടെ നിരയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ ഗുരു പ്രാപിച്ച അവസ്ഥയും ഗുരുവിന്റെ ദൈവസങ്കല്പവും അങ്ങനെ യഥാര്‍ത്ഥഗുരുവിനേയും അറിഞ്ഞിരിക്കേണ്ടതാണ.്

ദൈവത്തിന് ഒരു നിര്‍വ്വചനം ഗുരു ദൈവദശകത്തിന്റെ ഹൃദയഭാഗത്തു തന്നെ ചേര്‍ത്തിട്ടുണ്ട്. നീ സത്യം ജ്ഞാനം ആനന്ദം. നീ തന്നെ വര്‍ത്തമാനവും ഭൂതവും ഭാവിയും. ഒരിക്കലും മാറ്റമില്ലാതിരിക്കുന്നതാണ് സത്യം. ആ സത്യം ഏതെന്ന് തിരിച്ചറിയുന്നതാണ് ജ്ഞാനം. പരമാര്‍ത്ഥത്തിന്റെ അനുഭൂതിയുണ്ടാകുമ്പോള്‍ അത് ആനന്ദമായിത്തിരുന്നു. ഏതു കാലത്തിലും സകലതിലും നിറഞ്ഞു നില്ക്കുന്നത് ഈശ്വരചൈതന്യമാണ്. ആ സത്യം അകത്തും പുറത്തുമുണ്ടെന്ന് വ്യക്തമാക്കാന്‍ 'അകവും പുറവും തിങ്ങും മഹിമാവാര്‍ന്നതാണ് നിന്‍ പദം' എന്ന് നാരായണ ഗുരു പറയുന്നു. ഈ ദൈവസാന്നിധ്യം നമുക്ക് അനുഭവവേദ്യമാക്കാന്‍ സാധിക്കും. നിഷ്‌ക്കളങ്കമായ സ്‌നേഹത്തിലൂടെ, നിസ്വാര്‍ത്ഥമായ പ്രാര്‍ത്ഥനയിലൂടെ, നിര്‍വ്യാജമായ ഭക്തിയിലൂടെ, ഈശ്വരസമര്‍പ്പണത്തിലൂടെ ഒക്കെ നമുക്കത് സാധ്യമാകും. നീ സത്യം ജ്ഞാനം ആനന്ദം എന്ന ധ്യാനത്തില്‍ നിരന്തരം മുഴുകി അത് ഞാന്‍ തന്നെയാണ് - തത്വമസി എന്ന അനുഭൂതിയുണ്ടാകുന്നതു വരെ സര്‍വ്വവും ഈശ്വരനില്‍ സമര്‍പ്പിച്ചു കൊണ്ടിരിക്കണം.

ജന്മങ്ങളില്‍ വച്ച് ഏറ്റവും വിശിഷ്ടമായത് മനുഷ്യജന്മമാണെങ്കിലും അതും പൂര്‍ണ്ണമല്ല. പരിമിതികളുണ്ട്, ദുരിതങ്ങളുണ്ട്. അവയൊക്കെ അതിജീവിക്കാന്‍ അകത്തും പുറത്തും തിങ്ങി നില്‍ക്കുന്ന സത്യത്തെ കണ്ടെത്തണം. ആ സത്യത്തെ നമ്മളില്‍ നിന്ന് മറച്ചു വച്ചിരിക്കുന്നത് മായയാണ്- ഈശ്വരന്റെ മറ്റൊരു ഭാവം.

നീയല്ലോ മായയും മായാവിയും മായാവിനോദനും
നീയല്ലോ മായയെ നീക്കി സായൂജ്യം നല്‍കുമാര്യനും

മായയുടെ അകവും പുറവും ഈ വരികളില്‍ അടങ്ങിയിരിക്കുന്നു. ഇന്ദിയങ്ങള്‍ ഉളവാക്കുന്നത് സത്യമെന്ന് കരുതി അതില്‍ മയങ്ങിപ്പോയി പ്രപഞ്ച രഹസ്യം കണ്ടെത്തുന്നതില്‍ പരാജയപ്പെടുന്നവരാണ് മായാവലയത്തില്‍ കുടുങ്ങിപ്പോകുന്നത്. ആനന്ദസ്വരൂപമായിരിക്കുന്ന ആത്മാവിനു പകരം ശരീരത്തെ കാണുമ്പോള്‍ ആത്മാവിനെ മറന്നു പോകുന്നു. നാരായണ ഗുരുവിന്റെ ഭാഷയില്‍ ആത്മാവിന്റെ സ്വരൂപം അറിവാണ്. അറിവിന്റെ പ്രകാശം മനസ്സില്‍ നിറയുമ്പോള്‍ മായാവലയത്തില്‍ നിന്ന് മോചിതരായി നാംധന്യരാകുന്നു. അപ്പോള്‍ മായയെ നീക്കി സായൂജ്യം നല്കുമാര്യനും നീ തന്നെ എന്നു ബോധ്യമാകും.

ദെവദശകത്തില്‍ അവതരിപ്പിക്കുന്ന വേദാന്ത ചിന്തയുടെ കാതലിരിക്കുന്നത്

ഒന്നൊന്നായ് എണ്ണിയെണ്ണി തൊട്ടെണ്ണും പൊരുളൊടുങ്ങിയാല്‍
നിന്നിടും ദൃക്ക് പോലുള്ളം നിന്നിലസ്പന്ദമാകണം.

എന്ന വരികളിലാണ്. ഈ പ്രപഞ്ച വസ്തുക്കള്‍ ഓരോന്നായി എണ്ണി മാറ്റിക്കഴിയുമ്പോള്‍ അവശേഷിക്കുന്ന ഉള്ളം പരമാത്മാവില്‍ അസ്പന്ദമാകണം. ബാഹ്യലോകത്തെ പറ്റിയുള്ള വിചാര വികാരങ്ങള്‍ മനസ്സിനെ അലട്ടാതിരിക്കുന്ന നിസ്സംഗാവസ്ഥ - മൗനാവസ്ഥ. ഈശ്വരാനുഭൂതിയുണ്ടാകുന്നത് മനസ്സ് അന്തര്‍മുഖമാക്കിക്കൊണ്ടുള്ള മൗനാവസ്ഥയിലാണ്.ലൗകിക സുഖങ്ങള്‍ അനശ്വരമാണെന്ന് ഉറപ്പിക്കുന്നവര്‍ എപ്പോഴും ലൗകിക സുഖങ്ങളുടെ പിന്നാലെ ഓടിത്തളര്‍ന്ന് നിലം പതിച്ചുകൊണ്ടിരിക്കും. മനസ്സ് പരമാത്മാവിനോട് ചേര്‍ന്ന് രമിച്ചു കൊണ്ടിരിക്കണം. പരമാത്മാവുമായി സമ്മേളിക്കുന്ന ഈ അവസ്ഥയിലേക്ക് നീങ്ങാനുള്ള ആത്മജ്ഞാനമുദിച്ചാല്‍ മാത്രമെ പ്രപഞ്ച വസ്തുക്കള്‍ ഓരോന്നായി എണ്ണി എണ്ണി അവയൊന്നും യഥാര്‍ത്ഥമല്ല എന്ന് ഉറപ്പിച്ച് മാറ്റി വയ്ക്കാനും സത്യസാക്ഷാത്ക്കാരം കൈവരിക്കാനും സാധിക്കുകയുള്ളൂ.

ദൈവദശകത്തില്‍ അവസാനമായി പറയുന്നത് നമ്മള്‍ ജീവിതം നയിക്കേണ്ടത്

ആഴമേറും നിന്‍ മഹസ്സാമാഴിയില്‍ ഞങ്ങളാകവെ
ആഴണം വാഴണം നിത്യം, വാഴണം വാഴണം സുഖം

എന്ന പ്രാര്‍ത്ഥനയോടും നിശ്ചയത്തോടുമായിരിക്കണമെന്നാണ്.  ആദിമഹസ്സിന്റെ മഹിമാവില്‍ ആഴത്തില്‍ ആഴ്ന്നിറങ്ങാന്‍ സാധിക്കുമ്പോഴാണ് അനശ്വരമായ അനുഭൂതി, അവാച്യമായ സുഖം ഉണ്ടാകുന്നത്. ആ സുഖാനുഭൂതിയില്‍ നിത്യവുംലയിച്ചു നില്‍ക്കാന്‍ അനുഗ്രഹിക്കണേ എന്ന പ്രാര്‍ത്ഥനയോടെ ദൈവദശകം സമാപിക്കുന്നു. ആഴണം വാഴണം നിത്യം, വാഴണം വാഴണം സുഖം.

പ്രാര്‍ത്ഥനയില്‍ ആത്മാര്‍പ്പണം വേണം. മനസ്സ് ഈശ്വരന് അഭിമുഖമാക്കിക്കൊണ്ടുള്ള ആത്മസമര്‍പ്പണത്തില്‍ ലാഭനഷ്ടങ്ങളെ പറ്റിയുള്ള ചിന്തയുണ്ടാവുകയില്ല. നമ്മുടെ ആത്മഗീതത്തില്‍ പ്രതിധ്വനിക്കുന്നത് സമാനതയുടെ സന്ദേശമായിരിക്കും. അപ്പോള്‍ സ്വാര്‍ത്ഥതാല്പര്യങ്ങളില്‍ മനസ്സ് കുടുങ്ങിപ്പോകാതെ ഞാന്‍ അല്ലെങ്കില്‍ എനിക്ക് എന്ന സങ്കുചിത ചിന്ത, നമ്മള്‍ അല്ലെങ്കില്‍ നമുക്ക് എന്ന വിശാലതയിലേക്ക് ഉയര്ന്നു വരും. അദൈ്വത ദര്‍ശനത്തിന്റെ പ്രകാശത്തില്‍ മനസ്സ് ശോഭിക്കുമ്പോള്‍ ദൈവമേ കാത്തുകൊള്‍കങ്ങു, കൈവിടാതിങ്ങു ഞങ്ങളെ എന്ന് എല്ലാവരുടേയും നന്മ മനസ്സില്‍ കണ്ട് സാര്‍വ്വലൗകികമായ ഭാവത്തോടെ ഏവര്ക്കും പ്രാര്‍ത്ഥിക്കാന്‍ സാധിക്കും.


ദൈവദശകത്തിലെ സുഖാനുഭൂതി -ആഴണം വാഴണം നിത്യം, വാഴണം വാഴണം സുഖം-
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക