Image

ലാന സാംസ്‌കാരിക തീര്‍ത്ഥയാത്രയ്‌ക്ക്‌ സാഹിത്യ അക്കാദമിയില്‍ സ്വീകരണം ചിത്രങ്ങളിലൂടെ....

Published on 14 September, 2014
 ലാന സാംസ്‌കാരിക തീര്‍ത്ഥയാത്രയ്‌ക്ക്‌ സാഹിത്യ അക്കാദമിയില്‍ സ്വീകരണം ചിത്രങ്ങളിലൂടെ....
2014 ജൂലൈ 25,26,27 തീയതികളില്‍ കേരളത്തില്‍ വെച്ച്‌ നടന്ന ലാനയുടെ സാഹിത്യ-സാംസ്‌കാരിക കൂട്ടായ്‌മയ്‌ക്ക്‌ സംസ്ഥാനത്തെ അക്ഷരസ്‌നേഹികളില്‍ നിന്നും മികച്ച പിന്തുണയാണ്‌ ലഭിച്ചത്‌. മലയാള സാഹിത്യലോകത്തെ ഒന്നാം നിരക്കാരുടെ സാന്നിധ്യംകൊണ്ടും, മൂന്നു സ്ഥലങ്ങളിലേയും മികച്ച ജനപങ്കാളിത്തംകൊണ്ടും കണ്‍വെന്‍ഷന്‍ വിസ്‌മയ വിജയം കൈവരിച്ചു. കേരള സാഹിത്യ അക്കാദമി, കേരള കലാമണ്‌ഡലം, തുഞ്ചന്‍ മെമ്മോറിയല്‍ ട്രസ്റ്റ്‌ എന്നീ മൂന്നു സ്ഥാപനങ്ങളും ലാനയുടെ സാംസ്‌കാരിക തീര്‍ത്ഥയാത്രയ്‌ക്ക്‌ വേദിയും വേണ്ട സൗകര്യങ്ങളുമൊരുക്കി അമേരിക്കന്‍ മലയാളികളുടെ മാതൃഭാഷയോടുള്ള സ്‌നേഹത്തിന്‌ ആദരവര്‍പ്പിച്ചപ്പോള്‍ ജന്മനാട്ടില്‍ സംഘടിപ്പിച്ച ത്രിദിന സാംസ്‌കാരിക തീര്‍ത്ഥയാത്ര ചരിത്ര വിജയത്തിന്റെ ആഹ്ലാദത്തിലും അഭിമാനത്തിലുമാണ്‌ ലാന കുടുംബാംഗങ്ങള്‍.

കണ്‍വന്‍ഷന്‍ ഒന്നാം ദിവസം സാഹിത്യ പ്രവര്‍ത്തകരുടേയും ഭാഷാസ്‌നേഹികളുടേയും തറവാടായ തൃശൂരിലെ കേരള സാഹിത്യ അക്കാദമി മന്ദിരത്തില്‍ അമേരിക്കന്‍ മലയാളി കുടുംബാംഗങ്ങളെ അക്കാദമി പ്രസിഡന്റ്‌ പെരുമ്പടവം ശ്രീധരന്റെ നേതൃത്വത്തില്‍ പുസ്‌തകവും പൂച്ചെണ്ടും നല്‍കി സ്വീകരിച്ചു. തറവാട്ടില്‍ ഒരു മംഗളകര്‍മ്മം നടക്കുന്ന ആവേശത്തോടെയായിരുന്നു അക്കാദമി ജീവനക്കാരും കമ്മിറ്റി അംഗങ്ങളും ലാന പ്രവര്‍ത്തകരെ സ്വീകരിക്കാന്‍ ഓടിനടന്നത്‌. ദിവസങ്ങള്‍ക്കു മുമ്പേ തന്നെ അക്കാദമിയുടെ മെയിന്‍ ഗേറ്റില്‍ വമ്പന്‍ ഫ്‌ളെക്‌സ്‌ ബോര്‍ഡും ആകര്‍ഷകമായ കമാനവുമൊരുക്കി അവര്‍ ലാന കണ്‍വന്‍ഷനുള്ള തയാറെടുപ്പുകളാരംഭിച്ചിരുന്നു.

രാവിലെ 10 മണിക്ക്‌ ലാന പ്രസിഡന്റ്‌ ഷാജന്‍ ആനിത്തോട്ടത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്‌ഘാടന സമ്മേളനത്തില്‍ സാഹിത്യ അക്കാദമി പ്രസിഡന്റ്‌ പെരുമ്പടവം ശ്രീധരന്‍ ഭദ്രദീപം കൊളുത്തി ലാനയുടെ ത്രിദിന കണ്‍വന്‍ഷന്‍ ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്‌തു. ലാനയുടെ കഴിഞ്ഞവര്‍ഷം നടന്ന ചിക്കാഗോ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത്‌ അമേരിക്കന്‍ മലയാളികളുടെ ഭാഷാസ്‌നേഹം അടുത്തറിയാന്‍ സാധിച്ചതിന്റെ മധുര സ്‌മരണകള്‍ അദ്ദേഹം പങ്കുവെച്ചു. എഴുത്തുകാരനും സിനിമാ സംവിധായകനുമായ കമല്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ജന്മനാടിനോയും മാതൃഭാഷയോടും അമേരിക്കന്‍ മലയാളികള്‍ കാണിക്കുന്ന ആദരവിനേയും സ്‌നേഹത്തേയും കമല്‍ ശ്ശാഘിച്ചു. അക്കാദമി സെക്രട്ടറി ആര്‍. ഗോപാലകൃഷ്‌ണന്‍, വൈസ്‌ പ്രസിഡന്റ്‌ അക്‌ബര്‍ കക്കട്ടില്‍, മാതൃഭൂമി ഡപ്യട്ടി എഡിറ്റര്‍ എം.പി. സുരേന്ദ്രന്‍, തങ്കമണി തമ്പുരാട്ടി, ഡോ. ജോര്‍ജ്‌ മരങ്ങോലി, കണ്‍വന്‍ഷന്‍ കണ്‍വീനര്‍ രാധാകൃഷ്‌ണന്‍ നായര്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. ലാനാ സെക്രട്ടറി ജോസ്‌ ഓച്ചാലില്‍ തന്റെ സ്വാഗത പ്രസംഗത്തില്‍ സംഘടനയുടെ ചരിത്രത്തെക്കുറിച്ചും ത്രിദിന കണ്‍വന്‍ഷന്‍ പ്രോഗ്രാമിനേപ്പറ്റിയും വിവരിച്ചു. ജോയിന്റ്‌ സെക്രട്ടറി സരോജാ വര്‍ഗീസ്‌ കൃതജ്ഞതാ പ്രകാശനവും നടത്തി.

(സാഹിത്യ അക്കാദമിയില്‍ നടന്ന കൂടുതല്‍ ചിത്രങ്ങളും പരിപാടികളെപ്പറ്റിയുള്ള വാര്‍ത്തകളും അടുത്ത ലക്കത്തില്‍ ഉള്‍പ്പെടുത്തുന്നതാണ്‌.)
 ലാന സാംസ്‌കാരിക തീര്‍ത്ഥയാത്രയ്‌ക്ക്‌ സാഹിത്യ അക്കാദമിയില്‍ സ്വീകരണം ചിത്രങ്ങളിലൂടെ....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക