Image

ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-4: സാം നിലമ്പള്ളില്‍)

Published on 14 September, 2014
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-4: സാം നിലമ്പള്ളില്‍)
അദ്ധ്യായം നാല്‌

രാത്രിയില്‍ ഒരുറക്കം കഴിഞ്ഞാല്‍പിന്നെ ജൊസേക്ക്‌ ഉണര്‍ന്നുകിടന്ന്‌ ആലോചനയാണ്‌. അത്യാഹിതം വാതിലില്‍വന്ന്‌ മുട്ടുമ്പോള്‍ എങ്ങനെ സമാധാനത്തോടെ കിടന്നുറങ്ങും? സെല്‍മക്ക്‌ കാര്യത്തിന്റെ ഗൗരവം ശരിക്കും പിടികിട്ടിയിട്ടില്ല. അവള്‍ ഗാഢനിദ്രയിലാണ്‌. പാവം ഉറങ്ങട്ടെ. മക്കള്‍ രണ്ടുപേരും അടുത്തമുറിയില്‍ ഉറങ്ങുന്നു. ജീവിതാവസാനംവരെ ഇങ്ങനെയൊക്കെ കഴിഞ്ഞാല്‍മതി എന്നല്ലാതെ വലിയ അത്യാഗ്രഹങ്ങളൊന്നും അവനില്ല.

രണ്ട്‌ മുറിയും അടുക്കളയും ഉള്ള ചെറിയൊരുവീടാണ്‌ അവന്റേത്‌, കല്‍പണിക്കാരനായിരുന്ന അവന്റെ അപ്പന്‍ ഉണ്ടാക്കിയത്‌. ക്ഷയരോഗം പിടിപെട്ട്‌ മരിക്കുന്നതിനുമുന്‍പ്‌ മകനെ അരികില്‍വിളിച്ചിട്ട്‌ പറഞ്ഞു, `ഈവീട്‌ നിനക്കുള്ളതാണ്‌. നിന്റെ പെങ്ങള്‍ക്ക്‌ സ്വന്തമായി വീടുണ്ട്‌. നിനക്കാണല്ലോ ബുദ്ധിമുട്ടുകള്‍ കൂടുതല്‍.'

അങ്ങനെ അപ്പന്‍ തന്നിട്ട്‌ പോയതാണ്‌ ഈ വീട്‌. പിന്നീടാണ്‌ അവന്‌ ആയുധനിര്‍മാണ ഫാക്‌ട്ടറിയില്‍ ജോലികിട്ടുന്നതും സെല്‍മയെ വിവാഹം കഴിക്കുന്നതും. അവളും ഒരു സാധുകുടുംബത്തില്‍ പിറന്നവളായിരുന്നു. അപ്പന്റെകൂടെ ജോലിചെയ്‌തിരുന്ന മറ്റൊരു കല്‍പ്പണിക്കാരന്റെ മകള്‍. ഭര്‍ത്താവിന്റെ തുശ്ചവരുമാനംകൊണ്ട്‌ ജീവിതം ഒരാഘോഷമാക്കിമാറ്റാന്‍ അവള്‍ക്ക്‌ അറിയാമായിരുന്നു. രണ്ട്‌ കുട്ടികളും ജനിച്ചുകഴിഞ്ഞപ്പോള്‍ തന്റെവീട്‌ ചെറിയൊരു സ്വര്‍ക്ഷമാണെന്ന്‌ തോന്നിത്തുടങ്ങിയതാണ്‌്‌. നിലനില്‍പിനെതന്നെ ഭീഷണിപ്പെടുത്തുന്ന കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നതാണ്‌ പിന്നീട്‌ കണ്ടത്‌.

ഇത്‌ ജൊസേക്കിന്റെ മാത്രം അനുഭവമല്ല. എല്ലാ യഹൂദകുടുംബങ്ങളും ഭീഷണിയുടെ നിഴലിലാണ്‌ ജീവിക്കുന്നത്‌. പുനരധിവാസത്തിന്‌ കൊണ്ടുപോകാന്‍ ഹിറ്റ്‌ലറുടെ ആള്‍ക്കാര്‍ എപ്പോഴാണ്‌ വാതിലില്‍മുട്ടുന്നതെന്ന്‌ ചെവിയോര്‍ത്താണ്‌ ഓരോകുടുംബവും ദിനരാത്രങ്ങള്‍ ചിലവഴിക്കുന്നത്‌.വെളിയില്‍ ഒരു ഇലവീഴുന്ന ശബ്‌ദംപോലും ഞെട്ടലോടുകൂടിയാണ്‌ അവര്‍ ശ്രവിക്കുന്നത്‌.

ജീവിതം വഴിമുട്ടുകയാണെന്ന്‌ അറിയാമായിരുന്നിട്ടും എല്ലാവരും അവരുടെ ദിനങ്ങള്‍ തള്ളിനീക്കിക്കൊണ്ടിരുന്നു. ഒരുപക്ഷേ, നാളെ പ്രതീക്ഷയുടെ തിരിനാളം തെളിഞ്ഞെങ്കിലോ? യഹൂദരോടുള്ള ഹിറ്റ്‌ലറുടേയും, നാസികളുടേയും മനോഭാവം മാറിയെങ്കിലോ? സഖ്യകക്ഷികളായ അമേരിക്കയും ബ്രിട്ടനും തങ്ങളുടെ രക്ഷക്കെത്തിയെങ്കിലോ? കൂട്ടക്കുരുതിക്കെതിരായി ജര്‍മന്‍ മനസാക്ഷി ഉണര്‍ന്നെങ്കിലോ? യൂത്താന്‍ഷ്യായിക്ക്‌ എതിരായി പളളികളിലുംമറ്റും പ്രതക്ഷേധശബ്‌ദം മുഴങ്ങിയില്ലേ? അതുപോലെ യഹൂദരെ കൊന്നൊടുക്കുന്നതിന്‌ എതിരായിട്ടും ക്രിസ്‌തീയ സഭകള്‍ ശബ്‌ദിക്കാതിരിക്കത്തില്ല.

പക്ഷേ യഹൂദരുടെ പ്രതീക്ഷകള്‍ തെറ്റുകയായിരുന്നു. ഗ്രാമങ്ങളും, ചെറുപട്ടണങ്ങളും ഭശുദ്ധീകരിച്ച്‌?കഴിഞ്ഞപ്പോള്‍ വലിയ നഗരങ്ങളായ ബെര്‍ലിനിലേക്കം, ബോണിലേക്കും ഭീകരസത്വത്തിന്റെ കരങ്ങള്‍ നീണ്ടു. ജര്‍മനിയെ ശുദ്ധീകരിക്കുക എന്ന വാക്കാണ്‌ ഹിറ്റ്‌ലര്‍ പ്രയോഗിച്ചത്‌. ശുദ്ധ ആര്യന്‍രക്തമാണ്‌ ജര്‍മന്‍കാരുടെ സിരകളില്‍കൂടി
ഒഴുകുന്നത്‌. അവരാണ്‌ ലോകത്തിലെ ഉന്നതവംശം. യഹൂദരും സ്‌ളോവേക്ക്യരും മറ്റും അധഃകൃതരാണ്‌. അവരുമായി കൂടിക്കലര്‍ന്നാല്‍ ആര്യന്‍രക്തം അശുദ്ധമാകും. അതുകൊണ്ട്‌ അവരെ ജര്‍മനിയില്‍നിന്ന്‌ മാത്രമല്ല, യൂറോപ്പില്‍നിന്നുതന്നെ പുറംതള്ളണം.

ഓരോ ജൂദകുടുംബങ്ങളേയും പിഴുതെറിയമ്പോള്‍ ജര്‍മന്‍കാര്‍ കണ്ടില്ലെന്ന്‌ നടിച്ചു. ക്രിസ്‌ത്യന്‍ പള്ളികള്‍ കുറ്റകരമായ നിശബ്‌ദത പാലിച്ചു; ഒരുപറ്റം പുരോഹിതന്മാര്‍ നാസികളെ പിന്‍താങ്ങുകയും ചെയ്‌തു. `നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കണം' എന്ന ക്രിസ്‌തുവചനം അവര്‍ മറന്നു. ഭീകരമായ കൂട്ടക്കൊല പോളണ്ടില്‍ നടക്കുന്നത്‌ അറിഞ്ഞിട്ടും ലോകമനസാക്ഷി ഉണര്‍ന്നില്ല.

ഹിറ്റ്‌ലര്‍ വാഴ്‌സായ്‌ ഉടമ്പടി ലംഘിക്കുന്നത്‌ അറിഞ്ഞിട്ടും സഖ്യകക്ഷികളായ അമേരിക്കയും, ബ്രിട്ടനും, ഫ്രാന്‍സും കണ്ടില്ലെന്ന്‌ നടിച്ചു. ജര്‍മനി പോളണ്ടിനെ അക്രമിച്ചപ്പോളെങ്കിലും അവര്‍ക്ക്‌ ഇടപെടാമായിരുന്നു. എങ്കില്‍ രണ്ടാം ലോകയുദ്ധവും ഹോളോക്കോസ്റ്റും ഒഴിവാക്കാമായിരുന്നു. പേപിടിച്ച വര്‍ഗീയവാദിയെ നിഷ്‌ക്കാസനം ചെയ്‌തിരുന്നെങ്കില്‍ ലക്ഷക്കണക്കിന്‌ മനുഷ്യജീവന്‍ രക്ഷിക്കാമായിരുന്നു. അവസാനം ഭ്രാന്തുപിടിച്ച ഏകാധിപതി തങ്ങളുടെ നിലനില്‍പിനും ഭീഷണിയാണെന്ന്‌ അറിഞ്ഞപ്പോളാണ്‌ സഖ്യകക്ഷികള്‍ ഉണര്‍ന്നത്‌. അപ്പോഴേക്കും അയാള്‍ വന്‍വിനാശം വരുത്തിക്കഴിഞ്ഞിരുന്നു.

(തുടരും....)

മൂന്നാം ഭാഗം വായിക്കുക...
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-4: സാം നിലമ്പള്ളില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക