Image

മോദി മാജിക്കിന്റെ മാറ്റുരയ്ക്കുവാന്‍ നിയമസഭ- ഉപതെരഞ്ഞെടുപ്പുകള്‍ (ഡല്‍ഹികത്ത്: പി.വി. തോമസ് )

പി.വി. തോമസ് Published on 13 September, 2014
മോദി മാജിക്കിന്റെ മാറ്റുരയ്ക്കുവാന്‍ നിയമസഭ- ഉപതെരഞ്ഞെടുപ്പുകള്‍ (ഡല്‍ഹികത്ത്: പി.വി. തോമസ് )
ലോകസഭ തെരഞ്ഞെടുപ്പില്‍ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചതിനുശേഷം ഉത്തരകാണ്ഡ്, ബീഹാര്‍ ഇടങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളില്‍ തിളക്കം നഷ്ടപ്പെട്ട മോഡി പ്രഭാവത്തിന്റെ അല്ലെങ്കില്‍ മോഡി തരംഗത്തിന്റെ  അല്ലെങ്കില്‍ മോഡി മാജിക്കിന്റെ മാറ്റുരക്കുവാന്‍ പോവുകയാണ് നിരവധി ഉപതെരഞ്ഞെടുപ്പുകളും 33 അസംബ്ലി തെരഞ്ഞെടുപ്പുകളും. പത്ത് സംസ്ഥാനങ്ങളിലായി മൂന്ന് ലോകസഭ ഉപതെരഞ്ഞെടുപ്പുകളും 33 അസംബ്ലി ഉപതെരഞ്ഞെടുപ്പുകളും ആണ് ആദ്യം വിധിയെഴുതുവാനായി പോളിംങ്ങ് ബൂത്തില്‍(സെപ്റ്റംബര്‍13) ഉടനെ തന്നെയുണ്ട്(ഒക്‌ടോബര്‍ 15) മഹാരാഷ്ട്ര, ഹരിയാന അസംബ്ലികളിലേക്കുള്ള വിധിയെഴുത്ത്. ഝാര്‍ഖണ്ഡും ജമ്മു& കാശ്മീരും തൊട്ടുപിന്നാലെയുണ്ട്. ഈ സംസ്ഥാന അസംബ്ലികളുടെ  കാലാവധി 2015 ജനുവരിയില്‍  നിന്നും. അതായത് ഒക്‌ടോബര്‍  കഴിഞ്ഞ് എപ്പോള്‍ വേണമെങ്കിലും ചട്ടപ്രകാരം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാം. ഡല്‍ഹി തെരഞ്ഞെടുപ്പിന്റെയും പുതിയ ബി.ജെ.പി. ഗവണ്‍മെന്റ് രൂപീകരണത്തിന്റെയും സസ്‌പെന്‍സിലാണ്. ഒക്‌ടോബര്‍ പത്തിനകം ഒരു തീരുമാനം എടുക്കുവാനാണ് സുപ്രീംകോടതി ഡല്‍ഹി ലഫ്‌നന്റ് അന്ത്യശാസനം നല്‍കിയിരിക്കുന്നത്. ഒക്‌ടോബര്‍ പതിനഞ്ചില്‍ മഹാരാഷ്ട്രയിലും ഹരിയാനയിലും നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം അഞ്ച് സംസ്ഥാനങ്ങളിലായി അഞ്ച് അസംബ്ലി ഉപതെരഞ്ഞെടുപ്പുകളും നടക്കുന്നുണ്ട്. അതായത് രാജ്യം വീണ്ടും തെരഞ്ഞെടുപ്പിന്റെ ചൂടിലാണെന്ന് സാരം. മോഡിയുടെ മാജിക് തുടരുമോ? കോണ്‍ഗ്രസിന്  ഒരു തിരിച്ചുവരവിന് സാദ്ധ്യതയുണ്ടോ?  ആരായിരിക്കും ഡല്‍ഹി ഭരിക്കുന്നത്? എന്തായിരിക്കും അരവിന്ദ് കേജരിവാളിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും ഭാവി? പ്രാദേശിക പാര്‍ട്ടികളായ  സമാജ്‌വാദിപാര്‍ട്ടിയും, ത്രിണമൂല്‍ കോണ്‍ഗ്രസ്സും, തെലുഗുദേശവും, തെലുങ്കാന രാഷ്ട്ര സമിതിയും എന്ത് പ്രകടനമായിരിക്കും കാഴ്ചവയ്ക്കുക.  ഇവയാണ് പ്രധാന ചോദ്യങ്ങളെങ്കിലും പരീക്ഷിക്കപ്പെടുന്നത് മോഡിയും ബി.ജെ.പി.യും ആണ് എന്ന കാര്യത്തില്‍  യാതൊരു സംശയവും ഇല്ല.

ഡല്‍ഹി ഒരു ചെറിയ സംസ്ഥാനം ആണെങ്കിലും(70 അംഗ അസംബ്ലി 7 ലോക്‌സഭാംഗങ്ങള്‍) അത് ഒരു പൂര്‍ണ്ണ സംസ്ഥാനം അല്ലെങ്കിലും (പോലീസ് ഉള്‍പ്പെടെ പല സുപ്രധാന വകുപ്പുകളും ഇപ്പോഴും കേന്ദ്രഗവണ്‍മെന്റിന്റെ കീഴിലാണ്. മാത്രവുമല്ല ഒരു ഫുള്‍ഫ്‌ളെഡ് ജഡ് ഗവര്‍ണ്ണര്‍ക്കുപകരം ലഫ്റ്റ്‌നെന്റ് ഗവര്‍ണര്‍ ആ സ്ഥാനത്ത്) ഡല്‍ഹിയുടെ ഭരണം വളരെ പ്രാധാന്യമേറിയതാണ്. പ്രത്യേകിച്ചും ഇപ്പോഴത്തെ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍. മോഡി സര്‍വ്വ പ്രഭാവത്തോടെ ഇന്ത്യ ഭരിക്കുന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ മൂക്കിനു കീഴില്‍ എങ്ങനെ മറ്റൊരു ഭരണകേന്ദ്രം ആകാം. മോഡിയുടെയും ബി.ജെ.പി.യുടെയും ആശങ്ക സ്വാഭാവികം ആണ്. 2013 ഡിസംബറില്‍ നടന്ന അതിവാശിയേറിയ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.യും ആം ആദ്മി പാര്‍ട്ടിയും ശക്തമായ പ്രകടനം ആണ് കാഴ്ച വച്ചത്. രണ്ട് പാര്‍ട്ടികള്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല. ബി.ജെ.പി.ക്ക് 32 സീറ്റുകളും ആം ആദ്മി പാര്‍ട്ടിക്ക് 28 സീറ്റുകളും ലഭിച്ചു. ഭരണകക്ഷിയായിരുന്ന ഷീലാദീക്ഷിതിന്റെ കോണ്‍ഗ്രസിനു ലഭിച്ചത് വെറും എട്ട് സീറ്റുകള്‍ മാത്രം. കോണ്‍ഗ്രസിന്റെ ദയനീയ പതനവും ആം ആദ്മി പാര്‍ട്ടിയുടെ കൊടുങ്കാറ്റുപോലുള്ള വരവും ബി.ജെ.പി.യുടെ വിഷക്കഭാവസ്ഥയും ആയിരുന്നു ആ തെരഞ്ഞെടുപ്പിന്റെ സന്ദേശം. അണ്ണാഹസാരെയുടെ അഴിമതി വിരുദ്ധ പ്രക്ഷോഭണത്തിന്റെ തീയില്‍ കുരുത്ത ആം ആദ്മി പാര്‍ട്ടി ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റ് വിതക്കുമെന്ന് ഈ ലേഖകന്‍ ഉള്‍പ്പെടെയുള്ള, രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചിച്ചു. ബി.ജെ.പി.യുടെ വര്‍ഗ്ഗീയ രാഷ്ട്രീയത്തില്‍ നിന്നും കോണ്‍ഗ്രസിന്റെ ദിശാബോധമില്ലാത്ത അഴിമതി- ദുര്‍ഭരണ രാഷ്ട്രീയത്തില്‍ നിന്നുമുള്ള മോചനം ആണ് ആം ആദ്മി പാര്‍ട്ടിയെന്ന് നിരീക്ഷകര്‍ കരുതി. ഈ ലേഖകന്‍ തെരഞ്ഞെടുപ്പിന്റെ ഫലം വന്ന ദിവസം ഒരു ടെലിവിഷന്‍ ചാനലിന്റെ ചര്‍ച്ചയില്‍ ആം ആദ്മിയെ പുതിയ വസന്തത്തിന്റെ ഇടിമുഴക്കം എന്നുവരെ വിശേഷിപ്പിക്കുകയുണ്ടായി. എല്ലാം തെറ്റിയെന്ന് കോണ്‍ഗ്രസിന്റെ സഹായത്തോടെ അധികാരത്തിലേറിയ കേജരിവാളും സംഘവും തെളിയിച്ചു. അപക്വമതികളായ ഒരു കോമാളീ സംഘമായി കേജരിവാളും സംഘവും അധഃപതിച്ചു. ഭരിക്കുവാന്‍ അറിയില്ലെന്ന് അവര്‍ അനുദിനം തെളിയിച്ചു. അവസാനം 49-#ാ#ം ദിവസം ലോകപാല്‍ ബില്‍ അസംബ്ലിയില്‍ വോട്ടില്‍ പരാജയപ്പെട്ടപ്പോള്‍ ഗവണ്‍മെന്റ് രാജിവച്ചു. അസംബ്ലി അന്നു മുതല്‍ സസ്‌പെന്റ് ആനിമേഷനില്‍ ആണ്. അസംബ്ലി പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടെങ്കിലും ലഫ്റ്റ്ന്റ് ഗവര്‍ണ്ണര്‍ നജീബ് ജങ്ങ് കൂട്ടാക്കിയില്ല. ഡല്‍ഹിയില്‍ ജനകീയ ഭരണം സ്തംഭിച്ചു. നിയമസഭാ സാമാജികര്‍ പണിയെടുക്കാതെ ശമ്പളം വാങ്ങുന്ന അവസ്ഥ സംജാതമായി. സുപ്രീംകോടതി ഇടപ്പെട്ടു. അപ്പോഴാണ് ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ഒരു കത്തെഴുതുന്നത് ഏറ്റവും വലിയ പാര്‍ട്ടിയായ ബി.ജെ.പി.യെ ഗവണ്‍മെന്റ് രൂപീകരിക്കുവാന്‍ അനുവദിക്കണമെന്ന്. ബി.ജെ.പി.ക്ക് ഇപ്പോള്‍ 29 അംഗങ്ങളും ആം ആദ്മി പാര്‍ട്ടിക്ക് 28 അംഗങ്ങളും ആണ് ഉള്ളത്. ബി.ജെ.പി.യുടെ അംഗസംഖ്യ കുറയുവാന്‍ കാരണം അതിന്റെ മൂന്ന് എം.എല്‍.എ.മാര്‍ എം.പി.മാരായി തെരഞ്ഞെടുക്കപ്പെട്ടതാണ്. ഒരു അകാലിദളിന്റെയും ഒരു ആം ആദ്മി റിബലിന്റെയും ഒരു സ്വതന്ത്രന്റെയും പിന്തുണ ബി.ജെ.പിക്ക് ലഭിച്ചേക്കാമെങ്കിലും കേവല ഭൂരിപക്ഷത്തിന്റെ മാജിക്ക് സംഖ്യയായ 36-ല്‍ നിന്നും അത് അപ്പോഴും അകലെയാണ്. ലഫ്റ്റ്‌നന്റ് ഗവര്‍ണ്ണരുടെ നിര്‍ദ്ദേശം പ്രസിഡന്റ് പ്രണാബ് മുഖര്‍ജി പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചപ്പോഴാണ് കോടതി ഒക്‌ടോബര്‍ പത്തിനുള്ളില്‍ ഗവണ്‍മെന്റ് രൂപീകരണത്തിനോ അല്ലെങ്കില്‍ പുതിയ തെരഞ്ഞെടുപ്പിനോ അനുകൂലമായി  ഒരു തീരുമാനം എടുക്കണമെന്ന് നിര്‍ദ്ദേശിച്ചത്. ഇത് നിയമ-ഭരണഘടന പ്രശ്‌നം. പക്ഷേ, എന്താണിതിന്റെ രാഷ്ട്രീയ വശം. ബി.ജെ.പി. ഗവണ്‍മെന്റ്  രൂപീകരണത്തിന് തയ്യാറാണ്. പക്ഷേ അംഗബലം ഇല്ല. സുപ്രീംകോടതി ഭയക്കുന്നതുപോലെ താമസിക്കുംതോറും കുതിരകച്ചവടത്തിനുള്ള സാദ്ധ്യ ഏറുകയാണ്. ഒരു ആം ആദ്മി എം.എല്‍.എ.യുടെ വില നാല് കോടിരൂപയാണ്. കച്ചവടം ഉറപ്പിക്കല്‍ ഒരു ഒളി ക്യാമറ ഓപ്പറേഷനിലൂടെ ആം ആദ്മി വെളിപ്പെടുത്തിയതാണ്. ഏതായാലും വരുംദിനങ്ങളില്‍ എന്തും സംഭവിക്കാം. ആം ആദ്മി പ്രതിനിധികളോ കോണ്‍ഗ്രസ് പ്രതിനിധികളോ ബി.ജെ.പി. സര്‍ക്കാരിന് കൂറു പ്രഖ്യാപിച്ചേക്കാം. കോണ്‍ഗ്രസില്‍ ഷീലാദിക്ഷിതിന്റെ നേതൃത്വത്തില്‍ ബി.ജെ.പി. ഗവണ്‍മെന്റ് രൂപീകരണത്തിന് അനുകൂലമായ നീക്കം ഉണ്ട്. കുതിരകച്ചവടത്തിലൂടെ ഒരു ഗവണ്‍മെന്റ് രൂപീകരിക്കുന്നതിന് ബി.ജെ.പി.യില്‍ ഒരു ഭാഗം എതിരാണ്. മോഡിയുടെയോ അമിത്ഷായുടെയോ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഒരു പുതിയ തെരഞ്ഞെടുപ്പുവന്നാല്‍ വിജയം ബി.ജെ.പി,ക്ക് അത്ര അനായാസം ആയിരിക്കുകയില്ല. മോഡി മാജിക്ക് ഡല്‍ഹിയില്‍ പരാജയപ്പെട്ടാല്‍ അത് മോഡിക്ക് വലിയ തിരിച്ചടി ആയിരിക്കും. ഏതായാലും ഒക്‌ടോബര്‍ പത്തോടെ പുതിയ ബി.ജെ.പി. ഗവണ്‍മെന്റോ കുതിര കച്ചവടമോ അതോ പുതിയ തെരഞ്ഞെടുപ്പോ ഡല്‍ഹിയില്‍ സംഭവിക്കുവാന്‍ പോകുന്നതെന്ന് വ്യക്തമാകും. ഇപ്പോഴത്തെ സാഹചര്യത്തില്‍ പുതിയ തെരെഞ്ഞെടുപ്പാണ് അഭികാമ്യം.

ഉപതെരഞ്ഞെടുപ്പുകള്‍ എല്ലാക്കാലത്തും സംസ്ഥാ-കേന്ദ്ര ഗവണ്‍മെന്റുകളുടെ ജനപ്രീതിയുടെ ബാരോ മീറ്ററുകള്‍ ആണ്. സെപ്റ്റംബര്‍-ഒക്‌ടോബര്‍ മാസങ്ങളില്‍ പത്തിലേറെ സംസ്ഥാനങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളും വ്യത്യസ്ഥം അല്ല. ആദ്യഘട്ടത്തിലെ മൂന്നു ലോക്‌സഭ ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി.യും സമാജ്വാദി പാര്‍ട്ടിയും തെലുങ്കാന രാഷ്ട്രസമിതിയും നിലനിര്‍ത്തുവാനാണ് സാദ്ധ്യത. ഈ പാര്‍ലമെന്റ് സീറ്റുകള്‍ മോഡി രാജിവച്ച വഡോദരയും(ഗുജറാത്ത്), മുലയം സിംങ്ങ് യാദവ് രാജിവച്ച മെയിന്‍ പുരിയും(ഉത്തര്‍പ്രദേശ്) ചന്ദ്രശേഖര്‍ റാവു രാജിവച്ച മേഥാക്കും(തെലുങ്കാന) ആണ്. ഇവിടങ്ങളില്‍ ഇവരുടെ പ്രതിനിധികള്‍ക്കെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്തുവാന്‍ കോണ്‍ഗ്രസിനോ മായാവതിക്കോ ആവുകയില്ല. മായാവതിയാകട്ടെ ഉപതെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ പാരമ്പര്യം നിലനിര്‍ത്തി മത്സരിക്കുന്നേയില്ല. ഇനിയുള്ളത് 33 അസംബ്ലിമണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളാണ്. ഇവിടെ ബി.ജെ.പിക്ക് വ്യക്തമായ മുന്‍കൈ ഉണ്ട്. ഉദാഹരണമായി ഉത്തര്‍പ്രദേശ് എടുക്കുക. പതിനൊന്ന് അസംബ്ലികളിലേക്കാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ പതിനൊന്നും ബി.ജെ.പി.എം.എല്‍.എ.മാര്‍ രാജിവച്ച സീറ്റുകള്‍ ആണ്. കാരണം അവര്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഈ സീറ്റുകള്‍ ബി.ജെ.പി. നിലനിറുത്തുമെന്ന കാര്യത്തില്‍ സംശയം ഇല്ല. ഇനി അഥവാ നിലനിറുത്തുവാന്‍ സാധിച്ചില്ലെങ്കില്‍ അത് മോഡിക്കും ബി.ജെ.പിക്കും വലിയ തിരിച്ചടിയായിരിക്കും. ശക്തമായ വര്‍ഗ്ഗീയ ധ്രുവീകരണവും രാഷ്ട്രീയ- ഇടപെടലുകളും ബി.ജെ.പി.യും ഷായും ഇവിടങ്ങളില്‍ നടത്തിയിട്ടുണ്ട്. പ്രത്യേകിച്ചും സഹാരന്‍പൂര്‍, തക്കൂര്‍ദ്വാര എന്നിവിടങ്ങളില്‍. അടുത്തത് ഗുജറാത്ത് പത്ത് ഉപതെരഞ്ഞെടുപ്പുകള്‍ ആണ് ഇവിടെ നടക്കുന്നത്. മോഡിയില്ലാതെയാണ് ഗുജറാത്ത് ഉപതെരഞ്ഞെടുപ്പിന് പോകുന്നതെങ്കിലും അവിടെയും മോഡിയുടെയും ബി.ജെ.പി.യുടെയും മുന്‍കൈയാണുള്ളത്. രാജസ്ഥാനിലെ നാല് ഉപതെരഞ്ഞെടുപ്പുകളിലും സ്ഥിതി തഥൈവ. രാജസ്ഥാന്‍ ഭരിക്കുന്നത് ബി.ജെ.പി. ഗവണ്‍മെന്റ് ആണെന്നതിലുപരി കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞ് ബി.ജെ.പി. നൂറു ശതമാനം സീറ്റുകളും നേടിയ സംസ്ഥാനം ആണ് ഇത്. പശ്ചിമബംഗാളിലെ രണ്ട് സീറ്റുകള്‍ മമതയെ (ത്രിണമൂല്‍ കോണ്‍ഗ്രസ്) സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകം ആണ്. കാരണം മോഡിയും ഷായും ബി.ജെ.പി.യും നോട്ടമിട്ടിരിക്കുന്ന ഒരു സംസ്ഥാനം ആണ് ഇത്. ചുമപ്പ് പാര്‍ട്ടിയില്‍ നിന്നും തട്ടിയെടുത്ത ഈ കോട്ട മമതക്ക് സംരക്ഷിക്കുവാന്‍ സാധിക്കുമോ എന്നതാണ് ഇവിടെ പരീക്ഷിക്കപ്പെടുവാന്‍ പോകുന്നത്. രണ്ടാംഘട്ടത്തില്‍(ഒക്‌ടോബര്‍ 15) രണ്ട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പുകള്‍ ആണുള്ളത്. ബീട്ടും(മഹാരാഷ്ട്ര) കാന്തമഹാലും(ഒടീഷ). ഇതില്‍ ബീട്ട് ബി.ജെ.പി.യും, കാന്ത മഹാമ ബിജു ജനതാദളും നിലനിര്‍ത്തും. കേന്ദ്രമന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മരണം ആണ്‍ബീടിലെ ഉപതെരഞ്ഞെടുപ്പിന് കാരണം. കാന്തമഹാല്‍ എം.പി. ഹേമേന്ദ്ര ചന്ദ്രസിംങ്ങിന്റെ മരണം ആണ് അവിടത്തെ ഉപതെരഞ്ഞെടുപ്പിനും കാരണം. ഇവിടെ ഇരുപാര്‍ട്ടികള്‍ക്കും സഹതാപതരംഗം ഉറപ്പാണ്. അസംബ്ലിയിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകള്‍ അഞ്ച് ആണ് അത്രയും തന്നെ സംസ്ഥാനങ്ങളില്‍. വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് പ്രതീക്ഷക്ക് വകയില്ലെങ്കിലും ഉത്തര്‍പ്രദേശിലെയും ഗുജറാത്തിലെയും സീറ്റുകള്‍ ബി.ജെ.പി.ക്കുള്ളതായിരിക്കും.

ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും അസംബ്ലി തെരഞ്ഞെടുപ്പുകള്‍ രാഷ്ട്രീയമായി വളരെ പ്രാധാന്യം അര്‍ഹിക്കുന്നവയാണ്. ഇവിടെ രണ്ടിടത്തും കോണ്‍ഗ്രസാണ് ഇപ്പോള്‍ ഭരിക്കുന്നത്. ഈ രണ്ട് സംസ്ഥാനങ്ങളും കോണ്‍ഗ്രസിനു നഷ്ടപ്പെടുവാനാണ് സാദ്ധ്യത. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അതിനുള്ള വ്യക്തമായ സൂചനകള്‍ നല്‍കിയിരുന്നു. മഹാരാഷ്ട്രയിലെ 48 സീറ്റുകളില്‍  42 എണ്ണവും ബി.ജെ.പി.യും സഖ്യകക്ഷികളും വിജയിക്കുകയുണ്ടായി. ഇവിടെ ബി.ജെ.പി. വലിയ സഖ്യകക്ഷിയായ ശിവസേനയെക്കാള്‍ അഞ്ച് സീറ്റുകള്‍ കൂടുതല്‍ നേടുകയുണ്ടായി. ഗോപിനാഥ് മുണ്ടെയുടെ അഭാവവും ബി.ജെ.പി-ശിവസേന കക്ഷികള്‍ തമ്മിലുള്ള വടംവലിയും മുഖ്യമന്ത്രി പദത്തിനുവേണ്ടിയുള്ള മത്സരവും ഘടകങ്ങളായേക്കാമെങ്കിലും ഇത്തവണ മഹാരാഷ്ട്ര കോണ്‍ഗ്രസിന്റെ കയ്യില്‍ നിന്നും വഴുതി ബി.ജെ.പി-ശിവസേന സഖ്യത്തിന്റെ വലയില്‍ വീഴുവാനാണ് സാദ്ധ്യത.

ജമ്മു ആന്റ് കാശ്മീര്‍, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചില്ലെങ്കിലും അത്  ഏതു സമയവും പ്രതീക്ഷിക്കാം. ജമ്മു ആന്റ് കാശ്മീരിലെ പ്രളയ കെടുതിയാണ് തെരഞ്ഞെടുപ്പ് മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങള്‍ക്കൊപ്പം നടത്താതിരിക്കുവാനുള്ള പ്രധാന കാരണം. ഇതും ഝാര്‍ഖണ്ടും ഒരുമിച്ച് വര്‍ഷാവസാനം നടത്തുവാനാണ് സാദ്ധ്യത. മോഡിയും ബി.ജെ.പി.യും ഷായും ഉന്നം വയ്ക്കുന്ന ഒരു തന്ത്രപ്രധാനമായ മുസ്ലീം ഭൂരിപക്ഷ സംസ്ഥാനമാണ് ജമ്മു ആന്റ് കാശ്മീര്‍. ഇവിടെയും അത്ഭുതങ്ങള്‍ നടന്നു കൂടെന്നില്ല. കാരണം രാഷ്ട്രീയ സാഹചര്യങ്ങള്‍ അങ്ങനെയാണ് ഉരുത്തിരിഞ്ഞു വരുന്നത്. ഭരണകക്ഷിയായ കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഗ്രസും സഖ്യം പിരിഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജമ്മുവില്‍ ബി.ജെ.പി.യുടെ പ്രകടനം നന്നായിരുന്നു. പി.ഡി.പി. അത്ര നല്ല അവസഥയില്‍ അല്ല. കോണ്‍ഗ്രസും നാഷ്ണല്‍ കോണ്‍ഫ്രന്‍സും പി.ഡി.പി.യും വിഘടിച്ച് മത്സരിക്കുന്നത് ബി.ജെ.പി.ക്ക് ഗുണം ചെയ്യും. അതുപോലെ തന്നെ ഭീകരവാദികളുടെയും സപ്പറേറ്റിസ്റ്റുകളുടെയും ആഹ്വാനഫലമായി സമ്മതിദാന ശതമാനം വളരെ കുറഞ്ഞു പോയാലും അതും ബി.ജെ.പി.യെ സഹായിക്കും. ജമ്മു ആന്റ് കാശ്മീരില്‍ കൊടി നാട്ടാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. സ്ഥലഭഷ്ടരാക്കിയ കാശ്മീരി പണ്ഡിത്തുകളുടെ ശക്തമായ പിന്‍ബലവും- അവര്‍ ജനസംഖ്യയില്‍ തുച്ഛമാണെങ്കിലും-ബി.ജെ.പി.ക്കുണ്ട്. അങ്ങനെ കാശ്മീര്‍ പിടിച്ചെടുക്കുവാനായാല്‍ മോഡി-ഷാ കമ്പനിയുടെ വലിയ ഒരു വിജയം ആയിരിക്കും അത്. പക്ഷേ, അതന്ത്ര എളുപ്പം അല്ല. 87 അംഗ അസംബ്ലിയില്‍ 46 അംഗങ്ങള്‍ മുസ്ലീം ഭൂരിപക്ഷപ്രദേശമായ കാശ്മീരില്‍ ആണ്. 37 അംഗങ്ങള്‍ മാത്രമാണ് ഹിന്ദു മേധാവിത്വം ഉള്ള ജമ്മുവില്‍. ഇവിടെ നിന്നുള്ള രണ്ട് ലോക്‌സഭ സീറ്റുകളും ഇത്തവണ ബി.ജെ.പി. ജയിച്ചു. കൂടാതെ 24 അസംബ്ലി സീറ്റുകളില്‍ ലീഡ് ചെയ്യുകയും ചെയ്തു. 2008-ലെ അസംബ്ലി തെരെഞ്ഞെടുപ്പില്‍ 11 സീറ്റുകള്‍ മാത്രമാണ് ജമ്മുവില്‍ ബി.ജെ.പിക്ക് ലഭിച്ചത്. നാലു സീറ്റുകള്‍ മാത്രമുള്ള ബുദ്ധമതക്കാര്‍ കൂടുതലുള്ള ലഡാക്കിലും ബി.ജെ.പി.ക്ക് സ്വാധീനം ഉണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മിഷന്‍ 272 പ്ലസ് എന്ന തന്ത്രം മെനഞ്ഞതുപോലെ കാശ്മീരിനായി മിഷന്‍ 44 പ്ലസ് ആണ് മോഡിയും ഷായും രൂപീകരിച്ചിരിക്കുന്നത്. മോഡിയുടെയും ഷായുടെയും കൂടെക്കൂടെയുള്ള കാശ്മീര്‍ സന്ദര്‍ശനത്തിന്റെ കാര്യവും ഇതാണ്. അഞ്ചാമത്തെ സംസ്ഥാനമായ ഝാര്‍ഖണ്ഡും കയ്യില്‍ നിന്നും വഴുതി പോകാതിരിക്കണമെങ്കില്‍ കോണ്‍ഗ്രസിന് ഭഗീരഥപ്രയന്തം നടക്കേണ്ടതായിവരും.

വരുവാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെയും അഞ്ച് ലോകസഭ-38 അസംബ്ലി ഉപതെരഞ്ഞെടുപ്പിന്റെയും ഫലങ്ങള്‍ മോഡി മാജിക്കിന്റെ ഒരു തുടര്‍ച്ചയാകുവാനാണ് സാദ്ധ്യത. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ അത് ഒരു വലിയ വഴിത്തിരിവിന് ഇടയാകും. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ പ്രതീക്ഷക്കൊന്നും ഇടയില്ല.
മോദി മാജിക്കിന്റെ മാറ്റുരയ്ക്കുവാന്‍ നിയമസഭ- ഉപതെരഞ്ഞെടുപ്പുകള്‍ (ഡല്‍ഹികത്ത്: പി.വി. തോമസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക